മലയാള സിനിമ – സ്നേഹത്തോടെ മോളിവുഡ് എന്ന് വിളിക്കപ്പെടുന്നത് – ബോളിവുഡിനെയും ടോളിവുഡിനെയും പോലെ തന്നെ പല കാര്യങ്ങളിലും സമാനമാണ്. അതിലൊന്നാണ് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും. മലയാള സിനിമയിലെ സംവിധായകരും അഭിനേതാക്കളും പലവിധ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്തുടരുന്നവരാണ്.
ചില മൂഢമായ അന്ധവിശ്വാസങ്ങളുടെ സിനിമാകഥ പറഞ്ഞു തുടങ്ങാം
പേരിൽ ഭാഗ്യം ഉണ്ടോ? ഭാഗ്യം വരാനായി പേര് മാറ്റുക, ഷൂട്ടിംഗിന് പ്രത്യേക വസ്ത്രം അല്ലെങ്കിൽ ഡ്രസ് കോഡ് പിന്തുടരുക, ചില ലൊക്കേഷനുകൾ മാത്രം തിരഞ്ഞെടുക്കുക തുടങ്ങിയവയാണ് സിനിമാ ലോകത്ത് സാധാരണയായി കാണുന്ന അന്ധവിശ്വാസങ്ങൾ. എല്ലാറ്റിനും ‘മുഹൂർത്തം’ നോക്കുന്നതും പൂജാ ചടങ്ങുകൾ നടത്തുന്നതും അതിന്റെ ഭാഗമാണ്. ഈ വിശ്വാസങ്ങൾ സത്യമാകാമോ അല്ലയോ എന്നത് വേറെ കാര്യം. എന്നാൽ സിനിമയിൽ വലിയ തോതിൽ പണം നിക്ഷേപിക്കപ്പെടുന്നതിനാൽ, ഒരു തരത്തിലുള്ള റിസ്കും എടുക്കാൻ നിർമാതാക്കൾ തയ്യാറാകാറില്ല.
ഉദാഹരണത്തിന്, ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ ഒരു ഷോട്ട് ഉള്‍പ്പെടുത്തിയാല്‍ ആ സിനിമ സൂപ്പര്‍ ഹിറ്റാകും എന്ന വിശ്വാസം കിലുക്കം എന്ന വന്‍ വിജയത്തിന് ശേഷം മലയാള സിനിമയില്‍ ഏറെക്കാലം നിലനിന്നിരുന്നു. അതുപോലെ, സിനിമയിലെ ആദ്യ ഡയലോഗ് “ദൈവമേ” എന്ന് തുടങ്ങുകയാണെങ്കില്‍ ചിത്രം വിജയിക്കും എന്നൊരു വിശ്വാസവും ഒരുകാലത്ത് വ്യാപകമായിരുന്നു. സിനിമാ മേഖലയ്ക്കുള്ളില്‍ തന്നെ ഇത്തരം വിശ്വാസങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ പോലും ഉണ്ട്.
ചില അന്ധവിശ്വാസങ്ങള്‍ കേട്ടാല്‍ നമ്മള്‍ക്ക് ചിരി വരുമെങ്കിലും, നമ്മുടെ ഇന്‍ഡസ്ട്രിയിലെ പ്രമുഖ സംവിധായകരില്‍ പോലും ഇത്തരം സെന്റിമെന്റുകള്‍ കാണാം. അങ്ങനെ, ചില സംവിധായകര്‍ പിന്തുടരുന്ന വിശ്വാസങ്ങള്‍, അവരുടെ വീക്ക്നെസുകള്‍, അല്ലെങ്കില്‍ വ്യക്തിപരമായ സെന്റിമെന്റുകള്‍—ഇവയെക്കുറിച്ചാണ് ഇന്ന് നമ്മള്‍ അടുത്തറിയാന്‍ പോകുന്നത്.
പ്രിയ സംവിധായകൻ പ്രിയദർശനിൽ നിന്നും തുടങ്ങാം
പ്രിയദര്‍ശന്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. 90-കളില്‍ അദ്ദേഹം ഒരുക്കിയ എന്റർടൈൻമെന്റ് സിനിമകള്‍ ഇന്നും നമ്മുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലാണ്. ടിവിയില്‍ വന്നാല്‍ മിസ് ചെയ്യാതെ കാണുന്നവ. അത്രയ്ക്ക് കാലാതീതമായ സിനിമകൾ.
അക്ഷരമാലയിലെ ‘അം’ അക്ഷരത്തിനോട് പ്രിയം
പ്രിയദര്‍ശന്‍ തന്റെ സിനിമകളില്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ഒരു പ്രത്യേക വിശ്വാസമുണ്ട്. ആ സെന്റിമെന്റ് സിനിമയുടെ പേരുമായി ബന്ധപ്പെട്ടതാണ്. ‘അം’ എന്ന അക്ഷരത്തോടാണ് പ്രിയദര്‍ശന് പ്രത്യേകമായ ഒരു അടുപ്പം. എത്രപേര്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല, പക്ഷേ അദ്ദേഹത്തിന്റെ ഭൂരിഭാഗം മലയാള സിനിമകളുടെയും പേര് ‘അം’ എന്ന അക്ഷരത്തില്‍ അവസാനിക്കുന്നതാണ്.

പ്രിയദര്ശന് ആദ്യമായി തിരക്കഥ എഴുതിയ, ലാലേട്ടന്‍ അഭിനയിച്ചെങ്കിലും പുറത്തിറങ്ങാതെ പോയ ചിത്രത്തിന്റെ പേര് ‘തിരനോട്ടം’. അവിടെയാണ് പ്രിയനും ‘അം’ എന്ന അക്ഷരവും തമ്മിലുള്ള ഈ ബന്ധം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം എഴുതിയ ചിത്രങ്ങള്‍ — എങ്ങനെ നീ മറക്കും, ഭൂകമ്പം — എല്ലാം തന്നെ ഈ സെന്റിമെന്റിന്റെ ഭാഗമായിരുന്നു.
സ്വതന്ത്ര സംവിധായകനായശേഷം നോക്കിയാല്‍ ഈ വിശ്വാസം കൂടുതല്‍ ശക്തമായി കാണാം. ഓടരുതമ്മാവാ ആളറിയാം, അരം + അരം കിന്നരം, ധിം തരികിട തോം — എന്നിവയ്ക്കു ശേഷം അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രം താളവട്ടം. അന്നോളം നിലനിന്നിരുന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്, ഏകദേശം ഒരു വര്‍ഷം തിയേറ്ററുകളില്‍ ഓടിയ, പ്രിയന്‍–ലാല്‍ കൂട്ടുകെട്ടിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു അത്. ആ ചിത്രത്തിന്റെയും പേരില്‍ ‘അം’ ഉണ്ടെന്നത് യാദൃശ്ചികമല്ല. Also read: Top 10 love tragedies of Priyadarshan starring Mohanlal
പിന്നീട് വന്ന വന്ദനം, കിലുക്കം, അദ്വൈതം, മിഥുനം, മിന്നാരം, മേഘം, കിളിച്ചുണ്ടന്‍ മാമ്പഴം, വെട്ടം, കാഞ്ചീവരം, അറബിയും ഒട്ടകവും മാധവന്‍ നായരും, ആമയും മുയലും, ഒപ്പം, മരക്കാര്‍ – അറബി കടലിന്റെ സിംഹം വരെ നോക്കിയാൽ പ്രിയദര്‍ശന്റെ മലയാള സിനിമകളില്‍ ഈ പേരിടല്‍ ശൈലി വ്യക്തമായി കാണാം. ഏറ്റവും വിചിത്രം എന്ന് പറയുന്നത്, തന്റെ ചിത്രങ്ങളിൽ ഒരിക്കലും പ്രിയദർശൻ അന്ധവിശ്വാസങ്ങൾ പ്രമോട്ട് ചെയ്തിട്ടില്ല, പ്രൊപഗണ്ട ചിത്രങ്ങൾ എഴുതിയതും ഇല്ല. പിന്നെ എങ്ങനെ ഈ വിചിത്രമായ സ്വഭാവം അദ്ദേഹം പിന്തുടർന്നു?
മലയാളം സിനിമകളില്‍ മാത്രമല്ല, തെലുങ്കില്‍ ചെയ്ത ഗാണ്ഡീവം, നിര്‍ണയം എന്നീ ചിത്രങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ഒരുപക്ഷേ ‘അം’ വച്ച് അവസാനിക്കുന്ന സിനിമകള്‍ തുടക്കത്തില്‍ വലിയ ഹിറ്റുകളായതാകാം ഈ സെന്റിമെന്റ് വര്‍ഷങ്ങളോളം തുടരാന്‍ കാരണം. അദ്ദേഹത്തിൻറെ വൻ വിജയചിത്രങ്ങളുടെ പേര് കണ്ടാൽ നമുക്ക് തന്നെ തോന്നിപ്പോകും, ഇതിൽ വല്ല സത്യവും ഉണ്ടോ?
അതേസമയം, ഹിന്ദി സിനിമകളില്‍ എത്തുമ്പോള്‍ പ്രിയദര്‍ശന്‍ പൊതുവേ വളരെ ചെറുതും ലളിതവുമായ പേരുകളാണ് നല്‍കുന്നത്. ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ എന്ന് തോന്നിപ്പോകും. കാരണം, പിന്നീട് ‘അം’ എന്ന അക്ഷരത്തില്‍ അവസാനിച്ച പല ചിത്രങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് മേഘം, കിളിച്ചുണ്ടന്‍ മാമ്പഴം, ആമയും മുയലും, ഒപ്പം, മരക്കാര്‍ – അറബി കടലിന്റെ സിംഹം.
എന്നിരുന്നാലും, ആ വിശ്വാസം പ്രിയദര്‍ശന്‍ ഇന്നും പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. അതിനുദാഹരണം അവസാനം റിലീസായ വൻ മുടക്ക് മുതലുള്ള ചിത്രം – അറബി കടലിന്റെ സിംഹം. ഇനിയും നമുക്കത് പ്രതീക്ഷിക്കാം എന്ന് തോന്നുന്നു.
ഫാസിലിന്റെ ചന്ദ്രക്കലപ്രേമം
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഫാസിൽ ചിത്രത്തിലും ഉണ്ട് ഒരു ചന്ദ്രക്കല – മണിച്ചിത്രത്താഴ്. ഈ ചിത്രത്തിൻറെ കാര്യം മാത്രമല്ല, ഫാസിലിന്റെ പ്രശസ്തമായ ഒട്ടുമിക്ക ചിത്രങ്ങളുടെ പേരും അവസാനിക്കുന്നത് ചന്ദ്രക്കലയിലാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പേരിടലില്‍ ഫാസിലിന് ചെറിയൊരു “ചന്ദ്രക്കല വീക്ക്നെസ്” തന്നെയുണ്ട്.
കേരളക്കരയാകെ തരംഗമായ എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് മുതലാണ് ഫാസിലിന്റെ ഈ ചന്ദ്രക്കലപ്രേമം തുടങ്ങുന്നത്. പിന്നീട് നോക്കത്താ ദൂരത്ത് കണ്ണുംനട്ട്, എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ്, മാനത്തെ വെള്ളിത്തേര്, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, കയ്യെത്തും ദൂരത്ത്, വിസ്മയതുമ്പത്ത്, മോസ് ആൻഡ് കാറ്റ് വരെ ആ ചന്ദ്രക്കല യാത്ര നീളുന്നു.
വ്യത്യസ്ത കാലഘട്ടങ്ങളിലായി പുറത്തിറങ്ങിയിട്ടും പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഈ ചിത്രങ്ങള്‍ എല്ലാം ഫാസിലിന്റെ സിനിമാപ്രേമത്തിനൊപ്പം, അദ്ദേഹത്തിന്റെ പേരിടല്‍ സെന്റിമെന്റിന്റെയും അടയാളങ്ങളായി ഇന്നും നിലനില്‍ക്കുന്നു.
ഐവി ശശിയുടെ അ, ആ – വീക്നെസ്
പേരിടലില്‍ സ്വന്തമായൊരു സെന്റിമെന്റ് പിന്തുടര്‍ന്ന മറ്റൊരു ഇതിഹാസ സംവിധായകനാണ് ഐ.വി. ശശി. മലയാളത്തിന് അനവധി ക്ലാസിക് ചിത്രങ്ങള്‍ സമ്മാനിച്ച ഈ പ്രഗല്‍ഭ സംവിധായകന്‍, സിനിമയുടെ പേരില്‍ പോലും വിജയസൂത്രം തേടിയിരുന്ന ഒരാളായിരുന്നു.
ഐ.വി. ശശിയുടെ ഭൂരിഭാഗം സിനിമകളുടെയും പേര് ആരംഭിക്കുന്നത് ‘അ’ അല്ലെങ്കില്‍ ‘ആ’ എന്ന അക്ഷരങ്ങളോടെയാണ്. ഈ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ നല്‍കിയാല്‍ ചിത്രം വിജയിക്കുമെന്നൊരു വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം.
അനുഭവം, അഹിംസ, അതിരാത്രം, അടിയൊഴുക്കുകള്‍….
അനുഭവം, ആലിംഗനം, അയല്‍ക്കാരി, അവളുടെ രാവുകള്‍, അമര്‍ഷം, അങ്ങാടി, അഹിംസ, അശ്വരഥം, അതിരാത്രം, അടിയൊഴുക്കുകള്‍, അനുബന്ധം, അര്‍ഹത, അടിമകള്‍ ഉടമകള്‍, ആവനാഴി, ആരൂഢം, അപാരത എന്നിങ്ങനെ ‘ആ’യില്‍ തുടങ്ങുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ നിരത്തിക്കഴിഞ്ഞാല്‍ ഇന്നൊന്നും മതിയാവില്ല.
അതേസമയം, പേരില്‍ തുടങ്ങുന്ന ഒരു അക്ഷരത്തേക്കാള്‍ വലിയതായിരുന്നു ഐ.വി. ശശിയുടെ സിനിമകള്‍. അക്ഷരമാലകളിലെ ആ ആദ്യാക്ഷരങ്ങൾ കൊണ്ടല്ല ഈ ഇതിഹാസ സംവിധായകനെ മലയാളികൾ ഓർക്കുന്നത്, മറിച്ച് പ്രേക്ഷകർക്ക് സമ്മാനിച്ച ഹൃദയസ്പർശിയായ ഒരു പിടി നല്ല സിനിമകൾ കൊണ്ടാണ്. എന്നിരുന്നാലും, ഈ ‘അ, ആ’ സെന്റിമെന്റ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു വീക്ക്നെസായി ഇന്നും ഓര്‍ക്കപ്പെടുന്നു.
മിഥുൻ മാനുവൽ തോമസ് – അ, ആ – സെന്റിമെന്റ്സ് വീണ്ടും
അ, ആ – സെന്റിമെന്റ്സ് ഉള്ള മറ്റൊരു പുതുതലമുറ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. ആദ്യ സിനിമ ആട്. പിന്നീട് വന്നത് ആൻമറിയ കലിപ്പിലാണ്. അലമാര, ആട് ടു, അർജൻറീന ഫാൻസ് കാട്ടൂർ കടവ്, അഞ്ചാം പാതിരാ, അബ്രഹാം ഓസ്ലര്‍ – എല്ലാം തുടങ്ങുന്നത് അക്ഷരമാലയിലെ ‘അ’ എന്ന അക്ഷരത്തിൽ നിന്ന്. ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ – ആട്-3, ആറാം പാതിര!
ലോഹിതദാസ് – ‘അം’ ഇഷ്ടപ്പെട്ടിരുന്നു ഇതിഹാസം
മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളും, അതുപോലെ തന്നെ ശ്രദ്ധേയനായ സംവിധായകനുമായിരുന്ന ലോഹിതദാസ് നമ്മളെ വിട്ടുപോയത് വലിയൊരു നഷ്ടമായിരുന്നു. തിരക്കഥാകൃത്തായി സിനിമയിലെത്തിയ അദ്ദേഹം, പിന്നീട് സ്വന്തം സിനിമകള്‍ സംവിധാനം ചെയ്താണ് സംവിധായകനായും തന്റെ കഴിവ് തെളിയിച്ചത്.
ലോഹിതദാസിനും സിനിമയുടെ പേരിടലില്‍ ഒരു ചെറിയ വീക്ക്നെസ് ഉണ്ടായിരുന്നു. ‘അം’ എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന പേരുകളോടായിരുന്നു അദ്ദേഹത്തിന് പ്രത്യേക ഇഷ്ടം. ഈ ‘അം’ സെന്റിമെന്റ് ആരംഭിക്കുന്നത് അദ്ദേഹം ആദ്യമായി തിരക്കഥ എഴുതിയ തനിയാവര്‍ത്തനം എന്ന ക്ലാസിക് ചിത്രത്തിലൂടെയാണ്.
തനിയാവര്‍ത്തനത്തിന് ശേഷം ആവർത്തിച്ച ‘അം’

തനിയാവര്‍ത്തനത്തിന് ശേഷം വന്ന കുടുംബപുരാണം, കിരീടം, ദശരഥം, ജാതകം, മഹായാനം, സസ്നേഹം, ഭരതം, മാലയോഗം, അമരം, ധനം, ആധാരം, വളയം, കമലദളം, വെങ്കലം, വാത്സല്യം, ചകോരം, പാഥേയം, സാദരം, തൂവല്‍ക്കൊട്ടാരം, സല്ലാപം — എന്നിവയൊക്കെയും ‘അം’ എന്ന അക്ഷരത്തിലാണ് അവസാനിക്കുന്നത്. ഒട്ടുമിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയിച്ചു.
അദ്ദേഹം എഴുതിയ തിരക്കഥകളില്‍ ഏകദേശം 80 ശതമാനത്തിലധികവും ‘അം’യില്‍ അവസാനിക്കുന്ന ടൈറ്റിലുകളിലായിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. പിന്നീട് സംവിധായകനായി മാറിയപ്പോഴും ഈ പതിവ് അദ്ദേഹം കൈവിട്ടില്ല. കാരുണ്യം, കന്മദം, ചക്രം തുടങ്ങി, അവസാനമായി സംവിധാനം ചെയ്ത നിവേദ്യം വരെയും ലോഹിതദാസിന്റെ ‘അം’ സെന്റിമെന്റ് തുടര്‍ന്നിരുന്നു.
ജോഷി – ജ്യോതിഷവും ന്യൂമറോളജിയും
മലയാളം സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആണ് ജോഷി. അദ്ദേഹം ജ്യോത്സ്യന്മാരുടെ മാത്രം പ്രവർത്തിക്കുന്ന അന്ധമായ ഒരു വിശ്വാസിയാണെന്ന് അഭിപ്രായമുണ്ട്. ചീട്ട് ഇട്ട് പ്രവചനം നടത്തുന്ന ഒരു കോര സാറിനെ കുറിച്ചും പറഞ്ഞിട്ടുള്ളത് ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്താണ്. അദ്ദേഹം വേണ്ട എന്ന് പറഞ്ഞതൊക്കെ വേണ്ട എന്ന് വച്ചും വേണമെന്ന് പറഞ്ഞതൊക്കെ സ്വീകരിച്ചും പ്രവർത്തിച്ചുവന്ന് ഡെന്നിസ്ജോസഫ് പറയുന്നുണ്ട് സഫാരി ടിവിയിലെ ‘ചരിത്രത്തിലൂടെ’ എന്ന പരിപാടിയിൽ. പല സിനിമകളും ജോഷി ചെയ്യണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുന്നത് അദ്ദേഹമായിരുന്നു അത്രേ.
ജോഷിയുടെ വീക്ക്നെസ്സ് സ്വന്തം പേര് തന്നെ
അദ്ദേഹത്തിന്റെ വീക്ക്നസ് മറ്റൊരു പല സംവിധായകരെ പോലെ സിനിമയുടെ പേരല്ല. സ്വന്തം പേര് തന്നെ. തുടക്കത്തിൽ അദ്ദേഹത്തിന്റെ പേരിന്റെ സ്പെല്ലിംഗ് “Joshi” ആയിരുന്നു. 2001-ൽ റിലീസ് ആയ ദുബായ്, പ്രജ തുടങ്ങിയ ചിത്രങ്ങൾ വരെ അദ്ദേഹത്തിന്റെ പേര് ഇതുതന്നെയായിരുന്നു. ഈ ബിഗ് ബജറ്റ് ചിത്രങ്ങളുടെ വമ്പൻ പരാജയത്തിന് ശേഷം, ജോഷി സിനിമയിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തു. രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും സംവിധായകനായി തിരിച്ചുവന്നത്, 2014-ൽ റിലീസ് ആയ ദിലീപിന്റെ റൺവേ എന്ന ചിത്രത്തിലൂടെ.
പടം സൂപ്പർ ഹിറ്റായി. എന്നാൽ ഈ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ ചെറിയൊരു മാറ്റം ഉണ്ടായി — “Joshiy”. അദ്ദേഹത്തിന്റെ പേര് മാറ്റിയത് ഭാഗ്യം കൊണ്ടുണ്ടായി എന്ന് പറയാം, കാരണം റൺവേ ഹിറ്റായതോടെ അത് തെളിഞ്ഞു. അതിനുശേഷം ചെയ്ത എല്ലാ ചിത്രങ്ങൾക്കും പുതിയ സ്പെല്ലിംഗ് ഉപയോഗിക്കപ്പെട്ടു, പല ഹിറ്റ് ചിത്രങ്ങൾ നൽകുകയും ചെയ്തു.
അതുപോലെ തന്നെ ചിത്രങ്ങൾക്ക് ഒരു സർഫ് / സർഫ് എക്സൽ ഫോണ്ട് കുറെ കാലം ഉപയോഗിച്ചിരുന്നു. ഡിസൈനർ ഗായത്രി അശോകൻ സഫർ രൂപത്തിൽ ഫോർമാറ്റ് ചെയ്ത് ന്യൂഡൽഹി എന്ന ചിത്രത്തിന്റെ ടൈറ്റിലിനായി അതിന്റെ പതത്തിൽ എഴുതിയിരുന്നു. ആ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം, ഭാഗ്യത്തിന്റെ അടയാളമായി, ജോഷി പിന്നീട് പല ചിത്രങ്ങളുടെ പേരുകളും അതേ ഫോണ്ട് ഉപയോഗിച്ച് എഴുതിയിരുന്നു. ലേലം, പത്രം, വാഴുന്നോർ, പ്രജ, പത്രം, ദുബായ്, സലാം കാശ്മീർ — ഇവ ചില ഉദാഹരണങ്ങൾ മാത്രം.
സത്യൻ അന്തിക്കാട് – ചിത്രത്തിൻറെ പേര് ആദ്യം അനൗൺസ് ചെയ്യാത്ത സംവിധായകൻ
കുടുംബ പ്രേക്ഷകരുടെ ഇഷ്ടസംവിധായകൻ സത്യൻ അന്തിക്കാട് ഒരു വിശ്വാസം പാലിക്കുന്ന ആളാണ്. നമുക്ക് അറിയാം, ഒരു സിനിമ അനൗൺസ് ചെയ്യുമ്പോൾ തന്നെ ആ സിനിമയുടെ പേരും അനൗൺസ് ചെയ്യാറുണ്ട്. എന്നാൽ സത്യൻ അന്തിക്കാട് വേണ്ടി വാർത്ത വരുമ്പോൾ, “പുതിയ പടം തുടങ്ങി” എന്ന രീതിയിൽ മാത്രമേ വാർത്ത കാണുകയുള്ളു. ഷൂട്ട് തീർന്നാലും സത്യൻ ചിത്രം പൂർത്തിയായി എന്നാണ് വാർത്തകൾ കാണപ്പെടുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് ഇത്തരം വാർത്തകളുമായി കാണാറില്ല.
പൊന്മുട്ടയിടുന്ന തട്ടാൻ വരുത്തിവെച്ച പൊല്ലാപ്പ്
കുറച്ചു കാര്യങ്ങൾ പറയാം. ആദ്യമൊക്കെ മറ്റ് സംവിധായകരെ പോലെ ചിത്രം അനൗൺസ് ചെയ്യുമ്പോൾ തന്നെ പേരും പറയുന്ന പതിവ് സത്യന് ഉണ്ടായിരുന്നു. തെറ്റിയത്, ഒരു സംഭവത്തിന് ശേഷം. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിൻറെ പേരുമായി ബന്ധപ്പെട്ട് ഉണ്ടായ ചില വിവാദങ്ങൾ കാരണമാണ് പുതിയ പതിവുകൾ സത്യം തുടങ്ങി വച്ചത്. ഈ ചിത്രത്തിന് ‘പൊന്മുട്ടയിടുന്ന തട്ടാൻ’ എന്നായിരുന്നു ആദ്യം കണ്ടെത്തിയ പേര്. ഈ ജോലി ചെയ്യുന്ന വിഭാഗം ആളുകളെ അപമാനിക്കുകയാണെന്ന് പറഞ്ഞ് വിവാദങ്ങൾ ഉണ്ടായി. ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന പുതിയ പേര് ചിത്രത്തിന് നൽകുകയാണ് പിന്നീട് ഉണ്ടായത്.
അതിനുശേഷം ഓരോ സിനിമയുടെ പേരും അദ്ദേഹം വളരെ സൂക്ഷിച്ചേ ഇടാറുള്ളൂ. ഷൂട്ട് ചെയ്തു തീർന്നശേഷം ബാക്കി വർക്കും പൂർത്തിയായ ശേഷം ആയിരിക്കും അദ്ദേഹം ചിത്രത്തിൻറെ പേര് പുറത്തു പറയുക. അതിനുശേഷം പേരിനെ ചൊല്ലി വിവാദങ്ങളും ഉണ്ടായതുമില്ല. ഷൂട്ട്തുടങ്ങിയ ശേഷം പേരിട്ടാൽ വിവാദം ഉണ്ടാകില്ല എന്നൊരു വിശ്വാസത്തിൻറെ പുറത്ത് അദ്ദേഹം അങ്ങനെ പോകുന്നു.
ഈ അന്ധവിശ്വാസം പൊളിക്കാൻ അദ്ദേഹം തന്നെ ഒരിക്കൽ ശ്രമിച്ചിരുന്നു. അതിൻറെ ഫലം ഈ വിശ്വാസം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. 2018 ചിത്രം – ഞാൻ പ്രകാശനിലൂടെ ആയിരുന്നു അദ്ദേഹം ആ പതിവ് തെറ്റിച്ചത്. ‘ മലയാളി’ എന്ന പേര് ഫേസ്ബുക്കിലൂടെ അനൗൺസ് ചെയ്യുകയും ചെയ്തു. എന്നാൽ, ആ പേരിൽ കലാഭവൻ മണിയുടെ ഒരു ചിത്രം ഇതിനുമുമ്പ് വന്നിട്ടുണ്ട് എന്ന് അദ്ദേഹം അറിഞ്ഞു. അങ്ങനെ നിയമ പ്രശ്നങ്ങളും വിമർശനങ്ങളും കാരണം ചിത്രത്തിൻറെ പേര് മാറ്റുകയായിരുന്നു, പുതിയ പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന് പോസ്റ്റ് ഇട്ടു. അങ്ങനെ ഷൂട്ടിംഗ് തുടങ്ങിയശേഷം പതിവുപോലെ ‘ഞാൻ പ്രകാശൻ’ എന്ന പേരിട്ട ചിത്രം സൂപ്പർ ഹിറ്റുമായി, വിവാദങ്ങൾ ഉണ്ടായതുമില്ല.
പതിവ് തെറ്റിക്കാതെ സത്യൻ അന്തിക്കാടിന്റെ 2025 ഓണം റിലീസ് ആയ ഹൃദയപൂർവ്വത്തിന്റെ ടൈറ്റിൽ ജൂലൈ മാസത്തിൽ റിലീസിന് മുമ്പാണ് അനൗൺസ് ചെയ്തത്. ഷൂട്ടിംഗ് തുടങ്ങിയത് ഫെബ്രുവരിയിൽ. മോഹൻലാലാണ് ടൈറ്റിൽ സജസ്റ്റ് ചെയ്തത്. ചിത്രം വൻ ഹിറ്റായിരുന്നു.
സിദ്ദിഖ്-ലാലും ഇംഗ്ലീഷ് ടൈറ്റിലുകളും

മലയാള സിനിമയ്ക്ക് ഏറ്റവും മികച്ച കോമഡി സിനിമകൾ സമ്മാനിച്ച സംവിധായക കൂട്ടുകെട്ടാണ് സിദ്ദിഖ് – ലാൽ. റാംജി റാവു സ്പീക്കിംഗ് മുതൽ കാബൂളിവാല വരെ അവർ ഒരുമിച്ച് ചെയ്ത എല്ലാ ചിത്രങ്ങളും വമ്പൻ സൂപ്പർഹിറ്റുകൾ ആയിരുന്നു. പിന്നീട് അവർ വേർപിരിഞ്ഞ് സ്വതന്ത്രമായി ചെയ്ത സിനിമകളിൽ പോലും ഭൂരിഭാഗവും വാണിജ്യ വിജയങ്ങൾ തന്നെയായിരുന്നു — അവസാന കാലത്ത് വന്ന ചില ചിത്രങ്ങൾ ഒഴികെ.
എന്നാൽ സിദ്ദിഖ് – ലാൽ സിനിമകളിൽ ഒരു വളരെ കൗതുകകരമായ പ്രത്യേകത ഉണ്ട്. ഇവരുടെ സിനിമകളിൽ ഒരൊറ്റ മലയാളം പേരുപോലും ഇല്ല. ഇവരുടെ സിനിമകൾക്കെല്ലാം ഇംഗ്ലീഷിലേ പേരിടൂ. ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിംഗ്, രണ്ടാമത്തെ ചിത്രം – ഇൻ ഹരിഹർ നഗർ, മൂന്നാമത്തെ സിനിമ – ഗോഡ് ഫാദർ, നാലാമത്തെ സിനിമ – വിയറ്റ്നാം കോളനി – എല്ലാം ഇംഗ്ലീഷ് പേരുകൾ. അവസാനമായി ഇരുവരും ഒന്നിച്ച കാബൂളിവാലയും ഒരു മലയാളം പേര് അല്ല.
ഹിറ്റ്ലർ, ഫ്രണ്ട്സ്, ടു ഹരിഹർ നഗർ – പിരിഞ്ഞ ശേഷവും മലയാളം ടൈറ്റിൽ ഇല്ലേ ഇല്ല
ഇവർ പിരിഞ്ഞ ശേഷം സിദ്ദിഖ് സംവിധാനം നോക്കിയാലും നമുക്ക് ഇംഗ്ലീഷ് ടൈറ്റിൽ പ്രേമം കാണാം. ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ബിഗ് ബ്രദർ. ഇതിൽ ഇംഗ്ലീഷ് അല്ലാത്ത ഒറ്റ സിനിമ – അതൊരു ഉറുദു ടൈറ്റിൽ ആയിരുന്നു, ഫുക്രി. ഇവിടെയും ഒരു മലയാളം പേര് പോലും ഇല്ല.
ലാൽ സംവിധാനം ചെയ്ത സിനിമകളുടെ കാര്യവും വ്യത്യസ്തമല്ല. അവിടെയും ഇംഗ്ലീഷ് പേരുകൾ മാത്രമേ ഉള്ളൂ. ടു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ടൂർണമെൻറ്, കോബ്ര, കിംഗ് ലയർ – എല്ലാ ഇംഗ്ലീഷ് പേരുകൾ തന്നെ. മകനോടൊപ്പം സംവിധാനം ചെയ്ത ഒരേയൊരു ചിത്രം സുനാമി — അതും മലയാളം അല്ല; ജാപ്പനീസ് വാക്ക് ആണ്. എന്തുകൊണ്ടായിരിക്കും ഇവർക്ക് മലയാളത്തിനോട് ഇത്ര അവഗണന? എല്ലാം ഓരോരുത്തരുടെ വിശ്വാസം! പിന്നെ, ഇൻട്രസ്റ്റിംഗ് ആയ ഒരു കാര്യം പറയുകയാണെങ്കിൽ, ഇവരുടെ ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിങ്ങിന് ആദ്യം കണ്ടെത്തിയ പേര് – നൊമ്പരങ്ങളെ സുല്ല് സുല്ല്.
ലാൽ ജോസും സിനിമകളിലെ ഭക്തിപാട്ടുകളും
‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ച് സംവിധായകനാണ് ലാൽ ജോസ്, ആദ്യചിത്രം മുതൽ പിന്തുടർന്ന് വരുന്ന ഒരു കാര്യമുണ്ട് – ഭക്തി! അദ്ദേഹത്തിന്റെ ഭൂരിഭാഗം നമുക്കൊരു ഭക്തിഗാനം കാണാം. മതഭേദം ഇല്ലാതെ, ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഗാനങ്ങൾ നമുക്ക് ലാൽ ജോസിന്റെ സിനിമകളിൽ കാണാം.
ആദ്യസിനിമയായ ഒരു മറവത്തൂർ കനവിൽ പള്ളിയിൽ വച്ചുള്ള ക്രിസ്തീയ ഭക്തിഗാനം – കരുണാമയനേ….. രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ ശ്രീകൃഷ്ണനെ കുറിച്ചാണ് പാട്ട് – മായാ ദേവകിക്ക് മകൻ പിറന്നേ… പട്ടാളത്തിൽ ശബരിമലയ്ക്ക് പോകുന്ന രംഗവും അതില്‍ എം ജി ശ്രീകുമാർ പാടിയ ഈ അയ്യപ്പഭക്തിഗാനവും ഇടം നേടി – പമ്പ ഗണപതി…. അടുത്ത് വന്ന രസകനിൽ – ഹര ഹര ഹര ശങ്കര – ഈ ഗാനങ്ങളുടെ എല്ലാം സംഗീതസംവിധായകൻ വിദ്യാസാഗർ ആയിരുന്നു. ഇവയൊക്കെ ഇപ്പോഴും ഭക്തർക്ക് ഇടയിൽ ജനപ്രീതിയുള്ള പാട്ടുകളാണ്.
ഭക്തിഗാനങ്ങൾ ഇല്ലാത്ത മീശ മാധവനും ക്ലാസ്മേറ്റ്സും
അച്ഛൻ ഉറങ്ങാത്ത വീട്ടിൽ സിനിമയിലെ സിയോൺ മണവാളൻ എന്ന ക്രിസ്തീയ ഭക്തിഗാനം, മുല്ലയിൽ ആറുമുഖൻ, ഇമാനുവലിൽ എന്നോടുകൂടെ, വിക്രമാദിത്യനിൽ അല്ലാഹു – ഉദാഹരണങ്ങൾ നിരവധി. തട്ടിൻ പുറത്ത് അച്യുതനിൽ മുത്തുമണി രാധേ, നാല്പത്തിയൊന്നിൽ അയ്യനയ്യൻ, ഇങ്ങനെ പോകുന്നു ലാൽജോസിന്റെ ഭക്തി ഗാനങ്ങൾ. ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്ന എല്ലാ ചിത്രങ്ങളും വിജയം ആയിരുന്നില്ല. എന്നാൽ ഭക്തിഗാനങ്ങൾ ഇല്ലാതെ റിലീസായ മീശ മാധവനും ക്ലാസ്മേറ്റ്സും ലാൽ ജോസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകൾ ആയിരുന്നു.
കിരീടം ഉണ്ണി – ഒരേ ടൈറ്റിൽ ഫോണ്ട് 9 ചിത്രങ്ങളിൽ
മലയാള സിനിമയിൽ സംവിധായകൻ അല്ലെങ്കിലും ശക്തമായ സാന്നിധ്യമായി മാറിയ നിർമ്മാതാവ് ആയിരുന്നു കൃഷ്ണകുമാർ — സിനിമാ ലോകത്ത് എല്ലാവർക്കും പരിചിതനായ കിരീടം ഉണ്ണി. അദ്ദേഹം പിന്തുടർന്നിരുന്ന ഒരു വിശ്വാസവും അന്ധവിശ്വാസവും മലയാള സിനിമാ ചരിത്രത്തിൽ ഏറെ കൗതുകകരമാണ്.
അദ്ദേഹത്തിന്റെ ആദ്യ നിർമ്മാണ ചിത്രം കിരീടം വമ്പൻ ശ്രദ്ധ നേടുകയും വലിയ വിജയം കൈവരിക്കുകയും ചെയ്തതോടെ, ആ ചിത്രത്തിൽ ഉപയോഗിച്ച ടൈറ്റിൽ ഫോണ്ട് തന്നെ തന്റെ തുടർ ചിത്രങ്ങൾക്കു ഭാഗ്യചിഹ്നമായി സ്വീകരിക്കുകയായിരുന്നു കിരീടം ഉണ്ണി. അങ്ങനെ, ഒരേ ടൈറ്റിൽ ഫോണ്ട് ഉപയോഗിച്ചുകൊണ്ട് അദ്ദേഹം നിർമ്മിച്ച 9 മലയാളം സിനിമകൾ ഉണ്ടായി. കിരീടം, മാലയോഗം, ആധാരം, ചെങ്കോൽ, സാദരം, സല്ലാപം, ഭൂതകണ്ണാടി, സമ്മാനം, സാഫല്യം — ഇങ്ങനെ പോകുന്നു ആ ചിത്രങ്ങളുടെ പട്ടിക.
മെല്ലെനിയം സ്റ്റാർസിന്റെ പരാജയം
രണ്ടായിരത്തിൽ പുറത്തിറങ്ങിയ മെല്ലെനിയം സ്റ്റാർസ് നിർമ്മിച്ചപ്പോൾ അന്ധവിശ്വാസത്തിന്റെ പുറകെ പോകാതെ ആ പതിവൊന്ന് മാറ്റിപ്പിടിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ അതിൻറെ ഫലം അന്ധവിശ്വാസത്തിൽ വീണ്ടും ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. ബൃഹത്തായ താരനിര ഉണ്ടായിരുന്നിട്ടും ഈ വൻ ബജറ്റ് ചിത്രം എട്ടു നിലയിൽ പൊട്ടി. അതോടുകൂടി അദ്ദേഹത്തിന് സിനിമ നിർമാണത്തിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടി വന്നു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഒരു ചിത്രം ചെയ്തത് – കുസൃതി. ആ പഴയ ഫോണ്ട് തിരിച്ചുവരികയും ചെയ്തു.
സിനിമയിൽ വിശ്വാസങ്ങൾ അവിശ്വാസങ്ങൾക്ക് വഴിമാറുമ്പോൾ

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ചേര്‍ന്നൊരു ലോകമാണ് നമ്മുടെ സിനിമ. ഒരു സിനിമയെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്ന നിമിഷം മുതല്‍ തന്നെ ഈ വിശ്വാസങ്ങളുടെ ചരടുകള്‍ കുരുങ്ങിത്തുടങ്ങും. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസങ്ങള്‍; എല്ലാം പറയുന്നത് ഒരേയൊരു കാരണത്തിന് — സിനിമ വിജയിക്കണം എന്നാഗ്രഹത്തില്‍. എന്നാല്‍ ഇത് വെറും വഴിപാടുകളിലേക്കോ പൂജകളിലേക്കോ മാത്രമല്ല ഒതുങ്ങുന്നത്. അതിനുമപ്പുറം, പലപ്പോഴും യുക്തിക്കപ്പുറത്തുള്ള അന്ധവിശ്വാസങ്ങള്‍ വരെ മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്.
ആ വിശ്വാസങ്ങൾ മറ്റൊരാളുടെ വിശ്വാസങ്ങളെ ഹനിക്കാത്തിടത്തോളം കാലം എന്തിന് അവരെ വിമർശിക്കണം. സംവിധായകർ അവരുടെ അഭിപ്രായ സ്വാതന്ത്ര്യവും ക്രിയാത്മക സ്വാതന്ത്ര്യവും ഉപയോഗിച്ച് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യട്ടെ. അല്ലേ?
Mollywood is not free of superstitions and beliefs!
Recent Comments