രാവിലേക്കൊരു കുടമാറ്റം
വീണ്ടും ഒരു ഉത്സവ കാലം അണയുകയായ്. തൃശൂർ പൂരത്തിന് ഇനി അധികം നാളുകൾ ബാക്കിയില്ല. പകൽപൂരവും രാത്രിപൂരവും കൊണ്ട് ഒരു ഉത്സവകാലം സമ്പന്നമാവുമ്പോൾ പ്രകൃതിക്കും നാട്ടുകാർക്കുമൊപ്പം രാവും പകലും അണിചേരുകയായ്.
ഒന്നു നോക്കിയാൽ ഓരോ സൂര്യാസ്തമയവും ഓരോ ഉത്സവകാലമാണ്…… പകലിൽ നിന്നും രാവിലേക്കൊരു കുടമാറ്റത്തിനല്ലേ സുന്ദരമായ ഓരോ അസ്തമയ സന്ധ്യയും സാക്ഷിയാവുന്നത്? വിണ്ണും നക്ഷത്രങ്ങളും ആ കാഴ്ചയ്ക്ക് കാവലാകുമ്പോൾ രാത്രിപൂരം തുടങ്ങുകയായ്. വാദ്യാഘോഷാദികൾ ഒരുക്കിയും വിണ്ണിൽ പൂത്തിരികൾ തെളിയിച്ചതും നക്ഷത്രങ്ങൾ രാത്രിയെ ഒരു ആഘോഷമാക്കി മാറ്റുമ്പോൾ പൂർണചന്ദ്രന്റെ വദനത്തിൽ തെളിയുന്നത് ആയിരം നെയ്‌വിളക്കുകളുടെ വർണശോഭ.
രസം കെടുത്താനായി രാത്രിമഴ എത്തിയാലും, അവൾ തന്റെ കാർകൂന്തൽ പൂർണേന്തുവിൻ മുഖത്തേക്ക് വാരി വിതറിയാലും മനം മയക്കും ഒരു ചെറുപുഞ്ചിരിയിൽ കൂന്തൽ മെല്ലെ തട്ടിമാറ്റികൊണ്ട് ഉത്സവലഹരിയിൽ ആറാടും അവൾ – ഇന്ദു. അസൂയ മൂത്ത രാത്രിമഴ അവളെ നനച്ചു കുതിർത്തു കടന്നുകളയുമ്പോഴും, അവൾ തെളിയിച്ച വർണ്ണത്തിരികൾ കെടുത്താൻ ശ്രമിക്കുമ്പോഴും അതൊന്നും കാര്യമാക്കാതെ പൂത്താലമേന്തിയവൾ താലപ്പൊലി സംഘത്തിനൊപ്പം ചേരുകയായ്.
കരി വീരന്മാരെ പോലെ നിര നിരയായി നിമിഷങ്ങൾ ഓരോന്നും പിറവി എടുക്കുമ്പോഴും, ചമഞ്ഞു നിന്ന ശേഷം ആഘോഷങ്ങൾക്കൊടുവിൽ കൊഴിഞ്ഞു വീഴുമ്പോഴും, ഒടുവിൽ…. കാവലായി നിന്ന കരിനിറം ചോര പൊടിഞ്ഞുകൊണ്ട് ആകാശനീലിമയിൽ ലയിച്ചില്ലാതാകുമ്പോഴും അന്ത്യയാമത്തിനൊടുവിൽ തിരിതാഴ്ത്തി മെല്ലെ അവൾ നടന്നകലുകയായ് പകൽപക്ഷി കൂവുന്ന ദിക്കിലേക്ക്, ഇനി മറ്റൊരു ഉത്സവകാലത്തിൻ തയ്യാറെടുപ്പുകൾക്കായി. കാത്തിരിക്കുക.
“പകലിൽ നിന്നും രാത്രിയിലേക്കൊരു കുടമാറ്റം
വിണ്ണും നക്ഷത്രങ്ങളും ആ പൂരത്തിന്
വാദ്യഘോഷാദികൾ തീർക്കുമ്പോൾ
പൂർണേന്തുവിൻ വദനത്തിൽ
ആയിരം തിരിയിട്ട നെയ്‌വിളക്കിൻ ചന്തം…..”
Image Courtesy: Pixabay
Good one
Thank You 🙂
അടിപൊളി. ഷെയർ ചെയ്തോട്ടെ
അതിനു എന്നോട് അനുവാദം ചോദിക്കാനോ? You are welcome 🙂
പുതിയ വെബ്‌സൈറ്റിലേക്ക് വന്ന ആദ്യ കമന്റ് ആണ്… very positive 🙂
മനോഹരമായ ഭാവന. ആശംസകൾ!!
Thank you sir 🙂