തിരുവനന്തപുരം ജില്ലയിലെ ഒറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രം വളരെ പ്രശസ്തമാണ്. വർക്കല നിന്നും 12 കിലോമീറ്റർ മാറി കിഴക്ക് ദിശയിലാണ് ഈ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റൂർ പഞ്ചായത്തിൽ ആയാം കോണം മുക്കിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.
ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ഒറ്റൂരിലെ കൃഷ്ണഭഗവാന് ഒരു പ്രത്യേകതയുണ്ട്
ഇവിടെ ഭഗവാന്റെ പ്രതിഷ്ഠ ഇരിക്കുന്ന നിലയിലാണ് ഉള്ളത്. എന്നാൽ പതിവിന് വിപരീതമായി, ഇവിടത്തെ ഉപദേവതകളിൽ ശാസ്താവിന്റെ പ്രതിഷ്ഠ നിൽക്കുന്ന രീതിയിൽ ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഗണപതി, വേട്ടയ്ക്കൊരു മകൻ, നാഗം എന്നിവയാണ് മറ്റു ഉപദേവതകൾ. ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ള കൃഷ്ണ ഭഗവാനെ വിഷ്ണുവായും സങ്കൽപ്പിക്കുന്നുണ്ട്. വട്ട ശ്രീകോവിൽ ഉള്ള ഈ അമ്പലത്തിന് ചെമ്പു പൂശിയ മേൽക്കൂരയാണ് പണിതിട്ടുള്ളത്.
വൈഷ്ണവിഗ്രഹങ്ങൾ പൊതുവേ മൂന്നുവിധത്തിലാണ്. നിൽക്കുന്ന രൂപത്തിലുള്ളവ സ്ഥാനക മൂർത്തി എന്നറിയപ്പെടുമ്പോൾ, ഇരിക്കുന്ന നിലയിൽ ഉള്ളവർ ആസന മൂർത്തി എന്നും പറയപ്പെടുന്നു. ഇനി മൂന്നാമതുള്ള ശയന മൂർത്തി കിടക്കുന്ന തരത്തിലുള്ളതാണ്. അതിന് ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം. കേരളത്തിൽ ആസനം മൂർത്തിയും സ്ഥാനക മൂർത്തിയും ആണ് കൂടുതലായുള്ള പ്രതിഷ്ഠകൾ. പാലക്കാട് കടമ്പഴിപ്പുറം കുണ്ടുവം പാടത്ത് പെരുംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലാണ് പ്രതിഷ്ഠ. കാസർഗോഡ് കുമ്പള അനന്തപുരം ക്ഷേത്രത്തിലും ഇരിക്കുന്ന മൂർത്തി ആയിട്ടാണ് ഭഗവാൻറെ പ്രതിഷ്ഠ.

മീനത്തിലെ രോഹിണി നക്ഷത്രത്തിൽ ആണ് ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം. കുറച്ചുകാലം മുമ്പ് വരെ 10 ദിവസം ഉത്സവമായി ആഘോഷിച്ചിരുന്നു. രാവിലെ ആറുമണിക്ക് നടതുറക്കും. ഉച്ച പൂജയും വൈകുന്നേരത്തെ ദീപാരാധനയും ഉണ്ടാവും. അധികം തിരക്കില്ലാത്ത അമ്പലം, സമാധാനത്തോടെ പ്രാർത്ഥിക്കാനും ഭഗവാൻ ഒപ്പം ചിലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. വർക്കല ബീച്ച് ഒരു വിനോദസഞ്ചാര കേന്ദ്രം ആയതിനാൽ, അവിടെ സന്ദർശിക്കുന്നവർക്ക് ഈ അമ്പലവും അതിനൊപ്പം സന്ദർശിക്കാവുന്നതാണ്. ഉത്സവകാലമൊഴികെ ഇവിടെ തിരക്ക് നന്നേ കുറവായിരിക്കും.
Recent Comments