അദ്ധ്യായം 9 – വിനിദ്രയാം രാവ്

വിനിദ്രയാം ഒരു രാവാണ് ഇന്ന് സമ്മാനം കിട്ടിയത് എന്നവൾക്ക് തോന്നി. എത്ര നേരമായ് ശ്രമിക്കുന്നു ഒന്ന് ഉറങ്ങുവാൻ. എന്നാൽ ഒന്ന് എത്തിനോക്കാൻ പോലും ശ്രമിക്കാതെ അവൾ എവിടെയോ കടന്നു കളഞ്ഞു. തന്റെ കണ്ണുകളുമായി പിണക്കത്തിലാണെന്നു തോന്നുന്നു. നിദ്രയെ കാത്തുള്ള ഇരിപ്പ് വ്യർഥമാണെന്നു ബോധ്യപ്പെട്ടപ്പോൾ അവൾ കിടക്കയിൽ നിന്നും പതുക്കെ എണീറ്റു. എന്നിട്ട് ജനാലയ്ക്കരികിലേക്ക് നീങ്ങി മെല്ലെ അതിന്റെ പാളികൾ തുറന്നിട്ടു.

ആകാശത്തേക്ക് നോക്കിയപ്പോൾ പൂർണചന്ദ്രൻ തന്നെ നോക്കി ചിരിക്കുന്നു. മഴക്കാറ് ഉണ്ടെന്നു തോന്നുന്നു. കാർമുകിൽ ആകാശത്തു ചന്ദ്രൻ വിരിയുമ്പോൾ അവനെ പുതപ്പിക്കാൻ നേരിയ നീല പുതപ്പ് നൽകും നക്ഷത്രക്കൂട്ടങ്ങൾ. എന്നാലോ, കുഞ്ഞു കുഞ്ഞു മേഘങ്ങൾ അതിനെ ഇടയ്ക്കിടക്ക് മറയ്ക്കുന്നു. അവൾ ചിന്തിച്ചു, ‘ആകാശ സാഗരം നീന്തിക്കടക്കാൻ കൊതിക്കും ചന്ദ്രനും അവനെ തടയാൻ ശ്രമിക്കുന്ന കുഞ്ഞുമേഘങ്ങളും. എന്നാൽ അവയുടെ ആധിപത്യം എത്ര നേരം?’ ആ വരികൾ കുറിച്ചിട്ടാൽ കൊള്ളാമെന്ന് അവൾക്ക് തോന്നി. അവർ ഡയറിയുമെടുത്ത് വീണ്ടും ജനാലയ്ക്കരികിലെത്തി.

ചന്ദ്രൻ കരുതുന്നുണ്ടാവാം ഇത്ര നിസ്സാരരായ മേഘങ്ങൾക്ക് തന്നെ എന്ത് ചെയ്യാനാവുമെന്ന്. എന്നാൽ മേഘങ്ങളോ, അവർ ക്ഷണനേരത്തേക്കെങ്കിലും ആനന്ദിക്കുന്നുണ്ടാവാം, ഒരു നിമിഷമെങ്കിലും ചന്ദ്രനെ തടയാൻ കഴിഞ്ഞതിന്, പൊരുതി തോൽക്കാൻ ധൈര്യം കാണിച്ചതിന്. ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് മേഘങ്ങൾ ചന്ദ്രന് വഴിമാറികൊടുക്കുമ്പോൾ ചന്ദ്രന് കഴിയുമോ പൂർണരൂപത്തിൽ സന്തോഷിക്കാൻ? വഴിമാറികൊടുക്കുന്ന അവയ്ക്കറിയാം, പിന്നിൽ നിന്നും അടുത്ത സംഘം വരുന്നുണ്ട് ചന്ദ്രനോട് പൊരുതുവാൻ എന്ന്, മാമാങ്കത്തിൽ സ്വയം കുരുതികൊടുക്കാൻ വരുന്ന ചാവേർപട  പോലെ. അത് തുടർന്നുകൊണ്ടേയിരിക്കും, പ്രപഞ്ചത്തിനന്ത്യം കുറിക്കും നിമിഷംവരെ. പക്ഷെ വിഡ്ഢിയായ ചന്ദ്രനുണ്ടോ അത് മനസ്സിലാക്കാൻ പോകുന്നു! അവൾക്ക് ചിരി വന്നു.

അവൾ ഭൂതകാലത്തിന്റെ വാതായനം തുറന്നിട്ടു. ഉറക്കം എപ്പോഴേ യാത്ര പറഞ്ഞ് പോയിക്കഴിഞ്ഞിരുന്നു. അവളുടെ കലാലയജീവിതമാണ് മെല്ലെ തുറന്ന ആ വാതായനത്തിലൂടെ കടന്നുവന്നത്.

ചെറുപ്പത്തിലേ പാട്ടിലും നൃത്തത്തിലുമായിരുന്നു മീരയ്ക്ക് താല്പര്യം. സാഹിത്യം അത്ര പോരാ. അതിനാൽ സ്കൂൾ ജീവിതം കഴിഞ്ഞപ്പോഴേ അവൾ ആഗ്രഹിച്ചത് കലയിലേക്ക് മനസ്സ് തിരിച്ചുവിടാനായിരുന്നു. കലയിൽ സമർപ്പിക്കണം തന്റെ ജീവിതമെന്നും അതാണ് തന്റെ ജീവിതലക്ഷ്യമെന്നും ആരോ മനസ്സിലിരുന്ന് പറയുംപോലെ. പാട്ടിലോ നൃത്തത്തിലോ – ഏതെങ്കിലുമൊന്നിൽ ഒരു ഡോക്ടറേറ്റ് അവൾ സ്വപ്നം കണ്ടു. എന്നാൽ അവളെ പിൻതാങ്ങാൻ ആരും ഉണ്ടായില്ല. ബന്ധുക്കളുടെ പ്രേരണയാണ് ഒന്നാമത്തെ കാരണം. ഇക്കാലത്തും കലയ്ക്ക് അതിന്റേതായ വിലയുണ്ട് എന്ന് പറഞ്ഞിട്ടും വിശ്വസിക്കാൻ ആരുമുണ്ടായിരുന്നില്ല. അവൾ ഒറ്റപ്പെട്ടു. കലയുടെ പുറകെപോയി തുലയ്ക്കേണ്ടതല്ല അവളുടെ ജീവിതമെന്നു കരുതിയ അച്ഛൻ, ഒരു എൻജിനീയറെ അവളിൽ സ്വപ്നം കണ്ടു.

അന്ന്, അവളുടെ ഭാവി ആരൊക്കെയോ കൂടി തീരുമാനിച്ചുറപ്പിച്ചപ്പോൾ അവൾ തന്റെ നിരാശ മൗനനൊമ്പരങ്ങളിൽ ഒതുക്കി. അച്ഛൻ നല്ലൊരു തുക കൊടുത്ത് നഗരത്തിലെ എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ വാങ്ങി. സ്വന്തം ഇഷ്ടപ്രകാരമല്ലാത്തതിനാൽ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മീരയ്ക്ക് കഴിഞ്ഞില്ല. വീട്ടിൽ നിന്നും ഒരു ദിവസംപോലും അകന്നു നിൽക്കാത്ത അവളെ ഹോസ്റ്റൽ ജീവിതവും അവിടുത്തെ ചുറ്റുവട്ടവും തളർത്തി. രണ്ടു വർഷം അവൾ എങ്ങനെയോ പിടിച്ചുനിന്നു. പരീക്ഷകളിൽ മാർക്ക് നന്നേ കുറവ്, അല്ലെങ്കിൽ തോൽവി. എന്തായാലും തനിക്കിതു തുടരാൻ കഴിയില്ല എന്ന് അവൾക്കും, ഇത് അവളുടെ മാർഗ്ഗമല്ല എന്ന് വീട്ടുകാർക്കും ബോധ്യമായി.

അന്ന് അധികം വൈകിയിട്ടില്ലായിരുന്നു. അതിനാൽ മറ്റൊരു വഴി തിരഞ്ഞെടുക്കാനുള്ള സമയം കിട്ടി. സ്വയം ശിക്ഷയെന്നോണം തൊട്ടടുത്ത കോളേജിൽ തന്നെ അഡ്മിഷൻ നേടി, കൊമേഴ്‌സ് വിഷയം എടുത്തു. കാരണം, കലയുടെ വഴിക്ക് വിടാൻ അപ്പോഴും അച്ഛന് സമ്മതമില്ലായിരുന്നു. അവരെ അധികം വിഷമിപ്പിക്കാതിരിക്കാൻ ഡിഗ്രി ജീവിതം തിരഞ്ഞെടുത്തപ്പോൾ, പഠിത്തത്തോടൊപ്പം കലയും കൊണ്ടുപോകാനുള്ള മൗനാനുവാദം വാങ്ങാനായി അവൾക്ക്.

കുട്ടിക്കാലത്തേ ആശയുടെ ചിറകുകൾ ഓരോന്നായി കരിഞ്ഞു പോകുന്നതേ അവൾ കണ്ടിട്ടുള്ളൂ. മൂത്തകുട്ടി ആയതിനാൽ ലാളനകളില്ലാത്ത ബാല്യം, എല്ലാം ഇളയകുട്ടികൾക്ക് വിട്ടുകൊടുക്കേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ. അവസാനം സ്വന്തം കരിയറും മറ്റുള്ളവരുടെ സന്തോഷത്തിനായി തിരഞ്ഞെടുക്കേണ്ടി വന്ന യുവത്വം.

‘ഡോക്ടറേറ്റ്’ മോഹത്തെ മനസ്സിന്റെ ഒരു ഒഴിഞ്ഞകോണിൽ കുഴിച്ചു മൂടി, അതിന്റെ മുകളിൽ കൊമേഴ്‌സിന്റെ ആവരണം ഇട്ടു. തനിക്ക് ഒട്ടുമേ ചേരുന്നില്ല എന്നറിഞ്ഞിട്ടും അതുമായി പൊരുത്തപെട്ടുപോവാൻ മനസ്സ് തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. തന്റെ ലക്ഷ്യത്തിൽ നിന്നുമകന്നു പോകുന്നതവൾക്ക് അറിയാമായിരുന്നിട്ടും, ഒട്ടും കരയാതെ, തളരാതെ, എല്ലാം ഉള്ളിലൊതുക്കി ഒന്നുമില്ലാത്തതുപോലെ നടിച്ചു നടന്നു.

ഒരു കാലത്ത് പഠിത്തത്തിൽ മിടുക്കി ആയിരുന്ന അവൾ ആർക്കോ വേണ്ടി ചെയ്യുന്ന വഴിപാടു പോലെയാക്കി പഠിത്തത്തെ പിന്നീട്. പഠിക്കാനുള്ള താല്പര്യം വിടചൊല്ലി കഴിഞ്ഞിരുന്നു. അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് വിധി തനിക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്നതെന്ന് അറിയാതെയാണ് അവൾ കോളേജ് ജീവിതത്തിലേക്ക് കാലുകുത്തിയത്, ശൂന്യമായ മനസ്സോടെ. നഷ്ടസ്വപ്നങ്ങളുടെ തിരയൊഴിയാ സാഗരം ഒരു പ്രേതത്തെപോലെ അവളെ പിടികൂടിയിരുന്നു.

കൂടെ സഞ്ചരിച്ചിരുന്നവരെല്ലാം തന്നെ കടന്ന് വളരെ ദൂരം മുന്നിലെത്തിയിരിക്കുന്നു. എത്ര ഓടിയാലും തനിക്കവരുടെ ഒപ്പം എത്താനാവില്ല എന്നവൾക്ക് ബോധ്യമുണ്ടായിരുന്നു. താൻ ഇടറിവീഴുന്നത്, തിരിഞ്ഞുനോക്കിയവരിൽ പലരും കണ്ടിരിക്കാം. അവർ തന്നെ നോക്കി അട്ടഹസിക്കും, പരിഹസിക്കും. അവർ കൈതന്നാൽ പോലും എത്തിപ്പിടിക്കാൻ തനിക്കാവില്ല. ഉടനെ എണീറ്റില്ല എങ്കിൽ, തന്നെ ചവിട്ടിമെതിച്ചുകൊണ്ട് കുറെ പേർ കൂടെ കടന്നുപോകും. അതിനാൽ എത്രയും പെട്ടെന്ന് എണീൽക്കണം, അടുത്തെത്തുന്നവരുടെയൊപ്പം യാത്ര തുടരണം. എത്തില്ല എങ്കിലും, തന്നെനോക്കി അട്ടഹസിച്ചവരുടെ അടുത്തെങ്കിലും തനിക്കെത്തണം. ഇനി താൻ സഞ്ചരിക്കേണ്ടത് പഴയ സഹയാത്രികരോടല്ല, തീർത്തും അപരിചിതരായ പുതിയ യാത്രികരൊപ്പം. രണ്ടു വർഷത്തിന്റെ അന്തരം ഒരു വലിയ കാലയളവ് അല്ലല്ലോ. അങ്ങനെ, ആ പുതിയ യാത്രികരിൽ ഒരാളാണ് താനെന്നു മനസ്സ് ക്രമേണ അംഗീകരിച്ചു തുടങ്ങി. അകലങ്ങൾ കുറയുന്നതായി അനുഭവപെട്ടു. എത്ര മാത്രം സന്തോഷത്തോടെയാണ് ആദ്യ രണ്ടു വർഷങ്ങൾ കടന്നുപോയത്! അന്നവൾക്ക് അറിയില്ലായിരുന്നു അമിത സന്തോഷം എപ്പോഴും അമിത ദുഃഖത്തിന്റെ ഉണർത്തുപാട്ടാണെന്ന്.  

അവൾ ചിന്തിച്ചു, ഒന്നുനോക്കിയാൽ മാതാപിതാക്കളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തന്റെ നല്ലതിന് വേണ്ടി, തന്റെ ഭാവി സുരക്ഷിതമാക്കാനല്ലേ അന്ന് അവർ അങ്ങനെ ചെയ്തത്? അല്ലെങ്കിലും എന്തിനാണിപ്പോൾ അതെല്ലാം ആലോചിക്കുന്നത്? എല്ലാം പഴയ കാര്യങ്ങളല്ലേ? പിന്നെ വിധി! അതിനെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ. നിദ്ര ദേവത പതുക്കെ തന്റെ കൺപോളകളെ തലോടുന്നതായി അവൾക്ക് തോന്നി. അവൾ ചന്ദ്രനെ നോക്കി. മേഘപാളികളൊക്കെ മാറ്റി സ്വതന്ത്രനായ ചന്ദ്രൻ വിജയശ്രീലാളിതനായി തന്നെ നോക്കി ചിരിക്കുന്നു. അല്ലെങ്കിലും, നിസ്സഹായരായ മേഘങ്ങൾക്കെന്തു ചെയ്യാൻ പറ്റും എന്ന് സ്വയം ചോദിച്ചുകൊണ്ടവൾ ജനാലയടച്ച്‌ കുറ്റിയിട്ടു. അപ്പോൾ ഘടികാരത്തിൽ മണി രണ്ടടിക്കുന്നു.

“ഇനിയും ഉറങ്ങിയില്ലാ എങ്കിൽ നാളെ എണീൽക്കാനാവില്ല”.  

(Visited 61 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: