എന്റെ അനിയത്തികുട്ടിക്ക്  

അനിയത്തികുട്ടിക്ക്

അനിയത്തികുട്ടി എന്ന് പറഞ്ഞത് തന്നെയാണ്, ഈ കാണിച്ച ചങ്കൂറ്റത്തിന്. പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് അവർ തന്നെ പോരാടണം, അല്ലാതെ മറ്റാരെയും പ്രതീക്ഷിച്ചിരിക്കരുത്. കുട്ടി ഇതെല്ലാം TL – ൽ തുറന്നുപറഞ്ഞതിന് പ്രശംസ അർഹിക്കുന്നു, പക്ഷെ അവന്റെ പേരുകൂടി തുറന്നു പറയണമായിരുന്നു. ആ വിട്ടുപോയ കണ്ണികൾ ഞാൻ പൂരിപ്പിക്കുകയാണ്…. ഇനി എനിക്ക് മൗനിയാവാൻ കഴിയില്ല, എങ്കിൽ അത് മനസാക്ഷികുത്താവും.

 
കാരണം ഈ പറഞ്ഞ രണ്ടുവാക്കുകൾ കൊണ്ട് അവൻ നന്നാവുമെന്നും നല്ല വഴിക്കു ചിന്തിക്കുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ കഴിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇനി ഒരു പെൺകുട്ടിയും വഞ്ചിക്കപെടാൻ പാടില്ല, ഇനിയും അനേകായിരം സ്റ്റെഫിമാർ ജനിക്കാം, പുതിയ നാമങ്ങൾ സ്വീകരിക്കാം, പുതിയ വഞ്ചനകളുടെ കഥകൾ വായ്പ്പാട്ടുപോലെ TL വഴി യാത്രകൾ തുടരാം. സമൂഹത്തോട് പ്രതിബദ്ധത കുറച്ചെങ്കിലും ഉണ്ടെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. വാക്കുകളിലൂടെ പ്രതികരിക്കുന്ന ഒരു സാധാരണ മലയാളി. അതിനാൽ ഇവിടെയും രണ്ടുവാക്ക് പറയണമെന്ന് തോന്നി.   
 
കഴിഞ്ഞ അഞ്ചുവർഷം ഓൺലൈൻ എഴുത്തുവഴി ചെറിയ വരുമാനം കണ്ടെത്തുന്ന ഒരു വീട്ടമ്മയാണ് ഞാൻ. പേരിനു പറയാൻ രണ്ട്-മൂന്നു പ്രൊഫഷണൽ ഡിഗ്രിയൊക്കെ ഉണ്ടെങ്കിലും അതുമായി ഒരു ബന്ധവുമില്ലാത്ത എഴുത്തിന്റെ വഴി തിരഞ്ഞെടുത്തവൾ. ജോലിയുടെ ഭാഗമായി എനിക്ക് ഒരുപാട് ഓൺലൈൻ സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും മലയാളികളെ അടുത്തറിയുന്നത് വെറും രണ്ട് മാസം മുമ്പ്, സന്ധ്യാരാഗം എന്ന പേര് ട്വിറ്ററിൽ സ്വീകരിച്ചത് മുതൽ. എങ്കിലും അറപ്പ് തോന്നുന്ന പല കാഴ്ചകളും കാണാൻ കഴിഞ്ഞു എനിക്ക് ഈ ചുരുങ്ങിയ കാലയളവിൽ.
 
ഒരു കുട്ടിയുടെ അമ്മ ആയതിനാലാവാം ചേച്ചി എന്ന് തന്നെയാണ് പരിചയപെട്ടവരിൽ കൂടുതൽപേരും എന്നെ വിളിച്ചത്, പെരുമാറുന്നതും അങ്ങനെ തന്നെ. അതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ ഞാൻ കൂട്ടുകാരാക്കിയ ചിലരുടെ സ്വഭാവം എന്നെ അത്ഭുതപ്പെടുത്തി എന്നുതന്നെ പറയാം. 
 
ഒരാളുടെ കാര്യം എനിക്ക് എടുത്തുപറഞ്ഞേ പറ്റൂ. എന്നെ ചേച്ചി എന്ന് വിളിക്കുന്ന ഒരു ‘മാന്യൻ’ തന്നെയാ. പരിചയപ്പെട്ട നാളുകളിൽ ഒരിക്കൽ അവനെന്നോട് പറഞ്ഞു, “എനിക്ക് ചേച്ചി ഇല്ല. അതുകൊണ്ട് ചേച്ചി ഇനി കൂടുതൽ ആരെയും അനിയന്മാർ ആക്കേണ്ട, ഇപ്പൊ ഉള്ളവർ മതി.” ചേച്ചിയുടെ സ്നേഹം പകുത്തുപോകാൻ ആഗ്രഹിക്കുന്നില്ല എന്നാണു അവൻ ഉദ്ദേശിച്ചത്. പക്ഷെ ആ അനുജൻ പിന്നീട് എന്നോട് പറഞ്ഞ കള്ളങ്ങൾ ഒരു കടലോളം ഉണ്ട്. ചിലത് ഞാൻ ഇവിടെ കുറിക്കുന്നു.
 
MCA കഴിഞ്ഞു, പക്ഷെ മുംബെയിൽ HDFC ബാങ്കിൽ അക്കൗണ്ട്സ് മാനേജർ ആയി ജോലി നോക്കുന്നു. ആദ്യം പറഞ്ഞു, ഒരു അനുജത്തി ഉണ്ട്, അവളുടെ കല്യാണം കഴിഞ്ഞേ ഉള്ളൂ കല്യാണമെന്ന്‌. പറഞ്ഞ പ്രായം ഇരുപത്താറോ ഇരുപത്തെട്ടോ. പിന്നീടൊരിക്കൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഒരു കാര്യം പറഞ്ഞു, “എനിക്ക് കല്യാണം കഴിഞ്ഞു. 31 വയസ് ഉണ്ടെനിക്ക്. പക്ഷെ ആർക്കും അത് ഇവിടെ അറിയില്ല വളരെ അടുത്ത സുഹൃത്തുക്കൾക്കുപോലും, അതുകൊണ്ട് ആരോടും പറയരുത്.” നമ്മൾ തമ്മിൽ അത്ര പരിചയമൊന്നുമില്ലാത്തതുകൊണ്ട് എനിക്ക് അവിശ്വസനീയമായി തോന്നി, “എന്തുകൊണ്ട് എന്നോട് മാത്രം പറഞ്ഞു?”
 
എന്നെ വിശ്വസിപ്പിക്കാൻ ഫേസ്ബുക്കിൽ നിന്നും ഭാര്യയുടെ ഒരു ഫോട്ടോ അയച്ചുതന്നു, പക്ഷെ അവന്റെ മുഖം blurred ആക്കി. ഫോട്ടോ കണ്ട ഉടനെ ഞാൻ ചോദിച്ചു, “നിന്നെക്കാളും പ്രായക്കൂടുതൽ ഉണ്ടോ? നിന്റെ അവ്യക്തരൂപം കണ്ടിട്ട് ഒരു പ്ലസ്-ടു വിദ്യാർത്ഥിയെ പോലെയുണ്ട്”. എനിക്ക് കിട്ടിയ മറുപടി “അല്ല എന്നെക്കാളും മൂന്നു വയസ് ഇളയതാണ്”. (ഈ ഡയലോഗ് വായനക്കാരൻ ഒന്ന് ഓർത്തുവച്ചാൽ നന്നായിരിക്കും). അവൻ തുടർന്ന്, എന്റെ കഥയെല്ലാം ഈ വ്യക്തിയോട് ചോദിച്ചോളൂ, പറഞ്ഞുതരും. (ആ വ്യക്തിയുടെ പേര് ഞാൻ ഇവിടെ എഴുതി ചേർക്കുന്നില്ല)
 
ഞാൻ അറിഞ്ഞത്, അവന്റെ പ്രണയവിവാഹമായിരുന്നു. പത്തോ അതിൽ കൂടുതലോ വർഷങ്ങൾ പ്രേമിച്ചുനടന്ന വ്യക്തി. ആദ്യപ്രസവത്തിൽ ഭാര്യ മരിച്ചു. കുട്ടിയും മരിച്ചു, ആൺകുഞ്ഞായിരുന്നു. എന്റെ ഉള്ളമൊന്നു പിടഞ്ഞു, ചിരിയോടെ ക്യാമറ കണ്ണുകളിൽ നോക്കിയിരിക്കുന്ന ആ വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്ന സത്യം. ആ ഫോട്ടോ ഞാൻ വീണ്ടും എടുത്തു നോക്കി. ഞാൻ പക്ഷെ അവനോട് ഒന്നുംചോദിച്ചില്ല, അറിഞ്ഞതായി ഭാവിച്ചുമില്ല. ഗ്രൂപ്പ് ചാറ്റുകൾ പതിവുപോലെ ആഘോഷങ്ങളാക്കി. 
 
പിന്നീടൊരിക്കൽ അറിഞ്ഞു അവൻ പ്രണയം പറഞ്ഞു പറ്റിച്ച ഒരു പെൺകുട്ടിയുടെ കഥ, അവൻ പ്രേമാഭ്യർത്ഥനകൾ ട്വീറ്ററിൽ നടത്തിയ പല കഥകൾ. മരിച്ചത് കാമുകി ആണെന്നും പറഞ്ഞു അവൻ എന്റെ സുഹൃത്തുക്കളിൽ ഒരാളോട്. അവൻ 20-21 വയസ് മാത്രമുള്ള ഒരു കമ്പ്യൂട്ടർ വിദ്യാർത്ഥി എന്ന് ഞാൻ അറിഞ്ഞു. പക്ഷെ എന്നെ ഏറ്റവും ഞെട്ടിച്ചത് അതൊന്നും അല്ല. അവൻ ഭാര്യയുടെ എന്ന് എനിക്ക് കാണിച്ചു തന്ന ചിത്രം ജീവിച്ചിരിക്കുന്ന സ്വന്തം അമ്മയുടേത് !!!! അവരുടെ ഫേസ് ബുക്ക് പേജിൽ നിന്നും ഞാൻ മനസിലാക്കിയത്, അവരുടെ കല്യാണം കഴിഞ്ഞത് 1996 ൽ. ഞാനും ഒരു അമ്മയാണ്, ഒരു പെൺകുട്ടിയുടെ അമ്മ. ഒരമ്മയും അത് സഹിക്കില്ല, അവന്റെ ഈ തമാശ. അവൻ പറഞ്ഞു ഞാൻ സത്യം അറിഞ്ഞിരുന്നെങ്കിലും ഒരുപക്ഷെ ഞാൻ ക്ഷമിച്ചേനേ, അറിയില്ല.
 
ഗ്രൂപ്പിൽ വന്ന് വീണ്ടും പല കള്ളങ്ങൾ ആവർത്തിക്കുന്നത് കണ്ട് ഒരുനാൾ പൊട്ടിത്തെറിച്ചു. MCA ക്ക് ഏതാ ഫൈനൽ പ്രൊജക്റ്റ് ചെയ്തതെന്ന് ചോദിച്ചു. എന്റെ ബേസിക് ക്വാളിഫിക്കേഷൻ അതായതുകൊണ്ട് വളരെ ലളിതമായ ഒരു ചോദ്യം. പക്ഷെ അവൻ മുങ്ങി. പിന്നീടൊരിക്കൽ അവൻ ഗ്രൂപ്പിൽ വന്നപ്പോൾ ചോദിച്ചു, നീ എത്രനാളായി ഓൺ-റോൾ ആയിട്ട് എന്ന്. അപ്പോൾ കിട്ടിയ മറുപടി 2 വർഷമെന്ന്. ഞാൻ ഉടനെ ചോദിച്ചു, ‘നിനക്ക് ഏഴുവർഷം HDFC-ൽ ജോലി, അതുകൂടാതെ കുറച്ചുകാലം Axis ബാങ്കിൽ. എന്നിട്ടും ഓൺറോൾ ആയത് വെറും രണ്ടുവർഷം മുമ്പ്????’ അവൻ എന്നോട് പറഞ്ഞ പ്രായം, അവന്റെ ഉത്തരങ്ങൾ എല്ലാം പൊരുത്തക്കേടുകൾ. MCA project ന്റെ കാര്യം വീണ്ടും ചോദിച്ചപ്പോൾ മുങ്ങി. എന്റെ ഭർത്താവ് പതിമൂന്നു വർഷം പ്രൈവറ്റ് ബാങ്ക് സെക്ടർ ജോലി നോക്കിയതുകൊണ്ട് അത്യാവശ്യം കാര്യങ്ങൾ എനിക്കറിയാം, പിന്നെ IGNOU MBA Management Program (HR) ഞാൻ ചെയ്തിട്ടുണ്ട്. 
 
അവന്റെ കള്ളത്തരങ്ങൾ എല്ലാം അപ്പോൾ തന്നെ പിടിക്കപ്പെട്ടു. പക്ഷെ ഞാൻ അതിന്റെ പുറകെ പോയില്ല. പെട്ടെന്ന് വായിച്ചുതീർക്കാൻ കുറച്ചു കാര്യങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. ഈ സോഷ്യൽ മീഡിയയിൽ ഞാൻ സാക്ഷിയായ ചിലകാര്യങ്ങൾ ഷെയർ ചെയ്യണമെന്ന് തോന്നി. അനിയത്തികുട്ടിയെ പോലെ ഒരുപാടുപേർ ഇതുവായിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. വെറുതെ വായിച്ചുകളയാൻ വേണ്ടി മാത്രം എഴുതിയതല്ല ഞാൻ, മറ്റൊരാളുടെ അനുഭവം എനിക്കും വന്നുചേരാം എന്ന് ഓരോരുത്തരും ചിന്തിക്കാൻ. ചില ‘സ്റ്റെഫി’മാർക്കെങ്കിലും ഒരു പാഠം പറഞ്ഞു  കൊടുക്കുവാൻ. പലപ്പോഴും നമ്മുടെ നിശ്ശബ്ദതയാണ് ഇവർക്ക് വളം വച്ചുകൊടുക്കുന്നത്. കുറച്ചുപേരെങ്കിലും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇനിയും കൂടുതൽ പേർ ഇത്തരം തെറ്റുകളിലേക്ക് വഴുതിവീഴാം.
 

അനിയത്തികുട്ടി ചെയ്തതുപോലെ പല പെൺകുട്ടികളും മുന്നോട്ട് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. അവിവാഹിതരായ പെൺകുട്ടികൾ മാത്രമല്ല മധ്യവയസ്കരായ ഭാര്യമാർ വരെ സൂക്ഷിക്കണം ഇത്തരക്കാരെ. ഒരുപക്ഷെ നാളെ ഈ ഹാൻഡിലും പേരും ഐഡിയുമെല്ലാം ട്വിറ്ററിൽ നിന്നും അപ്രത്യക്ഷമാവാം. നാളേയ്ക്ക് മാറ്റിവച്ചാൽ പിന്നീടൊരിക്കൽ എനിക്കിത് പറയാനുള്ള അവസരം കിട്ടി എന്നുവരില്ല. സ്ക്രീൻ ഷോട്ടുകൾ തെളിവായി സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ പറഞ്ഞ വാക്കുകളിൽ ഒരു ശതമാനം പോലും കള്ളമില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും, അത് ആരെക്കാളും ആ വ്യക്തി മനസിലാക്കുന്നുമുണ്ട്. എനിക്കതു മതി.

പ്രായം അറിയാൻ ആഗ്രഹിക്കുന്ന അനുജന്മാർ, കൂടെ നിന്ന് ചതിക്കുന്ന കൂടപിറപ്പുപോലുള്ളവർ, വിവാഹിതരായ സ്ത്രീകളോട് മാത്രം ചങ്ങാത്തം കൂടുന്നു അവിവാഹിതനായ മധ്യവയസ്‌കൻ….. കാണാതെ കണ്ടു ഞാൻ രസകരമായ ഒരുപാട് മുഖങ്ങൾ ഈ ട്വീറ്ററിൽ ഈ ചുരുങ്ങിയ കാലയളവിൽ. എന്നെ ഏറ്റവും വേദനിപ്പിച്ചത് ഈ കഥകളിലെ വ്യക്തികളെല്ലാം വിദ്യാസമ്പന്നർ എന്ന് ലോകം വാഴ്ത്തുന്ന മലയാളികൾ അല്ലേ എന്ന ദുഃഖസത്യം. പുതിയ അനുഭവ കഥകളുമായി ഞാൻ എത്താം… അത് പിന്നൊരിക്കലാവട്ടെ……

 
എന്ന് സ്വന്തം
സന്ധ്യ ചേച്ചി   
 

പ്രിയ അനിയനോട് ഒരു വാക്ക്

ഇന്നും DM ൽ വന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പറയരുത് എന്ന ഒരു വാക്ക് . ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചേച്ചിയുടെ നല്ല വാക്കായി കണ്ട് നല്ലൊരു കുട്ടിയായ് വരണം, നിനക്ക് നല്ലത് വരട്ടെ. ദൈവം നിന്റെ മനസ്സിൽ നല്ല ചിന്തകൾ മാത്രം നിറയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ സ്വന്തം ചേച്ചി   

 
 
(Visited 1,882 times, 1 visits today)