അദ്ധ്യായം 10 – മാറ്റമില്ലാതെ തുടരുന്ന ദിനരാത്രങ്ങൾ

 
അടുത്ത ദിവസം രാവിലെ….
 
“മീരേ….”
 
കതകിൽ ആരോ ശക്തിയായി മുട്ടുന്നു. മീര കണ്ണുകൾ തുറന്നു. നേരെ നോക്കിയത് ക്ലോക്കിൽ. സമയം 7.35 കഴിഞ്ഞു.  അവളെ ചുറ്റിപറ്റി നിന്ന ഉറക്കം ഒരു നിമിഷം കൊണ്ട് എങ്ങോ പോയി മറഞ്ഞു. അവൾ ചാടിയെണീറ്റ് ചെന്ന് കതകു തുറന്നു. മുന്നിൽ അമ്മുവേട്ടത്തി നിൽക്കുന്നു.
 
“സമയമെത്ര ആയീന്നാ വിചാരം? മണി എട്ടാവാൻ പോകുന്നു. ഒൻപത് മണിക്ക് എത്താനുള്ളതല്ലേ? മുഖം കഴുകി വന്നാൽ ഒരു കപ്പ് ചൂട് കാപ്പി തരാം.”
 

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒട്ടും പ്രതീക്ഷിച്ചില്ല, എട്ടര മണിക്ക് ഇറങ്ങാൻ പറ്റുമെന്ന്. പ്രാതൽ കഴിച്ചു എന്ന് വരുത്തി. കഴിക്കാതെ ഇറങ്ങിയാൽ ശകാരം ഉറപ്പ്. കേട്ട് നിൽക്കുകയേ വഴിയുള്ളൂ. എന്തായാലും ശരി, തന്റെ ഓരോ കാര്യത്തിലും അമ്മുവേട്ടത്തി വളരെയധികം ശ്രദ്ധിക്കുന്നു, സ്വന്തം അമ്മ എന്ന പോലെ.

ചോറ്റുപാത്രവുമെടുത്ത് ഇറങ്ങിയപ്പോൾ സമയം 8.40. പിന്നെ നടക്കുകയല്ല, ഓടുകയാണ് ചെയ്തത്. ഒൻപത് മണിക്കെത്തണം, കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ബസ്സിൽ കയറിപറ്റിയപ്പോൾ സമയം 8.50നോടടുക്കുന്നു. സൂചി കുത്താനുള്ള സ്ഥലമില്ല ബസ്സിനുള്ളിൽ. എന്നാലും അടുത്ത ബസ്സിന്‌ കാത്തുനിൽക്കാനുള്ള സമയം തീരെ ഇല്ല. ഓഫീസ് സ്റ്റോപ്പിലെത്തിയപ്പോൾ തന്നെ സമയം ഒൻപത് കഴിഞ്ഞു. അൽപ്പം ഉള്ളിലേക്കാണ് ഓഫീസ്. പെട്ടെന്ന് നടന്നാൽ അഞ്ചു മിനിട്ടിലെത്താം. 9.10 നു മുമ്പായി അവൾ ഓഫീസിലെത്തി. 

“ഹോ, ആശ്വാസമായി”, അവൾ കരുതി.

“എന്താ മീരേ താമസിച്ചുപോയത്?”, പലരും തിരക്കാതിരുന്നില്ല. 

************************************************************************************

ടൈംടേബിൾ പോലെ തീർത്തും യാന്ത്രികമായ ആ ജീവിതത്തെ അവൾ വെറുത്തു തുടങ്ങിയിരുന്നു. എന്നും അതിരാവിലെ പതിവ് സമയത്ത് ഉണരുന്നു, തയ്യാറാവുന്നു, ഓഫീസിൽ പോകുന്നു, കുറച്ച് ഫയലുകൾ നോക്കുന്നു, പതിവ് സമയത്ത് അവിടെ നിന്നും ഇറങ്ങുന്നു, ബസ് കയറുന്നു, വീട്ടിലെത്തുന്നു, ഉറങ്ങുന്നു…. അങ്ങനെ പോകുന്നു. വല്ലപ്പോഴുമൊരു മാറ്റത്തിന് അമ്പലമോ, കടൽത്തീരമോ മറ്റേതെങ്കിലും ഒരിടം.

എന്നും ഒരേ സ്റ്റോപ്പിൽ നിന്നും ബസ് കയറുന്നു, വൈകുന്നേരം അവിടെ തന്നെയിറങ്ങുന്നു. അതിനു പോലുമില്ല ഒരു മാറ്റം. ഒന്നുനോക്കിയാൽ എല്ലാവരും ഇങ്ങനെ തന്നെയല്ലേ? കുറെ യന്ത്രങ്ങൾ…. തലച്ചോറ് ഉണ്ടായിരുന്നിട്ടും അത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കാത്ത യന്ത്രങ്ങൾ. അവ പരക്കം പായുന്നു അങ്ങോട്ടുമിങ്ങോട്ടും. ചിലർ പരസ്പരം കൂട്ടിമുട്ടുന്നു, ചിലർ വീഴുന്നു. അവരെ എണീൽപ്പിക്കാൻപോലും ശ്രമിക്കാത്തവർ യാത്ര തുടരുന്നു. എല്ലാരും തിരക്കിലാണ്!!!! പണത്തിനു പിന്നാലെയുള്ള ഓട്ടം. സുഖസൗകര്യങ്ങൾക്കായുള്ള ഓട്ടം.

മനുഷ്യത്വത്തിനൊന്നും വില കല്പിക്കപ്പെടുന്നില്ല പഴയതുപോലെ. അത് വെറുമൊരു കള്ളനാണയമാണെന്ന് പലരും തിരിച്ചറിയുന്നു. അങ്ങനെ ചിന്തിക്കാത്തവരെ വിഡ്ഢികളായി ലോകം മുദ്രകുത്തുന്നു. അല്ലെങ്കിലും യന്ത്രങ്ങൾക്കെവിടെയാ ഓരോന്ന് തിരിച്ചറിയാനുള്ള കഴിവ്? എല്ലാം ഇടകലർന്ന ഒറ്റ വികാരമല്ലേ ഉള്ളൂ. ആവശ്യാനുസാരം പെട്രോൾ പോലെ ഇന്ധനം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു, തുരുമ്പെടുത്ത് നശിക്കും വരെ അതങ്ങനെ സഞ്ചരിച്ച വഴികളിലൂടെ ഓടിക്കൊണ്ടേയിരിക്കും, ഒരു ടൈംടേബിൾ പോലെ.

പ്രസാദമായി ഒരു ചൂടുള്ള ചർച്ചയിലാണ് മീര. ഒരിടത്തും മുട്ടാത്ത ഒരു ചോദ്യചിഹ്നമായി അത് നിൽക്കുന്നു.

“ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നാൽ ഇതിനൊരു അന്തവും കുന്തവും കാണില്ല. ചിന്തകൾക്കെല്ലാം വട്ടുപിടിക്കുന്നതുപോലെ തോന്നുന്നു. നമുക്ക് വേറെ എന്തെങ്കിലും സംസാരിച്ചിരിക്കാം”.

പ്രസാദിന്റെ വാക്കുകൾ കേട്ട് മീരയ്ക്ക് ചിരിയാണ് വന്നത്.

“പ്രസാദിന് വട്ടു പിടിക്കുന്നു, എന്നോ? വിചിത്രം തന്നെ.”

പരിഹാസം മനസ്സിലാക്കിയിട്ട് പ്രസാദ് പറഞ്ഞു,

“പരിഹസിച്ചോ, പരിഹസിച്ചോ. അല്ലാതെ ഞാനെന്തു പറയാൻ?” 

ചിരി നിർത്തിയിട്ട് മീര ചോദിച്ചു, “എന്താ പ്രസാദേ, ജീവിതത്തോട് ഇത്ര ഇഷ്ടമാണോ?”

“എന്നാര് പറഞ്ഞു?”

“പിന്നെ?”

“ജീവിതത്തോട് ഇഷ്ടമില്ല എന്ന് പറയാറുണ്ടെല്ലാവരും. എന്നാൽ പെട്ടെന്ന് മരണം മുന്നിൽ വന്നു നിന്നാൽ…… ജീവിക്കണം എന്ന ആഗ്രഹം ചെറുതായെങ്കിലും മനസ്സിൽ സൂക്ഷിക്കുന്നവരാണ് എല്ലാവരും.”

മീര (എന്തോ ആലോചിച്ചിട്ടെന്നപോലെ), “അത് മാത്രമല്ല പ്രസാദേ കാരണം. അത് മാത്രമല്ല.”

“പിന്നെ?”

“മരിക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ഒരു മനുഷ്യനുമുണ്ടാവില്ല ഈ ഭൂവിൽ. എന്നാൽ എന്താ, എല്ലാവരും വിചാരിക്കുന്ന നിമിഷത്തിൽ തന്നെ അത് ചെയ്യുന്നുവോ? ഇല്ലല്ലോ. പ്രസാദിന് അറിയാമോ അത് എന്തുകൊണ്ടാണെന്ന്?”

“എന്താ മീരക്ക് തോന്നുന്നത്?”

“മരണം സൃഷ്ടിച്ചത് ഈശ്വരനാണ്, മരണഭയവും. മരണത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നെങ്കിൽ ഒരുപക്ഷെ, ഈ ഭൂമുഖത്ത് ഈശ്വരസൃഷ്ടികൾ ഒന്നും തന്നെ ബാക്കി കാണില്ലായിരുന്നു. ശരിയല്ലേ?”

“ശരിയാണല്ലോ മീര പറഞ്ഞത്. മനുഷ്യരാശി ഭൂമിയിൽ നിലനിർത്താൻ ഈശ്വരൻ കണ്ടെത്തിയ മാർഗം. ഈശ്വരലീല, അല്ലാതെന്തു പറയാൻ!”

“പ്രപഞ്ചത്തിലെ പല അജ്ഞാതസത്യങ്ങളിൽ ഒന്ന്. മരിക്കണമെന്ന നിഗൂഢമോഹവും മനസ്സിൽ പേറി, അതിനുള്ള ധൈര്യം ഇല്ലാതെ, അസംതൃപ്തരായി സന്തോഷമില്ലാതെ നമ്മൾക്കിടയിൽ ജീവിക്കുന്ന എത്രയോപേർ ഉണ്ടാകാം! ഒരുപക്ഷെ ആ നിർഭാഗ്യങ്ങൾ പേറുന്നവരെ നാം കാണുന്നത് വലിയ ഭാഗ്യവാന്മാരായിട്ടായിരിക്കാം! പല കണ്ടുപിടുത്തങ്ങളും മനുഷ്യൻ നടത്തുന്നുണ്ട്. എന്നാൽപോലും അവന്റെ നിലനില്പിനെക്കുറിച്ചുള്ള പല നിസ്സാര സത്യങ്ങളും മനസ്സിലാക്കാതെ പോകുന്നു. അല്ലെങ്കിലും, അറിയുന്ന സത്യങ്ങളെക്കാൾ എത്രയോ കൂടുതലാണ് അറിയാതെ പോകുന്നവ”, ആത്മഗതം എന്നതുപോലെ അവൾ പറഞ്ഞു നിർത്തി.

“അത് അങ്ങനെയാണ് മീരേ. ചെറിയ ചെറിയ സത്യങ്ങൾ നാം കാണുന്നു, വിശ്വസിക്കുന്നു. പലപ്പൊഴും അവയ്ക്ക് പിന്നിൽ ഒളിച്ചു കിടക്കുന്ന വലിയ സത്യങ്ങൾ കാണാതെ പോകുന്നു. സ്വന്തം കണ്ണിനെ മാത്രമേ നമ്മൾ വിശ്വസിക്കൂ. അതിന് കാണാൻ കഴിയാതെ പോകുന്ന കാഴ്ചകൾ അസത്യമെന്നേ മനസ്സ് ചിന്തിക്കൂ.”

ഒന്ന് ആലോചിച്ച ശേഷം മീര, “പലപ്പോഴും അങ്ങനെയാ പ്രസാദേ. മരണം പോലും വെറുമൊരു സ്വപ്നമായ് തീരുന്നു”.

എന്തർത്ഥത്തിലാണ് മീര അങ്ങനെ പറഞ്ഞതെന്ന് പ്രസാദ് ആലോചിച്ചിരുന്നു.

(Visited 50 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: