അദ്ധ്യായം 8 – സ്നേഹത്തിൽ വിശ്വാസമില്ലാത്ത മീര

 
അന്നത്തെ ചർച്ചയിൽ ഒരുപാട് പേരുണ്ടായിരുന്നു. പതിവ് പോലെ പ്രസാദ് അന്നത്തെ സംവാദത്തിനും തിരിയിട്ടു.
 
“ഈ ലോകത്ത് യാഥ്യാർത്ഥമായ് എന്തെങ്കിലും നിലനിൽക്കുന്നുണ്ടോ, ജനന മരണങ്ങൾ, ഉദയാസ്തമയങ്ങൾ ഒഴികെ?”
 
തന്റെ കണ്ണുകൾക്ക് ഒട്ടും ചേരാത്ത വലിയ കണ്ണടകൾ വസിച്ചിരുന്ന നാരായണപോറ്റി തലയുയർത്തി നോക്കി. കണ്ണടകളിലൂടെ അദ്ദേഹത്തിന്റെ കണ്ണുകളുടെ വലിപ്പം കൂടിയതുപോലെ. ആർക്കും മറുപടി പറയാൻ അവസരം കൊടുക്കാതെ വിളിച്ചു പറഞ്ഞു, “സ്നേഹം”.
 
എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് കൈയ്യടിച്ചു, മീര മാത്രം അതിൽ പങ്കു ചേർന്നില്ല.
 
പ്രസാദ്: എന്താ മീരേ, ഈ അഭിപ്രായത്തോട് യോജിക്കുന്നില്ലേ?
 
മീര: ഇല്ല, എനിക്കതിന്‌ കഴിയുന്നില്ല. പ്രകൃതി സത്യങ്ങളൊഴികെ യാഥാർഥ്യമായ ഒന്നിനെ എനിക്കിതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.
 
എല്ലാരും എതിർത്തു. പ്രസാദ് മാത്രം ഒന്നും പറഞ്ഞില്ല. ഏതു കാര്യത്തിനും സാധാരണക്കാരന്റെ ചിന്താഗതി ആയിരുന്നില്ല പ്രസാദിന്. മുമ്പൊരിക്കൽ സംഭവമാണ്.
 
പ്രസാദ്: എനിക്ക് കള്ളം പറയുന്നത് ഇഷ്ടമുള്ള കാര്യമല്ല. ഏതു സാഹചര്യത്തിലും സത്യം പറയുന്നതാണിഷ്ടം.
 
പോറ്റി: എന്നാലേ, ആരെങ്കിലും പ്രസാദിനോടൊരു രഹസ്യം പറഞ്ഞുവെന്നു കരുതുക. മറ്റൊരാൾ വന്നു ചോദിക്കുകയാണ്, പ്രസാദിന് ആ കാര്യം അറിയാമോ എന്ന്. ‘ഇല്ല’ എന്നാവില്ലേ മറുപടി?
 
പ്രസാദിന്റെ അന്നത്തെ മറുപടി കേട്ട് എല്ലാവരും അമ്പരന്നു, മീര ഒഴികെ.
 
“ആ രഹസ്യം പ്രസാദിനോട് പറഞ്ഞ ആളുടെ കഷ്ടകാലം”, അന്ന് കൂടിയിരുന്ന ആരോ ഒരാളുടെ വക കമെന്റ്, രാജീവെന്നു തോന്നുന്നു.
 
മീര പറഞ്ഞു, “ഭൂമിയിൽ ശാശ്വതമായി ഒന്നുമില്ല. ഭൂമി പോലും ശാശ്വതമല്ല. പിന്നെ, അതിൽ സ്നേഹത്തിന് എത്ര കാലം താങ്ങാനാവും?”
 
ആർക്കും പെട്ടന്നൊരു മറുപടി പറയാനായില്ല.
 
മീര തുടർന്നു, “സ്നേഹം ശാശ്വതമാണെന്ന് പോറ്റിസാർ പറഞ്ഞുവല്ലോ. നാമെല്ലാം സാധാരണ മനുഷ്യരല്ലേ. ഫലേച്ഛ കൂടാതെ ഒരു കാര്യം ചെയ്യാൻ പൂർണരൂപത്തിൽ നാം തയ്യാറാവുമോ? നാം കൊടുക്കുന്ന സ്നേഹം തിരിച്ചുകിട്ടുന്നിടത്തോളം കാലം മാത്രമേ നാം അതിന് ശാശ്വതയുടെ നിരസിച്ചാർത്ത് അണിയാറുള്ളു. തിരിച്ചു പ്രതീക്ഷിക്കുന്നില്ല എങ്കിൽ പോലും തിരിച്ച് കിട്ടാതിരുന്നാൽ ഒരു അപൂർണ്ണത ഉള്ളതായി നമുക്ക് തന്നെ തോന്നും, തീർച്ച. ഒപ്പം പല ആശങ്കകളും. കൊടുക്കുന്ന സ്നേഹം തിരിച്ചുകിട്ടുമ്പോൾ അതിന്റെ മാറ്റൊന്നു വേറെ തന്നെ. പലപ്പോഴും, നാം വളരെ ഉറപ്പുള്ളത് എന്ന് കരുതാറുള്ള സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും തകരുന്നത് ചെറിയ ഒരു അവിശ്വാസം മൂലമാകാം. അവിശ്വാസത്തിന്റെ ചെറിയ ഒരു കണിക പോരേ സ്നേഹബന്ധങ്ങളുടെ മാറ്റ് കുറയ്ക്കാൻ? ചിലപ്പോൾ കാരണങ്ങൾ വേണമെന്ന് തന്നെയില്ല. പിന്നെ, എങ്ങനെ വിശ്വസിക്കും സ്നേഹം പൂർണരൂപത്തിൽ സത്യമാണെന്ന്?”
 
“എന്ന് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക? എന്താ, ലോകത്ത് സ്നേഹം നിലനിൽക്കുന്നില്ലേ? ആരും സ്നേഹിക്കുന്നില്ലേ? സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ഈ ലോകത്ത്?”, രാജേശ്വരി ഇടയ്ക്ക് കയറി ചോദിച്ചു.
 

ഒരു നിമിഷം ആലോചിച്ചശേഷം മീര മറുപടി നൽകി, “നാം ഇഷ്ടപ്പെടുന്നവ, വേണമെന്ന് ആഗ്രഹിക്കുന്നവ, അവയെല്ലാം സത്യമെന്നു പറയാനാവുമോ? നിഴലിനെ കാണാൻ കഴിയും. എന്നാൽ നിഴലിന്റെ സത്യമെന്ത്? അതിനെ പിടിക്കാൻ ചെന്നാൽ മായ പോലെ മാഞ്ഞുപോവുകയേ ഉള്ളൂ. അതല്ലേ ഈ ഭൂലോകത്തെ ഏകദേശം കാര്യങ്ങളുടെയും അന്തിമ സത്യം. സത്യമൊരിക്കലും പിടിയിലൊതുങ്ങാറില്ല, നാം അങ്ങനെയൊക്കെ ചിന്തിച്ചുറപ്പിച്ചാലും. നിഴൽ പോലെ അത് മാഞ്ഞുപോകും. അതൊക്കെ പോട്ടെ, സ്നേഹം തുടങ്ങുന്നത് എവിടെ നിന്നാണെന്നു പറയാമോ?”

സംഗീതയാണതിന് ഉത്തരം പറഞ്ഞത്, “എത്ര ഈസി. നമ്മളോടൊരാൾക്ക് ഇഷ്ടമുണ്ടെന്ന് തോന്നുമ്പോൾ.”

“പിന്നെ?”

“നമ്മുടെ കാര്യങ്ങളിൽ ഒരാൾ ശ്രദ്ധ ചെലുത്തുമ്പോൾ?”

“പിന്നെ?”

“ഒരാൾ ഒരുപകാരം ചെയ്യുമ്പോൾ?”  

“ചുരുക്കി പറഞ്ഞാൽ ഇങ്ങോട്ട് ചെയ്യുന്ന പരോപകാരങ്ങൾക്ക്. അല്ലേ?”

സംഗീത അതിന് മറുപടി പറഞ്ഞില്ല.

മീര തുടർന്നു, “എന്നാൽ ഞാൻ പറയട്ടെ സ്നേഹം എവിടെ നിന്നാണ് തുടങ്ങുന്നതെന്ന്? ഒറ്റക്ക് നിലനിൽപ്പില്ല എന്ന സത്യത്തിൽ നിന്ന്‌. സ്വന്തം സ്വാർത്ഥ താൽപര്യങ്ങളിൽ നിന്നാണ് പലപ്പോഴും സ്നേഹം തുടങ്ങുന്നത്. തുടക്കമേ സ്വാര്ഥതയിൽ നിന്ന്‌. ആ സ്നേഹത്തിനാണോ ഇത്രയധികം പൂർണത കൽപ്പിക്കുന്നത്?”

ഒന്ന് നിർത്തിയശേഷം മീര തുടർന്നു, “നാം നമ്മുടെ കുടുംബത്തെ സ്നേഹിക്കുന്നു. അവർ നമ്മൾക്ക് വേണ്ടി ജീവിക്കുന്നതിൽ നിന്നും ഉടലെടുക്കുന്നതല്ലേ അവരുമായുള്ള ആത്മബന്ധം. എല്ലാ മാതാപിതാക്കളും സ്വന്തം മക്കളുടെ കാര്യത്തിൽ മാത്രം അൽപ്പം സ്വാർത്ഥരാവാറില്ലേ? സ്നേഹം മാത്രമല്ല, കടമയാണ് മറ്റൊരു ‘ഫാക്ടർ’. പിൽക്കാലത്ത്, അവരുടെ താങ്ങും തണലുമാണ് മക്കളെന്നു ഭൂരിഭാഗം രക്ഷിതാക്കളും വിശ്വസിക്കുന്നില്ല? കടമ എന്നോർത്തുമാത്രം ആ കർത്തവ്യം നിർവഹിക്കുന്ന എത്രയോ മക്കളുണ്ട്. അത് തെറ്റെന്നു ഞാൻ പറയുന്നില്ല. എന്നാലും തിരിച്ച് പ്രതീക്ഷിക്കുന്നില്ലേ ഒരു തരിയെങ്കിലും ഭൂരിഭാഗവും?

നല്ലൊരു ഭാര്യയെ വേണമെന്ന് പുരുഷനും ഉത്തമനായ ഒരു ഭർത്താവിനെ വേണമെന്ന് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു. പ്രണയവിവാഹങ്ങൾ മാറ്റിനിർത്തിയാൽ, പെൺകുട്ടിയുടെ സ്വഭാവം കണ്ടു മാത്രം വിവാഹം കഴിക്കാൻ മുന്നോട്ട് വരുന്ന എത്ര പുരുഷന്മാരുണ്ട് നമ്മുടെ സമൂഹത്തിൽ? സാമ്പത്തിക സ്ഥിരതയില്ലാത്ത പുരുഷനെ, അവൻ എത്ര നല്ലവനായാലും ഏതെങ്കിലും പെൺകുട്ടി സ്വീകരിക്കുമോ? ഇല്ല തന്നെ. ഇനി പറയൂ, പൂർണരൂപത്തിൽ പറയാനാവുമോ സ്നേഹത്തിന് കാപട്യമോ സ്വാർത്ഥതയോ ഇല്ലാ എന്ന്? അത് പൂർണമാണെന്ന്? നാം ഒരാൾക്ക് ഒരുപകാരം ചെയ്യുമ്പോൾ അവിടെ ഒരു കടം സൃഷ്ടിക്കപ്പെടുന്നു, നാം പോലുമറിയാതെ!”

“അപ്പോൾ മീര സ്നേഹത്തിൽ വിശ്വസിക്കുന്നില്ലേ?”, രാജീവ് ചോദിച്ചു. മറുപടിക്കായി എല്ലാരും അവളുടെ മുഖത്തുറ്റുനോക്കി.

ഞൊടിയിടയിൽ മീര മറുപടി പറഞ്ഞു, “തീർച്ചയായും ഇല്ലാ. എനിക്ക് സ്നേഹത്തിലെന്നല്ല ഒരു കാര്യത്തിലും വിശ്വാസമില്ല. സ്നേഹത്തിലാണ് ഒട്ടുമേ ഇല്ലാത്തത്. ഒരാൾക്ക് സ്നേഹമാണെന്ന് പറഞ്ഞാൽ തന്നെ അത് വിശ്വസിക്കാൻ പലവട്ടം ചിന്തിക്കേണ്ടിവരും എന്നതാണ് വാസ്തവം”.

രാജീവ് അവിശ്വസനീയമായ രീതിയിൽ ഒരു നിമിഷം സ്തംഭിച്ചു നിന്നു. ഇത്രയും നേരവും മൗനിയായിരുന്ന പ്രസാദ് അത് ഭഞ്ജിച്ചു,

“എനിക്ക് ഇഷ്ടമായി. വളരെയേറെ ഇഷ്ടമായി.”

കൈയ്യടിച്ചുകൊണ്ട് ഉച്ചത്തിൽ പ്രസാദ് പറഞ്ഞപ്പോൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് മീര ചെയ്തത്.

മീര തുടർന്നു, “പ്രണയിക്കുന്നവർക്കാണ് സ്നേഹം ഏറ്റവും മധുരമായി തോന്നുന്നത്. എന്തു തന്നെ വന്നാലും സ്നേഹത്തിനൊരിക്കലും മാറ്റ് കുറയില്ല എന്ന് പറയുന്നവരാണീ കൂട്ടർ. അവർക്കിടയിൽ മൂന്നാമതൊരാൾ വന്നാൽ, ഇതിൽ ആരെങ്കിലുമൊരാൾ അത് ക്ഷമിക്കുമോ? പലപ്പോഴും മൂന്നാമതൊരാൾ ഇടയ്ക്ക് വരുമ്പോഴാണ് ബന്ധങ്ങളുടെ ആഴം തിരിച്ചറിയപ്പെടുന്നത്! അത് പോട്ടെ, വിവാഹം കഴിഞ്ഞാൽ പഴയപടി അവർ സ്നേഹിക്കുമോ? ജീവിത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടു വരുമ്പോഴായിരിക്കും ജീവിതത്തിന്റെ കയ്‌പ്പ് അവർ തിരിച്ചറിയുന്നത്. പിന്നെ സ്നേഹിച്ചുനടക്കാൻ എവിടെയാ സമയം?

ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം? അതുകഴിഞ്ഞേ മറ്റെന്തു ചിന്തക്കും സ്ഥാനമുള്ളൂ. ഒരിക്കൽ, ഒരു നിമിഷം പോലും പിരിയാൻ കഴിയില്ല എന്ന് ചിന്തിച്ചവരായിരുന്നു അവർ. എന്നാലിപ്പോഴോ, ഒരു നിമിഷമെങ്കിലും സമാധാനത്തോടെ ഇരുന്നു സംസാരിക്കാനുള്ള സമയം കുറവ്. ശരിയല്ലേ? പലതും സ്വന്തമാക്കും വരെയേ ഉള്ളൂ കൗതുകം. പിന്നീടും ആ ആകർഷണവും തീവ്രതയും നിലനിർത്തുന്നത് വളരെ കുറച്ചു പേർ മാത്രം!”

രാജീവ് ചോദിച്ചു, “ശരി, ഞാൻ ഇതൊക്കെ സമ്മതിക്കാം. എന്നാൽ സ്നേഹിക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല, സ്നേഹിക്കപ്പെടാൻ കൊതിക്കാത്തവരായും, രാജേശ്വരി ചേച്ചി പറഞ്ഞ പോലെ. അപ്പോൾ മീര തന്നെ പറഞ്ഞേ, നാം എങ്ങനെയാണ് മറ്റൊരാളോട് അടുപ്പം കാട്ടേണ്ടത് എന്ന്”.

മീര പറഞ്ഞു, “അതിനുത്തരം എന്റെ കയ്യിലുണ്ട്. പക്ഷെ രാജീവിന് ബോറായാലോ?”

“അത് സാരമില്ല, ഞാൻ സഹിച്ചോളം.”

“നമ്മളും”, എല്ലാരും ഒരേസ്വരത്തിൽ പറഞ്ഞു.

“എന്നാൽ ശരി ഞാൻ പറയാം”, ഒന്ന് നിർത്തിയശേഷം മീര തുടർന്നു, “ഫിസിക്സോ കെമിസ്ട്രിയോ പഠിച്ചിട്ടുള്ളവർക്ക് ഞാൻ പറയുന്നത് എളുപ്പം മനസ്സിലാകും”.

“നമ്മളുടെ സബ്ജക്ട് എന്താണാവോ?”, മീരയെ കളിയാക്കികൊണ്ട് രാജീവ് ചോദിച്ചു.

അൽപ്പം ശുണ്ഠി മുഖത്ത് മനഃപൂർവം വരുത്തിക്കൊണ്ട് മീര പറഞ്ഞുതുടങ്ങി, “ഞാൻ ആദ്യം അറ്റോമിക് സ്പെക്ട്രത്തെകുറിച്ച് പറയട്ടെ. ഊർജത്തിന്റെ അളവനുസരിച്ചാണ് ആറ്റമുകളെ തന്മാത്രകളിൽ രൂപീകരിച്ചിട്ടുള്ളത്. തന്മാത്രകളിൽ ഒരുപാട് എനർജി ലെവലുകളുണ്ട്.” ഒരു പേപ്പറിൽ വരച്ചാണ് പിന്നീടവൾ ഓരോ കാര്യവും പറഞ്ഞത്. എല്ലാവരുടെ ശ്രദ്ധയും പേപ്പറിലേക്ക് തിരിഞ്ഞു.

“ഒരു ആറ്റത്തിന് കുറച്ചു എനർജി കിട്ടിയെന്നു കരുതുക. എങ്കിൽ അത് ഉയർന്ന ഒരു എനർജി ലെവലിലേക്ക് ചാടുന്നു, അതുപോലെ തിരിച്ചും. എന്നാൽ ഉയർന്ന ലെവൽ ഒരിക്കലും ശാശ്വതമല്ല. കുറച്ചു കഴിയുമ്പോൾ എക്സ്ട്രയായ് കിട്ടിയ എനർജി തീർച്ചയായും അതിന് നഷ്ടമാവും. അപ്പോൾ എന്തു സംഭവിക്കുന്നു? പഴയ സ്ഥാനത്തുതന്നെ തിരിച്ചെത്തുന്നു. ‘എക്സ്സൈറ്റഡ് സ്റ്റേറ്റ്’ എന്നാണ് ഇതിനെ പറയാറ്. ഊർജത്തിന്റെ തീവ്രത വളരെ വലുതാണെങ്കിലും ആയുസ്സ് നന്നേ കുറവ്.

ഇതുപോലെ തന്നെ നമുക്ക് സ്നേഹത്തിന്റെ സ്പെക്ട്രവും വരയ്ക്കാം, ശരിയല്ലേ? കൂടുതൽ പറയേണ്ടല്ലോ. അതിനാൽ നാം കഴിവതും ഏറ്റവും താഴെയുള്ള ലെവലിൽ നിൽക്കാൻ, അതായത് ആ രീതിയിൽ മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിക്കുക, പഠിക്കുക. ആ സ്നേഹത്തിന് എന്നും ശാശ്വതമായൊരു നിലനിൽപ്പുണ്ട്. കൂടുകയുമില്ല, കുറയുകയുമില്ല.”

എല്ലാവരും കയ്യടിച്ചു.

“മീരയും മീരയുടെ അറ്റോമിക് തിയറി ഓഫ് ലവ്വും. കൊള്ളാമല്ലോ.”

രാജീവ് വീണ്ടും കളിയാക്കാനുള്ള പുറപ്പാടാണെന്ന് അവൾക്ക് മനസ്സിലായി.

“ശരിയാണ് കേട്ടോ മീര പറഞ്ഞത്. ചിലപ്പോൾ ഒരാൾ നമ്മളോട് ഒരുപാട് സ്നേഹം പ്രകടിപ്പിക്കുമ്പോൾ, അടുത്ത് പെരുമാറുമ്പോൾ, എന്തെങ്കിലും ഉപകാരം ചെയ്യുമ്പോൾ നമുക്ക് അവരോട് കൂടുതൽ സ്നേഹം തോന്നും. എന്നാൽ കുറച്ച് കഴിഞ്ഞ് പഴയപടി ആവുകയാണ് പതിവ്”, രാജേശ്വരി മീര പറഞ്ഞത് ശരി വച്ചു.

“കാറ്റുപോയ ബലൂൺ പോലെ. ശരിയല്ലേ മീരേ?” – രാജീവ്.

മീര രാജീവിനെ തുറിച്ചു നോക്കി.

“ഇങ്ങനെ എന്നെ കളിയാക്കിയാൽ ഞാൻ മിണ്ടില്ല, നോക്കിക്കോ”, മീര പിണക്കം നടിച്ചു.

“ഈ മീരചേച്ചിയാണോ കുറച്ചു മുമ്പ് കണ്ടത്!”, സംഗീതയ്ക്ക് അത്ഭുതം.

“മനുഷ്യന്റെ സ്വഭാവം അങ്ങനെയാ സംഗീതേ. എപ്പോഴാ മാറുന്നതെന്ന് ആർക്കും പറയാനാവില്ല. നവരസങ്ങൾ പിന്നെ എന്തിനാ?”, പ്രസാദ് അഭിപ്രായപ്പെട്ടു.

“ദാ, തുടങ്ങി അടുത്തത്‌. ഇങ്ങനെയുള്ള സാഹിത്യകാരുടെ മുന്നിൽ നാം തോറ്റതുതന്നെ”, രാജീവിന്റെ വക കമന്റ്.

“അവസരം മുതലെടുക്കുകയാണല്ലോ രാജീവ്. ഉം?”, രാജേശ്വരി ചോദിച്ചു.

അത്രയും നേരം ചർച്ചയിൽ പങ്കെടുക്കാതെ മാറിനിന്ന ശങ്കരമേനോൻ ഒരു സംശയവുമായി അവരുടെ ഒപ്പം കൂടി.

“അപ്പോഴേ കുട്ടീ, ശാശ്വതമായിട്ടൊന്നു ഭൂമിയിൽ വേറെയില്ലേ? അപ്പോൾ പിന്നെ, ഈ ലോകം എന്തിലാണ് നിലനിൽക്കുന്നത്?”

പ്രസാദാണ് അതിന് മറുപടി പറഞ്ഞത്.

“മാഷേ, വേർപാടൊരു സത്യമാണ്. കണ്ടുമുട്ടലുകൾക്കെല്ലാം ഒടുവിലൊരു വേർപാടുണ്ട്. എന്നാൽ വീണ്ടുമൊരു കൂടിക്കാഴ്ചയുടെ ശുഭപ്രതീക്ഷ ഉണ്ടവിടെ. മരണം മാത്രമേ അതിനൊരു വഴിതടസ്സമായി വരുന്നുള്ളൂ. ആ പ്രപഞ്ചസത്യവും ഞാൻ വിസ്മരിക്കുന്നില്ല. സൂര്യൻ അസ്തമിക്കും, അത് തീർച്ചയാണ്. പക്ഷെ, വീണ്ടുമുദിക്കും എന്ന പൂർണ വിശ്വാസത്തിൽ തന്നെയാണ് സൂര്യൻ ഓടി അകലുന്നത്. സുഖദുഃഖങ്ങളായാലും മറ്റേതു കാര്യമെടുത്താലും ഇങ്ങനെ തന്നെയാണ്, ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ. അവ പരസ്പര വിരുദ്ധമാണ്. എന്നാൽ പരസ്പര പൂരണങ്ങളും. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പുണ്ടോ? ശരിയല്ലേ?

പലപ്പോഴും സത്യമാണെന്നു പൂർണബോധ്യമല്ലെങ്കിൽകൂടി, സത്യമെന്നു നാം മനസ്സിനെ പറഞ്ഞു ബോധിപ്പിക്കുന്നു, വിശ്വസിപ്പിക്കുന്നു. എന്തിന്? ചെറിയ ഒരു ആശ്വാസത്തിന് മാത്രം. അതുപോലെ, സത്യങ്ങൾ പലതും കണ്ടെത്തിയില്ലാ എങ്കിലും, ഉള്ള അസത്യങ്ങളിലെ സത്യങ്ങൾ നാം ദർശിക്കുന്നു. അതുപോലെ അപൂർണതയിലെ പൂർണതയും. പെർഫെക്റ്റ് ആയി ലോകത്തൊന്നും ഇല്ലാ എന്ന് അറിയാത്തവരായി ആരും ഇല്ല തന്നെ. ‘നതിങ് ഈസ് പെർഫെക്റ്റ്’. ആ ഒരു വിശ്വാസത്തിൽ തന്നെയാണ് ഇന്ന് ഈ ലോകം നിലനിൽക്കുന്നതും.”

മാഷിന് ഉത്തരം കിട്ടി കഴിഞ്ഞു, ഒപ്പം മറ്റുള്ളവർക്കും. രാജീവ് മീരയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു, “അരപ്പിരിക്ക് മുഴുപിരി കൂട്ട്.”

എല്ലാവരും ചിരിച്ചപ്പോൾ മീരയുടെ മുഖത്തും ചിരി വിടർന്നു.

പ്രസാദ് ആരുടെ ആശയങ്ങളുമായും പൊരുത്തപെടാറില്ല. എങ്കിലും മീരയുമായ് ഒത്തുപോകാറുണ്ട്. അന്നത്തെ സംവാദം അവിടെ അവസാനിച്ചു.എല്ലാരും അവരവരുടെ പണിയിൽ മുഴുകി.

അന്ന് വൈകുന്നേരം പതിവ്പോലെ ഇറങ്ങിയപ്പോൾ

പ്രസാദ്: ഇന്ന് കലക്കി കേട്ടോ

മീര ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മറുചോദ്യമെന്നപോലെ, “മീര സത്യമായ്‌ ഒന്നിലും വിശ്വസിക്കുന്നില്ലേ?”

“അതിന്റെ ഉത്തരം കണ്ടെത്താൻ ഞാൻ കുറെ കാലമായ് ശ്രമിക്കുന്നു. പക്ഷെ ഇതുവരെ കഴിഞ്ഞിട്ടില്ല. എനിക്ക് ഒരു സത്യവും പൂർണരൂപത്തിൽ ഉൾക്കൊള്ളാനാവുന്നില്ല.”

“എന്താ മീരേ ഇങ്ങനെ?”

“ഒരുപക്ഷെ ജീവിതം പഠിപ്പിച്ചുതന്ന വലിയ അദ്ധ്യായങ്ങളിൽ ഒന്നായിരിക്കാം.”

“അപ്പോൾ നമ്മുടെ ഈ സൗഹൃദത്തിനും യാഥാർത്ഥ്യമില്ല, അല്ലേ മീരേ?”, ചിരിച്ചുകൊണ്ട് പ്രസാദ് ചോദിച്ചു.

“അതിനുത്തരം ഇയാൾ തന്നെ കണ്ടെത്തുന്നതാവും ശരി”.

അപ്പോഴേക്കും അവർ ബസ് സ്റ്റോപ്പ് എത്തി കഴിഞ്ഞിരുന്നു.

(Visited 59 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: