രമണൻ എന്ന മഹാകാവ്യത്തിലൂടെ അമരത്വം നേടിയ ഇടപ്പള്ളി രാഘവൻ പിള്ള
നാളെ മലയാളത്തിന്റെ പ്രിയകവി ഇടപ്പള്ളി രാഘവൻ പിള്ള മരിച്ചിട്ട് 81 വർഷം തികയുന്നു. നഷ്ടപ്രണയത്തിനു ബദലായ് സ്വന്തം ജീവനെ ഹോമിച്ച് പ്രണയിക്കുന്നവരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കവി. കാലങ്ങൾക്കിപ്പുറവും മനുഷ്യ നയനങ്ങളെ ആർദ്രമാക്കാൻ കഴിയുന്നതാണ് ഇടപ്പള്ളിയുടെ കരളലിയിക്കുന്ന പ്രണയകഥ.
രമണൻ എന്ന ആട്ടിടയനിലൂടെ മഹാകവി ചങ്ങമ്പുഴ സ്വന്തം സുഹൃത്തിന്റെ ജീവിത കഥ പറഞ്ഞപ്പോൾ തേങ്ങാത്ത ഹൃദയങ്ങൾ വിരളമായിരുന്നു. ഇന്നും ഇടപ്പള്ളി എന്ന നിരാശാ കാമുകൻ ജീവിക്കുന്നു ജനഹൃദയങ്ങളിൽ, ‘രമണൻ’ എന്ന മഹാകാവ്യത്തിലൂടെ. പ്രിയ സുഹൃത്തിന് ചങ്ങമ്പുഴ സ്വന്തം കൃതിയിലൂടെ അമരത്വം നൽകി എന്ന് പറഞ്ഞു വയ്ക്കാം; മലയാള കവിതാ ശാഖയിൽ കേരളക്കര കണ്ട ഏറ്റവും നല്ല സൗഹൃദം.
സ്വപ്നജീവി ആയിരുന്നു ഇടപ്പള്ളി, അന്തർമുഖനും. സ്വന്തം ജീവിതം വരികളിലൂടെ പറഞ്ഞപ്പോൾ മരണവും നിരാശയും പ്രിയ സഖികളായ് കൂടെ നിന്നു. മരണത്തിനു അതുവരെ കാണാത്ത സൗന്ദര്യം അദ്ദേഹം കവിതകളിലൂടെ നൽകി. അവസാനം മരണത്തെ തന്നെ സഖിയായ് വരിച്ചു, എല്ലാരേയും ഞെട്ടിച്ചുകൊണ്ട്, തന്റെ 27 ആം വയസ്സിൽ.
വെറും പത്തുവർഷമേ ഇടപ്പള്ളി കവിതാലോകത്തു നിന്നുള്ളൂ, പക്ഷെ കവിതകളെ ജനപ്രിയമാക്കിയ ഇടപ്പള്ളി പ്രസ്ഥാനം 1930കളിൽ തുടക്കംകുറിച്ചു, പ്രിയ സുഹൃത്ത് ചങ്ങമ്പുഴക്കൊപ്പം. അകാലത്തിൽ പൊലിഞ്ഞ ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ വന്ദനം.
Recent Comments