മഴചിന്തുകൾ
പെയ്തവസാനിക്കുന്നത് നിന്നിലാണ്☔️🌧️💫🌪️💕”
ഓരോ കഥ രചിക്കും പോലെയുണ്ട്.
എഴുതിവരുമ്പോൾ തന്നെ ആ ഭാവമാറ്റങ്ങൾക്കൊപ്പം
മേഘങ്ങളുടെ രൂപവും ഭാവവും വർണങ്ങളും മാറിമറിയുന്നു”
മെല്ലെയടയുന്നു വർഷമേഘത്തിൻ ചില്ലുജാലകവും”
തുള്ളുന്നു എൻ മനം സന്തോഷത്താൽ
കണ്ണുകളിൽ പെയ്തൊഴിയും അശ്രുബിന്ദുക്കൾക്കിനി
വിട നൽകട്ടെ ഞാൻ ആനന്ദത്താൽ
അവ തിരിച്ചു അണയില്ല എന്ന വിശ്വാസത്താൽ….
നീ എന്നിൽനിന്നും വിട വാങ്ങില്ല എന്ന വിശ്വാസത്താൽ”
ആർത്തിരമ്പും മഴയിൽ കുളിരുകയാണ് എന്റെ മനസ്സ്
കാർമേഘക്കെട്ടുകൾ പെയ്തൊഴിയുമ്പോൾ
പലവർണ്ണ കടലാസുതോണികളിൽ
യാത്രയാക്കട്ടെ ഞാൻ അവയെ”
കാർമേഘക്കെട്ടുകളിൽ തങ്ങിനിൽക്കുന്ന
മേഘതുള്ളികളുടെ വിങ്ങലുണ്ട്.
പെയ്തൊഴിയാൻ വിതുമ്പി നിൽക്കുന്നവ
എന്നാൽ മണ്ണിൽ വീണുടയാൻ കൊതിക്കാത്തവ”
പെയ്യില്ലെന്നു വാശിപിടിച്ച്
അകത്തെവിടെയോ
എന്റെ കണ്ണുകൾ”
തുള്ളുന്നു എൻ മനം സന്തോഷത്താൽ.
നിൽക്കാതെ പെയ്യുന്ന വർഷമേഘത്തിനൊപ്പം
ഹൃദയത്തിൽ നിന്നും ചിതറുന്ന ഓരോ മഴത്തുള്ളിയും
പെയ്തവസാനിക്കുന്നത് നിന്നിലാണ്,
നിന്നിലെ സ്നേഹ വായ്പുകളിലാണ്”
പ്രകൃതിതൻ സാന്ത്വനസംഗീതം
ഇങ്ങനെ വ്യാഖ്യാനിച്ചുകൂടേ മഴയെ?”
ചിന്തകൾ കാർമേഘം പോലെ വന്നു മൂടിയാലും
കൂന്തൽ മാടിയൊതുക്കുംപോലെ
പ്രതീക്ഷയുടെ വെളിച്ചം വന്നണയാറുണ്ട് ഇടയ്ക്കിടെയെങ്കിലും”
മേഘങ്ങളില്ലാതെ പെയ്യുന്നവ”
“ഇപ്പോൾ പെയ്തൊഴിയുന്നീ മഴ
ആർക്കെല്ലാം ആശ്വാസമേകുന്നു?
ആർക്കെല്ലാം ദുഃഖം നൽകുന്നു?
ആർക്കെല്ലാം സന്തോഷം നൽകുന്നു?”
“ആകാശം സ്വന്തം കാർകൂന്തലിനാൽ
സുന്ദരമുഖം മറച്ചിരിക്കുകയാണിപ്പോൾ
മഴമേഘങ്ങളുമായി കണ്ണുപൊത്തിക്കളി
ആണെന്ന് തോന്നുന്നു ഇപ്പോൾ”
“കണ്ണുപൊത്തിക്കളിയിൽ മഴമേഘം
ജയിച്ചുവെന്നു തോന്നുന്നു….
തോറ്റതുകൊണ്ട് ആകാശം കരയുകയാണിപ്പോൾ…..
അതിഘോരമായ കരച്ചിൽ…..”
“കാത്തിരിക്കാതെ ഓടിയെത്തുന്ന മഴ പോലെയാണ് പ്രണയം
അനുവാദം പോലും ചോദിക്കാറില്ല ഹൃദയത്തിൽ ചേക്കേറാൻ”
“അങ്ങകലെ നീലാകാശത്തു നിന്ന് ദൂതുമായി
ഒരു മഴതുള്ളി വരാമെന്നേറ്റിരുന്നു ഓമലേ….”
“ഒന്നു നോക്കിയാൽ ഏകാകിനിയല്ലേ ഈ മഴ? ഏകാകിയാണെന്നോർത്ത് ആർത്തലച്ച് കരയുമ്പോഴും എത്രയോ കൊഴിഞ്ഞ ജന്മങ്ങൾക്ക് പുതുജീവ തുടിപ്പ് നൽകുന്നവൾ!”
“നീയെന്റെ രാത്രിമഴയാണ്,
തോരാതെ പെയ്യുന്ന രാത്രിമഴ
ഞാൻ അതിലെ മിന്നൽ പിണറുകളും”
“വിങ്ങിനിൽക്കും ആകാശത്തിൻ നൊമ്പരതുള്ളുകൾ – പെയ്തൊഴിയുന്ന ഓരോ മഴത്തുള്ളിയും”
“മേഘമേ ഇനിയും കടംകവിതകൾ രചിക്കാതെ
നീ മഴയായ് വർഷിക്കൂ
അറിയാം വർഷകാലത്തിന് ഇനിയും കാതങ്ങൾ പലതുണ്ട്
ഉണങ്ങിയ ഈ പച്ചപ്പിനെയും
കൊഴിഞ്ഞ മൊട്ടുകളെയും
മഴപെയ്തു നീ കുതിർക്കൂ… “
“വൈകുന്നേരം നന്നായി കറുത്തുവന്നതാ ആകാശം. ആരോ ആകർഷിച്ച് വിളിച്ചുകൊണ്ട് പോയി ആ മഴമേഘത്തെ “
“യാത്രയായ് ആ നീല കാർമുകിലും…
ഒപ്പം കൂട്ടി പിന്നൽപ്പിണറുകളെയും
കാതോർത്തൊരാ മഴഗീതം വന്നണയാതെ
മറ്റൊരു ദേശത്ത് യാത്ര പോയപ്പോൾ”
“മഴത്തുള്ളിയുടെ താളം ഭൂമി ഏറ്റുവാങ്ങി തുടങ്ങിയപ്പോൾ
മുഖം കറുത്ത് നിന്ന ആകാശം പ്രസന്നവദനായി
കാറ്റും കൊണ്ടുപോയ് അവസാന തുള്ളിയെയും
പാതിപെയ്ത മഴയും അതിനൊപ്പം തോർന്നുപോയ് “
“ഇടവേളകളിൽ തിമിർത്തു പെയ്യുന്നതുകൊണ്ടാണോ മഴക്കിത്ര സൗന്ദര്യം?”
“പെയ്തൊഴിയാത്ത മനുഷ്യ മനസ് പോലെയാ ഈ മഴകാറുകൾ. അവയും നീറും, ചുറ്റും നിൽക്കുന്നവരെ നീറ്റുകയും ചെയ്യും “
“മഴയെത്തും മുമ്പേ കാർമേഘങ്ങൾ ചക്രവാളം വരെ നിറഞ്ഞു നൃത്തമാടുമ്പോൾ മനസ്സിൽ ഒരായിരം കവിതകൾ ഉണരും, പിന്നെ ചില വരികൾ കുറിച്ചിടുമായിരുന്നു”
“മഴയുടെ ദൂതുമായ് ഭൂമിയിലെത്തുന്ന ഈയലുകൾ
എന്നാൽ ഒരിക്കലും ഒരു മടക്കയാത്രയ്ക്ക് വിധിയില്ലാതെ
ചിറകുകൾ കൊഴിച്ച്
ഭൂമിയുടെ മടിയിൽ മരിച്ചുവീഴാൻ യോഗം”
“കാലവർഷത്തിന്റെ ആഗമന സമയത്ത് പിറന്നതുകൊണ്ടാണോ എനിക്ക് മഴയോട് ഇത്ര ഭ്രാന്തമായ പ്രണയം “
“ഈ കാർമേഘങ്ങൾക്കൊപ്പം
എന്റെ കാർവർണനു വന്നുകൂടെ”
“വെള്ളമേഘങ്ങൾക്ക് ഒരിക്കലും കാർമേഘങ്ങളുടെ ദുരിതം മനസ്സിലാവില്ല, അവരിപ്പോഴും ജീവിക്കുന്നത് ദുഃഖങ്ങളിൽ നിന്നൊക്കെ അകലെ ഒരു ആർഭാടജീവിതത്തിൽ. കാർമേഘങ്ങൾ എപ്പോഴും കൂടെ കൊണ്ട് അലയുന്ന ഒരു നൊമ്പരമുണ്ട്. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുമ്പോൾ, എവിടെ പെയ്തൊഴിയണം എന്ന വേവലാതി മാത്രമാണ് മനസ്സിൽ”
“ഒരു നിമിഷത്തെ ആവേശത്തിൽ പെയ്ത മഴ പെട്ടെന്ന് തോർന്നു പോയി, അവൾ ഇപ്പൊ ചിന്തിക്കുന്നുണ്ടാവുമോ ഒന്നും വേണ്ടായിരുന്നു എന്ന് “
“നിശബ്ദ മേഘങ്ങളും അവ ഉള്ളിലൊളിപ്പിക്കുന്ന മേഘത്തുള്ളികളും….
ആരോരുമറിയാതെ വന്നുപോകുന്ന എത്ര തോരാമഴകളുമുണ്ട് ഈ ലോകത്തിൽ…..
അവ മിഴിയിതൾ കോണിലാണെന്നു മാത്രം “
“വേനൽ മഴയും കാലം തെറ്റി പെയ്യുന്നുണ്ടിവിടെ”
“മനസ്സ് തണുക്കണമെങ്കിൽ കണ്ണുനീർതുള്ളികൾ മഞ്ഞുതുള്ളികളായ് പെയ്തൊഴിയണം
കാർമേഘകെട്ടുകൾ ഹിമ ബിന്ദുക്കളായ് അലിഞ്ഞില്ലാതാവും വരെ….. “
“മഴനീർമേഘം കണ്ണുനീരായ് പൊഴിയുന്നത്
സൂര്യനെ ഒന്ന് തൊടാൻ വിരൽ നീട്ടി പോവുന്നതുകൊണ്ടത്രേ!
യാത്രചൊല്ലി പിരിയുന്നവൾ വിതുമ്പികൊണ്ടെപ്പോഴും
മറ്റൊരു മഴമേഘമായ് അവനെ തൊടാമെന്ന മോഹത്തോടെ”
“എന്റെ വാക്കുകൾ കാലവർഷമായി പൊഴിയാം
അല്ലെങ്കിൽ തോരാ തുലാവർഷമായി,
ഇടിവെട്ടും മിന്നല്പിണറുകളും അനുഗമിച്ചുകൊണ്ട്
ചിലപ്പോൾ വെള്ളമേഘങ്ങളായി ഒഴുകിനടക്കാം
പെയ്തൊഴിയും ഓരോ മേഘത്തുള്ളിയിലും
ഒഴുകി നടക്കുന്ന ഓരോ മേഘത്തിലും
നിന്റെ പേര് ഞാൻ പതിപ്പിച്ചിട്ടുണ്ട്
എല്ലാം നിനക്ക് മാത്രം സ്വന്തം,
പെയ്താലുമില്ലെങ്കിലും”
പെയ്തൊഴിഞ്ഞല്ലേ പറ്റൂ
എന്നെങ്കിലുമൊരു നാൾ!!
ചിലപ്പോൾ നേരെത്തെ
ചിലപ്പോൾ വൈകി….
എന്നാലും,
മേഘങ്ങൾ പെയ്തൊഴിയും
എന്നെങ്കിലുമൊരു നാൾ!!”
തിളക്കമാർന്ന നക്ഷത്രക്കൂട്ടങ്ങൾകൊണ്ട് നീ അലങ്കരിച്ചു
ഒരിക്കലും പെയ്യില്ല എന്ന് കരുതിയ എന്റെ കറുത്ത വാനം
വർഷതുള്ളുകൾ ഓരോന്നായി പെയ്തൊഴിഞ്ഞപ്പോൾ
എന്നെ കുറ്റപ്പെടുത്തുകയാണ് ആ വെള്ളമേഘങ്ങൾ
ആ താരജാലങ്ങൾ, എന്നെന്നേക്കുമായി എന്റെ ആകാശത്തു –
നീ നിൽക്കണമെന്ന് മോഹിച്ചതിന്, സ്വപ്നംകണ്ടതിന്”
അവയ്ക്കെങ്ങനെയാ കറുത്തമേഘത്തിന്റെ –
ആവലാതികൾ മനസിലാക്കാൻ കഴിയുന്നത്?
പെയ്തൊഴിയാതെ ഉള്ളിൽ ചുമക്കുന്ന
കണ്ണുനീർത്തുള്ളികൾ കാണാൻ കഴിയുന്നത്?”
അത് മിണ്ടാതെ കടന്നുകളഞ്ഞു
അവളുടെ സന്ദേശം നൽകാതെ”
വാക്കുകളുടെ മഴ, വാനവില്ലിൻ മഴ
നിലാവിനെയും മൗനത്തിന്റെയും മഴകൾ
നാം ഒരുമിച്ചു നനയാതെ പോയ എത്ര മഴകൾ!
തോരാ കണ്ണീരുകൾ
പരസ്പരം പറയാതെ വിട്ടുപോയ കഥകൾ
പകുതിക്ക് വച്ച്പോയ കടങ്കവിതകൾ
ഇനി എത്ര മഴകളുണ്ട് ഒരുമിച്ചു നനയുവാൻ!!
എണ്ണിയാൽ തീരാത്തവ”
#പ്രതീക്ഷ
വേദനയുടെയും കണ്ണീരിന്റെയും മഴയാവാം,
സന്തോഷത്തിന്റെയും തോന്നലുകളുടെയും
ഒരുമിച്ച് നനയുന്നതും, നനയാത്തതും, നനയാൻ കൊതിക്കുന്നതും
പറഞ്ഞുപോയതും, പറയാതെ ഉള്ളിൽ തങ്ങുന്നതും
അങ്ങനെ ഒരുപാടൊരുപാട്”
വീണ്ടും മഴത്തുള്ളികളിലേക്ക് മടങ്ങി
മറ്റൊരു തുള്ളിയായ്
മണ്ണിൽ വീണുടയുവാൻ
എന്നെന്നേക്കുമായി….”
താനറിയാതെ മേഘമെപ്പോഴോ വർഷമായി ചൊരിഞ്ഞപ്പോൾ
അറിയാതെ പറ്റിപോയ ഒരു അബദ്ധം
മഴത്തുള്ളികൾ കണ്ണീരായി പൊഴിഞ്ഞ നിമിഷം.
അതിനാൽ മേഘത്തിനെപ്പോഴും പുഴയെ ഭയമാണ്
തന്നെ പുഴ എടുത്തു വിഴുങ്ങുമോ എന്ന ഭയം”
വർഷമേഘം പെയ്തൊഴിയുക തന്നെ ചെയ്യും
മഴത്തുള്ളിയായോ
അതോ ആലിപ്പഴമായോ
എന്ന ചോദ്യം മാത്രം ബാക്കി.
അതിനുത്തരം
കാലത്തിന്റെ പക്കൽ മാത്രം”
“ആർത്തലച്ചു പെയ്ത ശേഷം മഴത്തുള്ളികളും മഴമേഘങ്ങളും വിശ്രമിക്കുകയാവുമിപ്പോൾ
മഴവില്ലിൻ ചാരുതയിൽ വർണ്ണത്തുള്ളികൾ തീർത്തുകൊണ്ട്
അടുത്ത മഴവരെ നമുക്കും ഒരു വിശ്രമം
ശുഭരാത്രി!!!!! “
Image courtesy: Pixabay, Sanal Photography
Recent Comments