ചില തോന്നലുകൾ
“നടന്നകന്ന കാതമത്രയും
തിരികെ സഞ്ചരിച്ചൊരുനാൾ
എന്റെ മുന്നിൽ വന്നു നീ നിൽക്കും
അപ്പോൾ കണ്ണുകളിൽ ബാധിച്ച വാർദ്ധക്യവും
കാലം സമ്മാനിച്ച ജടനരകളുമായ്
ഞാൻ നിന്നെ നോക്കും
ജയിച്ചുവോ തോറ്റുവോ എന്നുപോലും
വേർതിരിച്ചറിയാനാവാതെ”
“പ്രായംകൂടിയോ എന്നിപ്പോൾ ശങ്കിക്കുന്നവർ പത്തു വർഷങ്ങൾക്കപ്പുറം പറയും, “ഞാൻ അന്ന് എത്ര ചെറുപ്പമായിരുന്നു!”. എപ്പോഴും ഇന്നത്തെ നിമിഷങ്ങളാണ് നാളെത്തെതിനേക്കാൾ സുന്ദരം”
“ഈ ലോകം വിട്ടു പോകുമ്പോൾ എന്തെങ്കിലും നൽകിയിട്ട് പോകാൻ എനിക്കാവണം, എന്റേതായ എന്തെങ്കിലും ഒരു സംഭാവന. ഒന്നിനും കഴിഞ്ഞില്ലെങ്കിലും കുറച്ച് എഴുത്തുകളെങ്കിലും ബാക്കി ഉണ്ടാവും.”
“മിഴികൾ മയങ്ങി പോകും സ്വപ്‌നങ്ങൾ കാണണം
ആ സ്വപ്നങ്ങളിൽ വീണു മയങ്ങാൻ ഒരു രാത്രിയും ജനിക്കണം”
“എത്ര കഠിനാധ്വാനം ചെയ്താലും ഒരു ചെറിയ അംശമെങ്കിലും നഷ്ടമാവാതെ ഇരിക്കില്ല. നമുക്ക് വിധിച്ചിട്ടുള്ളത് എന്തായാലും നമുക്ക് തന്നെ കിട്ടും എന്ന് സമാധാനപ്പെടാൻ പഠിക്കണം”
“ഒന്ന് നോക്കിയാൽ ഒന്നും എഴുതാത്ത വർണങ്ങളില്ലാത്ത കടലാസുപോലുള്ള ജീവിതം നല്ലതാ…നമുക്കിഷ്ടമുള്ള വർണങ്ങളും ചിത്രങ്ങളും ഇഷ്ടമുള്ള രീതിയിൽ കോറിയിടാമല്ലോ”
“ഇരുകണ്ണറിയാതെ ഉറങ്ങാൻ കഴിയുമോ?”
“മരണ ശേഷം നക്ഷത്രങ്ങളായ് ജീവിക്കുന്ന കഥകളെ കുറിച്ചും സങ്കൽപ്പങ്ങളെ കുറിച്ചും ഒരുപാട് കേൾക്കാറുണ്ട്. വരും ദിനങ്ങളെകുറിച്ചോ ഭാവിയെകുറിച്ചോ നിശ്ചയമില്ല! ജീവിച്ചിരിക്കുന്ന കാലം ഈ ഭൂമിയിൽ ഒരു കുഞ്ഞുനക്ഷത്രമായ് ജീവിച്ചുമരിക്കാനാണ് ഇഷ്ടം, എന്നിലെ ചൈതന്യം മറ്റുള്ളവർക്ക്കൂടി സമ്മാനിച്ചുകൊണ്ട്. ഒരു കുഞ്ഞുനക്ഷത്രത്തിന്റെ സംഭാവനകൾ ലോകത്തിനു നൽകിയശേഷം വിടവാങ്ങണം….. അതിനുകഴിയും എന്നുറച്ചു വിശ്വസിച്ചു ജീവിക്കണം”
“നീ മറന്ന പലതും എന്റെ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടാവാം, ഞാൻ മറക്കാൻ ശ്രമിച്ച പലതും നിന്റെ ഓർമകളിലും….”
“എല്ലാരുടെ മനസ്സും എന്റെ മനസ്സുപോലെ എന്ന് ചിന്തിക്കുന്നതെന്തിനാവോ?
പല സത്യങ്ങളും അംഗീകരിക്കാൻ ബുദ്ധിമുട്ടുന്നതിനുള്ള രഹസ്യവും മറ്റൊന്നല്ല.
ഇങ്ങനെ കുരുങ്ങികിടക്കും മനസ്സ്, ഏയ് അങ്ങനെ ഒന്നും അല്ല എന്ന് ചിന്തിച്ച്”
“എല്ലാം വിരസതയുടെ പുതിയ അധ്യായങ്ങൾ മാത്രം
എല്ലാം ആവർത്തനത്തിന്റെ പഴയ അധ്യായങ്ങൾ മാത്രം
നീയും ഞാനും നമുക്ക് ചുറ്റും കറങ്ങുന്ന പ്രപഞ്ചം മുഴുവനുമേ
ഘടികാരത്തിന്റെ സൂചികൾക്കിടയിലെ ആവർത്തനങ്ങൾ!!!”
“നമ്മളെ രക്ഷിക്കാനുള്ളത് നമ്മൾ തന്നെയാണ്….
അവിടുന്നാരോ വരാനുണ്ട്…
ഇവിടുന്നു ഒരാളുണ്ട്…
അതൊക്കെ വെറും തോന്നലാ…..”
“യാചിച്ചു വാങ്ങുന്ന ഒന്നും സന്തോഷം തരുമെന്ന് തോന്നുന്നില്ല”
“മറ്റുള്ളവർ പെരുമാറുന്നത് അവരുടെ സ്വഭാവം പോലെയല്ലേ
എന്ന് കരുതി എനിക്ക് എന്റെ സ്വഭാവം അവരെ പോലെ മാറ്റാൻ പറ്റുമോ,
ഞാൻ ഞാനല്ലാതായി തീരുമോ?”
“ഇച്ഛാശക്തി തീവ്രമാണെങ്കിൽ മരണത്തിനുപോലും വഴിമാറി സഞ്ചരിക്കേണ്ടിവരും”
“നാം പോലുമറിയാതെ പുനർജനിക്കുന്ന നിമിഷങ്ങളുണ്ട്
അത് ആരും നിർബന്ധിച്ചു ചെയ്യുന്നതല്ല
മറിച്ച് അങ്ങനെ സംഭവിച്ചുപോവുന്നതാണ്.
അപ്പോൾ ഭൂതകാലം ചികയാൻ ശ്രമിച്ചാൽ
ഒരു പുകമറയ്ക്കപ്പുറം നിൽക്കുന്ന പ്രതീതിയാണ്,
ഒരുപക്ഷെ സ്വയം ആരെന്നു ചോദിക്കേണ്ട അവസ്ഥ
ഞൊടിയിൽ പഴയതെല്ലാം
കാല്പനികമെന്ന് തോന്നിയേക്കാം”
“കണക്കുകൂട്ടലുകൾ മൊത്തം താളംതെറ്റുമ്പോൾ
ചിരിക്കാനാ തോന്നാറ്
അല്ലെങ്കിലും, ജീവിതമേ ഒരു തമാശയായി മാറിയിട്ട്
കാലമേറെയായില്ലേ!!
ഈ ജീർണിച്ച ഓർമകളിലും
പൊയ്‌പ്പോയ കാലങ്ങളിലും
നീയെവിടെയോ ഉണ്ട് എന്ന തോന്നൽ തന്നെ ധാരാളം”
Recent Comments