സൗധങ്ങൾ പോലെ പണിയുന്ന ബന്ധങ്ങൾ
ഇപ്പോൾ പുതുതായി താമസം മാറിയ സ്ഥലം. മുഴുവൻ കോൺക്രീറ്റ് കെട്ടിടങ്ങളാണെങ്കിലും ഒരു വശം പച്ചപ്പുണ്ടായിരുന്നു – പച്ച പാടങ്ങളും, കുറച്ചു കുന്നുകളും, അവയുടെ ചെരുവികളിൽ രണ്ടു മൂന്നു വീടുകളും. പകലായാലും രാത്രിയായാലും ചില കാഴ്ചകൾ അവ സമ്മാനിച്ചപ്പോൾ മനസ്സെന്തുമാത്രം സന്തോഷിച്ചു.
പക്ഷെ എന്റെ ആ സന്തോഷം ക്ഷണികം മാത്രമായിരുന്നു. എന്റെ ആനന്ദത്തെ ഹനിച്ചുകൊണ്ട് ഒരു പുത്തൻ കോൺക്രീറ്റ് കെട്ടിടം കൂടെ ഉയർന്നു, ദൃശ്യങ്ങൾ ഓരോന്നിനെയും മെല്ലെ മറച്ചുകൊണ്ട്. എന്റെ കാഴ്ച്ചകളെ അത് ഭക്ഷിച്ചു വിശപ്പടക്കി എന്ന് വേണമെങ്കിൽ പറയാം. ഇന്ന് നോക്കിയപ്പോൾ വയലിന്റെ പൊടി പോലും കാണാനില്ല. കുന്നിന്റെ പകുതിയും മറഞ്ഞുകഴിഞ്ഞു. ഇനി കാണാൻ കഴിയുന്നത് ആ വീടുകൾ മാത്രം. പക്ഷെ ആ കാഴ്ചയും ഉടനെ തന്നെ മറയും.
എനിക്ക് നഷ്ടപെട്ട കാഴ്ചകൾ – കോൺക്രീറ്റ് കെട്ടിടത്തിന്റെ പണി തുടങ്ങിയപ്പോൾ. ഒരു ഓർമ്മക്കുറിപ്പിനായി ഞാൻ എടുത്ത് സൂക്ഷിച്ചത് |
വാൽകഷ്ണം: ഞാൻ ഈ വരികൾ കുറിക്കുന്നത് നാല്-അഞ്ചു മാസങ്ങൾക്ക് മുമ്പാണ്. ഇപ്പോൾ ആ മൂന്ന് നില അപ്പാർട്ട്മെന്റിന്റെ പണി ഏകദേശം കഴിഞ്ഞു. എല്ലാ കാഴ്ചകളും പൂർണരൂപത്തിൽ മറഞ്ഞു കഴിഞ്ഞു. സത്യം പറഞ്ഞാൽ അവിടെ ഒരു കുന്നുണ്ടായിരുന്നു എന്ന് ഓർത്തെടുത്ത് തന്നെ ഈ കുറിപ്പ് വായിച്ചപ്പോഴാണ്. ഓർമ്മകുറിപ്പുകളില്ലെങ്കിൽ മാഞ്ഞുപോകാവുന്ന ദൃഢതയെ ഉള്ളൂ ഇന്ന് കാണുന്ന പല ബന്ധങ്ങൾക്ക് പോലും.
“ഞാൻ നിന്നിലേക്കുള്ള ദൂരം അളക്കുന്നത്
നമ്മൾക്കിടയിലെ മൗനത്തിലെത്തിച്ചേരാൻ നീ താണ്ടിയ ദൂരങ്ങളുടെ ആഴം വച്ച്…..”
ഞാനെഴുതിയ ഈരടി കൂടെ എഴുതിച്ചേർക്കാൻ ആഗ്രഹിക്കുന്നു ഇവിടെ.
പലതും അവിടെ തന്നെയുണ്ട്, വലിയ മാറ്റങ്ങളില്ലാതെ. പക്ഷെ കാഴ്ചയിൽനിന്നും മറയ്ക്കപ്പെട്ടിരിക്കുന്നു, അത്രമാത്രം. നല്ല കാഴ്ചകൾ മറയ്ക്കാനും ചില കാഴ്ചകൾ! പുനഃസൃഷ്ടിക്കുന്ന ദൂരങ്ങളും !!!
Recent Comments