മണ്ണിൽ തൃക്കോവ് ക്ഷേത്രം – കേരളത്തിലെ ഏക ബ്രഹ്മാവ് ക്ഷേത്രം
ഹിന്ദുമത വിശ്വാസ പ്രകാരം, പരമശിവന്റെ ശാപത്താൽ ബ്രഹ്മാവിനെ ഹിന്ദുക്കൾ ആരാധിക്കുന്നില്ല. എന്നാൽ അപൂർവ്വമായെങ്കിലും ചില അമ്പലങ്ങളിൽ ബ്രഹ്മാവിനെ ആരാധിക്കുന്നുണ്ട്. ഉദാഹരണത്തിന് രാജസ്ഥാനിലെ പുഷ്കറിലെ പ്രശസ്തമായ ബ്രഹ്മക്ഷേത്രം. അതുപോലെ ഒരു അമ്പലം കേരളത്തിലുമുണ്ട്, മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ വടക്കേതീരത്ത് സ്ഥിതി ചെയ്യുന്ന മണ്ണിൽ തൃക്കോവ് ക്ഷേത്രം.
ബ്രഹ്മാവിനെ ആരാധിക്കുന്ന ഏക കേരള ക്ഷേത്രം
അപൂർവ്വം എന്ന് തന്നെ പറയാം, കേരളത്തിൽ എന്നല്ല ഈ ലോകത്ത് തന്നെ ബ്രഹ്മാവിനെ പൂജിക്കുന്ന അമ്പലങ്ങൾ വിരളം. എന്നാൽ ത്രിമൂർത്തികളായ ബ്രഹ്മ വിഷ്ണു മഹേശ്വര സങ്കൽപ്പത്തിലുളള അമ്പലങ്ങൾ പലതുണ്ടെങ്കിലും ബ്രഹ്മാവിന് മാത്രമായുള്ള ക്ഷേത്രം എന്ന പ്രത്യേകത ഈ ദേവസ്ഥാനത്തിന് മാത്രം അവകാശപ്പെട്ടതാണ്.
ഭാരതപ്പുഴയുടെ തീരത്ത് തവന്നൂരിലാണ് മണ്ണിൽ തൃക്കോവ് അമ്പലം. കുറ്റിപ്പുറം – ചമ്രവട്ടം ബസ് റൂട്ടിലാണ് അതിമനോഹരമായ ഈ അമ്പലം. വിഷ്ണുവിൻറെ നാഭയിൽ നിന്നും വിടർന്ന താമരയിൽ നിൽക്കുന്ന ചതുർമുഖിയായ ബ്രഹ്മാവ് ആണ് പ്രധാന പ്രതിഷ്ഠ. ഗണപതിയാണ് ഉപദേവത. കിഴക്കോട്ട് ദർശനം നൽകുന്ന ദേവന് മൂന്നടിയോളം ഉയരമുണ്ട്. വിശ്വാസങ്ങൾ പ്രകാരം നവഗ്രഹങ്ങളും പഞ്ചഭൂതങ്ങളും നക്ഷത്രങ്ങളും ബ്രഹ്മാവിന് പൂജകൾ അർപ്പിക്കുന്നത് ഇവിടെയാണ്. മഹാപ്രളയത്തിനു ശേഷമുള്ള സത്യയുഗത്തിന്റെ ആരംഭകാലം മുതൽ ബ്രഹ്മാവിൻറെ ചൈതന്യം ഇവിടെ സ്ഥിതി ചെയ്യുന്നു എന്നതാണ് വിശ്വാസം.
ചതുർമുഖിയായ ബ്രഹ്മാവ് ശ്രീകോവിലിൽ നിലകൊള്ളുന്നത് കിഴക്കോട്ട് നോക്കിയാണ്. വൃത്താകൃതിയിലുള്ള ശ്രീകോവിൽ അറിയപ്പെടുന്നത് വട്ട ശ്രീകോവിൽ എന്നാണ്. അത്യപൂർവ്വമായ വിഗ്രഹത്തിന്റെ ചുവട്ടിൽ ശിവൻ, പാർവതി, ദേവഗണങ്ങൾ, ഭൂതഗണങ്ങൾ, പഞ്ചഭൂതങ്ങൾ, സരസ്വതി, രാശികൾ, നവഗ്രഹങ്ങൾ, നാഗങ്ങൾ, സപ്തമാതൃകകൾ, തിഥി, ഋതുക്കൾ, പഞ്ചേന്ദ്രിയങ്ങൾ എന്നിവയും കൊത്തിവെച്ചിട്ടുണ്ട്.
തിരുനാവായ ക്ഷേത്രത്തിന് തൊട്ടരികിൽ
ഇതിനടുത്താണ് പ്രശസ്തമായ ചെറു തിരുനാവായ ക്ഷേത്രം. ഭാരതപ്പുഴയുടെ അക്കരെയാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ തിരുനാവായ ക്ഷേത്രം. ആ കാരണത്താൽ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ സംഗമഭൂമിയായി മാറുകയാണ് ഈ പുണ്യഭൂമി. വിശാലമായ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതാണ് മറ്റൊരു സവിശേഷത. പഴമക്കാരും ചില ചരിത്രകാരന്മാരും പറയുന്നത്, പണ്ടൊരു കാലത്ത് വേദപഠനത്തിന് പേരുകേട്ട ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയായിരുന്നത്രേ മണ്ണിൽ തൃക്കോവ് ക്ഷേത്രം. തവന്നൂർ ചെറുതിരുനാവായ ബ്രഹ്മക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
കേളപ്പജി മെമ്മോറിയൽ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വഴിയാണ് അമ്പലത്തിന്റെ തെക്കേ നടയിൽ എത്താൻ കഴിയുന്നത്. വടക്കേ നട പുഴയുടെ തീരത്താണ്, ശിവൻറെ അമ്പലത്തിനടുത്ത്. ഒരു നേരം പൂജ എല്ലാ ദിവസവും ഉണ്ട്, വൈകുന്നേരം 5.30 മുതൽ 7 മണി വരെ.
If you are interested, you can read this topic’s English version.
Recent Comments