കാലം
“ചില നിമിഷങ്ങൾ ഒരിക്കലും പുനർസൃഷ്ടിക്കാനാവില്ല, അന്ന് കൂടെയുണ്ടായിരുന്ന വ്യക്തിക്ക് ഒപ്പമാണെങ്കിൽകൂടി. കാലം ഒപ്പുവച്ചുപോവുന്ന പല അവസരങ്ങളും ചില നിമിഷങ്ങളും അങ്ങനെയാണ്, അതിനു സാക്ഷിയാവുന്നവർ മാറിയില്ലെങ്കിലും… കാരണം കാലം മാറിയിട്ടുണ്ടാവാം!!”

“ചില ഇന്നലെകളുടെ സന്തോഷം നാം വെറുത്തവർക്കു കൂടി അവകാശപ്പെട്ടതാണ് . അവരുടെ പരാജയം നമുക്ക് നേടിത്തന്ന വിജയങ്ങൾ. “
“ഓരോരുത്തർക്കും അവരുടേതായ കണക്കുപുസ്തകവും, അവർ കുറിക്കുന്ന കണക്കുകളും.”
“ഈ നിമിഷം ജീവിക്കുന്ന ജീവിതമാണ് ഒരാളുടെ പ്രായം നിർണയിക്കുന്നത്, ജീവിച്ചു തീർത്ത വർഷങ്ങളും ജീവിതവുമില്ല”
“കാലം ഉത്തരം തരാതെ കളിപ്പിച്ച് മുന്നോട്ട് നടത്തുമ്പോൾ
ചിലപ്പോഴെങ്കിലും കൊതിച്ചുപോവും
അപ്രിയമായവ എങ്കിലും
ഒരു പിടി കൊഴിഞ്ഞ നിമിഷങ്ങൾ തിരികെ തന്നിരുന്നുവെങ്കിൽ എന്ന് “
“മടങ്ങിയെത്താൻ എനിക്ക് കൊതിയില്ലാതെയല്ല
പക്ഷെ കാലം നമുക്കിടയിൽ വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു”
“ഒരു നിമിഷത്തിൽ പൊഴിയുന്ന വാക്കുകൾ പലതും കാലം അതിന്റെ ഉള്ളിൽ ഒളിച്ചുവയ്ക്കും.
തിരിച്ചു നൽകുന്നത് പലപ്പോഴും തീർത്തും വിചിത്രമായ ഭാവങ്ങളിൽ, രൂപങ്ങളിൽ”
“ജീവിതത്തിൻ കണക്കുകൾ എഴുതികൂട്ടാൻ മാത്രം ഞാൻ ആളല്ല
നാളേയ്ക്ക് കൊടുക്കാനൊരു വാഗ്ദാനവും
വിശ്വാസം എന്നിലൂടെ കടന്നുപോവുന്ന
ഈയൊരു നിമിഷത്തിൻ നിശ്ചിതത്വത്തെ മാത്രം”
“മനോധൈര്യം ചോർത്തിയവയിൽ ചേർക്കപ്പെട്ട നിമിഷങ്ങളിൽ പലതും
ശരിക്കും മനോധൈര്യം നേടിത്തന്നവ ആണെന്ന് തിരിച്ചറിയുന്നത്
കാലങ്ങൾക്കപ്പുറം ആവാം”
“ചോദ്യങ്ങൾക്ക് ഉത്തരം നല്കണമെന്നില്ല കാലം
മുറിവുകൾക്ക് മരുന്നേകുമ്പോൾ,
പ്രശ്നങ്ങൾക്ക് പരിഹാരമേകുമ്പോൾ…
മുന്നോട്ട് ചലിക്കുക,
അത്ര തന്നെ !!”
“വാക്കുകളിൽ നിന്നളന്നെടുക്കാം കാലാന്തരങ്ങളായി ബന്ധങ്ങളിൽ കൈവന്ന ഋതുഭേദങ്ങളും രൂപമാറ്റങ്ങളും. സാഹചര്യം മാറുന്നില്ല, വ്യക്തികളും
എന്നാലും….
മാറിമറിയാം ചില കാഴ്ചപ്പാടുകൾ
കാലങ്ങൾക്കിപ്പുറം
ബന്ധങ്ങളുടെ അടുപ്പത്തിൻ-
കാഠിന്യം കുറയുമ്പോൾ”
Image Source: Pixabay
Recent Comments