അദ്ധ്യായം 4 – കൃഷ്ണയുടെ വിവാഹം
മനപ്പൂർവം എടുത്തണിഞ്ഞ ഗൗരവത്തിന്റെ ആവരണം ഒരു നിമിഷംകൊണ്ട് പൊഴിഞ്ഞു വീഴുന്നത് കൃഷ്ണ അറിഞ്ഞു. എത്ര പിണങ്ങിയിരുന്നാലും കൃഷ്ണയെ പെട്ടെന്നിണക്കാനുള്ള പൊടികൈകൾ മീരയുടെ പക്കലുണ്ട്. അവൾ മീരയുടെ നേർക്ക് തിരിഞ്ഞ് പറഞ്ഞു തുടങ്ങി,
“ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ആളാണ്. ആരുമില്ല, എന്നെപോലെ. കാണാൻ വലിയ കുഴപ്പമില്ല. എന്നെകുറിച്ച് നല്ലപോലെ അറിയാം”.
മീര കളിയാക്കികൊണ്ട് ഇടയ്ക്ക് കേറി പറഞ്ഞു,
“അപ്പോൾ പൂർണ രേഖാചിത്രവും നൽകി കഴിഞ്ഞുവല്ലേ?”
കൃഷ്ണയ്ക്ക് വീണ്ടും ദേഷ്യം വന്നു, “നോക്കിക്കോ, ഞാനൊന്നും പറയില്ല”.
അവൾ വീണ്ടും തിരിഞ്ഞിരുന്നു.
“എന്റെ സുന്ദരികുട്ടിയല്ലേ. ഒന്ന് തിരിഞ്ഞേ. നോക്കട്ടെ മോളുടെ പിണക്കം.”
കൃഷ്ണയ്ക്ക് തിരിയാതിരിക്കാൻ കഴിഞ്ഞില്ല.
“”ഞാൻ എന്തുചെയ്യണമെന്ന് പറ” – ചോദ്യരൂപേണ കൃഷ്ണ മീരയുടെ മുഖത്ത് നോക്കി.
പെട്ടെന്ന് മീര തമാശ രൂപം കളഞ്ഞ്, ആലോചനയിൽ മുഴുകി ഒരു നിമിഷം. എന്നിട്ടവൾ പറഞ്ഞു,
“ഇത് അൽപ്പം ഗഹനമായി ചിന്തിക്കേണ്ട കാര്യം തന്നെ. ഞാൻ മനസ്സിലാക്കിയിടത്തോളം അയാളിൽ ഒരു കുറവും നീ കാണുന്നില്ല തന്നെ. നിങ്ങൾ പരസ്പരം കുറച്ചെങ്കിലും അറിയുന്നു. മറ്റുള്ളവർക്ക് നല്ല അഭിപ്രായമാണോ അയാളെക്കുറിച്ച്?”
കൃഷ്ണ തലയാട്ടി. മീര തുടർന്നു,
അന്ന് വളരെ സന്തോഷവതിയായി കണ്ട കൃഷ്ണ, മീരയുടെ കൈപിടിച്ച് അവളോട് മാത്രമായ് പറഞ്ഞു,
“നീയാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. എനിക്ക് ഒരുപാട് പരിചയക്കാരുണ്ട് ഈ നഗരത്തിൽ. എന്നാൽ നിനക്ക് പകരമാവില്ല മറ്റൊരാളും. നീ എനിക്ക് വേണ്ടി ചെയ്തതും തന്ന ആശ്വാസവാക്കുകളും ഒന്നും ഞാൻ ഒരിക്കലും മറക്കില്ല. ഈ ബന്ധം എന്നും നിലനിൽക്കും.”
അവളുടെ കണ്ണുകളിൽ അന്ന് തിളങ്ങികണ്ട ആത്മാർഥത…..എന്നാൽ തീർത്തും ജലരേഖ പോലെയായിരുന്നു അവളുടെ വാഗ്‌ദാനം. വിവാഹം കഴിഞ്ഞ് ഒരിക്കൽ അവർ ‘ഭദ്രദീപ’ത്തിൽ വന്നിരുന്നു. എന്നാൽ പിന്നെയൊരു വരവുണ്ടായില്ല.
ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ ഒരു നാളെങ്കിലും അവൾ തന്നെ വിളിച്ചുവോ? മീര സ്വയം ചോദിച്ചു. ആദ്യം കാണുന്ന ഊഷ്മളതയൊന്നും ഒരു ബന്ധത്തിനും പിന്നീടുണ്ടാവില്ല എന്ന് പറയുന്നത് സത്യമാണോ? താൻ എത്രയോ പ്രാവശ്യം അവളെ വിളിച്ചു – മീര ഓർത്തു.
“ഞാൻ നിന്നെ ഉടനെ വിളിക്കും. നമുക്ക് പണ്ടത്തെപ്പോലെ ഒത്തുകൂടണം. ഞാൻ തീർച്ചയായും വരും”.
മീര ഇതൊക്കെ കേട്ട് മടുത്ത് തുടങ്ങിയിരുന്നു. മനുഷ്യന്റെ സ്വഭാവം എത്ര പെട്ടെന്നാണ് മാറുന്നത്, നദി ഗതി മാറി ഒഴുകും പോലെ. ‘നിന്നെ പിരിഞ്ഞ ജീവിതം, അതെനിക്ക് ആലോചിക്കാൻ കൂടി കഴിയില്ല’ എന്നവൾ പണ്ട് പറയുമായിരുന്നു. എന്നാലിന്നോ, മറിച്ചു കഴിഞ്ഞ പല താളുകളിലെ മാഞ്ഞുപോയ ഒരു അക്ഷരം മാത്രം!
വീണ്ടുമവൾ ഓർമകളുടെ പടവിറങ്ങി – കൃഷ്ണയുമായ് അവസാനം സംസാരിച്ച നിമിഷം.
മീര (ഫോണിൽ): ഒരു വർഷം കഴിഞ്ഞിരിക്കുന്നു, നീ ഇവിടെ വന്നു പോയിട്ട്. ഇതിനിടയിൽ ഞാൻ എത്ര പ്രാവശ്യം നിന്നെ വിളിച്ചു. എന്നാൽ നീയോ? നിനക്കിപ്പോൾ എന്നെ കാണേണ്ട. നീയെന്നെ മറന്നു കൃഷ്ണേ.
കൃഷ്ണ (മറുവശത്തു): അങ്ങനെയൊന്നുമില്ല മീരേ. എനിക്കിപ്പോൾ ജോലിത്തിരക്ക് കൂടുതലാ. പ്രൊമോഷൻ ആയി കുറച്ച് നാളുകൾക്ക് മുമ്പ്. ഉത്തരവാദിത്വങ്ങളും കൂടി. ഒപ്പം വീട്ടിലെ കാര്യങ്ങളും. ഒരു വർഷം എന്നത് വലിയ ഒരു കാലയളവല്ലല്ലോ. നമുക്ക് പരസ്പരം കാണാമെന്നു പറഞ്ഞില്ലേ.
മീര: ഓരോ പ്രാവശ്യവും നീ തന്നെയല്ലേ ഓരോന്ന് പറഞ്ഞൊഴിയുന്നത്, ഞാനല്ലല്ലോ. നിന്നോട് പറയാനായി ഞാൻ ഒരുപാട് കാര്യങ്ങൾ കരുതി വച്ചിട്ടുണ്ട്. എനിക്ക് നിന്നെ കാണാതെ പറ്റില്ല. പൂർത്തിയാകാത്ത ഒരു ചിത്രംപോലെ വീർപ്പുമുട്ടുകയാണ് എന്റെ മനസ്സിപ്പോൾ. എനിക്ക് നിന്റെ സാമീപ്യം കൂടിയേ തീരൂ. അല്ലാതെ കഴിയില്ല. കഴിയില്ല ഒന്നിനും.
കൃഷ്ണ (ഒന്നാലോചിച്ചിട്ട്): എന്നാൽ ഒരു കാര്യം ചെയ്യാം. ഇപ്രാവശ്യത്തെ കൂടിക്കാഴ്ച ഞാൻ തന്നെ ഫിക്സ് ചെയ്യാം.
ഒന്ന് നിർത്തിയശേഷം അവൾ തുടർന്നു, “ബുധനാഴ്ച ഞാൻ നിന്നെ വിളിച്ചിരിക്കും, എപ്പോഴാ കാണേണ്ടത് എന്ന് തീരുമാനിച്ചിട്ട്. ഇത് സത്യം. അല്ലെങ്കിൽ ഞാൻ നിന്നെ മറന്നു എന്ന് നീ വിശ്വസിച്ചേക്ക്”.
“സത്യമാണോ?”
“സത്യം”
“എന്നാൽ നീ ഒരു കാര്യം കൂടെ കേട്ടോളൂ. നീ എന്നെ അന്ന് വിളിച്ചില്ല എങ്കിൽ പിന്നീടൊരിക്കലും ഞാൻ നിന്നെ വിളിക്കില്ല, ശല്യപ്പെടുത്തില്ല, സത്യം. മീരയാണ് ഈ പറയുന്നത്”.
“ഞാൻ നിന്നെ വിളിച്ചിരിക്കും. ഞാനെപ്പോഴും പറയുന്നതുപോലെയല്ല ഇത്”.
തുറന്നുവച്ച പുസ്തകവുമായി കട്ടിലിൽ ഇരിക്കുകയാണ് മീര. മുമ്പൊരിക്കൽ കൃഷ്ണ പറഞ്ഞത് പെട്ടന്നവൾക്ക് ഓർമ വന്നു, സുഹൃത്ത് ബന്ധങ്ങൾ സ്ഥാപിക്കുന്നത് ഒരു ഹോബിയായിരുന്നത്രെ. കൃഷ്ണയ്ക്ക് താനും അവരിൽ ഒരാൾ മാത്രമോ? അവൾക്കിപ്പോൾ താൻ ആരുമല്ലാതായി തീർന്നിരിക്കുന്നു. മനസ്സൊന്ന് പിടഞ്ഞുവോ? മനസ്സിനെന്തേ വേദന അറിയാനുള്ള കഴിവ് തിരിച്ചുകിട്ടി തുടങ്ങിയോ? ഒന്നും സഹിക്കാൻ കഴിയാത്തതുപോലൊരു തോന്നൽ.
ഒരിക്കൽ കാലം പറഞ്ഞുതന്ന അനേകം സുപ്രധാന പാഠങ്ങളുണ്ട്. അവയൊക്കെ മറന്നാണ് അവളെ തന്നോട് അടുപ്പിച്ചത്. തെറ്റായി ചെയ്തുകൂട്ടിയ കാര്യങ്ങളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടി, സാരമില്ല. കൃഷ്ണയുമായുള്ള സൗഹൃദത്തിന് അങ്ങനെയൊരു വിശേഷണം കൊടുക്കാനാണ് അവൾക്കപ്പോൾ തോന്നിയത്. അലാറത്തിൽ സമയം ഒൻപത് അടിക്കുന്നു. അവൾ ചിന്തകൾക്ക് വിശ്രമം നൽകി.
‘ഇനി കൃഷ്ണ വിളിക്കുമെന്ന് തോന്നുന്നില്ല. ബന്ധങ്ങൾ ഉടലെടുക്കാനും നശിക്കാനും എത്ര നേരം, ജലകുമിളകൾ പോലെ! ഭൂമിയേ ശാശ്വതമല്ല, പിന്നെയല്ലേ അതിൽ ഉടലെടുക്കുന്ന ബന്ധങ്ങൾ.’
അവൾ എണീറ്റു.
“അമ്മുവേട്ടത്തീ, അത്താഴമെടുത്തു വച്ചോളൂ”.
കുറച്ചു കഴിഞ്ഞ് അമ്മുവേട്ടത്തി വിളിച്ചുപറയുന്നത് കേട്ടു,
“കഞ്ഞി എടുത്ത് വച്ചിട്ടുണ്ട്. പനിയ്ക്ക് നല്ലതാ”.
അത്താഴം കഴിഞ്ഞ് ഉറക്കത്തിനു വട്ടം കൂട്ടി. നാളെ നേരത്തെ പോകണം. ചാക്കോ പറഞ്ഞ കാര്യമാണ് അവളുടെ മനസ്സിലിപ്പോൾ. ചുമ്മാ മാനേജരെകൊണ്ട് ഒന്നും പറയിക്കേണ്ട. മുറിയിലെ ലൈറ്റണച്ചു. ചിന്തകളുടെ ഭാരവും പനിയുടെ ക്ഷീണവും കാരണം അവൾ നേരത്തേ ഉറങ്ങി.
Recent Comments