ഏത്തപ്പഴം – ശർക്കര കൂട്ട്
വളരെ സ്വാദിഷ്ടവും എളുപ്പം തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു മധുര പലഹാരം ആണിത്. ഞാൻ ഇന്നലെ വൈകുന്നേരം ഒന്ന് ട്രൈ ചെയ്തു നോക്കിയപ്പോൾ കൊള്ളാമെന്നു തോന്നി. അതിനാൽ ഈ പാചക കുറിപ്പ് ഷെയർ ചെയ്യുന്നു. പണ്ട് വായിച്ചിട്ടുള്ള ചില പാചക കുറിപ്പുകൾ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാം.
കുട്ടികൾക്ക് വളരെ എളുപ്പം തയ്യാറാക്കി കൊടുക്കാം, ഫാസ്റ്റ് ഫുഡിനെകാലും എത്രയോ നല്ലതാണ്. ഏത്തപ്പഴം ആവിയിൽ പുഴുങ്ങി എടുക്കുന്നതുകൊണ്ട് പോഷകസമ്പുഷ്ടമായ ഒരു മധുര പലഹാരം എന്ന് തന്നെ പറയാം. പഴം പുഴുങ്ങി കഴിഞ്ഞാൽ പത്തു മിനിറ്റിന്റെ പണിയേ ഉള്ളൂ ഏത്തപ്പഴം – ശർക്കര കൂട്ട് തയ്യാറാക്കാൻ. റെസിപ്പി ഇതാ.
ഏത്തപ്പഴം – ശർക്കര കൂട്ട് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:
1. നല്ല പഴുത്ത ഏത്തപ്പഴം – വലുത് നാലെണ്ണം
2. ശർക്കര – മധുരത്തിന് ആവശ്യമായത്
3. തേങ്ങ തിരുമ്മിയത് – അര കപ്പ്
4. നെയ്യ് – ഒരു ചെറിയ സ്പൂൺ
5. അണ്ടിപ്പരിപ്പും മുന്തിരിയും – കുറച്ച്
6. ഏലക്ക പൊടി – കാൽ ചെറിയ സ്പൂൺ
7. തേങ്ങാ പാൽ – 1/4-1/2 കപ്പ്
ഏത്തപ്പഴം – ശർക്കര കൂട്ട് പാകം ചെയ്യുന്ന വിധം:
1. ആദ്യം ഏത്തപ്പഴം ആവിയിൽ പുഴുങ്ങുക.
2. ഈ സമയത്ത് ഏകദേശം അര കപ്പ് തേങ്ങാപ്പാൽ (ഒന്നാം പാൽ) ശരിയാക്കി വയ്ക്കുക.
3. ശർക്കര പൊടിച്ചു വയ്ക്കുക.
4. വേവിച്ച ഏത്തപ്പഴം ഓരോന്നും നാലായി കീറി, അധികം ചെറുതല്ലാത്ത ചതുര കഷ്ണങ്ങൾ ആക്കുക.
5. ചുവടു കട്ടിയുള്ള ഒരു പാത്രമോ ചീനചട്ടിയോ അടുപ്പിൽ വച്ച് അതിൽ ശർക്കരയും തേങ്ങാപ്പാലും ഒഴിക്കുക.
6. ശർക്കര അലിയുംവരെ ഇളക്കി കൊണ്ടിരിക്കുക. തീ കുറച്ചു വയ്ക്കുക.
7. ഒന്ന് കട്ടിയാവുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന വേവിച്ച ഏത്തപ്പഴം ചേർക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കുക.
8. അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഏത്തപ്പഴത്തിലെ വെള്ളം ഏകദേശം വലിയും.
9. അപ്പോൾ ചിരകി വച്ചിരിക്കുന്ന തേങ്ങയും നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് നന്നായി ഇളക്കുക.
10. രണ്ടു – മൂന്നു മിനിറ്റ് കഴിയുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് വാങ്ങി വയ്ക്കുക.
N.B: ചൂടോടുകൂടിയോ തണുത്ത ശേഷമോ ഉപയോഗിക്കാം. ശർക്കരക്കു പകരം പഞ്ചസാരയും ഉപയോഗിക്കാം. മധുരപ്രിയരല്ലെങ്കിൽ ഇത് രണ്ടും പാടെ വേണ്ടന്ന് വയ്ക്കാം.
ഈ റെസിപ്പി ട്രൈ ചെയ്ത ശേഷം അഭിപ്രായം അറിയിക്കുക. Read its English version here.
Recent Comments