ഹൃദയം യുദ്ധത്തിലാണ്

വലിയ പടവെട്ടലുകൾ എപ്പോഴും നടക്കുന്നത്
മനസ്സിന്നുള്ളറകളിലാണ്
അവിടെ സൂര്യരശ്മികൾ പതിക്കുന്നില്ല
കുറ്റാകൂരിരുട്ടാണ് എവിടെയും
ചന്ദ്രരശ്മികളും അങ്ങകലെയാണ്
നക്ഷത്രങ്ങളോ ആകാശസീമകൾ കടന്നിട്ടുണ്ടാവണം.

സമസ്യകളുടെ കുരുക്ക് അഴിയാതിരിക്കുമ്പോൾ
അവ കൂടുതൽ മുറുകി ശ്വാസം മുട്ടിക്കുമ്പോൾ
എന്ത് സംഭവിച്ചാലും പ്രതികരിക്കരുതേ എന്ന്
ലോകം ആവർത്തിച്ചനുശാസിക്കുമ്പോൾ
ഹൃദയത്തിൽ പലരും പലകുറി കുത്തിനോവിക്കുമ്പോൾ,
അനുനിമിഷം ചോരയിറ്റിറ്റ് വീഴുമ്പോഴും
മരപ്പാവയായ് അഭിനയിക്കേണ്ടി വരുമ്പോഴും
മരവിച്ചു പലതവണ മരിച്ചാലും
ആർത്തനാദം കേൾക്കാൻ ആരുമുണ്ടാവില്ല
നിനക്കൊരു മരണമില്ല, ഒരു പുനർജനനവും.

വിട്ടകന്ന പല ചക്രങ്ങളും ഒരുമിക്ക വേദനകളും
ഒട്ടും കരുതാത്ത നിമിഷം തിരിച്ചണയുമ്പോൾ
പണ്ട് കുഴിച്ചുമൂടിയ ചോദ്യങ്ങൾ പലതും
എതിർചോദ്യമെറിഞ്ഞുകൊണ്ട്
തിരമാലകൾപോൽ ആർത്തുല്ലസിച്ചു –
ഉന്മാദനൃത്തമാടി
കാതടപ്പിക്കുന്ന ശബ്ദവാദ്യങ്ങളുമായ്
മറ്റൊരു വരവേൽപ്പിനായി കാത്തുനിൽക്കുന്നുണ്ടാവാം
വിധി മറ്റൊരു പുനരവലോവനത്തിനും!!

Image source: Pixabay

 

(Visited 39 times, 1 visits today)