എനിക്ക് നിന്നോട് പറയുവാനുള്ളത്

“ചോദിക്കേണ്ട കാര്യങ്ങൾ അവസരങ്ങൾ കിട്ടുമ്പോൾ ചോദിക്കുക. ഒരുപക്ഷെ പിന്നീടൊരിക്കലും അവസരം കിട്ടിയില്ല എന്ന് വരാം”

“നിന്നെ ഞാൻ ആദ്യമായി അറിയുന്ന നിമിഷംവരെ വെറുമൊരു കൗതുകമായിരുന്നു നീ എനിക്ക്, ലോകം മുഴുവൻ ആരാധനയോടെ കണ്ടിരുന്ന ഒരു താരകം. ചിറകൊടിഞ്ഞ പക്ഷികളായ് മുഖാമുഖം നോക്കിയ ഒരു നിമിഷമുണ്ടായിരുന്നു നമുക്ക്, ഒരേതൂവൽ പക്ഷികൾ എന്ന് തിരിച്ചറിഞ്ഞു കണ്ണുനീർ വാർത്ത നിമിഷം.നമ്മളന്നൊരുമിച്ചു ഒരു ദിശയിൽ ആകാശത്തു നോക്കി നിന്നപ്പോൾ നമ്മളിരുവരുടെയും പ്രപഞ്ചം മാറിമറിയുന്നതും അറിയുന്നുണ്ടായിരുന്നു”
 

“ഞാനെഴുതുന്ന അക്ഷരങ്ങളിൽ
നിനക്ക് നിന്നെ വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ
നിന്നിൽ ഞാൻ എന്നോ ഒരു നാൾ മരിച്ചുപോയി എന്നാണ്,
ഒരുപക്ഷെ നിന്നെ നീ അറിയുന്നതിലും വളരെ പണ്ട്”

“നിന്റെ സാമീപ്യം എന്റെ ആയിരം ശരത്കാലങ്ങളെ പുഷ്പിക്കുമ്പോൾ അതിനൊരു പ്രത്യേക സൗരഭ്യമുണ്ട്. അപ്പോൾ എനിക്ക് നിന്നോട് പറയുവാൻ തോന്നും എന്റെ വേനൽകാലത്തിനും വർഷകാലത്തും നീ കൂടെയുണ്ടാവണമെന്ന്…. എന്റെ വാടിക്കരിഞ്ഞ പൂക്കളിൽ നമ്മൾക്കൊരുമിച്ചു വസന്തം പുഷ്പിക്കാമെന്ന്… അങ്ങനെ തീർക്കുന്ന പൂങ്കാവനത്തെ മേഘങ്ങളും താരങ്ങളും ചന്ദ്രികയാലും അലങ്കരിക്കാമെന്ന്….
നീ എന്റെ കൂടെ ഉണ്ടാവില്ലേ?”

“നിന്നരികിൽ നിൻ നിഴലിനേക്കാളും അടുത്ത് ഞാൻ നിൽക്കുന്നത് എപ്പോഴെങ്കിലും നീ ശ്രദ്ധിച്ചിട്ടുണ്ടോ? എന്റെ സാമീപ്യം കൊതിക്കും നിമിഷങ്ങളിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി, നിനക്കവിടെ എന്നെ കാണാൻ കഴിയും, നിന്റെ ഹൃദയത്തുടിപ്പുകളുടെ കണക്കെടുക്കുന്ന എന്നെ.”

“ഇരുണ്ട വർണ്ണങ്ങളിലാണ്
നിന്റെ പേര് ഞാൻ എപ്പോഴും എഴുതി ചേർക്കാറ്.
മഴക്കാറിനൊപ്പം, നീലതിരമാലകൾക്കൊപ്പം
കൃഷ്ണന്റെ കാർനീലവർണത്തിനൊപ്പം
രാത്രിയുടെ ഇരുളിൽ എന്നപോലെ
ചിന്തകളിൽ ഒളിപ്പിക്കാനെളുപ്പം
നിന്റെ പേര് കാർമേഘത്തോടൊപ്പം എഴുതിച്ചേർത്താൽ
അവ പെട്ടെന്നു പെയ്തൊഴിഞ്ഞു
എന്നരികിലെത്തില്ലേ🌪️💫”
 
“എന്റെ നിശ്ശബ്ദതയിലല്ല
എന്റെ വാക്കുകളിലാണ് നിനക്ക് സ്ഥാനം”
 
“ഞാനൊരിക്കൽ പോലും പറയാതിരുന്നിട്ടും
എന്റെ ഹൃദയരാഗം നീയെങ്ങനെ തിരിച്ചറിഞ്ഞു?
ഞാനെപ്പോഴും എന്റെ നൊമ്പരങ്ങൾ
ആഴക്കടലിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കുമ്പോഴും
ഞാൻപോലുമറിയാതെ
നീയെങ്ങനെ അവ മുങ്ങിയെടുത്തു?”
 
“ഒരു പ്രപഞ്ചത്തിന്റെ ഇരുസീമയിലായിരിക്കാം നമ്മൾ ഇരുവരും
പുഴയുടെ ഇരുതീരങ്ങൾ പോലെ.
എങ്കിലും…. എത്രത്തോളം നീ അകലുവാൻ ശ്രമിക്കുമോ,
അത്രയും അരികിൽ നിനക്കെന്നെ കാണാം.
വിശ്വാസമില്ലെങ്കിൽ
ആ കണ്ണുകൾ ഒന്ന് അടച്ചുനോക്കൂ”
 
“നീയുമായി കണക്ട് ചെയ്യാത്ത നാളുകളിൽ
ഞാനെങ്ങനെയാ നിനക്കുവേണ്ടി പാടുക,
പാട്ടുകൾ തിരഞ്ഞു കണ്ടെത്തുക……?”
 
“എന്റെ ഏഴഴകുള്ള മഴവില്ലിലെ ഏതു വർണമാണ് നീ?
നീ എന്നിൽ ഒളിപ്പിക്കുന്ന വർണമെപ്പോഴും ചുവപ്പാണ്
ഭ്രാന്തിന്റെയും ചോരയുടെയും നിറം
പ്രണയത്തിന്റെയും യുദ്ധങ്ങളുടെയും കഥകൾ –
കോറിയെഴുതുന്ന നിറം
മഴവില്ലിൻ അവസാനമലിയുന്ന വർണവും….
മാണിക്യത്തിൻ അരുണിമയുടെ ചേലും പറയാതെ വയ്യ”
 
“നിന്നെ വാക്കുകളിലൂടെ അറിയാൻ ശ്രമിക്കുന്നു
മൗനത്തിലൂടെയും”
 
“നിന്നിൽ എന്റെ അംശങ്ങൾ കണ്ടെത്തിയ ദിനം
മഴമേഘങ്ങൾ നൃത്തംവയ്ച്ചു.
മനസ്സിൽ ആരോരുമറിയാതെ ഒളിപ്പിച്ചുവച്ച
കാർമേഘകെട്ടുകൾ തിമിർത്തുപെയ്തു.
അന്ന് ഞാൻ ആദ്യമായി ചിരിച്ചപ്പോൾ
എനിക്ക് തന്നെ വിചിത്രമായ് തോന്നി.
ആകാശങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ
ഒന്ന് രണ്ടു തുള്ളി ജലം എന്റെ മേൽ ഇറ്റിറ്റു വീണു,
ഒന്ന് രണ്ടു താരങ്ങൾ അങ്ങിങ്ങായി മിന്നി തിളങ്ങി”
 
“എന്റെ ഭ്രാന്തമായ ഭാവനകളിൽ എവിടെയോ നീയുണ്ട്
സാഗരങ്ങൾ ഉള്ളിലൊളിപ്പിച്ച മഴവില്ലു പോലെ💫✴️🌪️🌈”
 
“നിൻ വേനലുകളും ശരത്കാലങ്ങളും എനിക്ക് നൽകൂ
പകരാം നല്ക്കാം എന്റെ വസന്തവും ചാറ്റൽമഴകളും
നീ നൽകൂ നിൻ കാർമേഘങ്ങളും തോരാത്ത തുലാവർഷവും
പകരാം നല്ക്കാം എന്റെ പുഞ്ചിരിക്കുന്ന എല്ലാ വെള്ളമേഘങ്ങളും
നിന്നുള്ളിൽ ആർത്തിരമ്പുന്ന തിരകളും കൊടുംകാറ്റുകളും
എണ്ണമെടുത്തു നീ നൽകിയാൽ
പകരം നൽകാം,
എൻ സാമീപ്യമരുളുന്ന ചന്ദനക്കാറ്റിൻ സുഗന്ധം”
 
“വാക്കുകൾക്ക് എത്രകാലം കാത്തിരിക്കാനാവും,
വിരൽത്തുമ്പുകളിൽ
മിഴിക്കോണുകളിൽ
മഷിത്തണ്ടിനുള്ളിൽ
ചുണ്ടുകളിൽ
ഒരക്ഷരം ഉരിയാടാതെ?
തിരകൾപോലെ മനസ്സിൽ വന്നു തുളുമ്പിയാലും
പെയ്യാതെ മടിച്ചു നിൽക്കാൻ
വാക്കുകൾക്ക് എത്രകാലം കഴിയും?”
 
“തിങ്കളിൻ കാലൊച്ചകൾ കാതോർത്ത്,
രാത്രിയുടെ അന്ത്യയാമം വരെ കാത്തിരിക്കാൻ
ശക്തി നൽകണേ എന്ന് പ്രാർത്ഥിച്ച്‌
ആദിത്യദേവന് മുന്നിൽ മിഴികൾ പൂട്ടി
ഒരു പാവം നിശാഗന്ധി 😌😌🥀🥀”
 
“വാക്കുകളെ മൗനത്തിലലിയിപ്പിച്ച്
കടന്നുകളയാനുള്ള ജാലവിദ്യ
പണ്ടേ സ്വായത്തമാക്കിയിട്ടുള്ള
കലാകാരനാണല്ലോ നീ
വാക്കുകളാലും മൗനത്താലാലും
നിന്നോട് യുദ്ധം ചെയ്ത് തോറ്റ ചരിത്രമേ
എനിക്ക് സ്വന്തമായുള്ളൂ
ഒടുവിലത്തെ അങ്കവും ഞാൻ
തോറ്റു തുന്നം പാടി😐”
 
Image source: Pixabay
 

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: