ചെമ്മണ്ട സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം – തൃശ്ശൂർ
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ കാറളം പഞ്ചായത്തിലാണ് ചെമ്മണ്ട ക്ഷേത്രം. കിഴക്കോട്ട് ദർശനമായ അമ്പലത്തിലെ പ്രധാന മൂർത്തി സുബ്രഹ്മണ്യസ്വാമിയാണ്. കേരളത്തിലെ, വലിപ്പം കൊണ്ട് മുരുകക്ഷേത്രങ്ങളിൽ രണ്ടാമത് വരുന്ന ക്ഷേത്രമാണ് ചെമ്മണ്ട. ശെയോന്റെ മണ്ണ്, അഥവാ ചെയോന്റെ മണ്ണ്. ശെയോൻ എന്നാൽ ശിവൻ. കൊട്രവേൽ എന്നാൽ പാർവതി. അതായത് ശിവപാർവ്വതി പുത്രനായ സുബ്രഹ്മണ്യന്റെ മണ്ണ്. കാലാന്തരങ്ങളായി ലോപിച്ച് ചെമ്മണ്ട ആയി.
പഴയകാലത്തെ 64 ഗ്രാമങ്ങളിൽ 32 എണ്ണം തുളുനാട്ടിലും 32 എണ്ണം കേരളത്തിലും എന്നതാണ് വിശ്വാസം. പരശുരാമനാൽ പ്രതിഷ്ഠിതമായ എന്ന് വിശ്വസിക്കപ്പെടുന്ന 64 ഗ്രാമങ്ങളിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ചെമ്മണ്ട. ചേരമാൻ പെരുമാളിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ഒരുകാലത്ത് മഹാക്ഷേത്രം ആയിരുന്നു എന്ന് തോന്നിപ്പിക്കുന്ന പല ശേഷിപ്പുകളും ഈ അമ്പലത്തിൽ ഉണ്ട്. വളരെ പുരാതനമായ ഈ ക്ഷേത്രത്തിൻറെ നിർമ്മാണ രീതികൾ സംഘകാലത്തിന്റെ നിർമ്മിതികളുമായി സാമ്യമുണ്ട്. അങ്ങനെ പല പ്രത്യേകതകളും ഉള്ള ഒരു ക്ഷേത്രമാണ് ചെമ്മണ്ട. അറിയാം ഈ അമ്പലത്തെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ. You can read in English here.
ശിവ കുടുംബം കണ്ടു തൊഴാൻ അവസരമുള്ള ക്ഷേത്രം
വട്ട ശ്രീകോവിലാണ്. വിഗ്രഹത്തിന് ആറടിയോളം ഉയരമുണ്ട്. വൃശ്ചികത്തിലെ ഷഷ്ഠി ആറാട്ടായി വരുന്ന ദിവസം അഞ്ചുദിവസത്തെ ഉത്സവം ആണിവിടെ. ഈ സുബ്രഹ്മണ്യ അമ്പലത്തിലെ ഉപദൈവങ്ങൾ ശിവകുടുംബം എന്ന് പറയാം, അതായത് ശിവൻ, പാർവതി, പിന്നെ ഗണപതി. അതാണ് ഈ അമ്പലത്തിലെ പ്രത്യേകതകയും. ശിവകുടുംബം കണ്ടു തൊഴാൻ അവസരമുള്ള ക്ഷേത്രം. ഇവിടെ മറ്റൊരു ശ്രീകോവിലിൽ ആണ് ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ക്ഷേത്രത്തിൻറെ ശ്രീകോവിനോട് ചേർന്ന് ഗണപതി ഭഗവാൻറെ ഒരു പ്രതിഷ്ഠയും ഉണ്ട്. കൂടാതെ ഒരു ഹിഡുംബൻ കോവിലും വടക്ക് കിഴക്കേ മൂലയിൽ നാഗദേവതകളുടെ സാന്നിധ്യവും ഇവിടെയുണ്ട്. അമ്പലത്തിന്റെ കിഴക്ക് വശത്ത് അവിട്ടത്തൂർ എന്നൊരു ഗ്രാമം ഉണ്ട്. അവിടെ അഗസ്ത്യ മഹർഷിയുടെ പ്രതിഷ്ഠയുണ്ട്.
തമിഴ്നാട്ടിലെ അതിപ്രശസ്തമായ പളനി ക്ഷേത്രവുമായി ചില ഐതിഹ്യങ്ങൾ വിശ്വാസ ബന്ധത്തിൻറെ കഥകളിൽ ചേർന്നു കിടപ്പുണ്ട്. പളനിയിലെ മുരുക അമ്പലത്തിന്റെ മൂലസ്ഥാനം ചെമ്മണ്ട ക്ഷേത്രത്തിൽ ആണെന്ന് ഒരു വിശ്വാസമുണ്ട്. അച്ഛനോട് പിണങ്ങി സുബ്രഹ്മണ്യ സ്വാമി ആദ്യം വന്നു കുടിയിരുന്നത് ഇവിടെയാണ് എന്നൊരു വിശ്വാസമുണ്ട്. ചെമ്മണ്ടയും പളനിയും, അവിടത്തെ പ്രതിഷ്ഠാവിഗ്രഹങ്ങളും ഏതാണ്ട് ഒരേ ദിശയിലും പരസ്പരാഭിമുഖമായ നിലയിലും ആണ് സ്ഥിതി ചെയ്യുന്നത്. അത് ഈ ഐതിഹ്യങ്ങളെ കൂടുതൽ ഉറപ്പിക്കുന്നു. പളനി മുരുകൻ പടിഞ്ഞാറേയ്ക്ക് തിരഞ്ഞെടുപ്പ് മലയാളികളെ അനുഗ്രഹിക്കുന്നു എന്നതാണ് കേരളീയരുടെ വിശ്വാസം.
ചെമ്മണ്ട ക്ഷേത്രത്തിൻറെ ഐതിഹ്യം
പച്ചപ്പുല്ല് വിതച്ച മൈതാനം പോലെയുള്ള ക്ഷേത്രാങ്കണം. അവിടെ മനോഹരമായ ഒരു ഉദ്യാനം ഉണ്ട് – ശരവണോദ്യാനം. ഇവിടെ അടുത്തുള്ള മൂർഖനാട് ശിവക്ഷേത്രത്തിൽ നിന്നും തൻറെ അച്ഛനായ മഹാദേവനോട് പിണങ്ങി അവിടം വിട്ടിറങ്ങിയ സുബ്രഹ്മണ്യൻ ഇവിടെ അടുത്ത് കുമരം ചിറയിൽ വന്നിരുന്നുവെന്നും, കുമരംചിറയിലെ ശാസ്താവ് തൻറെ സഹോദരനായ സുബ്രഹ്മണ്യന് ഉചിതമായ ഒരു സ്ഥാനം ചെമ്മണ്ടയിൽ നൽകി എന്നുമാണ് ഐതിഹ്യം. പിന്നീട് സുബ്രഹ്മണ്യ സാന്നിധ്യം സ്വപ്നം കണ്ട രാജാവ് ഇവിടെ ക്ഷേത്രം പണിതു എന്നുമാണ് വിശ്വാസം. പിന്നീട് മഹർഷിഭോ ഗര് ഇവിടെയുള്ള സുബ്രഹ്മണ്യചൈതന്യത്തിന്റെ അംശം പളനിയിലേക്ക് കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്ന വിശ്വാസം പഴമക്കാരിൽ ഉണ്ട്.
കൂടുതൽ അറിയാം ചെമ്മണ്ടയുടെ നിർമ്മാണത്തെക്കുറിച്ച്
ചേരമാൻ പെരുമാളിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഈ അമ്പലത്തിൽ രണ്ടു വ്യത്യസ്ത കരിങ്കല്ലുകൾ ആണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് കൃഷ്ണശില ആണെങ്കിൽ, മറ്റൊന്ന് വെള്ളാരം കല്ലിനോട് തുല്യമായിട്ടുള്ള കരിങ്കല്ല് ആണ് ഉപയോഗിച്ചിട്ടുള്ളത്. അതിൽ, ആധുനിക സാങ്കേതിക വിദ്യകൾ ഒന്നുമില്ലാതെ കൊത്തുപണി നടത്തുക തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്നത്തെ കാലത്ത് പോലും അത്തരത്തിലെ നിർമ്മിതികൾ വളരെ വിരളമാണ്. ഈ അമ്പലത്തിന്റെ പല ഐതിഹ്യങ്ങളും ചരിത്രവും കാലഹരണപ്പെട്ടു പോയി എന്ന് പറയാം. പലതും അറിയാതെ പോയി എന്നത് തീർത്തും ഖേദകരമാണ്.
അമ്പലത്തിലെ പലനിർമ്മിതികൾക്കും ആയിരം അല്ലെങ്കിൽ 1500 കൊല്ലത്തിലേറെ പഴക്കമുണ്ട്. വളരെ അപൂർവമായി നിർമ്മിതികളിൽ കാണുന്ന സപ്തമാലകൾ ഉള്ള ഒരു ക്ഷേത്രമാണ്. മൃഗമാല, പക്ഷി മാല, മുനി മാല, മുക്തകമാല, വട്ടമാല, പുഷ്പമാല, വല്ലി മാല എന്നിങ്ങനെ 7 മാലകൾ കരിങ്കല്ലിൽ കൊത്തി വച്ചിട്ടുണ്ട്. മഹാക്ഷേത്രങ്ങളിൽ മാത്രമേ ഇത്തരത്തിലുള്ള കൊത്തുപണികൾ സാധാരണ കാണാറുള്ളൂ.

സപ്തമാലകൾ കരിങ്കല്ലിൽ കൊത്തി വെച്ചിട്ടുള്ളത്
ഇവിടെ ക്ഷേത്രത്തിൻറെ സോപാനത്തിൽ നരസിംഹ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. വലതുവശത്തായി, ഹിരണ്യ കഷിപുവിനെ മടിയിൽ കിടത്തി വധിക്കുന്ന ഭീഭത്സമായ രൂപവും ഇടതുവശത്തായി, ഹിരണ്യ കഷിപുവിനെ വധിച്ച ശേഷം നരസിംഹമൂർത്തിയുടെ ക്രോധം ശമിപ്പിക്കുവാനായി ശ്രമിക്കുന്ന മഹാവിഷ്ണുവിനെയും ബ്രഹ്മാവിനെയും കൊത്തിവച്ചിരിക്കുന്നതും കാണാം. 2300 സ്ക്വയർ ഫീറ്റ് ചുറ്റളവിലാണ് ശ്രീകോവിൽ പണിതിട്ടുള്ളത്. 34-35 അടി നീളമുള്ള 60 കഴുക്കോലുകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. എല്ലാം തേക്ക് മരത്തിലാണ് ചെയ്തിട്ടുള്ളത്.
ഇവിടെ ഒരു ശിലാഫലകം ഉണ്ട്. മലയാളലിപി വരുന്നതിനു മുമ്പുള്ള വട്ടെഴുത്തിൽ എന്തോ കുറച്ചു വച്ചിട്ടുണ്ട്. ചരിത്ര രേഖകൾ പ്രകാരം വട്ടെഴുത്ത് പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി കഴിഞ്ഞു. അത് സൂചിപ്പിക്കുന്നത് ഈ അമ്പലം പണിതത് അതിനു മുമ്പാണെന്ന്. ചില ഭൂമി വകകൾ ഈ അമ്പലത്തിന് സ്വന്തമായിട്ടുണ്ട് എന്ന് എഴുതി വച്ചിരിക്കുന്നതാണ് ഈ ഫലകം എന്ന് പുരാവസ്തു പറയുന്നു. നെടുമ്പാളിൽ മുന്നൂറിൽ പരമേക്കർ, അതുപോലെ കുട്ടിപ്പാളിൽ 750ൽ കൂടുതൽ ഏക്കർ ഈ അമ്പലത്തിന് സ്വന്തം എന്ന് പറയുന്ന രേഖകൾ.
തെക്കൻ തേവരും വടക്കൻ തേവരും
ഈ ക്ഷേത്രത്തിൻറെ കിഴക്കേ വശത്തായി മൂർഖനാട്ടിൽ ശിവ പെരുമാളിന്റെ രണ്ട് വിഭാഗങ്ങളുണ്ട് – തെക്കൻ തേവരും വടക്കൻ തേവരും. വർഷത്തിലൊരിക്കൽ ഈ രണ്ടു തേവരും സുബ്രഹ്മണ്യനു മുന്നിൽ എഴുന്നള്ളി വരാറുണ്ട്, പറ എടുക്കുന്നതിനായി. ഈ പറയ്ക്കും ഒരു പ്രത്യേകതയുണ്ട്. ഒന്നേകാൽ പറയാണ് ഇവിടെ എടുക്കുന്നത്. ഒന്ന് സന്യാസ ഭാവത്തിലെ ശിവനെങ്കിൽ മറ്റേത് രാജകീയ പ്രൗഢിയിലാണ്. ഭിക്ഷാആംദേഹിയായി എത്തുന്ന ശിവ പെരുമാളിന് കാൽ പറയും രാജകീയ പ്രൗഡിയോടെ എത്തുന്ന ശിവന് ഒരു മുഴുപറയും ആണ് സമർപ്പിക്കുന്നത്. അതേ ദിവസം തന്നെ, കാലത്ത് പറയെടുത്തതിനുശേഷം, സുബ്രഹ്മണ്യ അമ്പലത്തിൽ ഇറക്കിപൂജ നടത്തി വൈകുന്നേരം ഇവിടെ നിന്നും തിരിച്ചു പോയ ശേഷം മാത്രമേ മറ്റു സ്ഥലങ്ങളിൽ നിന്നും പറ എടുക്കുകയുള്ളൂ. ചുരുക്കി പറഞ്ഞാൽ മൂർഖനാട്ടിൽ നിന്നും എഴുന്നള്ളി വരുന്ന ഭഗവാൻ മകൻറെ അടുത്തുനിന്നാണ് ആദ്യത്തെ പറ സ്വീകരിക്കുന്നത് എന്ന് സാരം. അത് കഴിഞ്ഞ് മാത്രമേ മറ്റു പറകൾ സ്വീകരിക്കൂ.
വൃശ്ചിക മാസത്തിലെ കാർത്തികോത്സവമാണ് പ്രധാനമായി ഇവിടെ ആഘോഷിക്കുന്നത്. മകര മാസത്തിലെ തൈപ്പൂയവും പ്രധാനം തന്നെ. നാഗാർജുന ചാരിറ്റി ആണ് ഇപ്പോൾ ഈ ക്ഷേത്രത്തിൻറെ പുനരുദ്ധാരണ പരിപാടികൾ ചെയ്യുന്നത്. ഈ അടുത്തകാലങ്ങളിലാണ് ഈ അമ്പലത്തിലെ കുറിച്ച് കൂടുതലായി പുറംലോകം അറിഞ്ഞു തുടങ്ങിയത്. പുനരുദ്ധാരണ പരിപാടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്ര സമുച്ചയത്തിൽ സംസ്കൃതി എന്ന പേരുള്ള ഗോശാലയം ഉണ്ട്. അവിടെ പശുക്കളെയും കാളകളെയും കിടാവുകളെയും നല്ല രീതിയിൽ പരിപാലിക്കുന്നു.
ഗ്രാമദേവനായി വാഴുന്നത് ശ്രീമുരുകനാണ്, അതും രാജകീയ പ്രൗഢിയിലുള്ള വേലായുധനായി. പൊതുവേ സുബ്രഹ്മണ്യ സ്വാമിയുടെ വാസം മലമുകളിൽ ആണ്. ഇവിടെയും അങ്ങനെ തന്നെ. ഉപദേവതകൾ ഉണ്ടെങ്കിലും ഏകനായിട്ടാണ് വേലായുധന്റെ നിൽപ്പ്.
Recent Comments