അദ്ധ്യായം 6 – യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ചില അപരിചിതർ
അന്നവർ ഇറങ്ങിയപ്പോൾ പതിവിൽ വിപരീതമായ് മീര മൗനം പാലിച്ചു. പ്രസാദാണ് ആദ്യം സംസാരിച്ചത്.
“എന്താ മീരേ, എന്തുപറ്റി ഇന്ന്? ഒന്നും മിണ്ടുന്നില്ല. സംതിങ് സ്പെഷ്യൽ?”
“നതിങ്, വെറുതെ. ഒന്നുമില്ല.”
“ഇന്നെന്തേ, ഒരു മാറ്റം കാണുന്നുണ്ടല്ലോ. ഇന്നെന്താ തർക്കിക്കാൻ ഒരു വിഷയവും കിട്ടിയില്ലേ? അല്ലെങ്കിൽ ആദ്യം തുടങ്ങുന്നത് മീരയല്ലേ?”
“ഇന്ന് ഒരു മൂഡ് തോന്നുന്നില്ല. പനി വന്നു കഴിഞ്ഞാൽ പിന്നെ ഞാനിങ്ങനെയാണ്. വെറുതേ നടക്കണമെന്ന് തോന്നി. അതൊക്കെ പോട്ടേ. പ്രസാദെന്നു നാട്ടിൽ പോകും?”
“ഓണത്തിന് പോയിവന്നതല്ലേയുള്ളൂ. ഇനി അടുത്ത മാസമേയുള്ളു നാട്ടിലേക്ക്”.
ആവണിമാസത്തിന്റെ സുഗന്ധമുള്ള ഒരു തെന്നൽ തന്നെ തഴുകി കടന്നു പോയോ? മീര ഒരു നിമിഷം നിന്നു. പ്രസാദ് മീരയെ തട്ടിവിളിച്ചുകൊണ്ട്,
“എന്താ മീരേ, ഇയാൾ ഈ ലോകത്തൊന്നുമല്ലേ?”
“ഒന്നുമില്ല, ഞാൻ വീട്ടിനെക്കുറിച്ചോർത്തു. അത്ര തന്നെ”
“ഇന്നെന്താ മീരേ, നമുക്ക് സംസാരിക്കാൻ ഒന്നും കിട്ടാത്തത്?”
“ചിലപ്പോഴൊക്കെ അങ്ങനെയാണ്. നിസ്സാരമായ ഒരു ചോദ്യത്തിനുപോലും മറുപടി പറയാൻ മനസ്സിന് കഴിയാറില്ല.”
എന്തർത്ഥത്തിലാണ് മീര ഇങ്ങനെ പറഞ്ഞതെന്നറിയാൻ അയാൾ അവളുടെ മുഖത്തു നോക്ക്. അപ്പോൾ ചിന്തയുടെ മറ്റേതോ ലോകത്തിലലയുകയായിരുന്നു മീരയുടെ മനസ്സ്.
“ദാ, ബസ് സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല. ഞാൻ റോഡ് ക്രോസ് ചെയ്യട്ടെ”, പ്രസാദ് മീരയോട് യാത്ര പറഞ്ഞു.
“ശരി, നാളെ കാണാം.”
ഒരു സ്ഥലത്തിൽ നിന്നാണ് താനും പ്രസാദും ബസ് കയറുന്നത് , ചുരുക്കി പറഞ്ഞാൽ ഒരു സ്റ്റോപ്പിൽ നിന്ന്. പക്ഷെ പോകേണ്ടത് എതിർദിശകളിൽ. എന്നാൽ, ആശയങ്ങളിൽ താൻ എന്തുമാത്രം പ്രസാദിനോട് യോജിക്കുന്നു. എല്ലാം വിചിത്രം തന്നെ, അവൾ ഓർത്തു.
ഒരു വലിയ ബാഗും തൂക്കിയ പെൺകുട്ടിയാണ് അവളെ വരവേറ്റത്. പോകാനുള്ള പുറപ്പാടിലായിരുന്നു അവൾ. അപ്പോൾ വന്നതേയുള്ളൂ എന്ന് മനസ്സിലായി.അമ്മുവേട്ടത്തിയും നിൽപ്പുണ്ട് അടുത്തു തന്നെ. മീര തിരക്കി, “ആരാ ഏട്ടത്തീ ഇത്?”
“ഇവിടെ അടുത്ത് എന്നാണു് പറഞ്ഞത്. എന്തോ സാധനങ്ങൾ വിൽക്കുന്ന പണിയാണത്രെ. നിന്നെ കാണാത്തതുകൊണ്ട് തിരിച്ചുപോകാൻ ഒരുങ്ങുകയായിരുന്നു ഈ കുട്ടി”, അമ്മു പറഞ്ഞു.
മീര സൂക്ഷിച്ചുനോക്കി. കഷ്ടിച്ച് 15-16 വയസ്സ് പ്രായം കാണും. സുന്ദരിയാണ്. കുട്ടിത്തം വിട്ടുമാറിയില്ലാത്ത മുഖം. കണ്ടാൽ ദരിദ്രകുടുംബത്തിലേതാണെന്നു പറയില്ല. അവൾ ബാഗ് താഴെ വച്ചു.
മീര: കുട്ടിക്കെന്താ വേണ്ടത്?
അവൾ: ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലെ സെയിൽസ് ഗേളാണ്. എന്തെങ്കിലും സാധനം ചേച്ചി വാങ്ങുകയാണെങ്കിൽ……
ആ കുട്ടിയുടെ നിൽപ്പ് കണ്ടപ്പോൾ മീരയ്ക്ക് സഹതാപം തോന്നി.
മീര: അകത്തേക്ക് കേറി വരൂ കുട്ടീ.
മീര അവളെ ക്ഷണിച്ചു. അവൾ ബാഗും എടുത്തുകൊണ്ട് മീരയുടെ പുറകെ അകത്തു കയറി.
മീര: ഇവിടെ ഇരിക്ക്.
അവൾ (ഇരുന്നശേഷം): കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ….
മീര: ചായ എടുക്കട്ടേ?
അവൾ: എന്തായാലും മതി
മീര: അമ്മുവേട്ടത്തീ….
ചോദ്യം മനസ്സിലാക്കിയിട്ടെന്നപോലെ അവർ അകത്തേക്ക് പോയി.
മീര: കുട്ടിയുടെ പേരെന്താ?
അവൾ: മായ
മീര: എവിടെയാ വീട്?
മായ: കന്യാകുമാരിക്കടുത്ത്
മീര (അത്ഭുതത്തോടെ): ഇത്ര അകലെ നിന്നാണോ മായ വരുന്നത്?
മായ: അതെ. ഇവിടെ നമ്മുടെ കമ്പനിയിൽ പ്രത്യേക താമസ സൗകര്യമുണ്ട്
മീര: മലയാളം നന്നായി വഴങ്ങുന്നുണ്ടല്ലോ
മായ: അതൊക്കെ പഠിച്ചെടുത്തു
മീര അത്ഭുതം മറച്ചുപിടിച്ചില്ല.
മീര: ദൂരെ നിന്നും വരുന്ന വേറെയും കുട്ടികളുണ്ടോ അവിടെ?
മായ: ഉം, ഉണ്ട്. എല്ലാരും ഏകദേശം എന്റെ പ്രായക്കാരാണ്.
കളിച്ച് നടക്കേണ്ട പ്രായത്തിൽ പഠനവും ഉപേക്ഷിച്ച് അച്ഛനമ്മമാരിൽ നിന്നുമകന്ന് തുച്ഛമായ ശമ്പളത്തിന് വേണ്ടി ഇവിടെ വീടുകൾ തോറും കയറിയിറങ്ങുന്ന ആ ബാല്യത്തിന്റെ കാര്യമോർത്തപ്പോൾ മനസ്സിലെവിടെയോ ഒരു തേങ്ങലുയരുന്നത് മീരയറിഞ്ഞു. തനിക്ക് സഹതപിക്കാൻ കഴിയുന്നുവോ? അവൾക്കത്ഭുതം തോന്നി.
മീര: മായയ്ക്ക് വീട്ടിലാരൊക്കെയുണ്ട്?
മായ: അച്ഛൻ, അമ്മ, പിന്നെ രണ്ടനുജന്മാർ
മീര: മായ പഠിക്കുന്നില്ല?
മായ: എന്ത് ചെയ്യാനാ ചേച്ചി? ആഗ്രഹമില്ലാഞ്ഞിട്ടല്ല. വീട്ടിൽ സാമ്പത്തികം അൽപ്പം മോശമാണ്. മൂത്തകുട്ടി ആവുമ്പോൾ കുടുംബത്തെ സഹായിക്കണം എന്നാണ് അച്ഛൻ പറയാറുള്ളത്. താഴെയുള്ള രണ്ടുപേരെ കൈപിടിച്ചുയർത്തണ്ടേ?
മീര: അവർക്കിഷ്ടമുണ്ടായിരുന്നോ ഇത്ര അകലെ അയയ്ക്കാൻ?
മായ: ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല. അമ്മയ്ക്ക്മാത്രം ചെറിയ ഒരു പേടി. പക്ഷെ അച്ഛൻ അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു, ഞാൻ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കട്ടെ എന്ന്
‘ഒന്നുനോക്കിയാൽ എല്ലാ അച്ഛന്മാരും ഇങ്ങനെ തന്നെയാണ്. മക്കൾ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വതന്ത്രരായി നിന്നുകാണാനുള്ള ആഗ്രഹം, അവർ ലോകം കണ്ടുതന്നെ പഠിക്കണം എന്ന ഉപദേശങ്ങളും’ – മീര ഓർത്തു. അമ്മുവേട്ടത്തി ചായയും പലഹാരങ്ങളുമായി എത്തി. അത് ഒരു കൊച്ചു ടേബിളിൽ അവരുടെ മുന്നിലായി വച്ചു. മീര ഒരു ചായ ഗ്ലാസ് കയ്യിലെടുത്തു.
മീര: എടുത്ത് കഴിച്ചോളൂ
മായ ചായ കയ്യിലെടുത്തു. അവൾ നല്ല ക്ഷീണിതയാണെന്ന് മീരയ്ക്ക് മനസ്സിലായി. എത്രദൂരം അവൾ യാത്രചെയ്തുകാണും, ഇന്ന് ഒരു ദിവസം മുഴുവൻ.
മീര: ഒറ്റയ്ക്കേയുള്ളൂ? എന്താ ആരെയും കൂട്ടാത്തത്?
മായ: നമ്മൾ ഓരോരുത്തരും ഓരോ വഴിയ്ക്കാ പോവാറ്. ചിലപ്പോൾ രണ്ടുപേരൊരുമിച്ച്.
മീര: ദൂരെയൊക്കെ പോകാറുണ്ടോ?
മായ: ഉണ്ട്. വളരെ ഉള്ളിലുള്ള ഗ്രാമങ്ങളിലും പോവാറുണ്ട്.
മീര: അപ്പോഴും ഒറ്റയ്ക്കാനോ പോകുന്നത്?
മായ (നിസ്സാരമെന്ന മട്ടിൽ): അതെ
അത് കേട്ടപ്പോൾ ഒരു കൊള്ളിമീൻ മനസ്സിലൂടെ പാഞ്ഞുപോകുന്നതുപോലെ മീരയ്ക്ക് തോന്നി. മനസ്സിന്റെ ഭാരം വർദ്ധിക്കുന്നുവോ?
പക്ഷെ അത് പുറത്തു കാട്ടിയില്ല. മായ അത് മനസ്സിലാക്കിയുമില്ല. ചായ കുടിച്ച്കഴിഞ്ഞശേഷം മായ അവളുടെ ബാഗ് തുറന്ന് ഓരോ സാധനങ്ങളും എടുത്തുകാട്ടി അവയുടെ സവിശേഷതകൾ പറഞ്ഞുതുടങ്ങി. മീരയ്ക്ക് ആവശ്യമുള്ള ഒന്നും അതിലില്ലായിരുന്നു. എന്നാലും ആ കുട്ടിയുടെ കയ്യിൽനിന്നും ഒന്നും വാങ്ങാതിരിക്കാൻ അവളുടെ മനസ്സ് എന്തുകൊണ്ടോ സമ്മതിക്കുന്നില്ല. അടുക്കളയിൽ ഉപയോഗിക്കാവുന്ന ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങി. കമ്മീഷനാണത്രേ അവർക്ക് കിട്ടാറ്. നല്ല കാശ് കിട്ടിക്കോട്ടെ ആ കുട്ടിക്ക്, മീര കരുതി.
മായ: ഇനി ഞാൻ പോകട്ടേ ചേച്ചി, സമയം ഒരുപാടായി.
അവൾ ബാക്കി സാധനങ്ങളെല്ലാം തിരിച്ച് ബാഗിനകത്താക്കി മെല്ലെ പടിയിറങ്ങി. അപ്പോൾ സായാഹ്നസൂര്യന്റെ നിറം മങ്ങിയിരുന്നു.
മായ നടന്നു നീങ്ങിയെങ്കിലും അവളുടെ രൂപം മീരയുടെ മനസ്സ് ഒപ്പിയെടുത്തുകഴിഞ്ഞിരുന്നു. വെറും 10-15 മിനിറ്റ് നേരത്തെ പരിചയം. പക്ഷെ മനസ്സിന്റെ ഏതോ കോണിൽ അവളുടെ കുട്ടിത്തം നിറഞ്ഞ ആ മുഖം സ്ഥാനമുറപ്പിച്ചപോലെ. വർഷങ്ങൾക്കുശേഷം തിരക്കിനിടയിൽ അവൾക്ക് തന്നെ തിരിച്ചറിയാനാവുമോ? സംശയം തന്നെ. എത്രപേരെയാണ് ഓരോ ദിവസവും അവൾ കാണുന്നത്. തനിക്കതിനാവുമോ? പെട്ടെന്നാ ചോദ്യം അവളുടെ നേർക്ക് തിരിഞ്ഞു. താൻ എല്ലാവരിൽനിന്നും പിരിഞ്ഞുനിൽക്കുന്നു. എങ്കിലും ഇന്ന് താൻ പക്വത വന്ന ഒരു യുവതിയാണ്. അതുപോലെയാണോ കൗമാരക്കാരിയായ ഈ പെൺകുട്ടി.
രണ്ട് മൂന്നു് നാൾ അവളറിയാതെ ഏതോ ഒരു ഭാരം കൂടി അവളുടെ മനസ്സ് താങ്ങി.
Recent Comments