അദ്ധ്യായം 5 – മീരയുടെ ഓഫീസിൽ ഒരു ദിനം
കുറച്ച് കഴിഞ്ഞ്, “ഗുഡ് മോർണിംഗ്”.
അവൾ മുഖമുയർത്തി നോക്കി, പ്രസാദാണ്. ഇവിടെ, മീരയുടെ ഏറ്റവും നല്ല സുഹൃത്ത്. സമപ്രായക്കാരനാണ്. ഒരു നല്ല സുഹൃത്ത് എന്നതിലുപരി നല്ലൊരു സാഹിത്യകാരനും നിരൂപകനുമാണ്. പ്രായത്തിൽ കവിഞ്ഞ അറിവ്, അത് വായനാശീലത്തിലൂടെ നേടിയെടുത്തതാണ്. ജീവിതത്തോടുള്ള സമീപനം, ആദർശങ്ങൾ, തത്ത്വശാസ്ത്രം – ഇവയെല്ലാമാണ് മീരയെ അയാളിലേക്കടുപ്പിച്ച സ്വഭാവ വിശേഷങ്ങൾ. നാം പകലിനെക്കുറിച്ച് പറഞ്ഞാൽ പ്രസാദ് ചിന്തിക്കുന്നത് രാത്രിയെക്കുറിച്ചായിരിക്കും. നാം എന്തുപറഞ്ഞാലും അത് തെറ്റാണെന്ന് പറഞ്ഞ് സമർത്ഥിച്ച് ജയിക്കാൻ വേണ്ടുന്ന പാടവം അയാൾക്കുണ്ടായിരുന്നു. തർക്കം അയാൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വിനോദമാണ്.
“ഗുഡ് മോർണിംഗ്”, പുഞ്ചിരിച്ചുകൊണ്ട് മീര മറുപടി നൽകി.
“രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നല്ലോ. എവിടെ ആയിരുന്നു?”
“സുഖമില്ലായിരുന്നു, ഒരു ചെറിയ പനി”.
“ഇപ്പോൾ എങ്ങനെയുണ്ട്?”
“സാരമില്ല”.
“ഇന്നെന്താ നേരത്തേ?”
“സ്ഥിരം ഏർപ്പാട് തന്നെ, ഒരു എക്സ്ട്രാ ഫയൽ. മടുത്തു ഞാൻ, കുറെ ആയി സഹിക്കുന്നു.”
“അല്ലെങ്കിലും സഹിക്കാനുള്ള കഴിവ് മീരയ്‌ക്കൽപ്പം കൂടുതലാ. അതുകൊണ്ടാണല്ലോ, അത്യാവശ്യമായ ജോലികളെല്ലാം ഇയാളെ തന്നെ ഏൽപ്പിക്കുന്നത്. പരാതി പറയാതെ ചെയ്തുകൊടുക്കുമെന്നറിയാം. അതൊക്കെ പോട്ടേ. ഞാൻ ഇങ്ങനെ സംസാരിച്ച് നിന്നാൽ വൈകുന്നേരമായാലും തീരില്ല, അറിയാമല്ലോ. ഞാൻ തൽക്കാലം പോട്ടേ. എനിക്കും കുറച്ച് പണി ചെയ്ത് തീർക്കാനുണ്ട്. വൈകുന്നേരം ഒരുമിച്ചിറങ്ങാം.”
വൈകുന്നേരം മീര ആ ഫയൽ മേശപ്പുറത്ത് വച്ചു. മേലുദ്ദ്യോഗസ്ഥന്റെ പ്രസന്ന ഭാവം കാണണമായിരുന്നു. അവൾ അതൊന്നും ഗൗനിച്ചില്ല.
“മീരയുടെ അസുഖം ഭേദമായില്ലേ?”
“ഉവ്വ്”
ഏതോ ഒരു കടമ ചെയ്ത ഭാവം മാത്രമായിരുന്നു അപ്പോൾ അവളുടെ മുഖത്ത്.
Recent Comments