ചില ചിന്തകൾ /കാഴ്ചപ്പാടുകൾ

“എവിടെ നിന്നോ അടർന്നു വീണ വരികളാണ് ഞാൻ
ഒരു രാഗം തേടിയുള്ള അലച്ചിലിൽ…..”

“മുന്നിലേക്കല്ല ഒന്നിന് പുറത്തൊന്നായിട്ടാണ് ദിവസങ്ങൾ അടുക്കി പെറുക്കി വയ്ക്കുന്നത്. അത് കൊണ്ടാവാം ഇപ്പോഴും ഭൂതകാലത്തിൽ ജീവിക്കുന്ന തോന്നൽ”

 

“ശരീരത്തിന്റെ വാർദ്ധക്യം മനസ്സിനേൽക്കാത്ത കാലത്തോളം എഴുത്തുകാരൻ മരിക്കുന്നില്ല…”

“മോഷണങ്ങൾ കുറ്റം തന്നെയാണ്
വാക്കുകളുടെ …. ചിന്തകളുടെ…
മറ്റൊരാളുടെ സമയം പോലും,
അനുവാദം കിട്ടിയില്ലെങ്കിൽ…..     “

“ഒരാളുടെ വിശ്വാസം നേടിയെടുക്കുക 
വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്….
ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കുക
അതിലും കടുപ്പമാണ്……”

“നമ്മൾക്ക് ഇഷ്ടമുള്ള എല്ലാരേയും ചേർത്ത് പിടിക്കാൻ കഴിയുന്ന ആ ഒരു നിമിഷം ലോകത്തെ ഏറ്റവും precious moment തന്നെയാണ്…..”

“നീട്ടി തരുന്ന ഭിക്ഷയാകരുത്  ഒരിക്കലും സ്നേഹം – നാം അതിനർഹരാണെങ്കിൽ പോലും  “

“ചിലപ്പോൾ ഒരു പാഴ്‌വാക്കിനു പോലും
ഒരു പുനർജൻമം തീർക്കാനുള്ള ശക്തിയുണ്ട്   “
OR
“ചിലപ്പോൾ ഒരു പാഴ്‌വാക്ക് പോലും മൃതസഞ്ജീവനിയായ് മാറുന്ന  നിമിഷങ്ങൾ ഉണ്ട്”

“അനുഭവങ്ങളെക്കാൾ നിങ്ങളെ പഠിപ്പിക്കുന്നത് പുസ്തകങ്ങളാണെങ്കിൽ
നിങ്ങൾ ഭാഗ്യവാൻ ആണെന്ന് ഞാൻ പറയും”

“ചില അപ്രിയ സത്യങ്ങൾ അറിയാതെ പോവുന്നതാണ് നല്ലത്!!”

“ഈ ലോകത്ത് എല്ലാരേയും ബോധിപ്പിച്ചു ജീവിക്കുക അസാധ്യം തന്നെയാണ്. കടുകുമണി പോലെ ചെറുതായ ജീവിതം ബോധിപ്പിക്കേണ്ടത് ദൈവത്തിനുമുന്നിൽ മാത്രം”

“പ്രാർത്ഥനകൾ ഫലിക്കാതെ വരുമ്പോൾ അനുഭവങ്ങൾ ശാപങ്ങളായിരുന്നുവോ എന്ന് ചിന്തിച്ചുപോകും പാവം മനുഷ്യർ നാം”

“അണയാൻ പോകുന്ന തീ ആളിക്കത്തുംപോലെ
ക്ഷണികമാം സന്തോഷം നൽകി
ദുഃഖത്തിലാഴ്ത്തി പോവുന്ന ചില അനുഭവങ്ങൾ”

“ഏതു റിലേഷൻ ആയാലും ഓരോരുത്തർക്ക് അനുവദിച്ചു കൊടുക്കേണ്ട ഒരു സ്പേസ് ഉണ്ട്. അതിനപ്പുറം ആയാൽ ചിലർ സ്വാതന്ത്ര്യം എടുത്തു തുടങ്ങും, ഉപദേശിച്ചു തുടങ്ങും. അപ്പൊ ആ സൗഹൃദം ബോർ ആയി തുടങ്ങും. ആ നിലയിലേക്ക് ഒരു ബന്ധത്തെയും എത്തിക്കാതിരിക്കുക “

“ചിന്തകൾ മനുഷ്യനെ നയിക്കുന്നു
നേട്ടങ്ങൾ മുന്നോട്ടുള്ള യാത്ര, കോട്ടങ്ങൾ പിന്നിലേക്കും #മിക്കാവാറും”

“കണക്കുകൾ തട്ടിച്ചുനോക്കിയാൽ കോട്ടങ്ങളും നഷ്ടബോധങ്ങളുമാവും മനുഷ്യ ജന്മങ്ങളിൽ ബാക്കി. അങ്ങനെ കരുതി ആരും ജീവിക്കാതിരിക്കുന്നില്ലല്ലോ. അതാണ് ജീവിതം “

“എങ്ങനെയാ ഓർമ്മകൾ ഉണ്ടാക്കി എടുക്കുക? മനസ്സിൽ തട്ടുന്ന കാര്യങ്ങൾ നമ്മൾ പോലുമറിയാതെ എവിടെയൊക്കെയോ തങ്ങി നിൽക്കുന്നതല്ലേ ഓർമ്മകൾ?”

“ഒരർത്ഥത്തിൽ ചില ഓർമകളെ നമ്മളും തടവുകാരാക്കി വയ്ക്കാറുണ്ടല്ലേ?”

“പൊയ്മുഖം വയ്‌ക്കുമ്പോഴാണോ സംസാരിക്കാൻ വാക്കുകൾ തികയാതെ വരുന്നത്?”

“ഉത്തരമില്ലാ സമസ്യകൾ വിശ്രമിക്കുന്നത് മൗനത്തിലാണ്
ദുർവ്യാഖ്യാനിക്കപ്പെടുന്നതും ഈ മൗനത്തിന്റെ നിറഭേദങ്ങളെയാണ് ……  “

“ചിലരെ ശിക്ഷിക്കുമ്പോൾ ഈശ്വരൻ പോലും പക്ഷപാതം കാട്ടാറുണ്ട്. സഹനശക്തി കൂടുതൽ എന്നോർത്തിട്ടാണോ?”

“പേടിയുള്ള കാര്യങ്ങൾ വേണം ആദ്യം ചെയ്തു പഠിക്കാൻ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.പക്ഷെ മോശപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള പേടിയോ?അത് പ്രോത്സാഹിപ്പിക്കണോ?”

“വീണുടഞ്ഞ പളുങ്കുപാത്രം എത്ര ശ്രമിച്ചാലും പഴയതുപോലെ ആക്കാൻ പറ്റില്ലല്ലോ. വിള്ളലുകൾ ശേഷിക്കും വീഴ്ചകളുടെ ആഴം അനുസരിച്ച് ..
എന്നാലും ഒരു പരിധി വരെയെങ്കിലും restore ചെയ്യാം എന്ന പ്രതീക്ഷയിലാണ് ജീവിതം. മറവി ഒരു മരുന്നായി പ്രവർത്തിക്കുന്ന അവസരങ്ങളുമുണ്ട്…..”

“പലരോടും പറയാൻ കഴിയാത്ത
ദുഃഖങ്ങൾ പേറുന്നുണ്ടാവും പലരും
നിസ്സഹായരായിരിക്കാം പലപ്പോഴും
എന്നാലും നിങ്ങളുടെ മുന്നിൽ
അങ്ങനെ ഒരാൾ നിൽക്കുന്നുവെന്ന് തോന്നിയാൽ
കാരണം ചോദിക്കണമെന്നില്ല,
ഒന്ന് കൈപിടിക്കുക, രണ്ടു വാക്ക് സംസാരിക്കുക
മൃതസഞ്ജീവനിയുടെ ഫലമാവും, ഒരുപക്ഷെ
നിസ്സാരമെന്നു നിങ്ങൾക്ക് തോന്നുന്ന
ആ കുഞ്ഞു കാര്യങ്ങൾ “

“പലപ്പോഴും നമ്മുടെ ചിന്തകളാണ് എടുക്കാൻ പറ്റാത്ത ഭാരങ്ങൾ താങ്ങുന്നത്. ചിന്തകളെ നിയന്ത്രിക്കാൻ അവനു കഴിഞ്ഞാൽ മനുഷ്യന്റെ ശക്തി അപാരമാണ് “

“ശരിയാണ്. റിയലിസ്റ്റിക് ആയ സ്വപ്‌നങ്ങൾ മനുഷ്യനെ ലക്ഷ്യങ്ങളിൽ എത്തിക്കും. മനുഷ്യന്റെ ഏറ്റവും വലിയ ദൗർബല്യങ്ങൾ ചിലപ്പോൾ catalyst ആയി പ്രവർത്തിക്കും”

“യാഥാർഥ്യ ബോധവും ദിശാ ബോധവും ഉള്ള പ്രതീക്ഷകൾ മനുഷ്യന് ലക്ഷ്യ ബോധവും നൽകും …ഉറപ്പ്. “

“മനുഷ്യനുള്ള ഏറ്റവും വലിയ കഴിവാണ് വിവേകബുദ്ധി.അതിലൂടെ കതിരും പതിരും തിരിച്ച് യാഥാർഥ്യബോധമുള്ള സ്വപ്നങ്ങളെ കൂട്ടുകാരാക്കുക. “

“പല കഴിവുകളും മറ്റൊരാൾ വിളിച്ച് പറയുമ്പോഴാണ് ലോകം അത് അംഗീകരിക്കുന്നത് “

“എഴുത്തുകാരന്റെ ചിന്തകളെ തടവിലിടാൻ മറ്റൊരാൾക്ക് പറ്റുമോ?”

“ഒരു സ്റ്റേഷനിൽനിന്നും യാത്രതിരിയ്ക്കുന്ന രണ്ടു കൂട്ടുകാർ. അവർ ആശയങ്ങളിൽ യോജിക്കാം. എങ്കിൽകൂടി പോകേണ്ടത് എതിർദിശകളിൽ. വിചിത്രം ഈ ജീവിതലക്ഷ്യങ്ങൾ!!!”

“തലവരയിൽ ഇല്ലാത്ത കാര്യങ്ങൾക്കുവേണ്ടി എത്ര പരിശ്രമിച്ചാലും നടക്കില്ലേ? തലവരയിൽ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത് എങ്ങനെ?”

“ഇപ്പൊ നങ്ങൂരമിട്ടു നിൽക്കുന്ന ഒരു കപ്പലിലെ രണ്ടു യാത്രക്കാരാണ് ശരിയും തെറ്റും. കപ്പലിന്റെ ദിശ മാറുമ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് ശരിയും തെറ്റും മാറിമറിയുന്നു”

“മോഷ്ടിക്കുന്ന വാക്കുകളും വരികളും മനസ്സിൽ പകർത്തിയെഴുതുക ബുദ്ധിമുട്ടാണ്. മനസ്സാൽ കുറിക്കുന്ന വരികൾ മറക്കുക ബുദ്ധിമുട്ടാണ്.”

“ചില മുറിവുകൾക്ക് മരുന്നിനായി ഇറങ്ങിത്തിരിക്കേണ്ട ആവശ്യമില്ല. കാലം അവ ഉണക്കിക്കോളും”

“പല മുറുവുകൾക്കും കാലം എവിടെയോ മരുന്ന് കണ്ടെത്തിവച്ചിട്ടുണ്ട്. അവിടെ എത്തിച്ചേരാൻ കുറച്ച് സമയമെടുത്തെന്നു വരാം…..”

“ആ സുന്ദര ലോകത്തെ കാണാൻ കണ്ണും ആവശ്യമാണ്. പണത്തിനെപ്പോഴും കാഴ്ച നൽകാൻ കഴിയും എന്ന് ചിന്തിക്കാനാവുമോ?ഉറക്കം, വിശപ്പ് ഇവയൊക്കെയോ?”

“ശരിയാണെന്നുറപ്പോടെ ഒരുകാര്യം ചെയ്താലും ഒരു സപ്പോർട്ട് കിട്ടിയാൽ നേടുന്ന പോസിറ്റീവ് എനർജിയും സന്തോഷവും ചില്ലറയല്ല.”

“നമ്മുടെ നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത
എത്ര നക്ഷത്രങ്ങൾ ആകാശസീമയിൽ കൺചിമ്മുന്നുണ്ടാവാം!
രാത്രി തെളിയുന്ന താരങ്ങളെല്ലാമേ
പകലും അവിടെ കൺചിമ്മുന്നുണ്ട്,
നമുക്ക് കാണാൻ കഴിയുന്നില്ല എന്ന് മാത്രം!
അതുപോലെ എത്ര കാര്യങ്ങൾ
നമുക്ക് കാണാൻ കഴിയാത്തത്കൊണ്ട് മാത്രം
തെറ്റായി ജഡ്ജ് ചെയ്യുന്നു!”
 

“കൊച്ചു കാര്യങ്ങളിൽ അമിതമായ് സന്തോഷിക്കുന്നവർ ജീവിതത്തിൽ ഏറ്റവും ദുഃഖമനുഭവിക്കുന്നവരായിരിക്കും”
#നിരീക്ഷണം

“കൊതിക്കുന്നതും ലഭിക്കുന്നതും തമ്മിലുള്ള അന്തരത്തെ ഭാഗ്യത്തിന്റെ അളവുകോൽ ആക്കുന്നു നാം മനുഷ്യരെല്ലാം, വാതിൽ മുട്ടിയ കൊതിക്കാത്ത പല ഭാഗ്യങ്ങളെയും മറന്നുകൊണ്ട് “

“മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് സീമയില്ല. ഒന്ന് വെട്ടിപിടിക്കുമ്പോൾ പുതിയ ലക്ഷ്യങ്ങൾ പൊങ്ങി വരും.പിന്നെ അതിന്റെ പുറകെ ഓടും”

“കൈമാറുന്ന വാക്കുകളും വിഷയങ്ങളും ആണ് വിർച്യുൽ ബന്ധങ്ങളുടെ ഓരോ തലങ്ങൾ നിർണയിക്കുന്നത്, സൃഷ്ടിക്കുന്നത് . അത് നിങ്ങളുടെ കയ്യിൽ. അതിർവരമ്പുകളും നിങ്ങളുടെ മാത്രം തീരുമാനം.”

“വളരെ നിസാരമായ കാര്യങ്ങൾക്ക്പോലും പിണങ്ങി പിരിയുന്നവർ ഉണ്ടാവാം. അത്തരം അനിശ്ചിത ബന്ധങ്ങളെ നിലനിർത്താൻ ശ്രമിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് “

“ഒരു ഇഷ്ടക്കേട് കണ്ടാൽ ഒഴിഞ്ഞുമാറി പോവുന്നവർ ഉണ്ട്. എന്നാൽ ചിലർ അങ്ങനെയല്ല, അവർ പ്രതികാരം ചെയ്യും, ഉറ്റവരോട് പോലും. അത്തരക്കാരെ സൂക്ഷിക്കണം.”

“ഒരു നിമിഷത്തെ ആവേശത്തിലാണ് ചില ആഴമേറിയ ബന്ധങ്ങളെ തള്ളിപ്പറയുന്നത്. ഈഗോ കാരണം അവരെ മടക്കിവിളിക്കാൻ മടിക്കും. ഒരു പിൻവിളിക്കായ് അവർ കാത്തിനിൽക്കുന്നുണ്ടാവാം”

“മനസ്സിൽ ഒതുക്കിവയ്ക്കുന്ന നഷ്ടപ്രണയങ്ങൾക്ക് ഒരുപാട് വർണങ്ങളുണ്ട്. പക്ഷെ അവയെ TL – ൽ പ്രദർശിപ്പിക്കുന്നതാണ് latest trend എന്ന് തോന്നുന്നു. പഴയകാല പ്രണയങ്ങളും ആധുനീകരിക്കപ്പെടുന്നു. കാലത്തിന്റെ മാറ്റങ്ങളാകാം, അംഗീകരിക്കാൻ ഞാൻ തയ്യാറല്ല എങ്കിലും. രണ്ട് ഹൃദയങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ഒന്നും മൂന്നാമതൊരാൾ കാണാൻ പാടില്ല കാലമെത്ര കഴിഞ്ഞാലും, അത് ആത്മാർഥ പ്രണയമാണെങ്കിൽ…..”

“ചെയ്ത തെറ്റുകൾ ഏറ്റുപറയുന്നത് – മഹത്വം കുറവല്ല, പക്ഷെ അത് ഒരു വെറുംവാക്കാക്കരുത് എന്ന് മാത്രം  “

“മരിച്ചു എന്നുറപ്പുണ്ടെങ്കിൽ
ഒന്നു ജീവിച്ചിറങ്ങുന്നതല്ലേ നല്ലത്
ഒരുപക്ഷെ ജീവിതത്തെ വഴിയിൽ കണ്ടുമുട്ടിയാലോ”

“വിവേകശാലി ചൊല്ലീടുന്നു
മൗനം വിദ്ധ്വാന് ഭൂഷണമത്രേ
കാലമേ നീ എന്നെ ചൊല്ലിപ്പഠിപ്പിച്ചതോ
വാചാലമേ സൗഹൃദത്തിനുതകൂ എന്ന് “

“പരാജയങ്ങളെക്കാൾ എന്നെ പേടിപ്പിക്കുന്നത് അത് കണ്ട് ആനന്ദിക്കുന്നവരുടെ മുഖങ്ങളാണ്….. അവടെയല്ലേ ശരിക്കും പരാജയപ്പെടുന്നത്?”

“സ്നേഹിക്കുക, അംഗീകരിക്കുക, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അറിഞ്ഞു തന്നെ.
പക്ഷെ അർഹിക്കുന്ന സ്ഥാനം മാത്രം ഹൃദയത്തിൽ നൽകുക, പിന്നീടൊരിക്കൽ വേദനിക്കാതിരിക്കാൻ.”

“സ്നേഹത്തിന് നിറഭേദങ്ങളില്ല എന്ന്
മൊഴിഞ്ഞിരുന്ന എന്നെ
കാലമേ നീ ചൊല്ലിപ്പഠിപ്പിച്ചു
പൊരുളില്ല ആത്മാർത്ഥ സ്നേഹത്തിന് എന്ന് “

“ഉറ്റവർ പോലും നൽകുന്നു നൊമ്പരങ്ങൾ
വിഷത്തിൽ ചാലിച്ച കൂരമ്പുപോൽ
ചേലുള്ള കവചത്തിലിട്ട് സമ്മാനമായി”

“വിടവാങ്ങിയ ആ നിമിഷങ്ങൾ നൊമ്പരങ്ങൾ
എൻ ഹൃത്തിൽ അവശേഷിക്കാതിരിക്കില്ല എവിടെയെങ്കിലും
ഓർമതൻ മണിച്ചെപ്പിൽ നേർത്തൊരു ഹിമകണമായ് “

“അടുക്കുംതോറുമാണ് ബന്ധങ്ങളിലെ ആഴങ്ങളും അകലങ്ങളും തിരിച്ചറിയുന്നത്.ചക്രവാള സീമ പോലെ കാഴ്ചയിൽ അടുപ്പം തോന്നുന്ന പല ബന്ധങ്ങളും അകലങ്ങളിലാണ് നിൽക്കുന്നത്. ചക്രവാള സീമ പോലെ കാഴ്ചയിൽ അടുപ്പം തോന്നിക്കാൻ വേണ്ടി മാത്രം ചില ബന്ധങ്ങൾ, ബന്ധനങ്ങൾ”

“ആർക്കും പിടികൊടുക്കാതെ എല്ലാരേയും മോഹിപ്പിച്ച് അങ്ങകലെ നിൽക്കുന്ന സുന്ദരി – ചക്രവാളം   “

“പറയുന്ന വാക്കുകൾ കുറച്ച് മതി
എന്നാൽ പറയുന്നതത്രയും സത്യമെന്നുറപ്പ് വേണം…..”

“എല്ലാ അഭിപ്രായങ്ങളും ഒന്നുപോലെ വന്നിട്ട്
ഒരു നിസ്സാര കാര്യത്തിന് അഭിപ്രായ വ്യത്യാസം വന്നാൽ
പിണങ്ങിപോകുന്നവരെ കുറിച്ച് ഒന്നും പറയാനില്ല.
ഒരിക്കലും നമുക്ക് നൂറു ശതമാനം ഒരാളുടെ അഭിപ്രായവുമായി ഒത്തുപോവാൻ ആവില്ല “

“പലപ്പോഴും ഒറ്റക്ക് നിലനിൽപ്പില്ല എന്ന സത്യത്തിൽ നിന്നും സ്നേഹം തുടങ്ങാം”

“പണമാണ് ഏറ്റവും വലിയ സന്തോഷം എന്ന് ചിന്തിക്കുന്നവർ കുടുംബം തുടങ്ങാതിരിക്കുന്നതാണ് നല്ലത്. കുടുംബത്തിനായി ചെലവിടാതെ എല്ലാം നേട്ടങ്ങളിൽ എഴുതിച്ചേർക്കാമല്ലോ, സമയം പോലും……”

“സമയമാണ് ഒരു മനുഷ്യ ജന്മത്തിന്റെ ഏറ്റവും മൂല്യമുള്ള വസ്തു.  പ്രയത്നമില്ലാതെ നേടുന്നത്. എന്നാൽ എത്ര ശ്രമിച്ചലും ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത….ഓരോ നിമിഷവും കയ്യിൽ നിന്നും ചോർന്നുകൊണ്ടിരിക്കുന്ന വസ്തു.”

“വേലിയേറ്റങ്ങൾക്ക്  ശേഷം ചെറിയ ഇറക്കങ്ങളുമുണ്ടാകും….
അങ്ങനെയാണ് ചെറുതോണികൾ മെല്ലെ തുഴഞ്ഞ് കരയിലെത്തുന്നത്
ശാന്തമായ കടലിൽ എല്ലാം നിശ്ചലം”

“സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റാത്ത ഒരുകാര്യവും വിളിച്ചു പറയരുത് “

“വാക്കുകളാൽ ഒരു ഹൃദയം കീറി മുറിച്ചാൽ അത് തുന്നികെട്ടേണ്ട ബാധ്യതയും നമുക്ക് തന്നെയാണ് “

“മനുഷ്യരാശി നിലനിർത്താൻ ഈശ്വരൻ തീർത്ത ലീലയാണ് മരണഭയവും മരണ വേദനയും!!! “

“ദൗർബല്യത്തിന്റെ ലക്ഷണങ്ങളാണോ ശാഠ്യങ്ങൾ….. കുഞ്ഞുങ്ങളിലും പ്രായം ചെന്നവരിലും ഉണ്ട് അത് ഒരുപോലെ”

“ഒരു പ്രായം കഴിഞ്ഞാൽ
കണ്ടുമറന്ന കാഴ്ചകളിലേക്കൊരു എത്തിനോട്ടം
സഞ്ചരിച്ച വഴികളിലൂടൊരു തിരിച്ചുപോക്ക്
അത്രേയുള്ളൂ മനുഷ്യ ജീവിതം”

“വന്ന വഴിയിലേക്കൊരു തിരിച്ചുപോക്ക്
സഞ്ചരിച്ച പാതകളിലൂടെ ഒരു മടക്കയാത്ര”

“എന്തും പറയാനുള്ള വ്യക്തിസ്വാതന്ത്രം ഉള്ളത് നേരാ, എന്നാലും വായിൽ തോന്നുന്നതെന്തും പറയാന്പറ്റുമോ? ലൈസൻസ് ഉള്ള തോക്ക് ഉണ്ടെന്നു കരുതി തോന്നുന്നവരെയെല്ലാം വെടിവയ്ക്കാൻ പറ്റുമോ? പറയാനുള്ള സ്വാതന്ത്രം ഇന്ത്യൻ ഭരണ ഘടന നൽകുന്നുണ്ട് ഓരോ പൗരനും. പക്ഷെ അതൊരിക്കലും ദുരുപയോഗം ചെയ്യരുത്.”

“സ്നേഹം ഒരു പ്രദർശനവസ്തുവല്ല. അത് കാട്ടേണ്ടത് അത് അർഹിക്കുന്നവരുടെ മുന്നിൽ മാത്രം. പ്രണയത്തിന്റെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നവർക്ക് അതിന്റെ യഥാർത്ഥ അർഥം മനസ്സിലാവണമെന്നില്ല. അത്തരക്കാരിൽനിന്നും കൂടുതലൊന്നും പ്രതീക്ഷിക്കരുത്”

“കുറ്റം ചെയ്യാത്തവനേ മറ്റുള്ളവരെ കുറ്റംപറയാൻ പാടുള്ളൂ എന്ന് പറഞ്ഞാൽ ഈ നാട്ടിന്റെ എല്ലാ നിയമ വ്യവസ്ഥയും മാറ്റി എഴുതേണ്ടിവരും. ആരെയും ശിക്ഷിക്കാൻ പറ്റില്ല. ഒന്നിനെതിരെയും പ്രതികരിക്കാനും പറ്റില്ല.  “

“എന്നിലും പോരായ്മകൾ ഉണ്ടാവാം
ഒരു വിധികർത്താവ് ആകാൻ കഴിയില്ലായിരിക്കാം
എന്നാലും ഞാൻ ഞാനല്ലാതാവുന്നില്ല”

“ഒരു കോണ്ടെസ്റ്റിന്റെ വിധികർത്താവാകുന്നത് ഒരു വലിയ യോഗ്യതയായി ഞാൻ കാണുന്നില്ല, അതിന് ഒരു കുന്നോളം കഴിവുകൾ വേണമെന്നും കരുതുന്നില്ല”

“ഒരു ജഡ്ജ് ആയി കുറെ വിമർശങ്ങൾ വാങ്ങി വയ്‌ക്കുന്നതിലും നല്ലത് ഉള്ള പരിമിതികളിൽ നിന്നുകൊണ്ട് ഒരു മൽസരാർത്ഥിയായി പൊരുതി നോക്കുന്നതാ”

“എത്തിച്ചേരേണ്ട പൊസിഷനിൽ ഞാൻ എന്നെങ്കിലും ഒരിക്കൽ എത്തി ചേരും. അതിന്റെ യോഗ്യത നിശ്ചയിക്കുന്നത് എന്നിലെ ജഡ്ജാകാനുള്ള യോഗ്യത വച്ചല്ല”

“വേണ്ടാ എന്ന് മനസ്സ് പറഞ്ഞിട്ടും മറ്റുള്ളവർക്ക് വേണ്ടി ചെയ്തിട്ടുള്ള പല കാര്യങ്ങളും വേണ്ടായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചിട്ടുണ്ട്”

“വേറിട്ട് ചിന്തിക്കുന്നവർക്കെന്നും പുതുമയുള്ള വിജയങ്ങൾ കൈവരിക്കാൻ സാധ്യത കൂടുതലാണ്. അവരെ ലോകം പിൽക്കാലം ഓർക്കും “

“ആണായാലും പെണ്ണായാലും വേണ്ടത് ചങ്കുറപ്പോടെ ഒരു കാര്യം തുറന്നുപറയേണ്ട ധൈര്യമാണ് , ഒളിപ്പോര് നടത്തുന്നവർ ഭീരുക്കൾ, കള്ളങ്ങൾ ഒളിച്ചുവയ്ക്കുന്നവർ “

“ശാപം ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ ഒരു ബൂമറാങ് പോലെ കർമ്മ പിന്തുടരും എന്ന് വിശ്വസിക്കാൻ ഇഷ്ടം. പ്രായശ്ചിത്തം ചെയ്യാത്ത നമ്മുടെ തെറ്റുകൾക്ക് ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊന്നിൽ അത് നമ്മളെ എറിഞ്ഞു വീഴ്ത്തും “

“മനസിന്റെ ഉറപ്പും ധൈര്യവും എത്രയെന്ന് അളക്കണമെങ്കിൽ ഒറ്റയ്ക്ക് നടന്നു നോക്കണം, അത് ശീലമാക്കണം  “

“ഏതു ബന്ധവും നമുക്ക് അവസാനിപ്പിക്കാം, വിചാരങ്ങൾ വ്യത്യസ്തമെന്നു തോന്നിയാൽ, ഓരോരുത്തരും വ്യത്യസ്തരല്ലേ. പക്ഷെ ഒന്നും പറയാതെ പോവുന്നതിനോട് യോജിപ്പില്ല”

“മറ്റൊരാളുടെ കഴിവുകൾ, ഉയർച്ച ഇതെല്ലാം നിങ്ങളെ അസ്സൂയാലുക്കൾ ആക്കാം.അവരെ താഴ്ത്തികാട്ടുമ്പോൾ ഓർത്താൽ നന്ന്, അവർക്കും മുകളിൽ ഉള്ളവർ ഉണ്ടാവും, പക്ഷെ നിങ്ങൾക്ക് മുകളിൽ തന്നെ അവർ”

“കാലമേറുംതോറും മനുഷ്യന് രൂപത്തിൽ മാറ്റം വരും, അത് അനിവാര്യം
പക്ഷെ ചിന്തകളിൽ, വ്യക്തിത്വത്തിൽ മാറ്റം വന്നാൽ ഗഹനമായി ചിന്തിക്കേണ്ട കാര്യം” 

“ഒരു ആവേശത്താൽ അറിഞ്ഞുകൊണ്ട് തന്നെ തെറ്റായ മാർഗങ്ങൾ അവലംബിച്ചേക്കാം
പക്ഷെ പിന്നീടൊരു നാൾ തോന്നും, ഒന്നും വേണ്ടായിരുന്നു!
അത് കാലത്തിന്റെ മറുപടി”

“അലങ്കരിക്കുന്ന പദവി കൊണ്ടല്ല, മനസിന്റെ സൗന്ദര്യംകൊണ്ടാണ് മറ്റുള്ളവരുടെ ബഹുമാനവും സ്നേഹവും പിടിച്ചു വാങ്ങേണ്ടത് . “

“എല്ലാരോടും എപ്പോഴും ചിരിച്ചു സംസാരിക്കുന്നത് നല്ല കാര്യമൊക്കെ തന്നെയാണ്. പക്ഷെ മനഃപൂർവ്വമല്ലെങ്കിലും, സാഹചര്യം നോക്കാതെ ചിരിച്ചു പെരുമാറിയാൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്…..”

“പ്രച്ഛന്ന വേഷത്തിൽ എന്നെങ്കിലുമൊരുനാൾ അവൻ മുന്നിൽ എത്തും, നമ്മളെ കൂട്ടി കൊണ്ട് പോവാൻ. അത് ഏത് രൂപത്തിൽ എന്നത് നമ്മൾ തീരുമാനിക്കുംപോലെ അല്ല”
#മരണം

“അമിത വിധേയത്വം കാണിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്, അടിപ്പിക്കരുത്. നമ്മൾപോലും കാണാത്ത പല വർണങ്ങളും അവർ ഉള്ളിൽ ഒളിച്ചുവയ്ക്കും.ഒന്ന് ചൊടിപ്പിച്ചാൽ മതി, അത്തരക്കാരുടെ തനിനിറം പുറത്തുവരും, അവർക്കത് പിന്നീട് ഒളിപ്പിക്കാനാവില്ല”

“സ്നേഹം കൊണ്ട് മാത്രമേ ഒരു മനസ് കീഴ്പെടുത്താനാവു. അധികാരം കാണിച്ചും പേടിപ്പിച്ചും ഒരാളെ ചൊൽപ്പടിക്ക് നിർത്താം, ബഹുമാനം ഇരന്നു വാങ്ങാം… പക്ഷെ സ്നേഹം ഒരിക്കലും വാങ്ങാൻ കഴിയില്ല “

“ഉള്ളവർക്കാണ് ഇല്ലാത്തവരെക്കാളും ആർത്തികൂടുതൽ എന്ന് തോന്നീട്ടുണ്ട് പലപ്പോഴും… ഇല്ലാത്തവർ സാഹചര്യം അനുസരിച്ച് ജീവിക്കാൻ പഠിക്കുന്നു, എന്നാൽ ഉള്ളവർക്ക് അതിന് കഴിയാതെ പോവുന്നു”

“മരണം സ്വന്തം സ്വാർത്ഥത മാത്രമെന്ന് ചിന്തിച്ചുകൊണ്ട്,
ഉത്തരവാദിത്വങ്ങൾക്കും മറ്റുള്ളവരുടെ സന്തോഷത്തിനായും വേണ്ടി
ഉമിത്തീയിലെരിഞ്ഞുകൊണ്ട് ജീവിതം തള്ളിനീക്കുന്ന
എത്രയോ പേരുണ്ട് നമുക്കിടയിൽ!!!! “

“സ്വപ്നങ്ങൾ ഓരോന്നായി ചിറകറ്റുവീഴുമ്പോൾ
പ്രതീക്ഷകൾ പൂവണിയാതെ വരുമ്പോൾ
പ്രലോഭനങ്ങളിൽ വഴുതിവീഴുന്നവരുണ്ട്
ഓർക്കുക, മറ്റൊരു മാർഗം സ്വയംതിരഞ്ഞെടുക്കുമ്പോൾ
നിങ്ങൾക്ക് നഷ്ടപ്പെടുത്തുന്നത്
തിരിച്ചുനടക്കേണ്ട പടവുകളാണ്….
തെറ്റ്തിരുത്തി തിരിച്ചുവരാൻ
പ്രിയന് നൽകാൻ കഴിയുന്ന ഒരവസരമാണ്….”

“ഒരു ബന്ധം തകരുമ്പോൾ മറ്റൊരു ബന്ധനത്തിൽ സന്തോഷം കണ്ടെത്താം എന്ന് ധരിക്കുന്നത് എപ്പോഴും ശരിയായി കൊള്ളണമെന്നില്ല, അങ്ങനെ വന്നാൽ ആ പഴയ ബന്ധം നേരെയാക്കാനുള്ള ശ്രമത്തിന്‌ തീവ്രത ഉണ്ടാവില്ല. വിജയം കണ്ടെത്താനും കഴിയില്ല!!! ഒരിക്കലും ഒരു ബന്ധത്തിന് പകരമാവില്ല മറ്റൊന്ന്”

“മൃഗങ്ങളോട് കരുണയുള്ള മനുഷ്യരുടെ മനസ്സിൽ നന്മ ഉണ്ട് എന്നാണ് എന്റെ വിശ്വാസം “

“ഓരോ ആവശ്യങ്ങൾക്കായി മാറ്റി വയ്ക്കുന്ന കാശിനു ഓരോ മൂല്യമുണ്ട്….
എന്നാൽ ചിലർ കയ്യിൽ വരുന്ന പണത്തിന്റെ മാർക്കറ്റ് വാല്യൂ മാത്രമേ കാണാറുള്ളൂ….
അതിനു പിന്നിലുള്ള വിയർപ്പിന്റെ വിലയോ ആഗ്രഹത്തിന്റെ വിലയോ
വികാരങ്ങളുടെ മൂല്യമോ ഒന്നും തിട്ടപ്പെടുത്താനുള്ള കഴിവില്ല
കാശ് എല്ലാം കാശു തന്നെ…എന്നാലും അതിന്റെ മൂല്യമെപ്പോഴും ഒന്നല്ല”

“വീട് വലുതായതുകൊണ്ടോ മുറികളുടെ എണ്ണം കൂടിയതുകൊണ്ടോ ഒരുപാട്പേർക്ക് താമസിക്കാം എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. മനസ്സുകൾ തമ്മിൽ അടുപ്പമുണ്ടെങ്കിൽ എത്ര ചെറിയ വീടായാലും ഒരു കൂട്ടുകുടംബം പോലെ ജീവിക്കാം, ഒരുപാട്പേർക്ക്”

“നമ്മൾ എത്ര നന്നായി പെരുമാറിയാലും അതിൽ മോശം കണ്ടെത്താൻ ആളുകളുണ്ടാവും #വാസ്തവം “

“ഒരു നീർക്കോലി മതി അത്താഴം മുടക്കാൻ
ഒരാളുടെ മോശമായ പെരുമാറ്റം മതി ഒരു ദിവസത്തെ സന്തോഷം കളയാൻ”
 
“ഒരാളെ ജീവിതത്തിൽ വേണ്ട എന്ന് തോന്നിയാൽ
പിന്നെ ആ വ്യക്തിയുടെ ഇമോഷൻസ്, ഫീലിങ്ങ്സ് ഇതിനൊന്നും
വലിയ വില കൊടുക്കാറില്ല ഒട്ടുമുക്കാൽ പേരും”
 
“ഒരാൾ മതി നമ്മളെ ഉയരങ്ങളിലെക്ക് ഉയർത്താനും ആഴങ്ങളിലേക്ക് താഴ്ത്താനും”
 
“വിവാഹത്തിന് സമ്മാനമായി കൊടുക്കുന്ന അവസരത്തിൽ മാത്രമല്ല, എപ്പോഴായാലും, നമ്മൾ ഫ്രീ ആയി അല്ലെങ്കിൽ സമ്മാനമായി ഒരാൾക്ക് കൊടുക്കുന്നത് ഒരു കാരണവശാലും തിരിച്ചു ചോദിക്കരുത് “
 
“Opposite ജൻഡർ മോശമാണ് എന്ന് ചിന്തിച്ചാൽ ഒരിക്കലും നമുക്ക് ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ ആവില്ല. സൂരജിനെ പോലുള്ള മൂർഖനുമുണ്ട് ഗാന്ധിജി പോലൊരു നന്മ മരവുമുണ്ട്. ജോളിയെപോലൊരു വിഷപാമ്പുമുണ്ട് മദർ തെരേസയെ പോലൊരു കരുണാ സാഗരവുമുണ്ട്. അമ്മയ്ക്ക് മകനെയോ അച്ഛന് മകളെയോ അതുപോലെ തിരിച്ചോ സ്നേഹിക്കാൻ ആവുന്നില്ലേ?”
 
“എന്റെ മാരിവില്ലിൽ നിങ്ങൾ കാണാത്ത വർണ്ണങ്ങൾക്കെണ്ണമില്ല🌈💕🦋🤗”
 
“പട്ടിണി കിടന്നാലും സാരമില്ല
ആരുടെ മുന്നിലും പട്ടിയായ്‌ ജീവിക്കരുത്”
 
“ചില ബന്ധങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതല്ല
നെഗറ്റീവ് വൈബ്‌സ് കിട്ടുമ്പോൾ തന്നെ മുങ്ങിക്കൊള്ളണം,
അല്ലെങ്കിൽ നല്ല രീതിയിൽ ഒഴുവാക്കിക്കോളണം”
 
“എന്നെ മനസിലാക്കൂ മനസിലാക്കൂ എന്ന് ആവർത്തിച്ചു പറഞ്ഞാലും ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാവണമെന്നില്ല. മനസിലാകുന്നവരോട് ആവർത്തിച്ചു പറയേണ്ട ആവശ്യമില്ല. ഓരോരുത്തരും അവരവരുടെ അറിവിനും ചിന്തകൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ചാണ് ഓരോന്ന് മനസിലാക്കുക”
 
“മിക്കവാറും, ഡിസിഷൻ – മേക്കിങ് എല്ലാവർക്കും പറ്റുന്നതൊക്കെയാ….
പക്ഷെ എടുക്കേണ്ട സമയത്തു എടുക്കാൻ പറ്റാത്തതാണ് കുഴപ്പം….
പലപ്പോഴും നമ്മൾ പറയാറില്ലേ, അന്ന് അങ്ങനെ ചെയ്യേണ്ടതായിരുന്നു, ചെയ്യാൻ പറ്റിയില്ല, എന്നൊക്കെ”
 
“IQ ലെവൽ കുറഞ്ഞവരോട് വലിയ ബുദ്ധിപരമായ കാര്യങ്ങൾ സംസാരിക്കുക എളുപ്പമല്ല. അവർ ശ്രമിച്ചുകൊണ്ടേയിരിക്കും, അവരുടെ ബുദ്ധി നമ്മുടെ മുന്നിൽ prove ചെയ്യാൻ. അവരുടെ ലെവലിൽ സംസാരിക്കുന്നത് ബുദ്ധിമുട്ടില്ല, പക്ഷെ അവർക്ക് കഴിയാത്ത ഭാരം എടുക്കുമ്പോ, കേട്ടുനിൽക്കുന്നവർക്കാണ് ബുദ്ധിമുട്ട്”
 
“തിരക്ക് അഭിനയിക്കുകയാണ്‌ പലരും
നമ്മൾ തിരക്കി ചെല്ലാതിരിക്കാൻ”
 
“മഴവില്ലിന് ഏഴുവർണങ്ങളെന്നാര് പറഞ്ഞു
ഒരു കടലോളം വർണങ്ങൾ ഒളിപ്പിച്ചിട്ടുണ്ടാവും!
നമുക്ക് കാണാൻ കഴിയാത്തതൊന്നും
ഇല്ല എന്ന് തീർത്തും പറയാനാവുമോ?”
 
“തെറ്റായ ചോദ്യം ചോദിച്ചിട്ട്
ശരിയുത്തരം എങ്ങനെ പ്രതീക്ഷിക്കാനാവും?”
 
“കാലചക്രത്തെ ഭേദിക്കാനായില്ലെങ്കിൽ
കാലചക്രത്തിൽ കുരുങ്ങിപ്പോവും
പിന്നെയെല്ലാം തനിയാവർത്തനങ്ങളാണ്
സംഭവിച്ചതെല്ലാം സംഭവിച്ചുകൊണ്ടേയിരിക്കും”
 
“ഓരോ പ്രാവശ്യവും തോന്നും
ഇതുപോലെ ആർക്കും ആരെയും സ്നേഹിക്കാൻ കഴിയില്ലെന്ന്.
ഒടുവിൽ അർഹിക്കുന്ന സ്നേഹത്തിനുപകരമായ്
അവഗണനമാത്രം കിട്ടി പിൻവാങ്ങേണ്ടി വരുമ്പോൾ തോന്നും
അങ്ങകലെ സ്നേഹം അസ്തമിച്ചുവെന്ന്
എങ്കിലും, വീണ്ടും ഉദിക്കുമത്
പുത്തൻനാമ്പായ്
മറ്റൊരു പുനർജന്മത്തിന് നാന്ദികുറിക്കാൻ”
 
“എല്ലാരും ഓരോ സങ്കടങ്ങൾ മറച്ചു വച്ച് സന്തോഷം നടിച്ച് ജീവിക്കും. എന്നിട്ട് വീമ്പു പറയും എന്റെ ജീവിതം തുറന്ന പുസ്തകമാണെന്ന്”
 
“അഭിനയിക്കാതെ ജീവിക്കാൻ കഴിയുന്നതാണ്
ജീവിതത്തിലെ ഏറ്റവും വലിയ വിജയം”
 
“ഒരാളുടെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് നിങ്ങൾക്ക് ഒരു ധാരണയും ഇല്ലെങ്കിൽ, ഒരിക്കലും ഒരു അഭിപ്രായം പറയരുത്”
 
“കാലത്തിൻ കുത്തൊഴുക്കിൽ പെട്ടുപോയൊരെൻ ജീവിതനൗക
കരയ്ക്കടിപ്പിക്കാനുള്ള ശ്രമത്തിലാണിന്നു ഞാൻ
വീണ്ടും മറ്റൊരു തിര വന്ന് എന്നെ കവരുംമുമ്പ്
എത്തിച്ചേരണം തിരയണയാതീരങ്ങളിലേതെങ്കിലും”

 

Image source: Pixabay
 
(Visited 1,286 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: