പല വിഷയങ്ങളെ കുറിച്ചുള്ള കുറച്ച് ചിന്തകൾ, ട്വിറ്ററിൽ പോസ്റ്റ് ചെയ്തവ…..  handle name: സന്ധ്യാ രാഗം @meerasandhya
 
“പല നിറങ്ങളും തെളിയുന്നത് കാലങ്ങൾ പഴകുമ്പോഴാ……. “

“ചില നിമിഷങ്ങൾ ഒരിക്കലും പുനർസൃഷ്ടിക്കാനാവില്ല, അന്ന് കൂടെയുണ്ടായിരുന്ന വ്യക്തിക്ക് ഒപ്പമാണെങ്കിൽകൂടി. കാലം ഒപ്പുവച്ചുപോവുന്ന പല അവസരങ്ങളും ചില നിമിഷങ്ങളും അങ്ങനെയാണ്, അതിനു സാക്ഷിയാവുന്നവർ മാറിയില്ലെങ്കിലും… കാരണം കാലം മാറിയിട്ടുണ്ടാവാം!!”

കാലം

 
കാലം
 
“വർത്തമാനകാലം സുഖകരമല്ലെങ്കിൽ ഭൂതകാലത്തിൽ ജീവിക്കാൻ ശ്രമിക്കും, പലതും ഒന്നുകൂടെ ജീവിച്ചു തീർക്കാനുള്ള കൊതി, അനുഭവിച്ചറിയാനും”.
 
“മനസ്സിന്റെ വിശ്വാസം ലക്ഷ്യത്തിൽ എത്തിച്ചേരുന്ന അവസരങ്ങൾ പലതുണ്ട്… മനസ്സ് അതൊന്നുറപ്പിച്ച് ഉണർന്നു പ്രവർത്തിക്കണമെന്നേ ഉള്ളൂ……”
 
“ഭൂതകാലത്തിൻ വാതായനങ്ങൾ മെല്ലെ തുറക്കുമ്പോൾ ചില എതിരാളികളെ ഇഷ്ടത്തോടെ ഓർത്തേക്കാം. ചില പ്രിയരെക്കാൾ അവർ പ്രിയരായ് തോന്നിയേക്കാം  “

“ചില ഇന്നലെകളുടെ സന്തോഷം നാം വെറുത്തവർക്കു കൂടി അവകാശപ്പെട്ടതാണ് . അവരുടെ പരാജയം നമുക്ക് നേടിത്തന്ന വിജയങ്ങൾ. “

“ഓരോരുത്തർക്കും അവരുടേതായ കണക്കുപുസ്തകവും, അവർ കുറിക്കുന്ന കണക്കുകളും.”

“ഈ നിമിഷം ജീവിക്കുന്ന ജീവിതമാണ് ഒരാളുടെ പ്രായം നിർണയിക്കുന്നത്, ജീവിച്ചു തീർത്ത വർഷങ്ങളും ജീവിതവുമില്ല”

“കാലം ഉത്തരം തരാതെ കളിപ്പിച്ച് മുന്നോട്ട് നടത്തുമ്പോൾ
ചിലപ്പോഴെങ്കിലും കൊതിച്ചുപോവും
അപ്രിയമായവ എങ്കിലും
ഒരു പിടി കൊഴിഞ്ഞ നിമിഷങ്ങൾ തിരികെ തന്നിരുന്നുവെങ്കിൽ എന്ന്  “

“മടങ്ങിയെത്താൻ എനിക്ക് കൊതിയില്ലാതെയല്ല
പക്ഷെ കാലം നമുക്കിടയിൽ വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു”

“ഒരു നിമിഷത്തിൽ പൊഴിയുന്ന വാക്കുകൾ പലതും കാലം അതിന്റെ ഉള്ളിൽ ഒളിച്ചുവയ്ക്കും.
തിരിച്ചു നൽകുന്നത് പലപ്പോഴും തീർത്തും വിചിത്രമായ ഭാവങ്ങളിൽ, രൂപങ്ങളിൽ”

“ജീവിതത്തിൻ കണക്കുകൾ എഴുതികൂട്ടാൻ മാത്രം ഞാൻ ആളല്ല
നാളേയ്ക്ക് കൊടുക്കാനൊരു വാഗ്ദാനവും
വിശ്വാസം എന്നിലൂടെ കടന്നുപോവുന്ന
ഈയൊരു നിമിഷത്തിൻ നിശ്ചിതത്വത്തെ മാത്രം”

“മനോധൈര്യം ചോർത്തിയവയിൽ ചേർക്കപ്പെട്ട നിമിഷങ്ങളിൽ പലതും
ശരിക്കും മനോധൈര്യം നേടിത്തന്നവ ആണെന്ന് തിരിച്ചറിയുന്നത്
കാലങ്ങൾക്കപ്പുറം ആവാം”

“ചോദ്യങ്ങൾക്ക് ഉത്തരം നല്കണമെന്നില്ല കാലം
മുറിവുകൾക്ക് മരുന്നേകുമ്പോൾ,
പ്രശ്നങ്ങൾക്ക് പരിഹാരമേകുമ്പോൾ…
മുന്നോട്ട് ചലിക്കുക,
അത്ര തന്നെ !!”

“വാക്കുകളിൽ നിന്നളന്നെടുക്കാം കാലാന്തരങ്ങളായി ബന്ധങ്ങളിൽ കൈവന്ന ഋതുഭേദങ്ങളും രൂപമാറ്റങ്ങളും. സാഹചര്യം മാറുന്നില്ല, വ്യക്തികളും
എന്നാലും….
മാറിമറിയാം ചില കാഴ്ചപ്പാടുകൾ
കാലങ്ങൾക്കിപ്പുറം
ബന്ധങ്ങളുടെ അടുപ്പത്തിൻ-
കാഠിന്യം കുറയുമ്പോൾ”

“കാത്തിരിക്കാൻ ആരുമില്ലാത്തവർക്ക്
കാത്തിരിക്കാൻ ഒരു കാലം ഉണ്ടായിരിക്കും…. ഒരു പക്ഷെ”
 
“കാലം എല്ലാം തെളിയിക്കുന്ന ഒരു സമയമുണ്ട്
കാലത്തിനു നിങ്ങൾ സമയം നൽകുമെങ്കിൽ”
 
“കാലം തെറ്റി വന്നണഞ്ഞ മഴകളൊക്കെയും
കൊടുങ്കാറ്റും ഇടിമിന്നലും കൂടെ കൊണ്ടുവന്നിട്ടുണ്ട്”
 
“കാലമെത്ര കഴിഞ്ഞാലും കുറ്റം കുറ്റമല്ലാതാവുന്നില്ല”
 
“കാലമെത്ര കഴിഞ്ഞാലും
കാത്തിരിപ്പുകൾക്കില്ല ഒരു അന്ത്യയാമം”
 
“ചില നേരങ്ങളിൽ
ചില കാലങ്ങളിൽ
ഏകാന്തത
വെറുമൊരു തോന്നൽ മാത്രമാണ്”

“ചിലതൊക്കെ കാലം മായ്ച് പുതിയ ചിത്രങ്ങൾ എഴുതാൻ ശ്രമിക്കുമ്പോൾ അതിനുള്ള മഷി നമ്മൾ നിറച്ചു കൊടുക്കണം”

“കാലം നമുക്കായ് കരുതിവച്ചതെല്ലാം
കാലം നമുക്ക് കൊണ്ടുവരും
അത് ആരിൽകൂടെയായാലും
ചില നിമിഷങ്ങളിൽ കൂടെയാണെങ്കിലും.
കാത്തിരിപ്പുകളുടെ ദൈർഘ്യം
ഏറിയും കുറഞ്ഞുമിരുന്നാലും
നമ്മളിലേക്ക് എത്തേണ്ടവ
എത്തിച്ചേരുക തന്നെ ചെയ്യും”
 
“സ്നേഹത്തിന് നിറഭേദമില്ലയെന്നു
മൊഴിഞ്ഞിരുന്ന എന്നെ,
കാലമേ നീ ചൊല്ലി പഠിപ്പിച്ചതോ
പൊരുളില്ല ആത്മാർത്ഥ സ്നേഹത്തിനെന്ന്.
എന്നാൽ എന്നെക്കൊണ്ടാവുന്നില്ല പുൽകാൻ
കപടമാം പൊരുൾതേടിയലയുമീ
നശ്വരസംസാരത്തെ!!!”

Image Source: Pixabay 

(Visited 402 times, 1 visits today)