മിഥുന മഴയിൽ വീശിയടിക്കുന്ന കാറ്റിൽ വേദമന്ത്രങ്ങളുടെ പ്രാചീനസ്വരങ്ങള്‍. സന്ധ്യയ്ക്ക് രാജഭാവം കൈക്കൊള്ളുന്ന ശ്രീരാമസ്വാമിയുടെ ക്ഷേത്രം. ഋഗ്വേദ പാലന പാരമ്പര്യത്തിലെ അത്യപൂര്‍വമായ അനുഷ്ഠാനം നടക്കുന്ന ഭൂമി. കഥകളും ഉപകഥകളും ഐതിഹ്യങ്ങളും ചരിത്രവും സാംസ്കാരിക പൈതൃകവും നിറഞ്ഞ അന്യോന്യത്തിന്റെ നാട് – കടവല്ലൂര്‍. അവിടെ നാല് ഭാവങ്ങളിൽ കുടികൊള്ളുന്ന ഭഗവാൻ. കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അന്യോന്യത്തെക്കുറിച്ച് അറിയാം

മഴയുടെ മഞ്ഞുവെട്ടത്തിലൂടെ കാണാം കച്ചേരിമാളികയില്‍ വിളക്കുകള്‍ ഒന്നൊന്നായി തെളിയുന്നു. ഉപദേവതാക്ഷേത്രത്തിലും കൂത്തമ്പലത്തിലും വിളക്കു തെളിച്ച് ശ്രീരാമനു മുന്നില്‍ ആദ്യത്തെ ദീപാരാധന. ശ്രീ രാമസ്വാമിയുടെ നാലു ഭാവങ്ങളാണ് ഇവിടെ. വനവാസത്തിനു പുറപ്പെടൂന്ന ഭാവം. വരുണനോട് കോപിക്കുന്ന ഭാവം, പട്ടാഭിഷേകംകഴിഞ്ഞ് രാജാധികാരംകൈക്കൊള്ളുന്ന രാജഭാവം, പിന്നെ അര്‍ധരാത്രിക്കുശേഷം ശങ്കരനാരായണഭാവം. രാജ ഭാവത്തിൽ കുടികൊള്ളുന്ന ശ്രീരാമനെ തൊഴുത് ക്ഷേത്രമെന്ന് വലം വയ്ക്കുമ്പോൾ നാം അറിയുന്നു ജ്ഞാനത്തിന്റെ അടയാളപ്പെടുത്തലുകൾ. കാലം കടന്നുവന്ന വഴിത്താരകൾ.
കടവല്ലൂരിലെ കോദണ്ഡപാണിയായ ശ്രീരാമൻ
മഹാക്ഷേത്രങ്ങളുടെ വാസ്തുവിദ്യാ സവിശേഷതകളും താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണതയുമാണു കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത. എണ്ണൂറു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്നു. ഏറെ വിശേഷപ്പെട്ട ഇരുനില ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത. (ശീകോവിലിനു ചുറ്റുമായി അതിപുരാതനമായ 29 ദാരുശില്‍പങ്ങള്‍. തടിയില്‍ കൊത്തിയെടുത്ത അദ്ഭുതങ്ങൾ. സീതാപഹരണവും മുടി പെന്നിക്കെട്ടിയ സ്ത്രീയും ജീവനുള്ള ദൃശ്യങ്ങളായി തോന്നും. സീതാപഹരണത്തിൽ സീതയുടെ നിസ്സഹായതയും രാവണന്റെ ക്രോധവും കൊത്തിവച്ച ശില്പിയെ നമിക്കാം.
പുരാണങ്ങളില്‍ കടവല്ലൂരിനെ സംബന്ധിക്കുന്ന ഒട്ടേറെ പരാമര്‍ശങ്ങള്‍ ഉണ്ട്. ഭാര്‍ഗവപുരാണത്തിൽ ഭാര്‍ഗവക്ഷേത്രത്തിലെ ഏറ്റവുംപുണ്യമായ സ്ഥലം ഏതെന്ന ചോദൃത്തിനു ഘടോല്‍കചപുരമെന്നു മറുപടിയുണ്ട്. കടവല്ലൂരിന്റെ യഥാര്‍ഥപേരാണ് ഘടോല്‍കചപുരം. അതിനു കാരണം ഇവിടുത്തെ സവിശേഷമായ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചത് ഘടോല്‍കചനാണ് എന്ന വിശ്വാസമാണ്.
ഐതിഹ്യപെരുമയില്‍ രണ്ടു യുഗങ്ങളുടെ സാന്നിധ്യമുണ്ട് ഈ ക്ഷേത്രത്തിന്. അയോധ്യാധിപനായ ദശരഥന്‍ സന്താനങ്ങളില്ലാത്ത ദുഃഖം അനുഭവിക്കുന്ന കാലത്ത് മഹാവിഷ്ണു വസിഷ്ഠമഹാമുനിക്കു സമ്മാനിച്ച ചതുര്‍ബാഹുവായ വിഗ്രഹം മഹാമുനി ദശരഥനു കൊടുത്തു. ആ വിഗ്രഹത്തില്‍ പൂജ ചെയ്ത ദശരഥന്‍ പുത്രകാമേഷ്ടിയാഗം നടത്താന്‍ തോന്നി. അതിന്റെ അനുഗ്രഹമായി നാലു പുത്രന്മാര്‍ പിറന്നു. പിന്നീട് ചതുര്‍ബാഹുവായ ഈ വിഗ്രഹം രാമന്‍ രാക്ഷസരാജാവായ വിഭീഷണനു സമ്മാനിക്കുകയും ലങ്കയില്‍ വിഭീഷണന്‍ ഈ വിഗ്രഹത്തെ രാമന്റെ പ്രതീകമായി ആരാധിക്കുകയും ചെയ്തു.
ത്രേതായുഗാന്തരം ദ്വാപരയുഗത്തില്‍ യുധിഷ്ഠിരന്റെ രാജസൂയകാലത്ത് ഭീമപുത്രനായ ഘടോല്‍കചന്‍ ലങ്കയിലെത്തി ഈ വിഗ്രഹം തിരികെ വാങ്ങി. പ്രതിഷ്ഠാ കര്‍മത്തിനായി അഗസ്ത്യമുനിയുടെ ഉപദേശം തേടി. ആ യാത്രയില്‍ ദേവസേനാധിപനും ശിവപുത്രനുമായ സുബ്രഹ്മണ്യന്‍ അതിമനോഹരമായ ഒരു സരസ്തില്‍ കുളിക്കുന്നത് കണ്ടു. അതിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തു വിഗ്രഹപ്രതിഷ്ഠ നടത്താനായിരുന്നു അഗസ്ത്യമുനി നല്‍കിയ നിര്‍ദേശം.
പ്രതിഷ്ഠയുടെ ഈശാനകോണില്‍ മഹര്‍ഷി തന്റെ യോഗദണ്ഡു കൊണ്ട് ഒരു തീര്‍ഥകിണര്‍ ഉണ്ടാക്കി. അതില്‍നിന്നു ജലമെടുത്ത് അഭിഷേകവും ചെയ്യുകയും മേലിൽ ഇവിടെ നിന്നുള്ള ജലം മാത്രമേ പൂജാദികാര്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഈ ഐതിഹ്യപെരുമ കേട്ടു നടന്നു നീങ്ങുമ്പോള്‍ കാണാം ചൈതന്യമുള്ള ചതുർബാഹു വിഗ്രഹം. ആറടിയോളം ഉയരമുള്ള ബിംബത്തില്‍ തോളത്തു മുട്ടുന്ന ചെവികളാണുള്ളത്. ബിംബത്തിന്റെ ഉയരം കാരണം വലിയ ബലിക്കല് ഉണ്ടെങ്കില്‍പോലും മുറ്റത്ത് എവിടെനിന്നും മുഖദര്‍ശനമുണ്ടാകും. വിശേഷദിവസങ്ങളില്‍ (ശീരാമവിഗ്രഹത്തില്‍ ഗോളക ചാര്‍ത്താറുണ്ട്. അപ്പോഴാണു വിഗ്രഹത്തിന്റെ തേജസ്റ്റ് അറിയാന്‍ കഴിയുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലൂള്ള ഈക്ഷേത്രത്തിന്റെ ഈരാളന്‍ പാറമേല്‍ മനയ്ക്കല്‍ രു(രന്‍ നമ്പൂതിരിപ്പാടാണ്.
ആനപ്പള്ളം മതിലിന്റെ കഥ

ഏറെ പ്രത്യേകതകൾ ഉണ്ട് ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്. പുരാതന നിര്‍മിതിയായ ഇതിനെ ആനപ്പള്ളം മതില്‍ എന്നാണു വിളിക്കുന്നത്. പാമ്പിനും മറ്റു ജീവികള്‍ക്കും ഇഴഞ്ഞു കയറാന്‍ പറ്റാത്ത രീതിയില്‍ വീര്‍ത്തിരിക്കുന്ന നടുഭാഗത്തോടു കൂടിയതാണ് ഈ മതിൽ. ആനയുടെ വയറിനെ ഓര്‍മിപ്പിക്കും ഇത്.
സുബ്രഹ്മണ്യന്‍ കുളിച്ചു നിന്ന കുമാര സരസ്സ് ഇപ്പോള്‍ രണ്ട് ഏക്കറിലധികം വിസ്തീര്‍ണ്ണത്തില്‍ നിവര്‍ന്നുകിടക്കുന്നു. കണ്ണീരുപോലെ ശുദ്ധമായ ജലം. വേനല്‍ക്കാലത്ത് നാടു മുഴുവന്‍ കുളിക്കാനെത്തുന്നത് ഈ സരസ്റ്റിലാണ്. തിമിര്‍ത്തു പെയ്യുന്ന മഴയിലും കുളത്ത് കുളിക്കുന്നവർ ഉണ്ട്. കുട്ടിക്കാലത്തേയുള്ള ശീലമാണ് ചിലർക്കെങ്കിലും. അവിടെനിന്നും പുറത്തേക്കിറങ്ങുമ്പോള്‍ മനോഹരമായ ഉപദേവതാക്ഷേത്രങ്ങള്‍. അയ്യപ്പനും ശാസ്താവും ദുര്‍ഗയും വാഴുന്നിടങ്ങള്‍. അതിനു തൊട്ടടുത്ത് ദേവസ്വത്തിന്റെ കച്ചേരിമാളിക.
കടവല്ലൂര്‍ അന്യോന്യ പരിഷത്ത് എന്ന കൂട്ടായ്മ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ മറ്റൊരു മുഖമാണ്. അന്യോന്യകാലത്ത് അവതരിപ്പിക്കപ്പെട്ട വേദസംബന്ധിയായ പ്രബന്ധങ്ങൾ സമാഹരിച്ചുകൊണ്ട് മുപ്പതോളം പുസ്തകങ്ങള്‍ അന്യോന്യപരിഷത്ത് പുറത്തിറക്കിയിട്ടുണ്ട്. അന്യോന്യം അത്താഴപൂജയ്ക്കുശേഷം ആയതുകൊണ്ട്, പകൽ സമയത്താണു സാംസ്കാരികസമ്മേളനങ്ങളും കവിയരങ്ങുകളും മറ്റും നടക്കുന്നത്.
ലോകത്തെ വിസ്മയപ്പെടുത്തിയ ഭാരതീയ വേദവിജ്ഞാനത്തിന്റെ കാവല്‍മാടമാണ് ഈ ക്ഷേത്രം. പുറത്ത് സമൂഹം വല്ലാതെ മാറുമ്പോഴും അവർ പഴമയില്‍ തന്നെ ജീവിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ സമാധാനം ഇവിടെയുള്ളവര്‍ക്ക് ഉണ്ട്. കേരളം മുഴുവന്‍ മുഴങ്ങികേള്‍ക്കുന്ന ഇലത്താളത്തിന്റെ വിസ്മയനാദം ഉണ്ടാകുന്നത് കടവല്ലൂരില്‍ നിന്നാണ്. ഉത്സവവേദികളില്‍ ആനന്ദത്തിന്റെ അലയൊലി തീര്‍ക്കുന്ന ഇലത്താളങ്ങള്‍ കടവല്ലൂരിലെ ചൂളയിലാണ് വെന്തിറങ്ങുന്നത്. തമിഴ്‌നാട്ടിൽ നിന്നു വന്ന കമ്മാളസമുദായക്കാര്‍ക്കേ ഇലത്താളത്തിന്റെ പാകം ഇപ്പോഴും അറിയാവൂ. 30 വർഷങ്ങൾ വരെ എടുക്കാം, ഇലത്താളം ഉരുക്കിയെടുക്കുന്ന പാകം മനസ്സിലാക്കാന്‍.
എന്താണു കടവല്ലുർ അന്യോന്യം?

കടവല്ലൂര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നടക്കുന്ന ചരിത്രപസിദ്ധമായ വേദപരീക്ഷയാണു കടവല്ലൂര്‍ അന്യോന്യം. വേദങ്ങളില്‍ ഒന്നാംസ്ഥാനമുള്ള ഋഗ്വേദത്തിന്റെ പരിപാലനത്തിനായി നടത്തുന്ന അത്യപൂര്‍വ പരീക്ഷയാണ് ഇത്. ഈ പരീക്ഷയില്‍ എഴുത്തില്ല. ചൊല്ലല്‍ മാത്രമേയുള്ളൂ . വൃശ്ചികം ഒന്നു മുതല്‍ ഏകാദശി, വാവ് എന്നീ ഉപവാസദിവസങ്ങള്‍ ഒഴിവാക്കിയുള്ള എട്ടു ദിവസങ്ങളിലാണ് അന്യോന്യം നടക്കുന്നത്.
കടവല്ലൂര്‍ അന്യോന്യത്തില്‍ പങ്കെടുക്കാന്‍ യോഗ്യതാ പരീക്ഷയുണ്ട്. അമ്പലങ്ങളില്‍ നടത്തുന്ന വാരങ്ങളില്‍ പോയി വേദം ചൊല്ലി പ്രാഗത്ഭ്യം തെളിയിക്കണം. പിന്നീട് തൃശൂര്‍ ദേവസ്വംമഠത്തിലെ കിഴക്കുപടിഞ്ഞാറ് എന്ന പേരിലുള്ള പരീക്ഷ ജയിച്ചാല്‍ മാത്രമേ കടവല്ലൂര്‍ അന്യോന്യത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ.
വേദജ്ഞാനവരണത്തോടെയാണു തുടക്കം. തൃശൂര്‍ തിരുനാവായ (ബ്രഹ്മസ്വം മാങ്ങളുടെ കീഴിലുള്ള പണ്ഡിതന്മാര്‍ രണ്ടു വിഭാഗമായാണു പങ്കെടുക്കുന്നത്. അന്യോന്യത്തില്‍ പങ്കെടുക്കാനെത്തുന്ന രണ്ടു ബ്രഹ്മസ്വത്തിലെയും അംഗങ്ങള്‍ തുലാം മുപ്പതിനു കടവല്ലൂര്‍ ക്ഷേത്രകവാടത്തില്‍ വച്ച് ആദ്യ കൂടിക്കാഴ്ച നടത്തി പിരിയുന്നു. അതിനുശേഷം രണ്ടു (ബ്രഹ്മസ്വം മഠങ്ങളിലെയും അംഗങ്ങളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ പോലും സംസാരിക്കാനോ പരിചയഭാവം നടിക്കാനോ പാടില്ല എന്നതാണ് ചട്ടം.
വാരമിരിക്കുക, ജട ചൊല്ലുക, രഥ ചൊല്ലുക എന്നിങ്ങനെയാണു പരീക്ഷാക്രമം. എട്ട് അഷ്ടകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ജൂഗ്വേദത്തിലെ പതിനാലായിരത്തില്‍പ്പരം മന്ത്രങ്ങളില്‍ നിന്നാണു പരീക്ഷയ്ക്കുവേണ്ട മന്ത്രങ്ങള്‍ ചൊല്ലുന്നത്. ഒരു വിഭാഗം ആദ്യദിനം ഒന്നാം അഷ്ടകത്തില്‍ നിന്നുള്ള മന്ത്രങ്ങളുടെ ആലാപനത്തില്‍ മറുവിഭാഗത്തെ നേരിടുന്നു. രണ്ടാം ദിവസം തിരിച്ചും ഇതേ പരീക്ഷ നടക്കുന്നു. അന്യോന്യത്തിന് ഋക്കുകള്‍ ചൊല്ലുന്നതു പ്രത്യേക താളത്തിലാണ്.
ക്ഷേത്രമതിൽകെട്ടിയുള്ളിൽ സ്ഥിതി ചെയ്യുന്ന കൂത്തമ്പലത്തിന്റെ തെക്കേപ്പടിയില്‍ രണ്ടുപേർ വീതം മുഖത്തോടും മുഖം നോക്കിയിരുന്നാണു ചൊല്ലുന്നത്. പരീക്ഷകള്‍ വിജയിക്കുന്നവര്‍ക്കുള്ള ഉന്നത പരീക്ഷയാണു കടന്നിരിക്കലും വലിയ കടന്നിരിക്കലും. വേദസമൂഹത്തില്‍ ശ്രേഷ്ഠമായ സ്ഥാനമാണു കടന്നിരിക്കലും വലിയ കടന്നിരിക്കലും.
നൂറ്റാണ്ടുകളായി നടന്നു വന്ന അന്യോന്യം 1947-ല്‍ അവിചാരിതമായ കാരണങ്ങളാല്‍ നിലയ്ക്കുകയായിരുന്നു. പിന്നീട് 42 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പുനരാരഭിച്ചത്. അന്യോന്യത്തിന്റെ ചരിത്രപ്രാധാന്യം അറിയാവുന്ന അന്നത്തെ ദേവസ്വം ഓഫിസര്‍ ഗോപിനാഥന്‍ കോരമ്പത്ത് നാട്ടുകാരുടെയും ദേവസ്വത്തിന്റെയും സഹായത്തോടെ അന്യോന്യം പുനരാരംഭിക്കുകയായിരുന്നു. ഇപ്പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായി അന്യോന്യം വിപുലമായ രീതിയില്‍ നടന്നു വരുന്നു.
ഇന്ത്യയിലെ അനേകം ഋഗ്വേദ പാഠശാലകളില്‍ നിന്നു തികച്ചും വൃത്യസ്തമാണു കേരളത്തിന്റെ പഠനരീതി. തലയാട്ടിയും കൈകൊണ്ടു മുദ്ര കാണിച്ചും അച്ചു പിഴയ്ക്കാതെയും അര്‍ഥം തെറ്റാതെയും പ്രത്യേകരീതിയില്‍ ഋക്ക് ചൊല്ലുക എന്നതു കേരളത്തിന്റെ വേദപഠനത്തിന്റെ മാത്രം പ്രത്യേകതയാണ്. അന്യോന്യം നൂറ്റാണ്ടുകള്‍ക്കു മുന്‍പു പല ഇടങ്ങളിലായി നടന്നു എന്നും തൃശൂര്‍ – തിരുനാവായ മഠങ്ങളുടെ മധ്യത്തിലായതുകൊണ്ടാണ് അന്യോന്യം കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയത് എന്നുമാണു വിശ്വാസം.
ശ്രീകോവിലിനോടു ചേര്‍ന്നു പണിതിരിക്കുന്ന മണ്ഡപത്തിലാണ് അന്യോന കത്തിന്റെ വേദപരീക്ഷണം നടക്കുന്നത്. രാത്രിയിലാണ് വേദപരീക്ഷകള്‍. പകൽ അന്യോന്യമണ്ഡപത്തിനു പുറത്തു സെമിനാറുകളും ചര്‍ച്ചകളും നടക്കുന്നു. കടവല്ലൂര്‍ അന്യോന്യം ആരംഭിച്ചിട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കടന്നിരിക്കൽ പരീക്ഷ വിജയിച്ചത് ഒരേയൊരാള്‍ മാത്രം! മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരുമത്തഴികത്ത് മണ്ണൂര്‍മനയില്‍ ഡോ. ജാതവേദന്‍ നമ്പൂതിരി. കേരളത്തില്‍ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റ് ആണ് അദ്ദേഹം.
എല്ലാവര്‍ക്കും മംഗളമുണ്ടാവാനുളള ആത്മാര്‍പ്പണമാണ് വേദമന്ത്രങ്ങളുടെ പൊരുൾ. വേദങ്ങളും വേദപഠനങ്ങളും നിലനില്‍ക്കാന്‍ കടവല്ലൂര്‍ അന്യോന്യത്തിന്റെ പ്രസക്തി സാംസ്കാരിക കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അത്താഴപൂജ കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങുമ്പോഴേക്കും കച്ചേരിമാളികയില്‍ വിളക്കുകള്‍ ഒന്നൊന്നായി അണഞ്ഞുകൊണ്ടിരുന്നു. പിന്നിൽ അമ്പലവാതിലുകള്‍ അടയുന്ന പുരാതനമായ ശബ്ദം. കാറ്റിലൂടെ അപ്പോഴും ഒഴുകിവരുന്നുണ്ട് വേദമന്ത്രങ്ങളുടെ പ്രാചീനസ്വരങ്ങള്‍;
ഓം അഗ്നീമീളെ പുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം….
Also read: പൗര്‍ണമികാവ് ഭഗവതി ക്ഷേത്രം – ആചാരങ്ങളും ആകര്‍ഷണങ്ങളും
Recent Comments