അമ്പിളി

ഒരിടത്തൊരിക്കൽ ഒരു അമ്പിളി ഉണ്ടായിരുന്നു
അവളുടെ ഹൃദയം തകർന്നതായിരുന്നു.
ചുറ്റും നിന്ന് തിളങ്ങിയ താരങ്ങളോട്
അവളുടെ ഹൃദയവേദന പറയുമായിരുന്നു
മുറിവേറ്റ ഹൃദയം കാട്ടി കരയുമായിരുന്നു.
സ്വയം കത്തിജ്വലിച്ചുനിന്ന താരങ്ങളെല്ലാം
മുതലക്കണ്ണീർ കാട്ടി അവളെ വിശ്വസിപ്പിച്ചു,
അവളുടെ അവസ്ഥയിൽ അവർക്ക് ദുഃഖമുണ്ടെന്ന്.
എന്നാൽ സത്യത്തിൽ അവളെ ആരും-
തിരിഞ്ഞുനോക്കിയില്ല

സ്വന്തമെന്നു കരുതാൻ വെണ്ണിലാവ്
പോലുമില്ലാത്ത അവൾ
പതിയെ തന്നിലേക്ക് ചുരുങ്ങി തുടങ്ങി
അവൾ സംസാരം നിർത്തി,
സ്വന്തം പണിപ്പുരയിൽ കേറി
പൊട്ടിപൊളിഞ്ഞ ഹൃദയം
വിളക്കി ചേർത്ത് തുടങ്ങി.
അവളെ ഇന്നാർക്കും അറിയില്ല
ഒരുപക്ഷെ തിരിച്ചറിയാൻ കഴിയാത്തതാവാം
ഒരു പുതിയ തിങ്കളായ് ഉദിച്ചുയർന്നുവോ
അതോ അമാവാസിയായി അസ്തമിച്ചുവോ,
ആരും തിരക്കാറില്ല, ആർക്കും അറിയില്ല താനും

 

(Visited 27 times, 1 visits today)