ഹൃദയനൊമ്പരങ്ങൾ

“എനിക്ക് പറയുവാൻ കഴിയുന്നില്ല
നിനക്ക് കാണുവാനും”

“തലച്ചോറ് തിരിച്ചറിയുന്നത് ഹൃദയം തിരിച്ചറിയാൻ കുറച്ചു കൂടുതൽ സമയമെടുക്കും”

“അസ്തമയസൂര്യന്റെ എല്ലാ മായികവർണങ്ങളെയും ഭേദിച്ച് രക്ഷപെടാൻ അവൾക്കായി. പക്ഷെ എന്ത് ചെയ്യാൻ, എല്ലാം അവസാനിച്ചു എന്ന് കരുതി ഓടികിതച്ചവൾ മരണത്തിൻ പടിവാതിലിൽ എത്തിയപ്പോൾ കറുപ്പിന്റെ നിറഭേദങ്ങളിൽ പിടിക്കപ്പെട്ടു. രാവുമായ് അവൾ പ്രണയത്തിലായി. എങ്കിലും നക്ഷത്രങ്ങൾ അവൾക്കൊപ്പം നിന്നില്ല✨💫🌪️🖤🥺” 

“നാം ചിരപരിചിതരായ് കരുതുന്ന പലർക്കും നാം അപരിചിതരാണ്”

“ഹൃദയം നിറച്ച് ….
മനസ്സ് നിറച്ച്….. ഒടുവിൽ ഹൃദയവും കണ്ണുകളും ഒന്നുപോലെ നനച്ച് ജീവിതത്തിൽ നിന്നും പോകുന്ന ചിലരുണ്ട്”

“ചിലപ്പോഴെങ്കിലും എല്ലാം ചെയ്താലും ഒന്നും ചെയ്തപോലെ ആവണമെന്നില്ല”

“തേടിവരുന്ന സ്നേഹങ്ങളും വിട്ടുപോവും …. ഒരുനാൾ”

“ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നവർക്കാണ്
ഹൃദയത്തെ ഏറ്റവും ഭംഗിയായി തകർക്കാൻ പറ്റുന്നതും”

“ചിലരുടെ തോന്നലാണ്, കുറേ സങ്കടം അനുഭവിച്ച ആളല്ലേ, ഞാൻ കുറച്ചുകൂടെ കൊടുത്താലും അതങ്ങു സഹിച്ചോളും, ശീലമുണ്ടല്ലോ.
അത് എപ്പോഴും ശരി ആവണമെന്നില്ല. ഒരുപക്ഷേ നിങ്ങൾ നൽകിയ ചെറിയ സ്നേഹത്തിൽ ഒരുപാട് ആശ്വാസവും സന്തോഷവും കണ്ടെത്തിയിട്ടുണ്ടാവാം. ഒടുവിൽ ഇവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതും നിങ്ങളായിരിക്കാം”
 

“കടലിന്റെ തീരത്തിരുന്നാൽ….
അവിടെ നിന്നാണ് ശരിക്കുള്ള ആഴങ്ങൾ തുടങ്ങുന്നതല്ലേ”

“കണ്ണിമകൾ അറിയാത്ത കണ്ണുനീർതുള്ളികൾക്ക് ഭാരം കൂടുതലാണ്”

“വേനൽപ്പൂക്കളെപോലെ തീഷ്ണമാണ്
നൊമ്പരപ്പെടുത്തുന്ന നിന്റെ ഓർമ്മകൾ”
 
“ചില പാട്ടുകളുടെ വരികളിൽ ഞാൻ നിന്നെ മിസ് ചെയ്യുന്നുണ്ട്
അവ പലതും ഇപ്പോൾ നൽകുന്ന അർത്ഥങ്ങൾ വേറെയാണ്”
 
“നീ പതിയെ മാഞ്ഞുപോവുന്നുണ്ട്,
ഒപ്പം നിന്നിലെ ഞാനും”
 
“ഒരു പുസ്തകം പോലെ നിന്നെ ഇങ്ങനെ
പിടിച്ചുനിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.
നിനക്ക് പോകണം എന്ന് നീ
പറഞ്ഞുതുടങ്ങിയ നിമിഷംമുതൽ
എന്റെ കൈകൾക്ക് ഭാരം വർധിച്ചു തുടങ്ങിയിട്ടുണ്ട്.
എത്രകാലം എനിക്ക് നിന്നെ ഇങ്ങനെ
പിടിച്ചുവയ്ക്കാനാവും”
 
“എല്ലാ ശരത് കാലത്തിനും മുമ്പേ ഒരു വസന്തം പുഷ്‌പിച്ചിരുന്നു 💯”
 
“പോവുന്നവർ പോവട്ടെ
എപ്പോഴാ കൂടെ ഉണ്ടായിരുന്നത്”
 
“വേനലിൽ പൂക്കുന്ന വാകപ്പൂക്കൾ പോലെ
എന്നിൽ പുഷ്പിക്കുന്ന നിന്നോർമകൾ
തീഷ്ണമായ ചുവപ്പുവർണംപോൽ
എന്നെ നീറ്റിവേദനിപ്പിക്കുന്നു
നീയരികിലില്ലാത്ത വേളകളിനനവദ്യം”
 
“ഒരു കരയ്ക്കടിപ്പിക്കാതെ കൊടുങ്കാറ്റിലിങ്ങനെ
തോണി തുഴയാനാണ് എന്റെ വിധിയെപ്പോഴും”
 
“ഒരാൾ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കുന്നത് ഒരാൾ മാത്രം ആവണമെന്നില്ല”
 
“ശരത്കാല മേഘങ്ങൾക്ക് നിറങ്ങൾ പലതാണ്
മണ്ണിൽ കൊഴിയും ഇലകൾക്കും നിറങ്ങൾ പലതാണ്
മനുഷ്യ മനസ്സുകൾ പോലെ.
ചിലർ കഴിഞ്ഞ കാലം കൊഴിക്കുന്നു
ചിലർ ശീലങ്ങൾ
മറ്റു ചിലർ…. ബന്ധങ്ങൾ”
 
“ഒരുപാട് സ്നേഹിക്കുന്നവരാണോ ഒറ്റപ്പെട്ട് പോവുന്നത്??”
 
“ഇത്തിരി സന്തോഷത്തിനു വേണ്ടി ഒത്തിരി ദുഃഖിക്കാറുണ്ട് പലപ്പോഴും”
 
“ചിലർക്ക് ചില കാര്യങ്ങൾ എളുപ്പമാണ്
ചിലർക്ക് ചില വ്യക്തികളും”
 
“ഞാനൊപ്പം എത്തും മുമ്പ് നീ നടന്നു നീങ്ങിയ ഒരു ശിശിരമുണ്ട്
വേനലിൻ ചൂടും വർഷമേഘത്തിൻ ഈറനും
വസന്തത്തിൻ സൗന്ദര്യവും തുലാവർഷത്തിൻ ഇടിവെട്ടും
തന്നശേഷം നീ പോയൊരു ശിശിരം
ശരത്കാലത്തിൻ കൊഴിഞ്ഞ ഇലകളിലും
ഈറൻമേഘം പെയ്തൊഴിയുന്ന ഓരോ തുള്ളിയിലും
ഞാൻ നിന്നെ തിരയുന്നുണ്ട്
നിനക്കൊന്നുമില്ലേ പറയാൻ?”
 
“അവസാനിച്ച പലതിനെയും
മിഥ്യ ആണെന്നറിഞ്ഞിട്ടും
കൂടെ കൂട്ടാറുണ്ട്
കുറച്ചുകാലം കൂടെ”
 
“ഹൃദയത്തോട് ചേർത്ത് നിർത്തുന്നവർ
കുത്തിനോവിക്കുമ്പോൾ,
ഏതു സാഹചര്യത്തിലും
ആ വേദന അവരെ അറിയിക്കരുത്
എന്ന പിടിവാശി.
കൊടുക്കുന്ന സ്നേഹം
തിരിച്ചുതരുന്നവരാണെങ്കിൽ
അത്രയേറെ മനസ്സിലാക്കുന്നവരെങ്കിൽ
പലകുറി വേദനിപ്പിക്കല്ലല്ലോ, അല്ലേ?
പറയാതെ തന്നെ അവർ അറിയണമെന്ന ആഗ്രഹം
വ്യാമോഹമായ് മാറുകയാണ് പതിവ്”
 
“കാലം കുറച്ചു പഴകണം.
അപ്പോഴാണ് ഏതൊരു വേദനയുടെയും
ശരിക്കുള്ള ആഴം മനസ്സിലാവുന്നത്”
 
“രണ്ടറ്റവും കത്തുന്ന മെഴുകുതിരിയായ് നീയെരിയുമ്പോൾ
എന്റെ കണ്ണീർതുള്ളികൾ ഇറ്റിറ്റ് ഞാൻ നൽകാം
അതിലൊരുതുള്ളി പിന്നത്തേക്കായ് കരുതിവെക്കാം
നിന്റെ നിശബ്ദമായ വേദനകൾക്ക് ആവശ്യമായി വന്നേക്കാം
അന്ന് ഞാൻ ഈ ഞാനായിരിക്കണമെന്നില്ല
ആർക്കറിയാം, കണ്ണുനീരും സങ്കടങ്ങളും സന്തോഷവും ഇല്ലാതെ
മരിച്ചൊരു ഹൃദയവും പേറി ഞാൻ ജീവിക്കുന്നുണ്ടാവാം
നിനക്ക് വെളിച്ചം ആവശ്യം വരുമ്പോൾ”
 
OR
 
“രണ്ടറ്റവും കത്തുന്ന മെഴുകുതിരിയായ്
നീ നിന്നെരിയുമ്പോൾ
എന്റെ കണ്ണീരിറ്റിറ്റ് ഞാൻ നൽകാം
അതിലൊരുതുള്ളിയും കരുതിവെക്കാം.
ഒരുപക്ഷെ നിനക്ക് വെളിച്ചം ആവശ്യംവരുമ്പോൾ
ഞാൻ ഈ ഞാനായിരിക്കണമെന്നില്ല!
കണ്ണുനീരും സങ്കടങ്ങളും സന്തോഷവും ഇല്ലാതെ
മരിച്ചൊരു ഹൃദയവുംപേറി ഞാൻ ജീവിക്കുന്നുണ്ടാവാം✨🌪️😇”
 
“ഒരിടത്തൊരിക്കൽ
ഒരേപോലെ കഥകൾ പേറുന്ന
ഒരു നക്ഷത്രവും
ഒരു മെഴുകുതിരിയും ഉണ്ടായിരുന്നു.
സ്വയമെരിഞ്ഞു
ശത്രുവെന്നോ മിത്രമെന്നോ വേർതിരിവില്ലാതെ
ഒരുപാട്പേർക്ക്
നിശബ്ദമായ് വെളിച്ചം പകർന്നവർ
നക്ഷത്രമൊരുനാൾ
പൊഴിഞ്ഞുവീണു
ഈയലുകളെ ആകർഷിച്ച്
ചിറകു കരിച്ചു എന്ന പഴികേട്ട്‌
മെഴുകുതിരിയും
ഒരുനാൾ കെട്ടടങ്ങി”
 
“അറിയപ്പെടാതെ പോവുന്ന സ്നേഹം,
മരിച്ചു വീണ ഒരു റോസാപ്പൂവ് പോലെയാണ്
ഇതളുകൾ കൊഴിഞ്ഞാലും, നിറം മങ്ങിയാലും
അതിന്റെ സൗരഭ്യം മാഞ്ഞുപോവില്ല
വർഷങ്ങൾ പലതും കൊഴിഞ്ഞുപോയാലും”
 
“മനസ്സിന് ഒരുപാട് ഇഷ്ടമുള്ളവരോടൊരിക്കലും അധികം കാലം മിണ്ടാതിരിക്കാനാവില്ല, കാരണമില്ലാതെ…..”
 
“കടന്നുപോയ ഒരു നിമിഷം എന്റെ കയ്യിലേൽപ്പിച്ചിട്ടാണ്
നീയന്നു പടിയിറങ്ങിപോയത്
ആ നിമിഷവും കയ്യിലൊതുക്കി ഇന്നും ഞാനിരിപ്പുണ്ട്
നിന്റെ തിരിച്ചുവരവും കാത്ത്‌”
 
“ചില ചോദ്യങ്ങൾക്കുത്തരം വേദനയുള്ള പുഞ്ചിരി മാത്രം
പലതുണ്ട് വാക്കുകൾ നിഘണ്ടുവിൽ എഴുതി ചേർക്കാൻ കഴിയാത്തവ!”
 
“എല്ലാം നിശ്ചലം, പൂക്കളും ചില്ലകളും, ഇലകളും….
അടിയുറച്ച വേരുകൾ ഒഴികെ
ശൂന്യത നമുക്കിടയിൽ മതിൽ കെട്ടിയപ്പോഴും
ആഴ്ന്നിറങ്ങിയത് ആ വേരുകൾ മാത്രം”
 
“തെറ്റിദ്ധാരണകൾ വരുമ്പോൾ ആണോ
ഒന്നും പറയാതെ ആളുകൾ നമ്മെ വിട്ട് പോവുന്നത്”
 
“നമ്മൾക്ക് മാത്രമായി ഒരു ഋതുകാലമുണ്ടായിരുന്നു
വസന്തവും ഗ്രീഷ്മവും 
ശരത്കാലവും കാലവർഷവും
ഒരുമിച്ചു വർഷിച്ചൊരു ഋതുകാലം”
 
“തന്റെ മുന്നിൽ കത്തിയെരിയുന്ന ചിത അവൾ കാണുന്നുണ്ടായിരുന്നു. എന്നാൽ മനസ്സ് മറ്റെങ്ങോ അലയുകയായിരുന്നു. അവൾ നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം എരിഞ്ഞടങ്ങുന്നത് പോലും അവൾ അറിയുന്നില്ല. അവൾ ശേഖരിച്ചു വച്ച പൂക്കളും ചിത്രശലഭങ്ങളും ഉണ്ട് അതിൽ. അവയും എരിഞ്ഞു തുടങ്ങി ഇപ്പോൾ”
 
“നിന്നിലെ എന്നെ നീ മറന്നിട്ട് യുഗങ്ങൾ പലതും കൊഴിഞ്ഞു പോയില്ലേ?
ഇനിയിപ്പോ എന്താ ചെയ്യുക”
 
“ഹൃദയത്തിനു ഒരാളിൽ നിന്നും വേർതിരിഞ്ഞു നടക്കാൻ കഴിയുമോ?”
 
“കണ്ണുണ്ടായാൽ പോരാ കാണണമത്രേ
കാതുണ്ടായാൽ പോരാ കേൾക്കണമത്രേ
കാഴ്ചകൾക്കും വാക്കുകൾക്കുമപ്പുറം
നീ മറ്റൊരു രൂപത്തിൽ ഒളിച്ചിരിക്കുമ്പോൾ
നിന്റെ ഓരോ രൂപമാറ്റത്തിലും ഞാൻ
അനുദിനം തിരയുന്നത്
എനിക്ക് സുപരിചിതമായ ആ പഴയ രൂപമാണ്
ആ പഴയ ഭാവമാണ്
തീർത്തും അപരിചിതരായ് കണ്ടുമുട്ടിയ നാളിലെ നീ✨🌪️🌈💕”
 
“നമുക്കേറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോവുമ്പോൾ
നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ചില കാര്യങ്ങളെയാണ് കൂടെ കൂട്ടുന്നത്”
 
“തിളങ്ങുന്ന ഈ നക്ഷത്രരാവുകളെ
ഇന്ന് അലങ്കരിക്കുന്നത്
നീ ബാക്കി വച്ചുപോയ
നിലാവിളക്കിന്റെ കരിന്തിരി മാത്രം”
 
“ചില കഷ്ടകാലങ്ങൾ അനുഭവിക്കുമ്പോൾ തോന്നും
കുറച്ചു കൂടെ കഷ്ടകാലം അനുഭവിച്ചാലേ നല്ലത് വരൂ എന്ന്”
 
“എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ എന്തൊരു ഇഷ്ടമാ!!”
 
“പോകണമെന്ന് പറയുന്നവരെ പോകാൻ അനുവദിക്കുക
നിങ്ങൾക്ക് അവരെ എത്ര നാൾ പിടിച്ചു നിർത്താൻ കഴിയും?
ഒരു പക്ഷെ ഒരു ദിവസം, ഒരു മാസം, ഒരു വർഷം
അതിനപ്പുറം കഴിയുമോ?
അവർ നേരത്തേ തീരുമാനിച്ചുറപ്പിച്ചവരാണ്
പോകണം എന്നത്,
നിങ്ങളോട് പറയുന്നത് വൈകിയെന്നു മാത്രം
ഒറ്റ നിമിഷം കൊണ്ട് ആരും പിരിഞ്ഞുപോവില്ല
പോവാൻ ഒരായിരം കാരണങ്ങൾ ഉണ്ടാവാം”
 
“ആളൊഴിഞ്ഞ നിന്റെ മഴവില്ലിനെ
വാടകയ്‌ക്കെടുക്കുകയായിരുന്നു
കുറച്ചു നാളുകൾക്ക് വേണ്ടി
എന്റെ വർണങ്ങളെ പാർപ്പിക്കുവാൻ.
നീയല്ലേ വിഡ്ഢി!
ആ വർണങ്ങളെല്ലാം
നിനക്ക് സ്വന്തമെന്നു വിശ്വസിക്കാൻ”
 
“ബോധപൂർവമായ ഒരു പിൻവാങ്ങലാണ്
പല വർണങ്ങളിൽ നിന്നും
പല നാട്യങ്ങളിൽ നിന്നും….
പൊരുതാനുള്ള ശക്തി പോരാ”
 
“മനസ്സിലാക്കപ്പെടാതെ പോവുന്നതിലും വലിയ ഒരു ശാപമില്ല ഈ ലോകത്തിൽ
ഒറ്റപ്പെടലിനേക്കാളും ഭീകരമാണത്”
 
“എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞ്
ആരാലും സ്നേഹിക്കപ്പെടാതെ
ജീവിച്ചുതുടങ്ങാൻ ശ്രമംതുടങ്ങണമെങ്കിൽ
ചില ജീവിതസാഹചര്യങ്ങൾ
ആ വ്യക്തിയിലൂടെ കടന്നുപോയിട്ടുണ്ടാവാം
സ്നേഹിക്കപ്പെടാത്ത…
അംഗീകരിക്കപ്പെടാത്ത…
ശ്രോതാവില്ലാത്ത…
അങ്ങനെ പലതും.
ഒരുതരം രക്ഷപെടൽ, എല്ലാത്തിൽനിന്നും”
 
“നമ്മളിൽ ചില ശീലങ്ങൾ-
ഉണ്ടാക്കി എടുക്കുന്നവരുണ്ട്
വേർപിരിയലിന്റെ…
കഷ്ടപ്പാടിന്റെ…
ഒറ്റപെടുത്തലിന്റെ…
അവഗണയുടെ…
അങ്ങനെ പലതും.
ആദ്യം ചെറിയ ഇടവേളകളിൽ തുടങ്ങി
പതിയെ കൂട്ടുന്നവ…
അപ്പോൾ
ഒരു നാൾ അവർ വിട്ടുപോയാലും
വേദനിക്കില്ല,
കാത്തിരിക്കില്ല
പരാതി പറയില്ല
അത് നമുക്ക് ശീലമാവും”
 
“നിഴലുകൾക്ക് പിന്നിലിങ്ങനെ
നിലയില്ലാതിങ്ങനെ പായുമ്പോൾ
നിഴലുകൾക്കും
ജീവൻ വയ്ക്കുമായിരിക്കുമല്ലേ
ഒരു നാൾ”
 
“ഓരോ പുലരിയും അരുണനെപ്പോലെ
പുനർജനനമാണ് ചിലർക്ക്
യുദ്ധങ്ങൾക്കിടയിലെ ഇടവേളകൾ മാത്രമാണ്
ഓരോ മയക്കവും”
 
“പോവുമെന്ന് വാശി പിടിച്ചു നീയും
പോവരുതെന്നു വാശി പിടിച്ചു ഞാനും.
നീ വാക്കുകളിലൂടെ അത് പറഞ്ഞപ്പോൾ
ഞാൻ കൂട്ടുപിടിച്ചത് മൗനത്തെ…
ഒടുവിൽ നീ ജയിച്ചു യാത്രയായപ്പോൾ
നിന്റെ ജയത്തിൽ സന്തോഷിച്ചു നിന്നു
വാക്കുകൾ തുളുമ്പാതെ….
എന്റെ മൗനവും❣️❣️”
 
“ഒരക്ഷരം ഉരിയാടാതെയല്ലേ പോയത്
.
.
വരുമായിരിക്കും!!
അല്ലേ?”
 
“അവഗണനക്കുള്ള ഉത്തരം മൗനമാണെങ്കിലും
ആ മൗനത്തിലേക്കുള്ള യാത്ര എളുപ്പമല്ല”
 

“പരസ്പരം കൂട്ടിമുട്ടുമെന്നു പേടിച്ചിട്ടാണോ
ഒരു ഗാലക്സിയിൽ വസിച്ചിട്ടും
ഒരു നിശ്ചിത അകലത്തിൽ,
ഒരു ആകർഷണവലയത്തിൽ
നീ എന്നെയോ, ഞാൻ നിന്നെയോ
എന്നുപോലും തിട്ടപ്പെടുത്താതെ നാമിങ്ങനെ
പരസ്പരം വലംവയ്ക്കുന്നത്?
ഒരു ഞൊടി നിന്നുപോയാൽ
അടുത്തേക്ക് വരാൻ ശ്രമിച്ചാൽ
അവസാനിക്കുമോ നമ്മുടെ ലോകം?”

“വല്ലാത്തൊരു അപരിചിത ഫീൽ ആണ്, വല്ലാത്തൊരു അകൽച്ച
പലതും അങ്ങനെ ആണല്ലോ
ആദ്യം നമ്മുടേതാണെന്നു തോന്നും
പിന്നീട് നേരെ തിരിച്ചും”
 
“ഒരാളെ വിശ്വസിക്കുമ്പോൾ, പൂർണ്ണമായും വിശ്വസിക്കുന്നു. ഒരാളെ സ്നേഹിക്കുമ്പോൾ, പൂർണ്ണമായും സ്നേഹിക്കുന്നു. കാരണം അത് എങ്ങനെ പാതി നൽകണമെന്ന് അറിയില്ലല്ലോ”
 
“നിനക്കായ് ഇറുത്തതെല്ലാം
ഏറ്റവും നല്ല പൂക്കളായിരുന്നു
നിനക്കായ് തിരഞ്ഞെടുത്ത ഋതുക്കളെല്ലാം
വസന്തമായിരുന്നു
എന്നാൽ നീയെനിക്ക് വേണ്ടി
വാടികൊഴിഞ്ഞ പൂക്കൾ മാത്രം
പെറുക്കിയെടുത്തു
നീ എനിക്ക് വേണ്ടി
കൊഴിഞ്ഞ ഇലകൾ മാത്രം
കരുതിവെച്ചു
ഋതുക്കളിൽ എനിക്കായ് നീ മാറ്റിവെച്ചതും
മരം കോച്ചും മഞ്ഞുകാലം”
 
“സ്വന്തമാക്കാൻ ആഗ്രഹമില്ലാത്ത ഹൃദയങ്ങളെ കവരരുത് “
 
“ഓർക്കാൻ ശ്രമിക്കണം ചില കാര്യങ്ങളെ
ചില നിമിഷങ്ങളിലെങ്കിലും…
വന്ന വഴി മറക്കാതിരിക്കാൻ
ചില ‘മുഖങ്ങളെ’ മറക്കാതിരിക്കാൻ
വീണ്ടും അബദ്ധം പറ്റരുതല്ലോ”
 
“കണ്ണീരുകണ്ടാൽ മാത്രമേ മറ്റുള്ളവർക്ക് കുറച്ചെങ്കിലും മനസ്സിലാവൂ
അല്ലെങ്കിൽ എല്ലാം സഹിക്കാനുള്ള കഴിവാണെന്നു തെറ്റിദ്ധരിക്കും”
 
“ഋതുഭേദങ്ങൾക്ക് നിറം പോരായിരുന്നു
അല്ലെങ്കിൽ നീയെന്നരികിൽ മടങ്ങി എത്തിയേനെ”
 
“വൈകി വരുന്ന വസന്തങ്ങൾ
ശരത്കാല വർണങ്ങൾ പോൽ
പെട്ടെന്ന് കൊഴിഞ്ഞു പോവും ….
ഒരായിരം നിറങ്ങൾ വാരി വിതറിയശേഷം”
 
“ഒരു സ്വപ്നം പോൽ
മെല്ലെ നീ മാഞ്ഞിടുമ്പോൾ
ഒപ്പം മായുന്നു….
നിന്നിലെ ഞാനും
എന്നിലെ നീയും”
 
“സ്വാത്രന്ത്രമെടുക്കുന്നതിനെ വേദനിപ്പിക്കുന്നതായ് ദുർവ്യാഖ്യാനിക്കപെട്ടാൽ
പിന്നീടൊരിക്കലും ആ സ്വാതന്ത്ര്യം ആരിലും കാട്ടാനുള്ള ധൈര്യമുണ്ടാവില്ല”
 
“അകലെയാണ് നീയിപ്പോൾ
എന്റെ കാഴ്ചകൾക്കുമപ്പുറം
ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ഞാൻ
നിൻ ഹൃദയതാളം കേൾക്കുന്ന അത്ര അരികെ
എങ്കിലും രണ്ടു ദ്രുവങ്ങളിലാണ് നാം
പരസ്പരം കാണാതെ!
വളരെ അകലെയുള്ള കാഴ്ചകളും
വളരെ അടുത്തുള്ള കാഴ്ചകളും
കണ്ണുകൾക്ക് കാണാൻ കഴിയില്ലല്ലോ”
 
“പറഞ്ഞിട്ടുണ്ടാവും
.
.
.
മനസ്സിലാവാത്തതാ
.
.
.
വിട്ടുപോവണമെന്ന്”
 
“വീണ്ടും എന്നിൽ നിറഞ്ഞ വർണങ്ങളെയാണ്
നീ കടമെടുത്തു പോയത്.
ഇനി നീയവ തിരികെ കൊണ്ട് തന്നാലും
എനിക്ക് പഴയതുപോലെയാവാൻ കഴിയുമോ?
സംശയമാണ് “
 
“ഒരിക്കലും പൂർണമായും
ആർക്കും കൊടുക്കരുത് ഹൃദയം.
അവരതുടച്ചാൽ അതിനു പകരംവയ്ക്കാൻ
ഭൂമിയിൽ മറ്റൊന്നുമില്ല എന്നോർക്കുക”
 
“അളക്കാറുണ്ട് നമ്മൾ പരസ്പരം
എന്നിലേക്കുള്ള ദൂരവും
നിന്നലെക്കുള്ള ദൂരവും
പക്ഷെ അളവുകോൽ
വ്യത്യസ്തമാണെന്ന് മാത്രം”
 
“അമാവാസി നാളുകളിലും നീ
എന്നോടൊപ്പം നിന്നിരുന്നെങ്കിൽ എന്ന്
ആഗ്രഹിച്ചിട്ടുണ്ട് പലകുറി….
ആരും കാണാതെ എങ്കിലും”
 
“ഇപ്പോൾ അനുഭവിക്കുന്ന പല സുന്ദരനിമിഷങ്ങളും പണ്ടെപ്പോഴോ അനുഭവിച്ചു മറന്നതാവാം. അതിന്റെ അകമ്പടിയായി ഒരിക്കൽ അനുഭവിച്ചു മറന്ന ജീവിതയാതനകൾ അതുപോലെ വീണ്ടും വന്നുചേരുന്നത് തീർത്തും യാദൃശ്ചികമാകാം. കണ്ടു മറന്ന സന്തോഷനിമിഷങ്ങൾ കോർത്തിണക്കി വന്നശേഷം സന്തോഷത്തിനൊപ്പം ദുഃഖവും തന്ന് കടന്നു പോവാം”
 
“നീ എന്നോടൊപ്പം നിന്നിരുന്നെങ്കിൽ
എല്ലാരും എന്നോടൊപ്പം നിന്നേനെ
ആരും ഇല്ലാത്തവർക്ക് ആരും ഉണ്ടാവില്ല
എല്ലാരും ഉള്ളവർക്ക് എല്ലാരും ഉണ്ട് താനും
കൂടുകൂട്ടുന്ന പക്ഷികളും
ഒരുമിച്ചാണ് ചില്ലയൊഴിഞ്ഞു പോവുക🍁🌪️💔”
 
“കാർമേഘങ്ങൾ പെയ്തൊഴിഞ്ഞപ്പോൾ
വീണുടഞ്ഞ മഴത്തുള്ളികളിൽ തിരഞ്ഞത് നിന്നെയായിരുന്നു
കുളിർകാറ്റെന്നളകങ്ങളെ മാടിയൊതിക്കിയപ്പോൾ
തേടിയത് ചന്ദനതൈലം തുളുമ്പും നിന്നുടെ വാക്കുകളായിരുന്നു
ഞാനിന്നും ആ പാതയോരത്തു തന്നെയുണ്ട്
ഒരു ഞൊടിയിൽ, വാക്കുകളില്ലാതെ
നീ പിരിഞ്ഞ നാൽക്കവലയിൽ
നീ പോയ വഴിയേതെന്നറിയാതെ”
 
“നിനക്കെന്നെ ഇങ്ങനെ കുത്തിനോവിക്കാനുള്ള അവസരം എന്റെ മരണം വരെ മാത്രമല്ലേ കിട്ടൂ. അത് കഴിഞ്ഞു നീ എന്ത് ചെയ്യും?”
 
“നമുക്ക് ഇഷ്ടമുള്ളവരെ ഒരുപാട് കാലമൊന്നും വേദനിപ്പിക്കാനാവില്ല”
 
“കണ്ടുമുട്ടുംമുമ്പും ഒറ്റപ്പെട്ടവർ നാമിരുവരും
കണ്ടുമുട്ടിയ ശേഷവും!/ പരസ്പരം കണ്ടെത്തിയശേഷവും!
മനസ്സുകളിത്ര ഇഴുകിചേർന്ന് നിൽക്കുമ്പോഴും
ഋതുക്കൾ നമുക്കിടയിലൂടിങ്ങനെ കടന്നുപോകുന്നു
പറയാതെ ഒരു നൂറുകാര്യം പറയുമ്പോഴും
വാക്കുകൾ ശരത്ക്കാലയിലകളായ് കൊഴിഞ്ഞുവീഴുന്നു
ഒറ്റയ്ക്ക് കത്തിനിൽക്കാൻ വിധിക്കപ്പെട്ട താരങ്ങൾ നാമിരുവരും,
രാപകലുകളില്ലാതെ”
 
“നഷ്ടപ്പെട്ട എന്റെ ഹൃദയത്തിന്റെ താക്കോൽ
എവിടെയെങ്കിലും കളഞ്ഞുകിട്ടിയാൽ
തിരിച്ചു ഏല്പിക്കേണ്ടതാണ്”
 
“നീ തന്നെയാണ് എന്നെ പഠിപ്പിച്ചത്
നിന്നിൽ നിന്നും അകന്നിരിക്കാൻ”
 
“നീ മെല്ലെ എന്നിൽ നിന്നും മായുന്നത് നീ അറിയുന്നുണ്ടോ”
 
“എത്രയോ തവണ നിന്റെ തെരുവിൽ നിന്നും
ദൂരേക്ക് വഴിമാറി സഞ്ചരിച്ചിട്ടുണ്ട് ഞാൻ.
എങ്കിലും മടങ്ങിയെത്തും ഓരോ തവണയും
വഴിതെറ്റിയ എന്നെ നീ എവിടെ വച്ചെങ്കിലും
കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ,
എന്നെ ഇപ്രാവശ്യമെങ്കിലും നീ
കണ്ടെത്തും എന്ന ആഗ്രഹത്താൽ”
 
“നിന്നിലേക്ക് എത്തിച്ചേരാനുള്ള ദൂരം
അനുദിനം കൂടുന്ന പ്രതീതിയാണിപ്പോൾ.
എന്തിനെകുറിച്ചോർത്താലും നിന്നരികിൽ എത്തുന്ന-
തോന്നലായിരുന്നു കുറച്ചുനാൾ മുമ്പ് വരെ 💫🌪️🖤🖤”
 
“എന്നോ മാഞ്ഞുപോയൊരു താരകം ഇന്നും മിന്നി തെളിഞ്ഞു നിൽക്കുന്നുണ്ട് കണ്ണുകൾക്ക് മുന്നിൽ. ഹൃദയം ആ സത്യം തിരിച്ചറിഞ്ഞ നിമിഷവും, കാലം നൽകും ഉത്തരങ്ങളുടെ പ്രതീക്ഷയിൽ കണ്ണുകൾ ഉടക്കി നിന്നു ആ താരകത്തിന്റെ തിളക്കത്തിൽ, അത് അവിടെ തന്നെ ഉണ്ടെന്ന വിശ്വാസത്തിൽ”
 
“നിമിഷങ്ങളിൽ നിന്നും ഓർമ്മകളിലേക്കുള്ള യാത്രകൾ പലതിനും 
ഒരു നിമിഷത്തിന്റെ ദൂരം മാത്രം”
 
“സ്നേഹിക്കപ്പെടുന്നതിനോളം വരില്ലല്ലോ
സ്നേഹിക്കുന്നത്.
വെറുക്കപ്പെടുന്നതിനോളം വരില്ലല്ലോ
വെറുക്കുന്നത്🍁🍁”
 
“തോറ്റുകൊടുത്തല്ലേ ശീലം പ്രിയപ്പെട്ടവർക്കായി…
എന്നുമെന്നും!!”
 
“ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ മാത്രമായ് അവശേഷിച്ച ഒരു ജന്മം!!”
 
“ആഘോഷങ്ങൾ ഒഴിഞ്ഞ ആകാശം പോലെ മനസ്”
 
“എന്റെ മഴവില്ലിന്റെ എല്ലാ നിറങ്ങളും ഇപ്പോൾ കറുപ്പായി മാറിയിരിക്കുന്നു”
 
“നമ്മുടെ മനസ് ആഗ്രഹിച്ചാൽ പോരാ, അത് തയ്യാറാവണം.
അത് എപ്പോഴും നമ്മുടെ കയ്യിൽ അല്ലല്ലോ…
നമ്മുടെ മനസ്സിന്റെ ചരട്”
 
“എല്ലാ വേലിയിറക്കങ്ങൾക്കും പിന്നൊരു കയറ്റമില്ല
ചില തിരകൾ കടലിന്നാഴങ്ങളിലേക്ക് പോകുന്നു
തടവുകാരാക്കപ്പെടുന്ന അവരെ ഉയരാൻ അനുവദിക്കുന്നില്ല.
അതുപോലെയാണ് ആഴത്തിലുള്ള ചില ഇഷ്ടങ്ങളും
ഹൃദയത്തിന്നാഴങ്ങളിൽ തടവിലാക്കപ്പെടുന്നു പലപ്പോഴും,
പിന്നീടത് ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും”
 
“കടമകളോരോന്നും ചെയ്തു തീർക്കുന്നു ഞാൻ
എൻ കർത്തവ്യങ്ങളെന്നു കരുതി മാത്രം.
അല്ലാതെ മരവിച്ചു പോയി ഞാനെന്നോ ഒരു നാൾ
അവശേഷിക്കുന്നതോ വെറുമൊരു ജീവന്റെ പകർപ്പ്”
 
“പണ്ടൊരു പൂക്കാലത്ത്
നമുക്ക് മാത്രമായ് വിരിഞ്ഞൊരു മഴവില്ലുണ്ട്
ആ ഏഴുവർണങ്ങളും സ്വന്തമാക്കിയാണ്
നീയെന്നെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞതും”
 
“യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടെയും ലോകങ്ങൾക്കിടയിൽ തൂങ്ങി നിൽക്കുന്ന തുരുമ്പരിച്ചൊരു നൂൽപ്പാലത്തിലൂടെ തനിച്ചൊരു യാത്ര. അത് പൊട്ടിവീണാലും എവിടെ നിലംപതിക്കുമെന്നുപോലും നിശ്ചയമില്ല. എന്നെങ്കിലുമൊരുനാൾ സംഭവിക്കുമായിരിക്കാം, അറിയില്ല! ആ നിമിഷം വരെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിൽ കവിഞ്ഞൊരു ചിന്തയില്ല”
 
“അവർക്ക് നമ്മൾ ഒന്നുമല്ലെങ്കിൽ
നമുക്ക് അവർ എന്തൊക്കെ ആയിട്ടും കാര്യമില്ല”

“പലപ്പോഴും ഞാൻ പോലുമറിയാതെ മനസ്സ് പിടിവിട്ടുപോവുന്നത് നീയറിയുന്നില്ലേ? നിനക്കുപകരം എന്നെ മൂടുന്ന ചിന്തകളുണ്ട് ചില നേരങ്ങളിൽ. ചിരിച്ചു സംസാരിക്കുമ്പോഴും എത്ര ശ്രമിച്ചാലും മനസ്സിനെ ഇങ്ങനെ ചിന്തകളിൽ കറക്കി കറക്കി….അറിയാം, നമുക്ക് മാത്രമായ ഒരു ലോകമുണ്ട്, നമ്മുടെ വിചിത്രരീതികളും. എങ്കിലും പലപ്പോഴും…..”

 
“നിന്റെ വാക്കുകൾ എന്നിലേക്ക് എത്താതായിട്ട് കാലം കുറെ ആയി “
 
“ഞാൻ കടന്നുപോവുന്ന വഴികളിലെവിടെയോ നീയുണ്ട്
ഞാൻ നിന്നെ കാണുന്നില്ലെന്ന് മാത്രം” – Mind Travels
 
“ഒരായിരം വാക്കുകൾ എനിക്ക് സമ്മാനിച്ച് നീ കടന്നുപോയി
ഒരായിരം കവിതകൾ നിന്നെക്കുറിച്ച് എഴുതുവാൻ”
 
“എനിക്ക് എഴുതിക്കൊണ്ടേയിരിക്കണം,
കടമെടുത്ത വാക്കുകൾ തിരിച്ചേൽപ്പിക്കുംവരെ,
മേഘാവൃതമായ വാനം തെളിയുംവരെ,
അസ്വസ്ഥമായ് ആഴക്കടലിൽ
അലഞ്ഞുനടക്കും വഞ്ചികൾ തിരിച്ചണയുംവരെ,
എൻ മനസ്സ് സാധാരണ പോൽ
ശ്വസിക്കാൻ തുടങ്ങും വരെ
എനിക്ക് എഴുതിക്കൊണ്ടേയിരിക്കണം
എല്ലാം പഠിച്ചെടുക്കുംവരെ”
 
“എല്ലാം ഇങ്ങനെ വിട്ടുകൊടുത്ത് വിട്ടുകൊടുത്ത്
സ്വന്തമായി എന്തൊക്കെയുണ്ട് എന്നറിയാൻ പറ്റാതെ ആയിട്ടുണ്ട്”
 
“ആഴം കൂടും തോറും
കാഴ്ചയിൽ നിന്നും മറയും പലതും!
അത് സ്നേഹമായായാലും
മറ്റെന്തായാലും!!”
 
“മനസ്സ് കൈവിട്ടുപോവുന്ന ചില നിമിഷങ്ങളുണ്ട്
തീർത്തും ഒറ്റപെട്ടിങ്ങനെ അലഞ്ഞുനടക്കുമ്പോൾ
ആഗ്രഹിക്കുന്നത് നിന്റെ സാമീപ്യം മാത്രമാണ്
കൂടെയുണ്ട് എന്നൊരു ആശ്വാസവാക്കാണ്,
എല്ലാ വേദനകളും അലിയിച്ചുകളയാൻ.
പക്ഷെ നീയും,
എന്നിൽ നിന്നകന്നവരെപോലെ അഭിനയിക്കുമ്പോൾ
തീർത്തും ഒറ്റപ്പെട്ട ഒരു ദ്വീപായി മാറാറുണ്ട് എപ്പോഴും🌪️✨”
 
“അവർ പോയിക്കഴിഞ്ഞു എന്ന്
നമ്മുടെ ഹൃദയം പൂർണരൂപത്തിൽ
സ്വീകരിക്കുന്ന നിമിഷംവരെ
പോകാതെ കാത്തുനിൽക്കുന്ന ചിലർ”
 
“കുത്തിനോവിക്കുമ്പോഴും
കണ്ണീരില്ലാതെ നീറ്റുമ്പോഴും
അസ്തമിക്കാൻ അനുവദിക്കാതെ
മനസ്സ് കൊണ്ടുനടക്കുന്ന
ചിതലരിച്ച ചില ഓർമകളുണ്ട്.
നേട്ടങ്ങളെക്കാൾ കോട്ടങ്ങളുടെ തട്ട്
താഴ്ന്നു നിൽക്കുമ്പോഴും
സന്തോഷമാണോ വേദനയാണോ തരുന്നത്
എന്ന ചോദ്യമപ്രസക്തമാണ് പലപ്പോഴും,
അവ ആത്മാവിന്റെ ഒരു ഭാഗമാവുമ്പോൾ”
 
“വളരെ അടുത്തായാലും
വളരെ അകലെയായാലും
കാണുന്നത് ഒന്നുപോലെയാ
പലപ്പോഴും!!”
 
“ഒരിക്കലിവിടെ നീലമേഘങ്ങൾ വർഷിച്ചിരുന്നു
ഇന്നിവിടെ നരച്ച കരിയിലകൾ മാത്രം”
 
“പറിച്ചു നടണം എനിക്ക് എന്നെ തന്നെ
അവഗണനകൾക്ക് വളമിടുന്ന ഇടങ്ങളിൽ നിന്നും,
കണ്ണുനീരിനാൽ പുഷ്പിച്ചു വാടി തളർന്നിട്ടും
വെള്ളമൊഴിച്ചുതരാത്ത ഇടങ്ങളിൽ നിന്നും.
പറിച്ചു നടണം എനിക്ക് എന്നെ തന്നെ
ഇതളിട്ട സ്വപ്നങ്ങളെല്ലാം തളർന്നുറങ്ങിയിട്ടും
ഉണർത്താൻ ആരുമില്ലാത്ത ഇടങ്ങളിൽ നിന്നും”
 
“കാരണങ്ങൾ പറഞ്ഞും പറയാതെയും വിട്ടുപോവുന്നവർ….
ചോദിച്ചാൽ അവരൊരിക്കലും പറയില്ല
വിശദീകരിക്കാൻ അവരുടെ പക്കലൊന്നും ഇല്ലാത്തതുകൊണ്ടാണ്”
 
“പ്രതീക്ഷകളും മിഥ്യാധാരണകളും കൊണ്ട് ശൂന്യത നിറയ്ക്കുന്നതിൽ ഞാൻ
മനം മടുത്തു തുടങ്ങിയിരിക്കുന്നു, തളർന്നു തുടങ്ങിയിരിക്കുന്നു
യാഥാർത്ഥ്യങ്ങളെ സ്പർശിക്കേണ്ട സമയം അതിക്രമിച്ചു തുടങ്ങിയിരിക്കുന്നു
എന്ന തോന്നലിൽ മനസ്സ് ആറാടിത്തുടങ്ങിയിട്ട് കുറച്ചധികം നാളായി”
 
“നമ്മളെക്കാൾ പ്രിയമുള്ളവരെ കിട്ടുമ്പോൾ
വാക്കൊന്നുരിയാടാതെ പടിയിറങ്ങുകയായ് അവർ.
നമ്മളും ഒഴിഞ്ഞുകൊടുക്കണം ശല്യമാവാതെ!
ആരുടേയും മനസ്സിനെ പിടിച്ചുവയ്ക്കാൻ നമുക്കാവില്ലല്ലോ!!”
 
“എന്റെ താളുകളിലെ അക്ഷരങ്ങൾ നിറം മങ്ങി തുടങ്ങിയിരിക്കുന്നു
എന്റെ ഓർമകൾക്ക് നേർത്ത മഞ്ഞിന്റെ ആവരണം ഉള്ളതുപോലെ
ഋതുക്കൾ കാലചക്രം തെറ്റിച്ചണഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി
കാലത്തിൻ കേളികൾക്കൊപ്പം മാറാത്ത ഞാൻ മാത്രം ഇന്നും ബാക്കി!”
 
“കൊഴിഞ്ഞ ഋതുക്കൾക്ക് ഒരുപക്ഷെ പറയാനാവും
ഹൃദയത്തിന്റെ എത്ര തീവ്രമായ വർണങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞുവെന്ന് !!”
 
“ഒരുമിച്ചൊഴുകിയ നദികൾ വേർപിരിയുകയായ്
രണ്ടു ദിക്കുകളിലേക്ക്, രണ്ടു കടലുകളിലേക്ക്
എണ്ണമറ്റ പരിഭവങ്ങൾ ബാക്കിവച്ച്
എണ്ണമറ്റ കഥകൾ മൗനത്തിന്‌ കടംപറഞ്ഞ് ✨💫🌪️🖤🦋”
 
“ഹൃദയത്തിൻ ആഴങ്ങളിൽ നൊമ്പരങ്ങൾ അലയടിക്കുമ്പോൾ
എത്രനാൾ കണ്ടില്ലെന്ന് നടിക്കും”
 
“മൗനമായ ഒരു പിൻവാങ്ങലാണ് എല്ലാത്തിൽനിന്നും
അവഗണിക്കുന്ന ഇടങ്ങളിൽ നിന്ന്…
സ്ഥാനമില്ലാത്ത ഹൃദയങ്ങളിൽ നിന്ന്…
ചില നിമിഷങ്ങളിൽ,
എന്നിൽ നിന്ന് തന്നെ”
 
“ആരാലും മനസ്സിലാക്കപ്പെടാതെ പോവുന്നത് ഒരു ദുഃഖം തന്നെയാ…
തെറ്റിദ്ധരിക്കപ്പെടുന്നത് അതിലും വലിയ മനോവേദന ആണ്”
 
“വളരെ അടുത്താണ് പല അകലങ്ങളും…… “
 
“എല്ലായിടത്തും തിരഞ്ഞു
പക്ഷേ……
നീ അവശേഷിപ്പിച്ച ശൂന്യത നികത്താൻ
ഒന്നിനും കഴിയില്ല”
 
“ആരും കാണാതെ പോയൊളിച്ച
ഒരായിരം കണ്ണീർതുള്ളികളിലുണ്ട്
ഞാൻ ചൊല്ലാതെ ചൊല്ലിയ
ഒരായിരം പരിഭവങ്ങൾ”
 
“വളരെ അടുത്താണെന്നു തോന്നിപ്പിച്ചിട്ട്
വളരെ അകലെ പോവുന്നവർ”
 
“കടലിനും എടുത്തുപോവാൻ കഴിയാത്ത
ചില നൊമ്പരങ്ങളുണ്ട്
തിരകൾ പോലെ അലയടിച്ച് നമ്മളിൽ വന്നുചേർന്ന്
പലതും ബാക്കി വച്ച് പോവുന്നവർ”
 
“പറയാതെ അസ്തമിക്കുന്ന സന്ധ്യകളും
അനുവാദം ചോദിക്കാതെ ജനാലയ്ക്കരികിൽ എത്തുന്ന പ്രഭാതങ്ങളും”
 
“അകന്നിരിക്കുന്നതാണോ സ്നേഹം
അകന്നിരിക്കാൻ കഴിയാത്തതല്ലേ സ്നേഹം?
തിരക്കഭിനയിച്ച് അകലുന്നതാണോ സ്നേഹം
കാരണം കണ്ടെത്തി അടുക്കുന്നതല്ലേ സ്നേഹം?”
 
“നിന്നെ സന്തോഷിപ്പിക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം
എന്നെ കരയിപ്പിക്കുന്നത് നിന്റെ പ്രിയ വിനോദവും”
 
“പോകുന്നവരൊക്കെ തിരിച്ചു വരുമായിരിക്കുമല്ലേ 🥺”
#പ്രതീക്ഷ ✨🌪️
 
Image source: Pixabay
 
(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: