പ്രകൃതി

“പ്രകൃതിയും പുഴകളും ഈ പച്ചപ്പും എല്ലാം ഒരു മായുന്ന സ്വപ്നം പോലെ… എല്ലാത്തിനും ഇനി മഴയത്തുകൊഴിയുന്ന ഈയലുകളുടെ ആയുസു മാത്രം”

“പ്രകൃതിതൻ ലീലകൾ നിത്യവുമീ ഭൂവിൽ
അനുഗ്രഹമായ് വർഷിക്കുകിൽ
സമസ്യകൾ സമസ്യകളല്ല ഈ പാരിൽ “

“ഈ ലോകത്ത് നിശ്ചലമായ ഒന്നും തന്നെയില്ല, ഭൂമിയും ആകാശവും മേഘങ്ങളും നക്ഷത്രങ്ങളും. ഹൃദയത്തിനുപോലും നിശ്ചലമായി കുറച്ചുനേരം/ഒരു നിമിഷം നിൽക്കാൻ പറ്റില്ല, പിന്നല്ലേ സ്ഥായിയായ ദുഃഖം!”

“ഈയലിന്റെ ചിറകിന് ആയുസ്സ് പിറന്നുവീണ് മണിക്കൂറുകൾ മാത്രം. പിന്നെ വേണേൽ തന്നെ ആകർഷിച്ച വിളക്കിനെ പഴിചാരാം, ഘാതകനെന്നു ലോകത്തെ വിശ്വസിപ്പിക്കാം”

“ഒന്നിനും സ്ഥിരത ഇല്ല ഈ ലോകത്ത്…. ഇന്ന് കാണുന്ന നീലാകാശമല്ല നാളെ കാണുന്നത്. കാഴ്ചകൾ മാറി മറിയുന്നു, കാഴ്ചക്കാരന് അത് മനസിലായില്ലെങ്കിലും “

“കൊന്നപ്പൂകാലം അണയുകയായ് വീണ്ടും
പുതുവർഷത്തിൻ പുലരിയിൽ ഉണരും വിഷുപക്ഷികളും…….
മഞ്ഞവർണത്തിൽ നീരാടി മറ്റൊരു
മേടരാശിയിൻ നാന്ദി കുറിക്കുവാൻ”

“പരാജയങ്ങൾ സ്വയം ഏറ്റുവാങ്ങുമ്പോൾ പൊരുതാനുള്ള അവസാന ശ്രമമാണ് അടിയറവ് വയ്ക്കുന്നത്, തീരത്തണയും തിര പാറക്കെട്ടിൽ സ്വയം തലതല്ലിച്ചിതറും പോലെ”

“നിൽക്കാത്തലയും മേഘങ്ങളെപ്പോഴും
അക്ഷമരായെന്നും തിരയുവതെന്തേ?
പൂമാനത്തിൻ കുന്നിൻചെരുവിൽ
നിശ്ചലമാം ഒന്നിനെ തേടുകയാണോ?”
 
“നിശ്ചലമാം മേഘത്തിനില്ല നിലനിൽപ്പ്
ചലനമില്ല ഭൂമിക്കും……
ചലിക്കണം മർത്യൻ കാലത്തിനൊപ്പം
പ്രപഞ്ച സത്യങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് ……  “
 
“താമരയിലയിൽ വീഴുന്ന മഴത്തുള്ളികൾ പോലെയാണ് പല ബന്ധങ്ങളും.
പുറത്തുനിന്നു നോക്കുമ്പോൾ അതിമനോഹരം, ദൃഢം.
ഇലയ്ക്കും തുള്ളികൾക്കുമിടയിൽ അദൃശ്യമായ ഒരു മെഴുകിന്റെ മതിലുണ്ട്,
അവർക്ക് മാത്രം അറിയാവുന്നത്.
വളരെ അടുത്തുനിന്നു നോക്കിയാൽപോലും കാണണമെന്നില്ല,
അടുപ്പങ്ങളിലെ അകലങ്ങൾ, വാനോളം!!!🍁🍁”
 
“അമ്പിളിയെ കൈകുമ്പിളിൽ എടുക്കാൻ മേഘത്തിനു ആകുമോ? ഭൂമിയുടെ കാഴ്ചയിൽ നിന്നും കുറച്ചുനേരം മറയ്ക്കാൻ കഴിഞ്ഞേക്കാം, എന്നുകരുതി വാനങ്ങൾ താണ്ടി മുകിലിന് ചന്ദ്രനെ തൊടാൻ കഴിയുമോ? ഒരു പക്ഷെ നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കാം, അത്ര തന്നെ. അതൊക്കെ ഒരുനാൾ പൊളിയില്ലേ?”
 
“പ്രകൃതിതൻ ലീലകൾ നിത്യവുമീ ഭൂവിൽ
അനുഗ്രഹമായ് വർഷിക്കുകിൽ
സമസ്യകൾ സമസ്യകളല്ല ഈ പാരിൽ “
 
“താരങ്ങളല്ല,
അമ്പിളിയാണ്
രാവുകളിൽ
അവളുടെ
കണ്ണുകളുടെ
തെളിച്ചം”
 
“നിന്നിൽ എന്റെ അംശങ്ങൾ കണ്ടെത്തിയ ദിനം
മഴമേഘങ്ങൾ നൃത്തംവയ്ച്ചു.
മനസ്സിൽ ആരോരുമറിയാതെ ഒളിപ്പിച്ചുവച്ച
കാർമേഘകെട്ടുകൾ തിമിർത്തുപെയ്തു.
അന്ന് ഞാൻ ആദ്യമായി ചിരിച്ചപ്പോൾ
എനിക്ക് തന്നെ വിചിത്രമായ് തോന്നി.
ആകാശങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ
ഒന്ന് രണ്ടു തുള്ളി ജലം എന്റെ മേൽ ഇറ്റിറ്റു വീണു,
ഒന്ന് രണ്ടു താരങ്ങൾ അങ്ങിങ്ങായി മിന്നി തിളങ്ങി”
 
“പല മാറ്റങ്ങൾ ഒരിക്കൽ മാത്രം അവകാശപെടാനുള്ളതാണ്
മൊട്ട് പൂവായി വിരിഞ്ഞു കൊഴിയുന്നത്
ശലഭം ഒരു പുഴുവിൽനിന്നും ചിറകുകൾ വിരിക്കുന്നത്
ശൈശവം വാർധ്യക്യത്തിലേക്ക് യാത്ര ചെയ്യുന്നത്.
എന്നാൽ നമുക്ക് വിചാരിച്ചാൽ കഴിയില്ലേ പലപ്പോഴും,
അവസാനിച്ചിടത്തുനിന്നും പുതിയ യാത്ര തുടങ്ങാൻ?
മാറ്റങ്ങൾ ആവർത്തിച്ചുവന്നാലും
ഒരിക്കൽ കൂടി ഒരു അങ്കം കുറിയ്ക്കുവാൻ?”
 
“ഒരു ചതുപ്പുനിലം പോലെയാണ് മനുഷ്യമനസ്സ്, ചഞ്ചലം. ചതുപ്പിൽ പതിയുന്ന കാൽ പ്രശ്നങ്ങൾപോലെയും. തിരിച്ചെടുക്കാനായാൽ പ്രതലം പഴയപടി ആകും. നിലയുറപ്പിക്കാൻ ശ്രമിച്ചാൽ താഴ്ന്നുപോവുകയേ ഉള്ളു.”
 
“അന്തിയാവുമ്പോൾ പക്ഷികൾ ചക്രവാളസീമകൾ കടന്നു അവരുടെ കൂട്ടിലേക്ക് പറക്കും, നമ്മളെ വിട്ടിട്ട്…. അതുവരെ നമ്മുടെ ആകാശസീമയിൽ നിൽക്കുകയല്ലേ അവർ, അകലെയെങ്കിലും, കണ്ണിനു മുമ്പിൽ…. ഒരക്ഷരം ഉരിയാടിയില്ലെങ്കിലും. പിന്നെ വരുന്നത് ഒരു കാത്തിരിപ്പാണ്, മറ്റൊരു പുലരിക്ക്, അവർ കൂടുവിട്ട് നമ്മളുടെ അടുത്തേക്ക് തിരിച്ചണയുന്ന നിമിഷങ്ങളുടെ പ്രതീക്ഷയിൽ ….”
 
“പൂമൊട്ട് വിരിയുംപോലെ ഓരോ സുപ്രഭാതം
ഇതളുകൾ പൊഴിയുംപോലെ അസ്തമയവും
അവയ്ക്കിടയിൽ സുഗന്ധം പരത്തും –
ഒരു പുഷ്പം പോലെ മനുഷ്യ ജീവിതവും”
 
“നക്ഷത്രങ്ങൾ ഏറ്റവും നന്നായി തിളങ്ങുന്നത് അമാവാസി രാത്രികളിലാണ്, അതുപോലെയാണ് ചില മനുഷ്യരും”
 
“ബാഹ്യസൗന്ദര്യത്തിൻ യഥാർത്ഥ പൊരുൾ മാനവന്‌ നൽകാൻ
സ്വയം അഗ്‌നിയിലർപ്പിക്കുന്ന പാവം ഈയാംപാറ്റകൾ…. “
 
“ഊർജ്ജത്തെയും വസ്തുവായി മാറ്റാം എന്നല്ലേ ഐൻസ്റ്റീൻ തെളിയിച്ചത്? പിന്നെങ്ങനെ അത് ശാശ്വതമാകും?”
 
“മരവിച്ചു പോയാൽ പോലും പുനർജനിക്കാം സുഹൃത്തേ…. തണുത്തുറഞ്ഞ ഗ്രീഷ്മത്തിനു ശേഷം വസന്തങ്ങൾ പൂക്കുന്നില്ലേ? വേനലും ശിശിരവും കടന്നുപോകുന്നില്ലേ? എല്ലാം കാലത്തിന്റെ കൈകളിൽ. ക്ഷമയോടെ കാത്തിരുന്നാൽ തിരിച്ച് വരാനുള്ള ഊർജം കാലം നൽകും….”
 
“അണയുംമുമ്പ് ആളിക്കത്തും വിളക്കുപോലെയാണ് ഓരോ അസ്തമയ സന്ധ്യയും…. എല്ലാം വെറും ക്ഷണികം മാത്രം. അന്ധകാരമാണ് യാഥാർഥ്യം”
 
Image source: Pixabay
 
(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: