സന്ധ്യാരാഗം

“എല്ലാ സന്ധ്യകൾക്കും അസ്തമിച്ചല്ലേ പറ്റൂ”

“ഒരിക്കലും അസ്തമിക്കാത്ത സന്ധ്യകൾ പൂക്കുന്നത് ഹൃദയങ്ങളുടെ ഉള്ളറകളിനാണത്രെ. ഒരു ആയുസ്സ് മുഴുവൻ അവ അണയാതങ്ങനെ നീറ്റിക്കൊണ്ടേയിരിക്കും🔥”

“എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ
നിത്യം ജനിക്കും സന്ധ്യകൾ പോലെ
വീണ്ടും പലകുറി തകർന്നടിയുവാനോ?” 

“തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ
വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും
ഓടിയണയും അവ നൽകുന്നു സന്ധ്യാമ്പരത്തിന്
ഈറനണിയും നേർത്ത മഷിക്കൂട്ട്❣️❣️” 

“പ്രതീക്ഷനൽകി കടന്നുകളയുന്ന സന്ധ്യപോലെയാകരുത്. അതിന്റെ സൗന്ദര്യം കണ്ടുമയങ്ങിയാൽ നിരാശയാകും ഫലം. അതിനെ നമുക്ക് വിശ്വസിക്കാനാവില്ല”

“സന്ധ്യകൾ ഇരുളിൽ പോയ്മറയുകിലും
സായാഹ്നത്തിൻ ഇതളുകൾ കൊഴിയുകിലും
ഉണർന്നു വീണ്ടും പിന്നൊരുപുലരി
തനിക്കായി പിറക്കും ഒരു സന്ധ്യക്ക് മാത്രം” 

“രാവും പകലും അക്ഷമരായി കാത്തിരിക്കുന്നത്
സൂര്യൻ മുങ്ങിത്താഴും ആ ഒരു നിമിഷത്തെ സന്ധ്യക്ക് വേണ്ടി
ഒരു ദിനത്തെ എല്ലാ പരിഭവങ്ങളും പറഞ്ഞുതീർക്കാൻ” 

“രാപ്പകലുകളുടെ നീളമില്ല സന്ധ്യകൾക്ക്
അവ എന്നും ക്ഷണികവും സുന്ദരവുമാണ്
ചില സന്തോഷങ്ങൾ പോലെ”
 

“പ്രതീക്ഷ നൽകി കടന്നു കളയുന്ന സന്ധ്യയെ കാണണമെങ്കിൽ വീണ്ടും ഒരു ദിവസം മുഴുവൻ കാത്തിരിക്കണം” 

“എല്ലാ അസ്തമയങ്ങളും ഉദയത്തിനു മുന്നോടിയാണ്
നമ്മൾ ആഗ്രഹിക്കുംപോലെയുള്ള ഉദയം ആയാലുമില്ലെങ്കിലും”
 
“എല്ലാം അസ്തമിക്കുന്ന ഒരു ദിനമുണ്ട്”

“ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ പ്രതീക്ഷ നൽകി കടന്നു കളയുന്ന സന്ധ്യ എവിടേക്കാണ് പോകുന്നതെന്ന്? ഒരുപക്ഷെ അവൾക്കും പറയാൻ ഒരുപാട് കഥകൾ ഉണ്ടെങ്കിലോ, അവിശ്വസനീയമെന്നു മറ്റുള്ളവർക്ക് തോന്നാമെങ്കിലും?” 

“പറന്നകലും പക്ഷിപോൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ കാത്തിടും കണ്ണുകൾക്ക് സന്ധ്യകൾ പുനർജനിക്കുമോ?”

“വാക്കുകൾ അസ്തമിക്കുന്ന സന്ധ്യയിൽ
അകലങ്ങളുടെ രാവുകൾ ഉദിക്കുകയായ്”

“വാക്കുകൾ അസ്തമയസന്ധ്യ തുഴഞ്ഞെത്തുമ്പോൾ
ഹൃദയങ്ങൾ തമ്മിലുള്ള അകലം ആരംഭിക്കുകയായി
അങ്ങകലെ ചക്രവാളത്തിൽ
രാത്രി വെളിച്ചം തെളിച്ചെത്തുമ്പോൾ
വാക്കുകൾക്ക് വിശ്രമം നൽകി
ചിന്തകൾ നങ്കൂരമിട്ടു തുടങ്ങും.
പിന്നെയൊരു നീണ്ട മൗനം
വാക്കുകൾ വീണ്ടുമുദിക്കുന്ന നിമിഷങ്ങളുമെണ്ണിയെണ്ണി.”

“ഒന്നും മിണ്ടാതെയല്ലേ സന്ധ്യ മുങ്ങുന്നത്? പുലരി ഒരിക്കലും അവളെ കാണുന്നില്ലല്ലോ? പിന്നെങ്ങനെ പുലരിക്കത് പറയാനാവും? എങ്ങനെ അവളുടെ പ്രതീക്ഷയിൽ ഉണരാനാകും?” 

“ഒരിക്കൽ നിറങ്ങൾ നൃത്തം ചെയ്തിരുന്ന വേദിയിൽ
സന്ധ്യ ഇപ്പോൾ നടമാടി തുടങ്ങി,
താണ്ഡവം പോലെ ഊർജ്ജസ്വലമായ വർണങ്ങൾ
വാരി വിതറികൊണ്ട്.
രാവെത്തുമ്പോഴേക്കും സന്ധ്യയും മടങ്ങും.
ആ ചടുലമായ നിറങ്ങളെല്ലാം ഇല്ലാതാകും.
പിന്നെ നീണ്ട അന്ധകാരകറുപ്പ് മാത്രം
പ്രതീക്ഷക്ക് വകയായ്
മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടവും”

“പുതുകിരണമായ് പകൽ എത്തിയാലും സായാഹ്നമാവുമ്പോൾ അവൻ മുങ്ങും പല കള്ളകാമുകന്മാരെ പോലെയും. അതാ സന്ധ്യ വെളുത്തപകലിനെ വിട്ടിട്ട് കറുത്തരാവിൽ പ്രതീക്ഷ അർപ്പിക്കുന്നത് ” 

“ഉഷസ്സൊരിക്കലും സന്ധ്യയെ നേരിൽ കണ്ടിട്ടില്ല, കേട്ടുകേൾവി മാത്രം. പിന്നെങ്ങനെ രാവിൻ മാറിൽ ചായുന്ന സന്ധ്യയെ അവനു കുറ്റപ്പെടുത്താനാവും? ഒരിക്കലും കൊടുക്കാത്ത പ്രതീക്ഷകളുടെ പേരിൽ അവളെ എങ്ങനെ കളങ്കിത വഞ്ചകി എന്നൊക്കെ വിളിക്കാനാകും?” 

“അസ്തമയസന്ധ്യയുടെ നീലിമയിൽ
ചാലിച്ചെടുത്ത ഒരു നുള്ളു കുങ്കുമമുണ്ട്,
നിനക്കായ് ഞാൻ കരുതിവച്ചിട്ടുള്ളത്,
നീ വരുമ്പോൾ നിനക്ക് തൊടുകുറി അണിയാൻ”

“പകൽ മെല്ലെ പടിയിറങ്ങുകയായ്. കൊണ്ടുപോകാനുള്ളതെല്ലാം തന്റെ ഭാണ്ടകെട്ടിൽ പെറുക്കിവയ്ക്കുകയാണിപ്പോൾ. സായാഹ്നസൂര്യന്റെ നിറം മങ്ങിയിരിക്കുന്നു.” 

“ഒരിക്കൽപോലും സന്ധ്യ ഉഷസ്സിനെ കണ്ടിട്ടില്ല, പ്രതീക്ഷകൾ നൽകിയിട്ടില്ല. പിന്നെന്തിനാ രാവിൻമാറിൽ അവൾചായുമ്പോൾ ഉഷസ്സവളെ വഞ്ചകീ എന്നുവിളിക്കുന്നത്?”

“കടൽ നീലിമയിൽ കണ്ണാടി നോക്കുന്ന സൂര്യൻ ഒന്നുകിൽ ഉഷസ്സരികിൽ ഉള്ളപ്പോൾ അല്ലെങ്കിൽ സന്ധ്യ ചാരെ അണയുമ്പോൾ സുന്ദരനാണ് എന്ന് ഉറപ്പുവരുത്തുന്നതാവാം” 

“ഒരുപക്ഷെ സന്ധ്യ ആയിരിക്കുമോ ഉഷസ്സായി പുനർജനിക്കുന്നത്? കാലചക്രത്തിന്റെ നിയമങ്ങളിൽ കുരുങ്ങി ഒരുപക്ഷെ  പോയ ജന്മം മറന്നുപോയതെങ്കിലോ?” 

“തീരം കയ്യൊഴിഞ്ഞ സന്ധ്യാംബരത്തെ
തന്നോടൊപ്പം കൊണ്ടുപോവുന്നു സൂര്യൻ
അണയാൻ പോകുന്ന നിമിഷങ്ങളിലൊന്നിലെങ്കിലും
ഒരുമിച്ചൊരു ശ്വാസത്തിൽ ഇരുഹൃദങ്ങൾ ചേരുവാൻ”

“ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ
സന്ധ്യകൾ തൻ ക്ഷണിക സൗന്ദര്യവും
ഒരു ഞൊടിയെങ്കിലും വന്നണഞ്ഞുവെങ്കിൽ …..
കൊതിപ്പൂ ഞാൻ വെറുതെയെങ്കിലും……  “

“അസ്തമയ സന്ധ്യതൻ സിന്ദൂരച്ചോപ്പുപോൽ
വർണാഭിരാമമെൻ നഷ്ടസ്വപ്നങ്ങൾ” 

“ഉഷസ്സിൻ പ്രതീക്ഷിയിൽ തമസ്സകലുമ്പോൾ
ഏതു പ്രതീക്ഷയിൽ ഞാൻ വിടവാങ്ങീടേണം
ചോദിപ്പൂ എൻ അന്തരംഗം എൻ അന്തരാത്മാവിനോട്  “

“സന്ധ്യാകാശത്ത് കുസൃതിമേഘങ്ങൾ പല ചായങ്ങളും തട്ടിത്തെറിപ്പിച്ചിട്ടുണ്ട്”

“മഴകാറുകൾ നീക്കി പെയ്തൊഴിയും ആകാശവും
സുവർണരേഖയിൽ സിന്തൂരചോപ്പു
ചാലിച്ചെഴുതുമാ അസ്തമയസൂര്യനും
ചേർന്ന് നീരാടുമീ സന്ധ്യായാമങ്ങളിൽ
മൗനിയായ് നടന്നകലും നിസ്സഹായനാം പകൽ    “

“പകലിൻ നിഴലുകൾ
കുസൃതികൾ ചാർത്തുന്ന
വർണാഭിരാമമാം
അസ്തമയ സൂര്യൻ”

“ഉദയാസ്തമയങ്ങൾക്ക്
വർണങ്ങൾ ഒന്ന്
ചേല് ഒന്ന്.
പിന്നെങ്ങനെ വ്യത്യാസം തിരിച്ചറിയും”

“ഒരു നിമിഷമെങ്കിലും അനുദിനം കണ്ടുമുട്ടിപിരിയുന്നവർ
ഒരു വാക്കു മിണ്ടിയില്ലെങ്കിലും
അദൃശ്യമായൊരു സൗഹൃദമുണ്ട്
സന്ധ്യയും താരകങ്ങളും നിലാവും തമ്മിൽ ” 

“ഉദയത്തിൽ നിന്നും അസ്തമയത്തിലേക്ക് നീങ്ങാൻ-
മണിക്കൂറുകൾ മാത്രം.
വർണങ്ങൾ ഒന്ന്, സാക്ഷിയാം സൂര്യനും ഒന്ന്
പക്ഷെ അർഥങ്ങൾ
രണ്ടു ദ്രുവത്തിലെ താരകങ്ങൾ പോലെ”

“എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ
വീണ്ടും പലകുറി തകർന്നടിയുവാനോ?
എന്തിനു പുനർജനിക്കുന്നു സാന്ധ്യസന്ധ്യകൾ വീണ്ടും
ക്ഷണികസൗന്ദര്യം നൽകി നീണ്ട അന്ധകാരം നല്കുവാനോ?”


“ഒരു കടലോളം സ്നേഹം ഉള്ളിൽ കരുതിയിട്ടും നീ എന്തേ കാലമിത്രയും മൂകസന്ധ്യ പോൽ മൗനിയായി?”

“സന്ധ്യ എല്ലാ ദിവസവും അവളുടെ കടമ പോലെ ഭൂമിയെ കാണാനെത്തും. അവൾക്കുശേഷം  സഖികളായ താരകങ്ങളും നിലാവും എത്തുമോ എന്നവൾ അന്വേഷിക്കാറില്ല”

“ചായങ്ങൾ മാഞ്ഞു തുടങ്ങിയ സന്ധ്യാമ്പരം”

“എണ്ണിയാൽ ഒടുങ്ങാത്ത നിറങ്ങളും നിറഭേദങ്ങളുമുണ്ട് സന്ധ്യാമ്പരത്തിന്
പല ചായങ്ങളിൽ ചാലിച്ച അപൂർവ വർണങ്ങൾ…..
ഏതു നിമിഷത്താണ് പുതിയ ഭാവം കൈകൊള്ളുന്നതെന്ന്
ആർക്കും പറയുവാനാവില്ല
ആ അനിശ്ചിതത്വമാണ് സന്ധ്യയെ മറ്റു ഋതുക്കളിൽ നിന്നും വ്യത്യസ്തമാക്കുന്നത്!!!!”

“വെളിച്ചമായി എന്നരികിൽ നിന്നവരുണ്ട് അൽപ്പനേരം
ഇരുളിൽ ഞാൻ തപ്പിത്തടഞ്ഞപ്പോൾ …..
പക്ഷെ എന്നെന്നേക്കുമായി എനിക്കൊരു വിളക്കേന്തുവാൻ
ആരുമില്ല എന്ന സത്യം!!!🪔🪔”
 
“അനന്ത വിഹായസ്സിൽ പറന്നകലുന്ന
പക്ഷിക്കൂട്ടങ്ങൾ പോൽ
ഓരോ പ്രതീക്ഷ അസ്തമിക്കുമ്പോഴും
കാത്തിരിക്കുന്ന കണ്ണുകൾക്കായി
മറഞ്ഞ സന്ധ്യകൾ പുനർജനിക്കുമോ???”
 
“ഇന്നും അസ്തമിക്കാത്ത പല സന്ധ്യകളുണ്ട് അകതാരിനുള്ളിൽ
കൺചിമ്മി സ്വപ്നം കാണുന്നവ”
 
“ജീവിതത്തിന്റെ എല്ലാ നിറങ്ങളും ചായങ്ങൾ തേയ്ച്ച്
സൂര്യാസ്തമയത്തിൽ ഒരുമിച്ചു അണിനിരന്നു നിൽക്കും,
അവരുടെ ഊർജ്ജസ്വലമായ രൂപത്തിൽ,
ഒരു അവസാന നാടകത്തിന്!!!”
 
“സൂര്യാസ്തമയത്തോടെ അസ്തമിക്കണം,
മറ്റൊരു തിരിച്ചുവരവില്ലാതെ”
 
“കൂടെ തങ്ങാൻ ഒന്നുമില്ല എന്ന ഓർമ്മപ്പെടുത്തലുമായ് വന്നുപോവുന്ന ഓരോ സന്ധ്യകൾ”
 

“അസ്തമിക്കാത്ത സന്ധ്യകൾ ഇനിയെത്ര ബാക്കി ഉണ്ടാവാം?”

“ചായങ്ങൾ മാഞ്ഞുതുടങ്ങി സന്ധ്യാമ്പരത്തിന്
ഇനിയെത്ര നാൾ പിടിച്ചുനിൽക്കാനാവും
മുഖംമൂടി നഷ്ടപ്പെട്ടാൽ
രാവിൽ അലിഞ്ഞുചേരാതെ മറ്റൊരു മാർഗമില്ല അവൾക്ക്!”
 
“ശരത് സന്ധ്യയിലെ അവസാന ഇല കൊഴിഞ്ഞപ്പോഴേക്കും
അവർ തീർത്തും അപരിചിതരായ രണ്ടുപേരായി കഴിഞ്ഞിരുന്നു”
 

“അസ്തമിക്കാത്ത സന്ധ്യകളുടെയും അസ്തമിച്ച സന്ധ്യകളുടെയും എണ്ണം ഏറെ കുറെ ഒന്നുപോലെയാണല്ലേ?”

“അസ്തമിച്ച സന്ധ്യകൾ വീണ്ടുമുദിക്കുന്ന
മറ്റൊരു ലോകമുണ്ടോ മറ്റെവിടെയെങ്കിലും?”
 
“ഞാനിന്നും പഴയ സന്ധ്യാമ്പരം തന്നെ
ഇപ്പോൾ തെളിയുന്നത് പുതിയ വർണങ്ങൾ എന്ന് മാത്രം 🌈💫”

Also read: Different interpretations of Sunset

(Visited 514 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: