ചില ചിന്തകൾ

 
 
 
“മനസ് മരുഭൂമിപോൽ വറ്റി ഉണങ്ങുമ്പോൾ
ഏകാന്തത കൊടുങ്കാറ്റായി ചുറ്റി നടക്കുന്നു…….”
 
“സ്‌മൃതികൾ പുനർജ്ജന്മം നേടുകയാണെങ്കിൽ
മൃതിക്ക് ചിറകേകാൻ കാലത്തിനു കഴിഞ്ഞീടുമോ?”
 
“മനസ്സിൻ വിങ്ങലുകൾ തേങ്ങലായ് മാറുമ്പോൾ
ചേക്കേറുന്നൊരാ മോഹപ്പക്ഷികൾ
കൂടുവിട്ട് പറക്കുന്നു”
 
“സന്ധ്യകൾ മാടിവിളിക്കുമ്പോൾ ചക്രവാളത്തിന്നരികിലേക്ക്
തിടുക്കത്തിൽ പറന്നകലുമാ പറവ കൂട്ടങ്ങൾ
ആരുമാർക്കും കാത്തുനിൽക്കാത്തൊരീലോകത്തു
എന്തിനാണവയിങ്ങനെ തിരക്ക്കൂട്ടുന്നത്??”
 
“ചിന്തകളുടെ ജീർണിച്ച കോട്ടയിൽ….”
 
“ഇന്ന് ചിന്തിക്കുന്നതല്ലല്ലോ നാളെ ചിന്തിക്കുന്നത്
മനുഷ്യന്റെ ചിന്തകൾ എപ്പോൾ വേണമെങ്കിലും മാറാം”
 
“ജീവിത യാത്രക്കിടയിൽ എത്രപേരെ കണ്ടുമുട്ടുന്നു പരിചയപ്പെടുന്നു
അത് പലപ്പോഴും ഒരു പരിചയം പുതുക്കൽ മാത്രമെന്ന് എത്രപേർ തിരിച്ചറിയുന്നുണ്ട്?  “
 
“പരിചിതരായിരുന്നിട്ടും അപരിചിതരെപോൽ പരിചയം പുതുക്കുന്നവർ”
 
“ചിന്തകൾ കവിതകളായി പുനർജനിക്കുമ്പോൾ
വാക്കുകൾ ശലഭംപോൽ പാറിനടക്കും”
 
“വെന്മേഘത്തെ നീലാകാശത്തിൻ തോഴിയായും
കാർമേഘത്തെ ദുഖത്തിൻ കരിനിഴലായും കവി വർണ്ണിക്കുമ്പോൾ
മനസ്സുകൾക്കാശ്വാസമായി പെയ്തിറങ്ങാൻ
കരിമേഘത്തിനേ പറ്റൂ”
 
“മറവികൾ നല്ലതാ നമ്മളെ മറന്നവരെ മറക്കാൻ
പക്ഷെ നമ്മളെ കാത്തിരിക്കുന്നവരെ അല്ല”
 
“കൊടുങ്കാറ്റിനും തോണിയെ കരക്കെത്തിക്കാൻ പറ്റും”
 
“മനസ്സാണ് ഏറ്റവും വലിയ ശക്തി
ഏറ്റവും വലിയ ദൗർബല്യവും………”
 
“സ്വപ്നങ്ങൾക്കുമുണ്ടോ യാഥാർഥ്യങ്ങളുടെ നേരിയ ഒരു ഛായാതലം ???”
 
“മനസ്സ് വിശ്രമമില്ലാ പക്ഷി പോലെയാണ്
അലഞ്ഞുകൊണ്ടേയിരിക്കും
തനിക്കായി വിധിച്ചിട്ടുള്ള ചില്ലയിൽ –
കൂടൊരുക്കും വരെ”
 
“ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലാ എന്നു പറഞ്ഞ വിഡ്ഢി ആരാണാവോ?”
 
“ദുഖത്തിനുമുണ്ടോ ഒരു നിശബ്ദ സംഗീതം
വിഷാദമാണോ അതിന്  താളമിടുന്നത്?”
 
“ആകാശസാഗരം നീന്തിക്കടക്കാൻ ആഗ്രഹിക്കുന്ന ചന്ദ്രനും
അവനെ തടയാൻ ശ്രമിക്കുന്ന കുഞ്ഞുമേഘങ്ങളും
എന്നാൽ അവയുടെ ആധിപത്യം എത്ര നേരം???”
 
“നഷ്ടമായി തുടങ്ങിയിട്ടുണ്ട് എന്റെ ചിന്തകളിൽ
നിന്റെ സുഗന്ധം”
 
“വാക്കുകളിൽ തുളുമ്പാതെ
മൗനഭാവത്തിൽ പറയപ്പെടുന്നു പലതുമെങ്കിലും
വാക്കുകളാൽ മൊഴിയാതെ
അപൂർണമായ് നിലകൊള്ളുന്നു പലതും/ചിലത്”
 
“പിറക്കാത്ത മൊഴികൾ ശ്രുതി ചേരാത്തൊരീണമത്രേ …….. “
 
“മരണത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നെങ്കിൽ
ഒരുപക്ഷെ ഇന്ന് ഭൂമിയിൽ മനുഷ്യ രാശിയേ കാണില്ലായിരുന്നു
സൃഷ്ടാവിന്റെ ലീല – അല്ലാതെന്തു പറയാൻ
മരിച്ചാൽ മതിയായിരുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടോ ഈ ലോകത്തിൽ
പക്ഷെ വേദനാരഹിതമല്ലല്ലോ മൃത്യു
ജീവിക്കാനുള്ള കൊതിയേക്കാൾ മരിക്കാനുള്ള പേടികാരണം ആ നിമിഷത്തെ അതിജീവിക്കുന്ന ആളുകളുടെ എണ്ണമെത്രയോ കൂടുതൽ. വിചിത്രം പക്ഷെ സത്യം!!!”
 
“തെറ്റായ കാര്യങ്ങൾ പോലും തുടങ്ങുന്നത് ശരിയായി തന്നെയാണ്
അല്ലെങ്കിൽ ശരി എന്ന തോന്നലോടെ”
 

“ഒരുപാട് നഷ്ടങ്ങളാകുമ്പോൾ ബാക്കി നഷ്ടങ്ങൾ കൂടി സ്വീകരിക്കാമെന്ന് മനസ്സ് വിശ്വസിക്കുന്നു”

“മനസ്സിലാക്കപ്പെടുന്ന സത്യങ്ങളുടെ എണ്ണത്തേക്കാൾ വളരെയേറെയാണ് മനസ്സിലാക്കപ്പെടാതെ പോകുന്നവ!”

“ചിലപ്പോൾ ഉപകാരത്തിനായി ഒരാൾക്ക് നല്ലതുചെയ്യുന്നത് തന്നെയാവും അയാൾക്ക് ഏറ്റവും ദോഷമായി ഫലിക്കുക”

“സുപരിചിതമായ എത്രയോ മുഖങ്ങൾ നമ്മൾ പോലുമറിയാതെ ഈ ലോകത്തോട് വിടവാങ്ങുന്നുണ്ട്. അതിൽ പലരുടെയും മുഖം ഓർത്തെടുക്കാൻ പോലും കഴിയാറില്ല.”

“നിഗൂഢമായ പല സത്യങ്ങളും അറിയാതെ കടന്നു പോകുന്നതുകൊണ്ടാവാം ഈ ലോകം  വലിയ കുഴപ്പങ്ങളില്ലാതെ ഇങ്ങനെയൊക്കെയങ്ങ് പോകുന്നത്”

“നീ പ്രിയനല്ലാർക്കുമെങ്കിലും
നിനക്കപ്രിയനായില്ലൊരാൾ പോലും – മരണം”

“പ്രിയ മിഥ്യകളെക്കാളും എപ്പോഴും നല്ലത്  അപ്രിയ സത്യങ്ങളല്ലേ? “

“ലക്ഷ്യം അപ്രാപ്യമെന്നെൻ അന്തരംഗം
മന്ത്രിക്കുമെങ്കിലുമെന്തേ എൻ മനം
മഴവില്ലിൻ ചാരുതയാൽ സ്വപ്‌നങ്ങൾ നെയ്തുകൂട്ടുന്നു?”

“ഇൻഫിനിറ്റിക്കപ്പുറം ഒരു ലോകമുണ്ടെന്ന് സങ്കല്പിച്ചിട്ടുണ്ട് പലപ്പോഴും, ഒരുപക്ഷെ നമുക്കെല്ലാം ചിരപരിചിതമായ മറ്റൊരു ലോകം…..” 

“വരണ്ടുണങ്ങിയ മരുഭൂമികൾ പോലും
പൂക്കളെ പുഷ്പിക്കാൻ ഉള്ളറകളിൽ
നീരുറവകൾ കരുതുന്നുണ്ട്…..
അതുപോലെയാണ് –
ചില മനുഷ്യരും പല പ്രതീക്ഷകളും
പലതും എന്നെന്നേയ്ക്കുമായി അസ്തമിക്കുന്നില്ല……”
 
“തെറ്റിദ്ധാരണകൾ സംഭവിച്ചിട്ടുണ്ട്
അല്ലെങ്കിൽ എന്നോടൊന്നും പറയാതെ നീ ഇങ്ങനെ പോവില്ലായിരുന്നു “
 
“മനസ്സുകളിൽ നിന്നും പടിയിറങ്ങുന്നത്
ഓരോ പടവുകളായി ആയിരിക്കും….
#മിക്കവാറും”
 
“പല വ്യക്തികൾ ആവർത്തിച്ചു പറയുന്നതുകൊണ്ട് കള്ളമൊരിക്കലും സത്യവുമാവില്ല, സത്യം ഒരിക്കലും കള്ളവും.
ചന്ദ്രനെ തന്റെ കാർക്കൂന്തലിൽ ഒളിപ്പിക്കാൻ മേഘത്തിനു കഴിയും, ക്ഷണനേരത്തേക്ക് മാത്രം….”
 
“പകരം വയ്ക്കാനാവാത്ത ചില നഷ്ടങ്ങൾക്ക് വിധി പകരം നൽകുന്നതും
ഒരിക്കലും സ്വന്തമായി കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്ത നിറച്ചാർത്തുകളോ? “
 
“ചുറ്റും ഉള്ളവർക്ക് എല്ലാരും ഉണ്ട്
ഒറ്റ ആയവർക്ക് ആരുമില്ല, ഒരിക്കലും”
 
Image source: Pixabay 
 
(Visited 815 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: