ചെറുവള്ളിയിൽ വാഴും ജഡ്ജി അമ്മാവൻ വീണ്ടും വാർത്തകളിൽ നിറയുന്നു
ചെറുവള്ളിയിലെ ജഡ്ജി അമ്മാവന്റെ അമ്പലം ഇടയ്ക്കിടെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ. കഴിഞ്ഞ വർഷം ഒക്ടോബറിൽ വളരെയേറെ പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു. അതെപ്പോഴും അങ്ങനെയാണല്ലോ, മതവും വിശ്വാസവും കൂടിക്കുഴഞ്ഞു വരുമ്പോൾ ശ്രദ്ധ നേടുക സ്വാഭാവികം. ശബരിമലയിൽ സ്ത്രീ പ്രവശേനത്തിനായുള്ള ഹർജിക്ക് സുപ്രീം കോടതിയുടെ വിധി വരുന്നതിനു മുമ്പായിരുന്നു അത് – തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാവാൻ പ്രതീക്ഷകളോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജഡ്ജി അമ്മാവന്റെ മുന്നിൽ നേർച്ചകൾ അർപ്പിച്ചപ്പോൾ.
ക്രിക്കറ്റെർ ശ്രീശാന്ത് സന്ദർശിച്ചപ്പോഴും, പേരും പെരുമയുമുള്ള രാഷ്ട്രീയ നേതാക്കന്മാരും സമൂഹത്തിലെ പ്രമുഖരും സന്ദശിച്ചപ്പോഴും മിന്നലാട്ടം പോലെ ജഡ്ജി അമ്മാവൻ വാർത്തകളിൽ വന്നുപോയിരുന്നു. എന്നാൽ മറ്റൊരിക്കലും നേടാത്ത ജനശ്രദ്ധ ആകർഷിച്ചത് ഈ മാസമായിരുന്നു, മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനുവേണ്ടി കുടുംബ അംഗങ്ങൾ അവിടെ പൂജകൾ അർപ്പിച്ചപ്പോൾ!!!
ഒരു ന്യായാധിപനായി കേരളത്തിൽ ഒരമ്പലമോ?
അതെ, കേട്ടത് ശരി തന്നെ. കോട്ടയം ജില്ലയിലെ ചെറുവള്ളി ദേവിക്ഷേത്രത്തിന്റെ ഉപപ്രതിഷ്ഠകളിൽ ഒന്ന് ജഡ്ജി അമ്മാവനുള്ളതാണ്. തീർപ്പുകല്പിക്കാതെ നിയമകുരുക്കുകളിൽ അകപ്പെട്ടു നീണ്ടുപോവുന്ന കേസുകൾക്ക് പെട്ടെന്ന് തീർപ്പികൽപ്പിക്കാൻ ജഡ്ജി അമ്മാവനെ പ്രീതിപ്പെടുത്തിയാൽ മതി എന്ന വിശ്വാസത്തിൽ ഇവിടെ എത്തുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണ്. പക്ഷെ ഒന്നുണ്ട് കേട്ടോ, സത്യസന്ധരൊപ്പമേ അമ്മാവൻ നിൽക്കൂ എന്നത് മറ്റൊരു വിശ്വാസം! ചെറുവള്ളി അമ്പലത്തിന് 1100 വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വാസം.
ആരാണ് ജഡ്ജി അമ്മാവൻ?
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാങ്കൂർ ഭരിച്ചിരുന്ന ധർമരാജയുടെ കോടതിയിലെ മുഖ്യ ന്യായാധിപൻ ആയിരുന്നു ഗോവിന്ദപ്പിള്ള. ഒരു സംസ്കൃത പണ്ഡിതനും ജ്ഞാനിയുമായിരുന്നു അദ്ദേഹം, ധർമരാജയെപോൽ ധർമശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ന്യായാധിപൻ. അത്യന്തം സത്യസന്ധനും നീതിമാനുമായിരുന്ന അദ്ദേഹത്തിന് ഒരിക്കൽ ഒരു കൈപ്പിഴ പറ്റി, ചെയ്യാത്ത കുറ്റത്തിന് മുഖം നോക്കാതെ സ്വന്തം അനന്തരവനെ വധശിക്ഷക്ക് വിധിച്ചു. സത്യം ബോധ്യപ്പെട്ടപ്പോഴേക്കും വൈകിപ്പോയിരുന്നു.
തെറ്റായ കാരണങ്ങൾകൊണ്ട് സ്വന്തം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണത്തിന് കാരണക്കാരനായി തീർന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാജാവ് ആ അപരാധം പൊറുത്തുവെങ്കിലും ഗോവിന്ദപ്പിള്ളക്ക് അത് കഴിയുമായിരുന്നില്ല. ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി സ്വയം ശിക്ഷ തീരുമാനിച്ചുകൊള്ളുവാൻ രാജാവ് സമ്മതിച്ചു. ഒടുവിൽ സ്വയം മൃത്യു കൈവരിച്ച അദ്ദേഹത്തിന്റെ ദുരാത്മാവിനെ കുടിയിരുത്തിയത് ചെറുവള്ളി അമ്പലത്തിൽ ആയിരുന്നു. ബഹുമാനാർത്ഥം നൽകിയ പേരായിരുന്നു ജഡ്ജി അമ്മാവൻ.
ജഡ്ജി അമ്മാവന് പൂജാവിധികൾ നൽകുന്ന വിധം
ഒരു പീഠമാണ് വിഗ്രഹത്തിന് പകരം. പ്രധാന അമ്പലത്തിലെ അത്താഴപൂജക്ക് ശേഷം നടയടച്ച ശേഷമേ അമ്മാവന്റെ അമ്പലം തുറക്കൂ. ഏകദേശം 8.30 കഴിയും. അട നിവേദ്യമാണ് പ്രധാനം. തിരക്കുള്ള ദിനങ്ങളിൽ ആയിരത്തിൽ കൂടുതൽ ഉണ്ടാവും. കരിക്ക് അഭിഷേകവും അടയ്ക്ക-വെറ്റില നിവേദ്യവുമാണ് മറ്റു പ്രധാനപ്പെട്ടവ. 15 മിനിറ്റ് മാത്രമേ നട തുറന്നിരിക്കൂ.
ഇവിടെ എത്തുന്ന വിശ്വാസികൾ കേസ് നമ്പറും കുറിച്ചുകൊണ്ടാണ് വരിക. പേരും ജന്മനക്ഷത്രവും ചൊല്ലി പൂജകൾ നടത്തുന്നു. ക്ഷിപ്ര പ്രസാദിയായ അമ്മാവൻ സത്യസന്ധരോടൊപ്പം നിൽക്കുമെന്നും കേസുകൾക്ക് ഉടനെ വിധി ഉണ്ടാക്കുമെന്നും അനുഭവസ്ഥർ പറയുന്നു. പരസ്യ വാചകം പോലെ ‘വിശ്വാസം….. അതെല്ലേ എല്ലാം’!!!
Read its detailed article in English here.
Recent Comments