ഇന്ന് ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം

ഇന്ന് കുംഭ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള രണ്ടാമത്തെ ചൊവ്വാഴ്ച, ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം. ആദ്യത്തെ ചൊവ്വാഴ്ചയാണ്  പറ പുറപ്പാടോടെ ഉത്സവം ആരംഭിക്കുന്നത്. 33 ആനകൾ ഒരുമിച്ച് അണിചേരുന്ന പൂരം. തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ഉത്സവ മാമാങ്കം. ഉത്രാളിക്കാവ് പൂരത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?

അകമലയും മച്ചാട്ട് മലയും കാവൽ നിൽക്കുന്ന പൂവ മരച്ചോട്ടിലെ ഉത്രാളിക്കാവ് ഭഗവതി

അങ്ങകലെ അസ്തമയസൂര്യൻ ആകാശത്ത് സിന്ദൂരച്ചോപ്പണിയുമ്പോൾ, പാടശേഖരങ്ങൾക്കൊടുവിൽ, നിറമാലകൾക്ക് നടുവിൽ ഉത്രാളിക്കാവും പരിസരവും പൊന്നുപോലെ ശോഭിക്കും. പ്രകൃതി ഒരുക്കുന്ന രമണിയമായ കാഴ്ച. പാടത്തിന് നടുവിലൂടെ, പച്ചപ്പിൻ മെത്തയിൽ തെക്കു വടക്കായി ഒരു റെയിൽവേ പാളം കടന്നു പോകുന്നുണ്ട്. കിഴക്ക് മച്ചാട്ട് മലയും പടിഞ്ഞാറ് അകമലയും കുട പിടിക്കുമ്പോൾ, പൊൻ ചാരുതയാണ് ഭഗവതിക്ക്.

വടക്കാഞ്ചേരിക്കാർ ഇന്നും മറക്കാത്ത കേളത്തച്ഛനും പള്ളിയത്ത് നായരും

വളരെ പണ്ട് കൊച്ചി രാജ്യത്ത് നാടുവാഴിയായി വാണിരുന്ന ഒരു മൂകാംബിക ഭക്തൻ ഉണ്ടായിരുന്നു, കേളത്തച്ഛൻ. മൂകാംബിക ക്ഷേത്രം സ്ഥിരം സന്ദർശിച്ചിരുന്ന കേളത്തച്ഛന് വാർദ്ധക്യം ആയതോടുകൂടി യാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ഒരിക്കൽ മൂകാംബിക സന്ദർശിച്ചപ്പോൾ അദ്ദേഹം തൻറെ ആവലാതി ദേവിയെ അറിയിച്ചു. ഭക്തനോട് സഹതാപം തോന്നിയ ഭഗവതി കേളത്തച്ഛൻറെ കുടപ്പുറത്ത് കയറി കൂടെ പോന്നു.

തറവാടിന് അടുത്തുള്ള മുല്ലക്കൽ പാടത്തിൽ കുടവച്ച ശേഷം, അത് പൊക്കാൻ പിന്നീട് കേളത്തച്ഛന് കഴിഞ്ഞില്ല. അദ്ദേഹത്തിൻറെ കുശിനിക്കാരൻ ആയിരുന്ന പള്ളിയത്ത് നായർക്ക് ഇടയ്ക്കിടെ തുള്ളുന്ന ഒരു ശീലം ഉണ്ടായിരുന്നു. പലപ്പോഴും അടുക്കളയിലെ ചട്ടുകം ആണ് പള്ളിവാൾ ആക്കി തുള്ളാറ്. ഒരു ദിവസം ചൂലുമായി പള്ളിയത്ത് നായരെ അടിക്കാൻ ഓങ്ങിയ കേരളത്തച്ഛന് കൈപൊള്ളുകയും അനങ്ങാൻ കഴിയാതെയുമായി. പ്രശ്നം വച്ചപ്പോൾ മൂകാംബികയുടെ സാന്നിധ്യം അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു.

പൂരക്കാഴ്ചകൾ

പാടത്തിൻ നടുവിൽ ഉത്രാളി എന്ന പേരുള്ള ഒരു സ്ത്രീ പുല്ല് അരിഞ്ഞു കൊണ്ടിരുന്നപ്പോൾ, അവരുടെ അരിവാൾ അടുത്തുള്ള ഒരു പാറയിൽ ഉരസുകയും രക്തം പൊടിയും ചെയ്തു. അങ്ങനെ ഒരു പൂവ മരത്തിൻറെ ചോട്ടിൽ ആണ് ദേവി തൻറെ സാന്നിധ്യം അറിയിച്ചത്. ആ പൂവമരം കഴിഞ്ഞ നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കത്തിൽ കടപുഴകിയെങ്കിലും അമ്പലത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചില്ല.

ഇപ്പോൾ കാണുന്ന പൂവമരം നട്ടത് ദേവി ഭക്തനായ ചിന്നൻ മേനോൻ ആണ്. കുമാരനല്ലൂർ ദേശത്തു നിന്നും എഴുന്നള്ളിക്കുന്ന തിടമ്പ് ഇപ്പോഴും സൂക്ഷിക്കുന്നത് ചിന്തൻമേനോന്റെ തറവാടായ അയ്യത്ത് കിഴക്കേക്കര വീട്ടിലാണ്. ആ വീടിൻറെ പൂജാമുറിയിൽ ഇന്നും ഒരു കെടാവിളക്കുണ്ട്.

പള്ളിയത്ത് നായരുടെ കുടുംബമാണ് ഇപ്പോഴും കോമരം തുള്ളുന്നത്

കോമരസ്ഥാനം കേരളത്തച്ഛൻ പള്ളിയത്ത് നായരുടെ കുടുംബത്തിന് കൊടുത്തതാണ്. പലതലമുറകൾ കഴിഞ്ഞിരിക്കുന്നു. മുടി നീട്ടി വളർത്തി ഉത്രാളിയുടെ ഉപാസകനായി, തറവാടിനോട് ചേർന്ന് മറ്റൊരു വീട്ടിലാണ് കോമരത്തിന്റെ താമസം. ഉത്രാളിക്കാവിന്റെ പല പൂജാ കാര്യങ്ങളിലും കോമരത്തിന് നിർണായകമായ ഒരു സ്ഥാനമുണ്ട്.

പന്തിരുനാഴി പായസവും മുട്ടറുക്കലും

പന്തിരുനാഴി പായസമാണ് അമ്പലത്തിലെ പ്രധാന വഴിപാട്. തടസ്സങ്ങൾ നീക്കുക എന്ന അർത്ഥത്തിൽ വരുന്ന മുട്ടറുക്കലും ചുറ്റുവിളക്കോട് കൂടിയ നിറമാലയും ഭക്തർ വഴിപാടായി നൽകുന്നു. ഭക്തർ അമ്പലത്തിലെ പൂജകൾ ചെയ്യുന്നത് പരദേശ ബ്രാഹ്മണരാണ്. കാവിലെ പറയും വളരെ പ്രശസ്തമാണ്. അതിൽ അരിപ്പറ ആണ് ഏറ്റവും മുഖ്യം. മഞ്ഞൾ പറയും വിശേഷമാണ്. ഉത്സവകാലത്ത് വീടുകളിലാണ് പറ സ്വീകരിക്കുന്നത്.

മൂന്ന് ദേശങ്ങൾ ചേർന്നു നടത്തുന്ന ഉത്രാളി പൂരം

പൂതനും തിറയും ആണ്ടിയും എല്ലാം ആടിത്തിമർക്കുന്ന പൂരപ്പറമ്പ്. 33 ആനകൾ ഒരുമിച്ച് അണിചേരുന്ന പൂരം. ഏങ്കക്കാട്, കുമാരനല്ലൂർ, പിന്നെ വടക്കാഞ്ചേരി – ഓരോ ദേശത്തിനും 11 ആനകൾ വീതം.

പൂരത്തിന് തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് പ്രശസ്തമായ സാമ്പിൾ വെടിക്കെട്ട്. അതേ ദിവസം മൂന്നു ദേശക്കാർ ചേർത്തു നടത്തുന്ന ആൽത്തറമേളവും ഉണ്ടാവും. പ്രഗൽഭരായ കലാകാരന്മാരാണ് പഞ്ചവാദ്യത്തിനും പാണ്ടിമേളത്തിനും മാറ്റുരയ്ക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കളിയാട്ടവും ഉണ്ടാവും, ഏതെങ്കിലും ഒരു ദേശത്ത്. മൂന്ന് ദേശക്കാരും ചേർന്നു പണിയുന്ന പന്തലാണ് മറ്റൊരാകർഷണം.

അന്തിയോടടുക്കുമ്പോൾ ഗജവീരന്മാർ അണിനിരക്കും. പിന്നെ പൂരവും വാദ്യങ്ങളും ആരവങ്ങളും എല്ലാമായി. എല്ലാം കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിയുമ്പോൾ അടുത്തവർഷം വീണ്ടും കാണാം എന്ന ഒരു വാഗ്ദാനവും.

സംവിധായകൻ ഭരതന്റെ സ്വന്തം ഉത്രാളിക്കാവ്.  കൈതപ്രത്തിന്റെ വാക്കുകളിൽ തെളിഞ്ഞുവന്ന ഉത്രാളിക്കാവ്. പല ചിത്രങ്ങളും ചിത്രീകരിച്ച മലയാളികളുടെ അഭിമാനമായ ഉത്രാളിക്കാവ്. കാലമേറെ കഴിഞ്ഞെങ്കിലും, നെൽപ്പാടങ്ങളെ വിട്ടു കൊടുക്കാത്ത ഉത്രാളിക്കാവിന്റെ സ്വന്തം ഭക്തർ. ഇങ്ങനെ ഉത്രാളിക്കാവിന് പറയാൻ ഒരുപാട് കഥകളും കാണുവാൻ ഒരുപാട് കാഴ്ചകളും.

Read the detailed article in English here.

(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: