“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല!!!”
cactus 1
“മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം
കള്ളിമുള്ളിൽ നീയൊളിപ്പിച്ച എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു”
 
“കള്ളിമുള്ളിൽ നീ തീർത്ത ഹിമകണങ്ങൾ
പുഷ്പ്പിക്കുന്നതും കാത്തിരിക്കുന്നു ഞാൻ
എന്നാൽ പുതിയ വേലകളുമായ്
അനേകം കാതം നീ കടന്നുപോയി”
 
“കുറച്ചുനാൾ പിരിഞ്ഞിരിക്കാൻ ശീലിക്കുന്നവർ
എന്നെന്നേക്കുമായി പിരിഞ്ഞിരിക്കുവാനും ശീലിക്കും”
 
“വേല കഴിഞ്ഞു നീ തിരിച്ചുപൊകീടവേ
എല്ലാമേ പഴയതുപോൽ നീ തിരിച്ചുവച്ചു
ആമോദിച്ചു നിന്നെ സ്വന്തമാക്കിയ ആ മനസ്സ് മാത്രം
കൊണ്ടുകടന്നു കള്ളൻ….”
 
“നൊമ്പരങ്ങളിൽ സന്തോഷം കണ്ടെത്തിയാൽ ജീവിതം അങ്ങനെയങ്ങു തള്ളിനീക്കാമായിരിക്കും, അല്ലേ?”
 
“ഹൃദയങ്ങളിൽ നിന്നും പടിയിറങ്ങേണ്ടി വരുന്നത് അത്ര നല്ല കാര്യമൊന്നുമല്ല
കാരണങ്ങൾ അറിയാതെ വരുന്നതാണ് ഏറ്റവും വേദനാജനകം
അത് ഒരു വീർപ്പുമുട്ടൽ തന്നെയാണ്,
ജീവനെടുക്കുകയുമില്ല, എന്നാൽ ജീവിക്കാൻ അനുവദിക്കുകയുമില്ല”
 
“എനിക്കറിയാം,
ആരും പ്രതീക്ഷിക്കാത്തൊരുനാൾ നീ വരുമെന്ന്
എന്നെ കൂട്ടികൊണ്ടു പോവാൻ.
എന്റെ ഏകാന്തതയുടെ തടവറയിൽ നിന്ന്…
കാത്തിരിപ്പിൽ നിന്ന്…
കഷ്ടപ്പാടിൽ നിന്ന്….
പിന്നെ, പൊയ്മുഖം പേറി
എന്നെ നോക്കി ചിരിക്കുന്നവരിൽ നിന്ന്….
എന്നെന്നേക്കുമായി മോചിപ്പിക്കാൻ ~മരണം “
 
“നീ ആരെയും മനസ്സ് തൊട്ടറിഞ്ഞിട്ടില്ല
എങ്കിൽ ഒരുപക്ഷെ എന്റെ മനസ്സ് വായിച്ചെടുത്തേനേ …….”
 
“ഒരുപാട് ചെയ്യുമ്പോൾ കുറച്ചെങ്കിലും തിരിച്ചു പ്രതീക്ഷിച്ചുകൂടെ…. ഒരു തരിയെങ്കിലും”
 
“വാക്കുകൾ കഥ പറയൽ നിർത്തുമ്പോൾ
ഓരോരുത്തരും അവരവരുടെ ലോകങ്ങളിലേക്ക് ചുരുങ്ങുന്നു”
 
“കണക്കുകൾ കൂട്ടിയും കുറച്ചതും കഴിയുമ്പോൾ അവസാനം കണക്കുകളിൽ വരുന്നത് മോശം സമയം എത്രത്തോളം പരസ്പരം സപ്പോർട്ട് ചെയ്തു എന്നത് മാത്രമാണ്. പല സുന്ദര നിമിഷങ്ങളെയും മായ്ച്ചു കളയാൻ ചെറിയൊരു കരട് മതി.”
 
“വാഗ്ദാനങ്ങൾ കിട്ടാതെയും ചിലർ കാത്തിരിക്കാം വർഷങ്ങളോളം, കൈവിടില്ല എന്ന ഒറ്റ ഉറപ്പിൽ. എന്നാൽ ‘ഞാൻ നിനക്ക് പ്രതീക്ഷകൾ നൽകിയില്ലല്ലോ’ എന്ന് ഓർത്ത് മറ്റേ ആൾ ഒഴിഞ്ഞുമാറുമ്പോൾ അറിയപ്പെടാതെ പോകുന്ന ആ മനസ്സുണ്ടല്ലോ…. അതിനെ പകരം വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്തിൽ…… “
 
“വാക്കാൽ കൊടുക്കുന്നത് മാത്രമാണോ വാഗ്ദാനങ്ങൾ? “
 
“ചിലരുടെ ദുഃഖങ്ങൾക്ക് വെയ്റ്റേജ് കൂടുതലാണ് സമൂഹത്തിൽ”
 
“വിട്ടുപോയ വാക്കുകൾ ഒരിക്കലും പൂരിപ്പിക്കാത്തതുകാരണം
നഷ്ടമാവുന്ന എത്ര നല്ല ബന്ധങ്ങൾ”
 
“കുറച്ചു സന്തോഷിപ്പിച്ചു
ഒരുപാട് നോവിച്ചു
ജീവിതത്തിൽ നിന്നും
പോകുന്ന ചിലർ!!!”
 
“ഒരു ദുഃഖം മറക്കാൻ മറ്റൊരു ദുഃഖം
ആ ദുഃഖം മറയ്ക്കാൻ വേറൊരു ദുഃഖം
എന്തൊരു കഷ്ടമാണിത്!!”
 
“മറവികൾ നല്ലതാ നമ്മളെ മറന്നവരെ മറക്കാൻ”
 
“കാത്തിരിക്കുക എന്നാണ് വേദനയാണ്
മറക്കുക എന്നതും വേദനയാണ്.
പക്ഷെ ഇതിൽ ഏതു തിരഞ്ഞെടുക്കും –
എന്നറിയാത്തത് മരണത്തിനു തുല്യം” Inspired
 
“തൂലികതുമ്പിൽ വരാൻ മടിച്ചുനിൽക്കുന്ന വാക്കുകളാണ് കണ്ണുനീർ തുള്ളികൾ”
 
“നിനക്ക് ദോഷം വരുന്ന ഒരു കാര്യവും ചെയ്യില്ല എന്ന് വാക്കാൽ ഉറപ്പു നല്കിയതല്ലേ
എങ്കിലും എന്റെ വാക്കുകളിൽ നിനക്ക് വിശ്വാസം പോരായിരുന്നു”
 
“മൗനത്തിൽ നൽകുന്ന വാഗ്ദാനങ്ങൾ
ജലരേഖകൾ പോലെ
എത്ര എളുപ്പമാണ് ചിലർ മായ്ച്ചു കളയുന്നത്
ഒരു തെളിവും ബാക്കിവയ്ക്കാതെ”
 
നഷ്ടമായി തുടങ്ങിയിട്ടുണ്ട് എന്റെ ചിന്തകളിൽ …. നിന്റെ സുഗന്ധം”
 
“ഓരോ പ്രാവശ്യവും തിരസ്കരിക്കപ്പെടുമ്പോൾ
പഴയ ഓർമ്മകൾ തിരിച്ചുവരും
കൊടുങ്കാറ്റിന്റെ ആർജവത്തോടെ,
എല്ലാം ഒരു ഓർമപ്പെടുത്തൽ മാത്രം”
 
“സ്നേഹിച്ച് മുറിവേൽപ്പിച്ച് കടന്നുകളയുന്നവർക്ക് അറിയില്ല
“പ്രണയം” എന്ന മൂന്നക്ഷരത്തിൽ ഒതുങ്ങുന്നതല്ല അതിന്റെ മുറിപ്പാടുകൾ എന്ന്
ഒരിക്കലും ആത്മാർത്ഥസ്നേഹത്തെ വഞ്ചിക്കരുത്
കാലം നിന്നോട് തീർച്ചയായും പക വീട്ടിയിരിക്കും ഉറപ്പ് “
 
“ഹൃദയങ്ങളെ വഞ്ചിക്കുന്നവന് നരകത്തിൽ പോലും സ്ഥാനമില്ല “
 
“ആ വിധിക്ക് ഒരാൾ മനപ്പൂർവം കാരണക്കാരനാണെങ്കിൽ അയാളെ വെറുതെവിടണോ? ആ തെറ്റ് അയാൾ ആവർത്തിക്കാൻ പാടില്ല. മറ്റൊരാളുടെ മിഴികൾ വിധിയുടെ പേരിൽ നനയാൻ പാടില്ല”
 
“വിവാഹങ്ങൾ എല്ലാം സ്വർഗ്ഗത്തിലേ നിശ്ചയിച്ചുറപ്പിച്ചവ എങ്കിൽ എന്തുകൊണ്ട് പ്രണയങ്ങൾ സംഭവിക്കുന്നു, മോഹഭംഗങ്ങളും “
 
“മറക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ള വേദനകളെ കൊണ്ടുനടക്കാൻ ശീലമാക്കണം, വേറെ മാർഗങ്ങളില്ലല്ലോ”
 
“സ്നേഹത്തിന്റെ വില ഏറ്റവും നന്നായി മനസ്സിലാക്കുന്നത്
അത് ഒരു തവണയെങ്കിലും നഷ്ടപെട്ടവനായിരിക്കും “
 
“ഏറ്റവും ആഴത്തിൽ മുറിവേൽപ്പിക്കുന്ന ആയുധം സ്നേഹമാണ്”
 
“ഏറ്റവും നന്നായി പുഞ്ചിരിക്കുന്നവരാണ് ഏറ്റവും ആഴത്തിൽ ഹൃദയത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും”
 
“വഴിതെറ്റി ജീവിതത്തിൽ വന്നുചേരുന്ന പലരും
വഴി കണ്ടെത്തി കഴിഞ്ഞാൽ തിരിച്ചുപോവും”
 
“സ്നേഹമുണ്ടെങ്കിൽ മാത്രമേ ഒരു കാരണമെങ്കിലും കണ്ടെത്തി കൂടെ നിർത്താൻ തോന്നുകയുള്ളൂ… ശ്രമിക്കുകയുള്ളൂ “
 
“സ്നേഹമെന്തെന്നു പഠിപ്പിക്കാൻ വേണ്ടി മാത്രം വഴിതെറ്റി നമ്മുടെ ജീവിതത്തിൽ എത്തിച്ചേരുന്ന ചില മനുഷ്യരും അനുഭവ കഥകളും “
 
“മടക്കി വിളിക്കാത്ത കാരണം നടന്നകലുന്ന എത്രയോ പ്രിയപ്പെട്ടവർ !!!! “
 
“നീ നൊമ്പരപ്പെടുമ്പോൾ എന്തേ എന്റെ മനം ഇളകിയാടുന്നു
ജലതുള്ളികൾ പതിച്ച തുമ്പില പോലെ”
or
“നീ നൊമ്പരപ്പെടുമ്പോൾ എന്തേ എന്റെ മനം ഇളകിയാടുന്നു
ജലതുള്ളികൾ പതിച്ച തുമ്പപ്പൂവിൻ ഇതൾ പോലെ  “
 
“മനസ്സുകൾ തമ്മിൽ കോർത്തിണക്കിയ വാക്കുകളുടെ അദൃശ്യ ചരട് പെട്ടെന്നാരോ പൊട്ടിച്ചെറിഞ്ഞപോലെ”
 
“കടലെടുത്തുപോവുന്ന ചില ശൂന്യതകൾ ഉണ്ട്
എത്ര തിരമാലകൾ തിരികെവന്നാലും
നിറയ്ക്കാൻ കഴിയാത്ത ശൂന്യതകൾ”
 
“സ്വയം നിസ്സഹായർ ആയിപോകുന്ന നിമിഷങ്ങൾ
നമ്മെ തന്നെ വളരെ അകലെ നിന്നും നോക്കി കാണേണ്ട സാഹചര്യങ്ങൾ”
 
“എല്ലാം കരഞ്ഞുതീർക്കണമെങ്കിൽ കരഞ്ഞു തീർക്കാം
ചിരിച്ചു തീർക്കണമെങ്കിൽ ചിരിച്ചു തീർക്കാം.
എന്തു തന്നെയായാലും….
എല്ലാം അനുഭവിച്ചു തീർക്കാനുള്ളത്
ഞാനൊരാൾ മാത്രം”
 
“സ്നേഹമുള്ള ഒരു ഹൃദയം ഉള്ളതിലല്ല ഒരുപാട് പേരാൽ സ്നേഹിക്കപ്പെടാൻ കഴിയണം. അതാണ് ശരിക്കുള്ള വിജയം. ജന്മം നൽകിയവർ പോലും സ്നേഹം നൽകാതിരിക്കുക, തള്ളിപ്പറയുക, ജീവിതത്തിന്റെ മോശം സാഹചര്യങ്ങളിൽ ഒപ്പം നിൽക്കാതിരിക്കുക… അതിലും വലിയ ഒരു പരാജയം ഉണ്ടോ ജീവിതത്തിൽ”
 
“അവളുടെ മനസ്സിന്റെ വ്യാകുലത ആണോ അവന്റെ കണ്ണുകളിൽ അവൾ നിഴൽ വീശി കണ്ടത്”
 
“നിൻ മനസ്സൊന്നു ചഞ്ചലപ്പെടുമ്പോൾ എൻ മനസ്സ് അലയുന്നത് ചെകുത്താന്റെ പണിപ്പുരയിലെവിടെയോ”
 
“സ്വപ്‌നങ്ങൾ ഇനിയും കടം കൊടുക്കാൻ ആവില്ല എനിക്ക്, എല്ലാം എനിക്ക് വേണം.”
 
“ആരോ എൻ ആശാദീപങ്ങളും സ്വപ്നങ്ങളും വീണ്ടും തിരിയിട്ട് കൊളുത്തിയ പോലെ…..”
 
“മനസ്സിൻ സാമീപ്യം അളക്കുന്നത് നിമിഷങ്ങളാൽ, സമയത്താലല്ല “
 
“അവളുടെ മുഖത്തെ പുഞ്ചിരി വെറുമൊരു കള്ളനാണയമായിരുന്നു “
 
“ഉള്ളിലെ സ്നേഹം വെറുമൊരു പുഞ്ചിരിയിൽ ഒളിപ്പിക്കുക എളുപ്പമല്ല”
 
“വേദനയിലെ പുഞ്ചിരിക്ക് അർത്ഥങ്ങൾ ഒരായിരം ഉണ്ട് “
 
“കാത്തിരിപ്പിൻ സുഖമൊന്നു വേറെ തന്നെ വാഗ്ദാനങ്ങൾ കൈമാറ്റം ചെയ്യാതെ മൗനമായ് വിടചൊല്ലിയെങ്കിലും….. തിരിച്ചെത്തും എന്നുറപ്പുണ്ടെങ്കിൽ”
 
“നല്കുമെന്നുറപ്പുള്ള ഒരു വാക്കിന്റെ കാത്തിരിപ്പ് ഒരിക്കലും മടിപ്പുണ്ടാക്കുന്നില്ല “
 
“മഴത്തുള്ളികൾ പോലെ മനസ്സിൽ വന്നു പെയ്യുന്ന/പെയ്തിറങ്ങുന്ന  ഒരായിരം ചിന്തകൾ “
 
“സ്വപ്‌നങ്ങൾ വില കൊടുത്ത് വാങ്ങാൻ കഴിഞ്ഞെങ്കിൽ
ഞാൻ എന്റെ ഇന്നലെകളെ തീറെഴുതിയേനെ”
 
“ജീവിതത്തിൽ ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത്. എന്നാൽ മറ്റുള്ളവർ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നല്കാനാവണം.”
 
“മനസ്സ് നിൻ സാമീപ്യം അളക്കുന്നത് നിമിഷങ്ങളാൽ, സമയത്താലല്ല “
 
“മറ്റുള്ളവർ എന്നോട് തെറ്റ് ചെയ്താലും
അത് എന്റെ കർമ്മഫലമാണെന്ന് കരുതി ആശ്വസിക്കാറാണ് പതിവ്”
 
“സ്വന്തമെന്നോർത്ത് മുറുകെ പിടിക്കുംതോറും അയഞ്ഞുപോകുന്നതാണ് സ്നേഹബന്ധങ്ങളിൽ പലതും”
 
“ഒരു കടലോളം സ്നേഹം ഉള്ളിൽ സൂക്ഷിച്ചു വച്ചിട്ട്
ഇരുകരയറിയാതെ സ്വച്ഛന്ദമായ് ഒഴുകിനടക്കുന്ന അനേകം പുഴകളുണ്ട്……”
 
“നിൻ വേദനകൾ പോലും കൈമാറാൻ നീ മടിച്ചു……”
 
“അനശ്വര പ്രണയമായി ലോകം വാഴ്ത്തുന്നവയെല്ലാം സഫലമാവാത്തവയാണ്…. വിചിത്രം എന്നാൽ സത്യം !!!!”
 
“നീ കൊട്ടിയടച്ച ഹൃദയവാതിലിനു മുന്നിൽ എൻ മിഴിനീരാൽ തെളിയിച്ച ദീപവുമായ് നിൽപ്പൂ ഞാൻ, കൺചിമ്മുമ്മാ ആകാശദീപങ്ങൾ സാക്ഷി”
 
“മരിച്ച പ്രണയങ്ങൾക്ക് സ്മാരകങ്ങൾ പണിയുന്നതിനേക്കാൾ നല്ലതല്ലേ ജീവിച്ചിരിക്കുമ്പോൾ അവയ്ക്ക് വർണങ്ങൾ നൽകുക…..  ?”
 
“ചില കാത്തിരിപ്പുകൾ വെറുതെയാണ്…. കഥകൾ ആവർത്തിക്കപ്പെട്ടേക്കാം “
 
“പോകണമെന്ന് ആവർത്തിച്ച് പറഞ്ഞുനിൽക്കുന്നവരെ പോകാൻ അനുവദിക്കുക. അവർ പോകാനുള്ളവർ തന്നെയാണ്. അനുവാദത്തിനു കാത്തുനിൽക്കുന്നു എന്നുപറഞ്ഞാൽ വിഡ്ഢി വാക്കാകും” 
 

“മടക്കി വിളിക്കും എന്ന പ്രതീക്ഷയിൽ പിണക്കം നടിച്ചകലാം. പക്ഷെ അതിനായ് അവർ കാത്തിരിക്കുകയായിരുന്നു എന്ന് തിരിച്ചറിയാതെ വന്നാലോ?”

“എന്റെ ഹൃദയം നിന്നെ ഏൽപിച്ച് മടങ്ങണം ഈ ലോകത്ത് നിന്ന്…
എൻ ഹൃദയ തുടിപ്പുകൾ നിനക്ക് പകർന്ന് നൽകികൊണ്ട്…..”

“മാറ്റമില്ലാതെ തുടരുന്ന കാത്തിരിപ്പുകൾ
പലർക്കായി പലകാലങ്ങളിൽ”
 
“ഒരുപാട് സങ്കടം വരുമ്പോൾ ചിരിക്കാനാണ് തോന്നാറ്
പൊട്ടിച്ചിരിക്കാൻ ……”
 
“ഹൃദയത്തിൽ ചുമക്കുന്നവർ വേദന നൽകുമ്പോൾ
ഹൃദയഭാരം ഇറക്കി വയ്ക്കാനാവില്ല അവരുടെ മുന്നിൽ  “

“കൊടുംകാറ്റുകൾ ഉള്ളിലൊതുക്കുന്നവരെ അസ്വസ്ഥരാക്കാൻ കുഞ്ഞിളംകാറ്റിനു കഴിഞ്ഞേക്കാം. അതെപ്പോഴും അങ്ങേനെയാണ്, വലിയ ദുഃഖങ്ങൾ താങ്ങുന്നവർക്കസഹനീയം നിസാര കാര്യങ്ങളാവും “

“വലിയ വേദനകളെ കുഞ്ഞു നൊമ്പരങ്ങളായ് പ്രകടിപ്പിക്കുന്നു ചിലർ…..”

“എനിക്കായ് മാത്രം തുളുമ്പേണ്ട നിൻ ആർദ്ര മിഴികളിൻ
ആഴങ്ങളിൽ കാണുന്നത്
എനിക്കായ് നീ കരുതിവച്ച
ജന്മാന്തരങ്ങളിൽ അലിഞ്ഞില്ലാകാത്ത വെറുപ്പിൻതുള്ളികൾ”

“മിഴിയിമകൾ അറിയാത്ത കണ്ണുനീർതുള്ളികൾക്ക്
ആഴം കൂടുതലാണ്
നീറ്റൽ കൂടുതലാണ്”

“ഇരുകരകളായ് നാം ഒഴുകിയേനെ
രണ്ടു ദ്രുവങ്ങളിൽ ചെന്നെത്തി ചേർന്നേനെ
നീ എന്നെ അന്ന് പിടിച്ചുനിർത്തിയില്ലായിരുന്നെങ്കിൽ”

“ചിലർക്ക് നഷ്ടങ്ങൾ മാത്രമാണ് എപ്പോഴും വിധിക്കപ്പെട്ടിട്ടുള്ളത്
അതിനുത്തരവാദികൾ അവർ അല്ലെങ്കിലും”

“ആഴം കൂടുമ്പോഴാണോ സ്നേഹം അളക്കപ്പെടാൻ കഴിയാതെ പോവുന്നത്?”

“ആഴം കൂടുമ്പോളാണ് സ്നേഹം അറിയപ്പെടാതെ പോകുന്നത് എന്നൊരു തോന്നൽ!!! അത് എന്റേതുമാത്രമോ? സ്നേഹം കൂടുമ്പോൾ പ്രകടനങ്ങൾ കുറയും, അതാണ് കാര്യം…..
നഷ്ടപ്പെടും എന്ന് ഉള്ളിൽ പേടി തോന്നുന്നവരെയാണ് നാം പിടിച്ചു നിർത്താറ്, പ്രകടനങ്ങളിലൂടെ”

“ജീവിതം വീണ്ടും ജീവിക്കാൻ/ജീവിച്ചു തീർക്കാൻ ശ്രമിച്ചു തുടങ്ങിയത് ആ നിമിഷം മുതൽ…..
നിനക്ക് ഞാനാരുമല്ല എന്ന് നീ തീർത്തു പറഞ്ഞൊഴിഞ്ഞ സായാഹ്നം മുതൽ…..   “

“എന്നിലെ കടലോളം സ്നേഹത്തിൻ
ഒരു കുമ്പിലെങ്കിലും
നിൻ ഹൃദയത്തിൽ നീ കരുതിയെങ്കിൽ
ഭൂമിയിൽ എനിക്കായ് ഒരു സ്വർഗം നീ തീർത്തേനേ” 

“ഇലകളിൽ പെയ്ത്, കുളിരണിയിച്ച്
ഒടുവിൽ കണ്ണുകൾ നനച്ച്
വീണുപോവുന്ന മഴത്തുള്ളികൾപോലെയാണ്
ചില ബന്ധങ്ങൾ”
 
“ഒരിക്കൽ ഉപേക്ഷിക്കപെട്ടവരെ വീണ്ടും ഉപേക്ഷിക്കരുത്”
 
“ശരിക്കും മരിക്കുന്നതിന് മുമ്പ് എത്രയോ മനുഷ്യരുടെ മനസ്സിൽ നാം മരണപ്പെട്ടിട്ടുണ്ടാവാം, പലപ്പോഴും ഒന്നിൽ കൂടുതൽ തവണ”
 
“ചുമക്കുന്ന തലവേദന പോലെയാണ് ചില ബന്ധങ്ങൾ, സൗഹൃദങ്ങൾ
തലയ്ക്ക് ഭാരമാവും എന്ന് കണ്ടാൽ ഇറക്കി വയ്ക്കുന്നതാണ് നല്ലത്  “
 
“ഇഷ്ടം കൊണ്ട് പലതും ചെയ്തുകൊടുക്കാറുണ്ട് ഇഷ്ടമുള്ളവർക്കായ്
അത് വിധേയത്വം കൊണ്ട് എന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്  പലകുറി “
 
“നീ കുറിച്ച താളിലെ വരികൾ നിറം മങ്ങിയിരിക്കുന്നു
ഞാൻ പിന്നീട് കുറിച്ചതും എല്ലാം അക്ഷരതെറ്റുകൾ
മഷിയുടെ വർണങ്ങളും മാറിത്തുടങ്ങി
വിധിയുടെ കയ്യെഴുത്തുകൾ നമുക്കായി കൈമാറിയപ്പോൾ  “
 
“നമ്മൾ ഇരുവർക്കുമിടയിൽ കാലം ഇങ്ങനെ
കുത്തൊഴുക്ക് പോൽ ഒഴുകിയിറങ്ങുന്നു
ഇരുകര തമ്മിലെ അകലങ്ങൾ അനുദിനം
ഇരുമനമറിയാതെ നീക്കിയകറ്റുന്നു”
 

“വളരെ നിസാരമായ കാര്യങ്ങൾക്ക്പോലും പിണങ്ങി പിരിയുന്നവർ ഉണ്ടാവാം. അത്തരം അനിശ്ചിത ബന്ധങ്ങളെ നിലനിർത്താൻ ശ്രമിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് “

“ഒന്നും അലട്ടിയിരുന്നില്ല എന്നെ
സങ്കടങ്ങൾ, ആവലാതികൾ,
വർത്തമാനം, ഭാവി… ഒന്നും
.
.
.
.
നീ എന്നരികിലുണ്ടായിരുന്നപ്പോൾ”

“ഒരു ഇഷ്ടക്കേട് കണ്ടാൽ ഒഴിഞ്ഞുമാറി പോവുന്നവർ ഉണ്ട്. എന്നാൽ ചിലർ അങ്ങനെയല്ല, അവർ പ്രതികാരം ചെയ്യും, ഉറ്റവരോട് പോലും. അത്തരക്കാരെ സൂക്ഷിക്കണം.”

“പലതും മനസ്സിലാക്കാൻ
ഹൃദയം അംഗീകരിക്കാൻ
കുറച്ചു സമയം എടുത്തെന്നു വരാം.
പക്ഷെ അത് കഴിഞ്ഞാൽ
തിരിഞ്ഞു നോക്കരുത് ഒരിക്കലും
മടങ്ങി ചെല്ലരുത് ഒരിക്കലും
കൂടുതൽ വേദനിക്കാതിരിക്കണമെങ്കിൽ…..”
 
“അകന്നു പോയവർ
അടുത്തു വരുമായിരിക്കും…. അല്ലെ⁉️”
 
“പലതും ചൊല്ലി തന്നു കടന്നു പോകുവാൻ മാത്രം
സ്വന്തം വഴിമാറി നമുക്കൊപ്പം ക്ഷണനേരം (അൽപ്പദൂരം) നടക്കുന്നവർ….. “
priyanallaayirunnu
“പ്രിയനല്ലായിരുന്നു നീ എനിക്കന്ന് ഇത്രയേറെ
എൻ വരികളിലൂടെ അമരത്വം നൽകുകയായിരുന്നു!
വാക്കുകളിലൂടെ നിന്നോട് കൂടുതൽ അടുത്തുകൊണ്ടേയിരുന്നു……
നീ അത് ഒരിക്കലും വായിച്ചെടുത്തില്ലെങ്കിലും!!!!! “
 
“എന്റെ മനസ്സിൽ നീയുണ്ടാവും
ഉടയാത്തൊരു രൂപമായി എന്നുമെന്നും
നീ അകലെയെങ്കിലും ചാരെയാണെങ്കിലും…….
നീയായിട്ട് അത് നഷ്ടപ്പെടുത്താതിരുന്നാൽ മതി”
 
“അകലെയാണോ അരികെയാണോ എന്നുപോലും തിരിച്ചറിയാനാകാത്ത ഒരു മഞ്ഞുപടം പോലെ നിൽക്കുന്ന ചിലർ”
 
“പ്രിയമായ പലതും ബാക്കിയില്ലെന്നോർത്ത്
തിരിഞ്ഞു നോക്കുവാൻ കൊതിക്കാത്ത
ഒറ്റയടിപാതിയിൽ പദമൂന്നി നടന്നകലുന്നവർ
തിരയുന്നിലൊരിക്കലും
സ്നേഹത്തോടെ അവർക്ക് ചുറ്റും നിന്ന്
സ്നേഹവായ്പോടെ അവരെ നോക്കുന്നവരെ”
 
“കഥയറിയാതെ മൗനത്തിന്റെ  ഇരുപുറവും നിന്ന് ഉരുകുന്ന മെഴുകുതിരികളും ഉണ്ട് “
 
“ഉത്തരങ്ങളുടെ കാത്തിരിപ്പിലാവും പലരും
മിണ്ടാതകലുന്നവർ അതിനർത്ഥം ചികയാറില്ല
പരിഭവങ്ങൾ പലതും മനസ്സിൽ കുറിക്കുന്നവർ”
 
“ഒരു ചെറു പുഞ്ചിരിക്കും പറയാനുണ്ടാവും
ഉള്ളിലൊതുക്കിയ ഒരായിരം
വേലിയേറ്റങ്ങളുടെയും ഇറക്കങ്ങളുടെയും കഥ “
 
“പിരിഞ്ഞു പോകുന്നവർക്കാണ് നഷ്ടം, എനിക്കല്ല എന്ന് ചിന്തിക്കാൻ കഴിയണം
ഞാൻ എന്ന വ്യക്തിത്വത്തെ സ്വയം അംഗീകരിക്കുന്നതിന് തുല്യമാണത്”
 
“തെറ്റിദ്ധാരണകൾകൊണ്ട് ഒരാളുടെ മനസ്സ് മനഃപൂർവം വേദനിപ്പിച്ച് നാം അകലാം. പക്ഷെ പിന്നീടൊരിക്കൽ തെറ്റ് ബോധ്യപ്പെട്ടാൽ അതിന്റെ പതിന്മടങ്ങു വേദനിക്കുന്നത് നമ്മുടെ മനസ്സായിരിക്കും”
 
“ചിലർ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഒരു വാക്കുപോലും ഉരിയാടാതെ ഇഷ്ടപെട്ടവരുടെ കൈപിടിച്ച് നടന്നകലും ഉത്തരമില്ലാ ചോദ്യങ്ങൾ അന്ത്യചുംബനങ്ങളായ് നൽകികൊണ്ട്”
 
“മനസ്സ് നിൻ സാമിപ്യം അളക്കുന്നത്
നമ്മളിലൂടെ കാലമിത്രയും കടന്നുപോയ സമയത്താലല്ല,
മറിച്ച് മനസ്സിനെ സ്പർശിച്ചുപോയ ഒരുപിടി നിമിഷങ്ങളിൽ”
 
“നിന്നെ വിശ്വസിക്കാത്തവരെങ്കിലും നിനക്ക് കണ്ണടച്ച് വിശ്വസിക്കാവുന്നവരുടെ ലോകത്താണല്ലോ നീയിപ്പോൾ. അവിടെ നിനക്കൊരു സ്വർഗം കാണാൻ കഴിയുന്നെങ്കിൽ നിന്റെ സന്തോഷത്തിൽ ഞാൻ സന്തുഷ്ടയാണ്”
 
നിന്റെ ഓർമ്മകൾ ഇല്ലാത്ത ഒരു സ്പേസ് എനിക്ക് വേണം എനിക്കായി മാത്രം!!!
 
കരയുവാൻ കുറച്ചു കണ്ണുനീർ കടം തരാൻ ആളുണ്ടോ?
 
“ചിത്തത്തിൻ ചിത🔥🔥”
 
“ആശയമുകുളങ്ങൾ ഞെരിഞ്ഞമരുന്നു സർവവും
അവ മുളച്ച ചിത്തത്തിൻ ചിതയിൽ തന്നെ”
“ചെയ്യുന്ന മണ്ടത്തരം കൊണ്ട് മാത്രം വിട്ടു പോവുന്ന നിമിഷങ്ങളുണ്ട്
ഒരുപക്ഷെ ജീവിതകാലം മൊത്തം സ്വയം പഴിച്ചേക്കാം.
എന്നാൽ ചില നിമിഷങ്ങൾ ഒരു കാറ്റുപോലെ തഴുകി കടന്നുപോവാം
കൈപ്പിടിയിലൊതുക്കാൻ കഴിയില്ല, പിടിച്ചു നിർത്താനും”
 
“നാളെകൾ കണ്ണുനീർ വാഗ്ദാനം ചെയ്തില്ലെങ്കിൽ ഇന്നത്തെ വേദനകൾ കൊതിച്ചുപോകും
 
“ഒരിക്കൽ അണിഞ്ഞ വേഷങ്ങളോട്കൂടി തന്നെ മരണപെട്ടുപോകുന്ന എത്ര പേർ….
വേഷങ്ങൾ അഴിച്ചു വെയ്ക്കണം എന്ന് ആഗ്രഹിച്ചാൽ പോലും കഴിയാത്ത നിസ്സഹായർ”
 
“എത്ര എത്ര പൊയ്മുഖങ്ങൾ കാണുന്നു ദിനംപ്രതി
ചിലർ നിവൃത്തികേടുകൊണ്ട്….
ചിലർ ചതിയന്മാർ……
പല പൊയ്മുഖങ്ങൾക്ക് പുറകിലും നന്മ ഉണ്ട്
ഒരിക്കലും അറിയാതെ പോകുന്ന സത്യങ്ങൾ ഉണ്ട്….”
 
ചിരിക്കുന്ന സ്വരത്തിൽ കരയുന്ന മനസ്സ്” #GustakhDil #Song
 
“കള്ളം പറഞ്ഞു ഒഴിവാക്കുന്നത് വല്ലാത്തൊരു വേദന തന്നെയാ, എത്ര ന്യായീകരിച്ചാലും”
 
“നിശബ്ദവാതിലിനു മുന്നിൽ
കാത്തിരുന്നു ഞാൻ യുഗങ്ങളോളം
പല ഉത്തരങ്ങൾക്കായി
സ്നേഹത്തിനായി
എന്റെ വാക്കുകൾക്ക് ഭേദിക്കാനാവില്ല
താഴിട്ടുപൂട്ടിയ ആ ചില്ലുവാതിലിനെ
ശിശിരങ്ങളെത്ര കൊഴിഞ്ഞുപോയ്
എത്ര ശരത്കാലങ്ങളും മഞ്ഞുതിർത്തു
എത്ര വർഷമേഘങ്ങൾ പെയ്തൊഴിഞ്ഞു
ഇന്നും കഥയത് തുടരുന്നു കാലാന്തരങ്ങളായി
എന്റെ കാത്തിരിപ്പുകളും”
 
“എനിക്കും ജയിക്കണം നിന്നെപ്പോലെ അഭിനയിച്ച്……..
 
“നിനക്ക് എന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ
ഞാൻ എന്ത് ചെയ്യാൻ
അത് പറഞ്ഞു തരാനുള്ള ഭാഷ എനിക്കറിയാത്ത പോയി!!”
 
“ഒരു പകൽ മുഴുവൻ തോരാതെ പെയ്തിറങ്ങുകയായിരുന്നു മഴ…..
അതുപോലെ എന്റെ നൊമ്പരങ്ങളും……🌧️⛈️”
 
“എത്ര ശക്‌തമായ ബന്ധമായാലും, അവഗണന ക്രമേണ അതിനെ കൊല്ലും
 
“നീ ആരെയും മനസ്സ് തൊട്ടറിഞ്ഞിട്ടില്ല. എങ്കിൽ ഒരുപക്ഷെ എന്റെ മനസ്സ് വായിച്ചെടുത്തേനേ …..
 
“ചിലർ ഇല്ലാ കാരണങ്ങൾ ഉണ്ടാക്കി
ഒരു വാക്കുപോലും ഉരിയാടാതെ
ഇഷ്ടപെട്ടവരുടെ കൈപിടിച്ച് നടന്നകലും….
ഉത്തരമില്ലാ ചോദ്യങ്ങൾ
അന്ത്യചുംബനങ്ങളായ് നൽകികൊണ്ട്…..”
 

“ചക്രവാള സീമ പോലെ കാഴ്ചയിൽ അടുപ്പം തോന്നിക്കാൻ വേണ്ടി മാത്രം ചില ബന്ധങ്ങൾ, ബന്ധനങ്ങൾ ……”

“ശിശിരത്തിന്റെ, വീണ ഓരോ ഇലയിലും
ഞാൻ നിനക്കായി എഴുതിയ പ്രണയലേഖനങ്ങൾ
നീയൊരിക്കലും വായിച്ചെടുത്തില്ല
കാലങ്ങൾ കടന്നുപോയി
ശിശിരങ്ങൾ പലതും കൊഴിഞ്ഞു പോയി
എൻ വാക്കുകളും മുറിഞ്ഞുപോയി
ഈ എന്നിൽ നിന്ന് തന്നെ….
നിനക്കായി ബാക്കിവയ്ക്കാൻ ഒന്നുമവശേഷിക്കാതെ
ബാക്കിവച്ച തേങ്ങലും ആ മാരിമുകിൽ കൊണ്ടുപോയി🍁💔”

“എന്റെ ജീവിതത്തിൽ നീ ഇല്ല എന്ന് പറഞ്ഞു കേട്ടാൽ
അപ്പൊ ഓടിക്കോളണം, കടിച്ചു തൂങ്ങി നിൽക്കരുത്
അതാണ് നമുക്ക് നമ്മളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം”

“ആവർത്തന വിരസതയില്ലാതെ കടന്നുപോകുന്ന ചില തനിയാവർത്തനങ്ങൾ”

“ആരുമില്ലാത്തവർക്ക് ആരും വേണ്ട
#വാസ്തവം”

“എത്രവട്ടം ഉടച്ചുവാർക്കും എന്നെ നീ ദൈവമേ
എത്രവട്ടം ഉലയിൽ നീറ്റും എന്നെ നീയിങ്ങനെ
മാറുന്നത് ഈ കാലം മാത്രം
മാറാത്തതോ ഈ ഞാനും നീയും”

“ഒരു മടക്കയാത്ര ഉണ്ടാവില്ലിനി
ഇടറിവീണൊരാ പാതയിൽ പൊളിഞ്ഞതോ
ഒരായിരം സ്വപ്ങ്ങൾ, സങ്കൽപ്പങ്ങൾ, വ്യാമോഹങ്ങളും”

“നിന്റെ മനസ്സുടയുന്നത് നിനക്ക് കണ്ടില്ലെന്നു നടിച്ചൂടേ “
 
“കടന്നു പോകുന്നു കാലം വീണ്ടും
പലതിനും ഉത്തരമേകാതെ”
 
“ആത്മാർത്ഥ സ്നേഹം ആർക്കും വേണ്ട എന്നതാണ് സത്യം
എല്ലാർക്കും വിശ്വാസം പ്രകടങ്ങളിൽ മാത്രം”
 
“ഏഴു സാഗരങ്ങളും നീന്തികടന്നെത്തുമ്പോൾ ഒരു തോന്നലുണ്ട്
ഹാവൂ! രക്ഷപെട്ടു! കരയ്ക്കടുത്തു.
അപ്പോൾ വീണ്ടും വരും ഒരു വൻ തിര
വീണ്ടും കടലിന്നാഴങ്ങളിൽ കൊണ്ടുപോവാൻ”
 
“വരികളിൽ ഒളിച്ചു നിൽക്കാതെ
വാക്കുകളിൽ മടിച്ചു നിൽക്കാതെ
വർണ്ണമഴയായ് പെയ്തുകൂടേ
വാർമഴവില്ലേ, നിനക്കിന്ന്?”
 
“നിന്റെ കണ്ണുനീർതുള്ളികളിൽ പെയ്തൊഴിഞ്ഞ നക്ഷത്രമുത്തുകളെ പെറുക്കിയെടുക്കാൻ കൊതിച്ചിരുന്നു ഞാൻ, പണ്ടൊരിക്കൽ…
ആ മുത്തുകൾ കൊണ്ടൊരു കളിവീട് പണിയുവാനും”
 
“അർത്ഥങ്ങൾ അനർത്ഥങ്ങളായ് ഉരുതിരിയുന്ന നിമിഷങ്ങൾ”
 
“ഒരു മടക്കയാത്രയ്ക്കിടയിൽ കണ്ടുമുട്ടിയവർ നാം
ഒന്നിച്ചു ചില കാതങ്ങൾ നടന്ന്, വീണ്ടും പിരിയുവാൻ”
 
“നിന്റെ പേര് കോറിവരച്ചു പാറിപറത്തിയ ആ ഇരുണ്ടമേഘത്തെ
കാത്തിരിപ്പുണ്ട് ഞാനിവിടെ, ഭൂമിയുടെ ഒഴിഞ്ഞകോണിൽ
എന്റെ കണ്ണുകളിൽ വർഷമേഘത്തുള്ളികളായ്
ഇനി എന്ന് പെയ്തൊഴിയും നീ, ശ്യാമമേഘമേ?”
 
“മിടിക്കുന്ന ഹൃദയത്തിൽ എപ്പോഴും ജീവൻ വേണമെന്നില്ല
കാരണം എന്റെ ജീവവായു നീയായിരുന്നുവല്ലോ “
 
“ഞാൻ താളുകളിൽ കോറിയിടാത്ത വാക്കുകൾ പോലും വായിച്ചിരുന്നു നീ പണ്ടൊരിക്കൽ….
താളത്തിൽ കൊട്ടാത്ത പാട്ടുകൾ പോലും കേട്ടിരുന്നു പണ്ടൊരിക്കൽ
വാക്കുകൾ ചുംബിക്കാത്ത മൗനരാഗങ്ങളെ പോലും മാറോട് ചേർത്തിരുന്നു പണ്ടൊരിക്കൽ
അവയെല്ലാം വെറും ഓർമ്മകൾ മാത്രമായ് വിടവാങ്ങിപ്പോയ് പിന്നൊരിക്കൽ”
 
“ഞാനൊരു പാവം നീലക്കുറിഞ്ഞി
കുന്നുകളിൽ വസന്തം പുഷ്പിക്കുമ്പോൾമാത്രം
മാനവചിന്തകളിൽ വിടരുന്നവൾ!
അവൾ ഏകയായി കൺചിമ്മുമ്പോൾ
കൂട്ടേകാൻ അങ്ങ് വാനിലെ താരങ്ങൾ മാത്രം.
വീണ്ടും ഉറങ്ങുകയായ് അവൾ ഒരിക്കൽകൂടി
ഒരു വ്യാഴവട്ടത്തിനുശേഷം
ഓർമകളിൽ ഉണരുമെന്ന പ്രതീക്ഷയുമായി
അതുവരെ ആയുസ്സ് നീട്ടികിട്ടുമെന്ന വ്യാമോഹവുമായ്”
 
“നിനക്കായി എൻ ആകാശങ്ങളിൽ
ഞാൻ ചേർത്തുവച്ച നക്ഷത്രക്കൂട്ടങ്ങൾ
നീയൊരുവട്ടമെങ്കിലും നോക്കിനിന്നിട്ടുണ്ടോ?
ഒരു വട്ടമെങ്കിലും തൊട്ടുനോക്കാൻ ശ്രമിച്ചിട്ടുണ്ടോ?”
 
“അന്നും ഇന്നും ഞാൻ ഒന്ന് തന്നെ,
പാവമൊരു നീലക്കുറിഞ്ഞി.
എനിക്ക് മാറ്റമില്ല!
എന്നാൽ എന്റെ യഥാർത്ഥ സൗന്ദര്യം-
നിങ്ങൾ കാണണമെങ്കിൽ
ഞാൻ കാത്തിരിക്കേണ്ടത് ഒരു വ്യാഴവട്ടം!
അതുവരെ മണ്ണിന്റെ മടിത്തട്ടിൽ
കൺചിമ്മും നക്ഷത്രങ്ങളെയും നോക്കി
കാത്തിരിപ്പിന്റെ ഇടനാഴിയിലെവിടെയെങ്കിലും
ഞാൻ മയങ്ങുന്നുണ്ടാവാം 💜🌪️”
 
“നീലകുറിഞ്ഞികൾ മരിച്ച നീല താഴ്വരകൾ”
 
“വേദനകൾ അടിപ്പിക്കുന്ന ഹൃദയങ്ങൾ
പിരിക്കുന്നതും വേദന തന്നെ”
 
“നിനക്കായി കവിത കുറിക്കാൻ
കടമെടുത്ത വാക്കുകളിലൂടെ നിനക്ക് അമരത്വം നൽകിയതും
നിദ്രകൾ വഴിമാറി കണ്ണീരിനാൽ എഴുതിത്തള്ളിയതും
അറിയാതെ കടന്നു പോയ് നീയും
അതിനൊപ്പം കാലവും
ഉത്തരം നൽകാൻ പോലും കാത്തുനിൽക്കാതെ”
 
“എന്റെ കഥയറിയാത്തവർ കൂടെ നിൽകുമ്പോൾ
കഥയറിയുന്നവർ വിട്ടുപോകുന്നതെന്തേ”
 
“നമ്മളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഓരോന്ന് പറഞ്ഞു ദുഃഖിപ്പിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ…. ഉറ്റവർ ആയാൽ പോലും”
 
“ചില ബന്ധങ്ങൾ അകലെ നിന്ന് കാണാനാണ് സൗന്ദര്യം
കൂടുതൽ അടുപ്പിച്ചു അതിന്റെ ഭംഗി കളയരുത്”
 
“ഉറ്റവർക്കായ് എന്നെ നീ തനിച്ചാക്കിയപ്പോൾ അത് എന്നോടുള്ള സ്വാതന്ത്ര്യമായ് ഞാൻ കരുതി. എന്നാൽ മറ്റൊരുവൾക്കായ് നീയതാവർത്തിച്ചപ്പോൾ അറിഞ്ഞു ഞാൻ നിനക്കെന്നിലേക്കുള്ള ആഴങ്ങളുടെ ദൂരം”
 
“ഹൃദയം പിഴുതുകൊടുത്താലും അത് കാണാതെ പോവുന്നതിൽപ്പരമൊരു വേദനയില്ല ഈ ലോകത്തിൽ! വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞാലും ഒരു ചെറുപുഞ്ചിരികൊണ്ട് നേരിടുന്നവർ എത്രപേർ, ക്ഷമിച്ചുകൊടുക്കുന്നവർ എത്ര? അറിഞ്ഞുകൊണ്ട് വിട്ടുകൊടുമ്പോഴും വിഡ്ഢി എന്ന നാമം ചാർത്തപ്പെടുമ്പോഴും അജ്ഞത നടിക്കാൻ കഴിയുന്നവർ എത്ര?”
 
“എപ്പോഴൊക്കെ സ്വയംമറന്നു ഞാൻ
ചുറ്റുമുള്ള സന്തോഷം ആസ്വദിച്ചുവോ,
അപ്പോഴെല്ലാം വിധി എനിക്ക് പകരംനൽകിയിട്ടുണ്ട്
ഇരട്ടി ദുഃഖം, എനിക്ക് താങ്ങാൻ കഴിയുന്നതിലുമേറെ.
ഇപ്പോൾ ആ മുറിപാടുകളെയെല്ലാം, എന്റെ വിണ്ണിലെ
തിളങ്ങുന്ന രാത്രിനക്ഷത്രങ്ങളായി അലങ്കരിച്ചിരിക്കുകയാണ്‌
പ്രവേശനവാതിലും അടച്ചിട്ടുണ്ട്, ഉള്ളിൽ ഇനി ഞാൻ മാത്രം”
 
ജീവിതത്തിൽ ആരെയും ഒരു പരിധിക്കപ്പുറം സ്നേഹിക്കരുത്, ദുഃഖിക്കേണ്ടി വരും”
 
“കുറേ വേദനിച്ച് കഴിയുമ്പോൾ
എല്ലാ വേദനകളിൽ നിന്നും സ്വാതന്ത്യം കിട്ടും”
 
“കേട്ടില്ലെന്നു നടിച്ചു നീ താണ്ടുന്ന ഓരോ കാൽവെയ്പ്പും എനിക്ക് സമ്മാനിക്കുന്നത്
എനിക്ക് നിന്നിലേക്ക് എത്തുവാനുള്ള കാതങ്ങളുടെ അകലമാണ്”
 
നമ്മുടെ വേദന മനസിലാക്കുന്നവർ ഒരിക്കലും നമ്മുടെ വേദനയ്ക്ക് കാരണമായിരിക്കില്ല” – Inspired
 
“മനസ്സുകളിൽ നിന്നും പടിയിറങ്ങുമ്പോഴാണ് ശരിക്കുള്ള മരണം സംഭവിക്കുന്നത് , നമ്മുടെ എക്സിസ്റ്റൻസ് പോലും മറ്റെയാൾ മറക്കുമ്പോൾ, മറന്നു പ്രവർത്തിക്കുമ്പോൾ, നിവർത്തികേടുകൊണ്ട് നോക്കിനിൽക്കേണ്ടി വരുമ്പോൾ 🍁🍁”
 
“എന്റെ പുറകെ വരാതിരുന്നാൽ മതി….
പൊയ്‌ക്കോളാൻ ഞാൻ എങ്ങോട്ടെങ്കിലും,
ആർക്കും ശല്യമാവാതെ”
 
“ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളും നിരാശകളും സമ്മാനിക്കുന്നത്
ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നവർ തന്നെയായിരിക്കും”
 
“മോശം സാഹചര്യത്തിൽ…
ഒറ്റയ്ക്കാണെന്നു അറിഞ്ഞിട്ടും
ഇട്ടിട്ട് പോവുന്ന സുഹൃത്തുക്കൾ
സുഹൃത്തുക്കൾ തന്നെയാണോ?”
 
“കേൾക്കാതെ പോകുന്ന വാക്കുകളാണ് എപ്പോഴും ഏറ്റവും വേദനാജനകം,
കേട്ടില്ല എന്ന് നടിക്കുന്നവയും……”
 
“ഒരു സ്വപ്നം പോൽ നീ മായുമ്പോൾ
ഒപ്പം മായുന്നു എന്നിൽ നീ തീർത്ത ഏഴു വർണങ്ങളും🌈🌈”
 
“എന്റെ കറുത്തവാനം ഇപ്പോൾ നിറച്ചിരിക്കുന്നത്
താരാജാലങ്ങളല്ല, മറിച്ച് കാർമേഘക്കൂട്ടങ്ങളാണ്
പെയ്തൊഴിയുന്നില്ല അവയുന്നൊന്നും
പകരം, കനൽപോലെ എരിയുകയാണ്,
മെല്ലെ പുകഞ്ഞു ഇല്ലാതായി തീരുകയാണ്.
നിനക്കതിൽ ഒന്നുമില്ലായെങ്കിൽ
എരിഞ്ഞു തീർന്നോട്ടെ ഞാൻ എന്നെന്നേക്കുമായി
പുകഞ്ഞുതീർന്നോട്ടെ ഞാൻ
കാൽപാടുകൾപോലും ബാക്കി വയ്ക്കാതെ”
 
“ഈ ലോകം എന്നെ ഒറ്റപ്പെടുത്തിയപ്പോൾ
എല്ലാവരും അധിക്ഷേപിച്ചപ്പോൾ
ക്രൂരവാക്കുകൾകൊണ്ട് ക്രൂശിച്ചപ്പോൾ
നിനക്കെങ്കിലും എന്നെ
കൂടെനിർത്താമായിരുന്നു
ഇന്ന് ഞാൻ നിനക്കാര്?
അതിനുത്തരം തരേണ്ടതും നീ തന്നെയല്ലേ
ഇനി അതിനായ് മറ്റൊരു കാത്തിരുപ്പ്
മഞ്ഞുതാഴ്വരകളിൽ നീലകുറിഞ്ഞികൾ
വാടിത്തളരും കാലം വരുവോളം”
 
“ഒരിക്കൽ തിരമാലകൾപോലെ ആർത്തിരമ്പി വന്ന ആ സ്നേഹം ഇന്നെവിടെ പോയി?🌪️💫✨💔”
 
“എൻ വാക്കുകൾക്കിടയിലെ മൗനനിശ്വാസങ്ങളെ
നീ എപ്പോഴെങ്കിലും വായിച്ചെടുത്തിട്ടുണ്ടോ?
ഞാൻ ഒളിപ്പിച്ചുവയ്ക്കുന്ന മൗനനൊമ്പരങ്ങളെ
നിൻ ശ്രുതികളിൽ കോർക്കാൻ കൊതിച്ചിട്ടുണ്ടോ?
വാക്കുകളിൽ പറയുന്ന കടംകവിതകൾ
വാക്കുകളിൽ തുളുമ്പുന്ന സ്നേഹവായ്പുകൾ
നിന്നിൽ രാത്രിമഴയായ് പെയ്തിറങ്ങുന്നുവോ-
എന്നറിയാൻപോലും കഴിയുന്ന ഒരു ഭാഷ
എവിടെയോ നഷ്ടമായില്ലേ, നമുക്കിരുവർക്കുമിടയിൽ?”
 
“നിങ്ങളുടെ യഥാർത്ഥ കഥ അറിയാതെ മോശമായി പെരുമാറുന്നവർ ഉണ്ടാവാം. എന്നാൽ, കഥ അറിഞ്ഞശേഷം അത് തന്നെ ആയുധമാക്കി കുത്തിനോവിക്കുന്നവർ, നിങ്ങൾ അതിനോട് പ്രതികരിച്ചാൽ ഇട്ടുപോകുന്നവർ…. എത്ര ഹൃദയശൂന്യർ ആയിരിക്കുമല്ലേ?”
 
“നിനക്കായ് വരികൾ കുറിയ്ക്കുമ്പോൾ
എന്റെ വേദന വാക്കുകൾ പലതിലും
ഒളിപ്പിക്കാറുണ്ട് പലപ്പോഴും
അവ നീ ചികഞ്ഞെടുക്കും എന്ന പ്രതീക്ഷയാൽ”
 
“അകന്ന പക്ഷികൾ തിരികെയെത്താൻ എത്രകാലം കാത്തിരിക്കണം?”
 
“നീലകുറിഞ്ഞികൾ മരിച്ച നീല താഴ്വരകൾ💜🌪️💔”
 
“ഇപ്പോൾ വീശിയടിക്കുന്ന കാറ്റിനുമുണ്ട് ശിശിരത്തിൻ മരവിപ്പ്
കൂമ്പിയ പൂക്കൾ പലതും കഴിഞ്ഞ ശരത്കാലം കൊണ്ടുപോയി
എന്നോ വന്നുപോയ വസന്തത്തിൻ സുഗന്ധവും കാറ്റിൽ പോയ് അലച്ചു
വാകപ്പൂവിൻ ഗ്രീഷ്മവും കാലവർഷത്തിൽ ഒലിച്ചുപോയി”
 
“ഇനി കൊഴിയാൻ ഇലകളൊന്നും ബാക്കിയില്ല
നിന്റെ വരവും കാത്ത്
ഇനി പൂക്കാൻ ഋതുക്കളൊന്നും ബാക്കിയില്ല
എന്റെ ദിനവും കാത്ത്”
 
“നീ തിരിച്ചണയുന്നതും കാത്തിരിക്കുന്ന ഒരു ഞാനുണ്ട്,
ചൈതന്യം എന്നേ പോയൊഴിഞ്ഞ എന്റെ നിഴൽ.
ഒരുപക്ഷെ, നീ വന്നില്ലെങ്കിൽ
ഞാൻ ഇതുപോലെ ജീവിതം തള്ളിനീക്കുമായിരിക്കാം
ഒരു ആയുഷ്കാലം മുഴുവൻ.
എന്നെ നിനക്കങ്ങനെ കാണണോ?”
 
“ഇതുവരെ നിനക്കെന്റെ വേദന മനസ്സിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ
നീയെന്നെ ഇതുവരെ അറിഞ്ഞിട്ടില്ല എന്ന് ഞാൻ പറയും”
 
“അന്നും ഇന്നും ഞാൻ ഒന്ന് തന്നെ
പാവമൊരു നീലക്കുറിഞ്ഞി!
എനിക്ക് മാറ്റമില്ല
എന്നാൽ എന്റെ യഥാർത്ഥസൗന്ദര്യം
നിങ്ങൾ കാണണമെങ്കിൽ
ഞാൻ കാത്തിരിക്കേണ്ടത് ഒരു വ്യാഴവട്ടം!
അതുവരെ മണ്ണിന്റെ മടിത്തട്ടിൽ
കൺചിമ്മും നക്ഷത്രങ്ങളെയും നോക്കി
കാത്തിരിപ്പിന്റെ ഇടനാഴിയിലെവിടെയെങ്കിലും
ഞാൻ മയങ്ങുന്നുണ്ടാവാം💜”
 
“നിന്റെ വേദന കാണുമ്പോഴാണ്…..
ഞാൻ എന്റെ വേദന മറക്കുന്നത്
ഞാൻ അനുഭവിക്കുന്നത് നിസ്സാരമായി തോന്നുന്നത്
നീ എന്നെ വേദനിപ്പിക്കുന്നത് ക്ഷമിക്കുന്നത് :):”
 
“ഹൃദയം എത്ര തുറന്നു കാണിച്ചാലും അത് ചെമ്പരത്തിപ്പൂവാണ് എന്ന് പറയുന്ന പഴമൊഴി എത്ര സത്യമാണ് …. അല്ലെ?”
 
“വാക്കുകളെ എപ്പോഴും മൗനത്തിൽ അലിയിപ്പിക്കുന്ന ചെപ്പടിവിദ്യ നീ എവിടെ നിന്നാണ് അഭ്യസിച്ചത്?”
 
“ഞാനെഴുതുന്ന അക്ഷരങ്ങളിൽ
നിനക്ക് നിന്നെ വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ
നിന്നിൽ ഞാൻ എന്നോ ഒരു നാൾ മരിച്ചുപോയി എന്നാണ്,
ഒരുപക്ഷെ നിന്നെ നീ അറിയുന്നതിലും വളരെ പണ്ട്”
 
“ആർക്കും കൂടെ നിൽക്കാൻ താല്പര്യമില്ലല്ലോ
എല്ലാർക്കും പോവാനാണല്ലോ ഇഷ്ടം”
 
“വീണ്ടും വീണ്ടും തിരസ്കരിക്കപ്പെടുമ്പോൾ
കുന്നിമണിപോലെ ചെറുതാവുന്ന ഒരു അവസ്ഥയുണ്ട്”
 
“മോഹം…
വീണ്ടും മഴത്തുള്ളികളിലേക്ക് മടങ്ങി
മറ്റൊരു തുള്ളിയായ്
മണ്ണിൽ വീണുടയുവാൻ
എന്നെന്നേക്കുമായി…. 💧💧”
 
“മറക്കുന്നതല്ല സ്നേഹിക്കാൻ….
ഒളിച്ചോടുന്നതുമല്ല ഒന്നിൽനിന്നും.
സ്നേഹിക്കുന്നവർ കൂടെയില്ല എന്ന് തിരിച്ചറിയുമ്പോൾ
അങ്ങനെ ജീവിക്കാൻ പഠിക്കുന്നതാണ്…..”
 
“ചിലരെ മരണത്തിനു ശേഷം കീറി പഠിക്കും
മറ്റുചിലരെ ജീവനോടെ തന്നെ കീറി പഠിക്കും”
#പരീക്ഷണവസ്തു
 
“മനസ്സ് പിടിവിട്ടുപോവുകയാ പലപ്പോഴും
നിനച്ചിരിക്കാത്ത നിമിഷങ്ങളിൽ
മനസ്സ് പിടഞ്ഞു വീണുപോവുകയാ പലപ്പോഴും
നിലയില്ലാ കയങ്ങളിൽ
കാരണങ്ങൾ അറിഞ്ഞാലും ഇല്ലെങ്കിലും
എല്ലാം പിടിവിട്ടുപോയ പ്രതീതി
ഒന്നും ചെയ്യാനിനി ബാക്കിയില്ലല്ലോ
ഒന്നിനും എന്റെകയ്യിൽ ഉത്തരമില്ലല്ലോ”
 
“എന്റെ ഓരോ ഇന്നലെകൾക്കും നാളെ നിനക്ക് കണക്ക് പറയേണ്ടതായി വരും……”
 
“നിന്റെ ഓരോ പതുപ്പിനൊപ്പവും പുനർജനിച്ച ഓരോ ഞാനുണ്ട് ….
ആരുമാരും കാണാത്തൊരു ഞാൻ.
ഓരോ പതിപ്പിനെയും നീ കൊന്നൊടുക്കിയപ്പോൾ,
നീപോലുമറിയാതെ
മരണപ്പെട്ട ഓരോ ഞാനുമുണ്ട് ……”
 

“പൊള്ളയായ സ്നേഹപ്രകടങ്ങളാൽ എത്ര കാലം ഒരു ബന്ധത്തെ പിടിച്ചുനിർത്താനാവും? പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുക തന്നെ ചെയ്യും. “

“ഉത്തരമില്ലാ പല ചോദ്യങ്ങൾക്കും കഴിയും കാലമത്രയും മനസ്സിനെ ഉമിത്തീയിൽ നീറ്റിമുറിവേൽപ്പിക്കാൻ”

“ചിലർക്ക് വാക്കുകൾ പോലും വേണമെന്നില്ലല്ലോ…..
മൗനത്തിൽ അവസാനിപ്പിക്കുന്നു എല്ലാം
അതൊരു വീർപ്പുമുട്ടലാണ്….
വേദന ആണ്…
സൗഹൃദം ആയാലും പ്രണയം ആയാലും
ഒരു ദിവസം മാത്രം കണ്ടു ചിരിച്ച വ്യക്തി ആയാലും….
ഏതു ബന്ധമായാലും !!”
 

“വേദനകൾ പുഞ്ചിരിയിൽ ഒളിപ്പിക്കും
വേദനിപ്പിക്കുന്നവർ പ്രിയപ്പെട്ടവരെങ്കിൽ…”

“എനിക്കും പറയാനുണ്ട്  ഒരുപാടൊരുപാട് കാര്യങ്ങൾ, മനസ്സ് നിസ്സഹായയായി നിന്നരികിൽ നിന്ന് കണ്ണുനീർ വാർത്ത നിമിഷങ്ങളും “

“വാക്കുകൾ അസ്തമിക്കുന്നിടത് അകൽച്ചകൾ തുടങ്ങുകയായി……   “

“മടങ്ങിയെത്താൻ എനിക്ക് കൊതിയില്ലാതെയല്ല
പക്ഷെ കാലം നമുക്കിടയിൽ വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു “

“നമ്മളുടെ ഓരോ അവസ്ഥ കണ്ടു കളിയാക്കുന്നപോലെ തോന്നും ചിലരുടെ പെരുമാറ്റങ്ങൾ ചില നേരങ്ങളിൽ. അവഗണയും കാരണംകണ്ടെത്തിയുള്ള അകൽച്ചയും എല്ലാം അതിന്റെ ഭാഗം മാത്രം. നിസ്സഹായതയോർത്തു പ്രതികരിക്കാൻ ശക്തിയില്ലാത്ത നിമിഷങ്ങൾ”

“കണ്ണുകളിലെവിടെയോ ഉടക്കി നിൽക്കുന്ന കണ്ണുനീർ തുള്ളികൾ
പെയ്യാൻ മടിച്ച്”

“വേദന തന്നവർ….
ഹൃദയം തകർത്തെറിഞ്ഞവർ….
ഒളിച്ചോടാതെ,
പുഞ്ചിരിയോടെ
ഒന്നും സംഭവിക്കാത്തമട്ടിൽ
അവരോട് ഇടപഴകാൻ കഴിയുന്നത്….
അവർ നിങ്ങളുടെ ഹൃദയം –
തകർത്തിട്ടില്ല എന്ന മട്ടിൽ
അഭിനയിക്കാൻ കഴിയുന്നത്……
അവിടെയാണ് നിങ്ങളുടെ യഥാർത്ഥശക്തി”
 
“അമിത സന്തോഷം എപ്പോഴും അമിത ദുഃഖത്തിന്റെ മുന്നോടി ആവുന്നെങ്കിൽ
അമിത ദുഃഖം എന്തുകൊണ്ട് അമിത സന്തോഷം കൊണ്ടുവരുന്നില്ല?
ഒരു തിരയിൽ നിന്നും മറ്റൊരു തിരയിലേക്ക് പടരുന്നതുപോലെ
തീവ്രത കൂടുന്നതല്ലാതെ വേലിയിറക്കങ്ങളെന്തുകൊണ്ട് ഉണ്ടാവുന്നില്ല?“
 
“ഹൃദയത്തിൽ ചുമക്കുന്നവർ ഭാരം തരുമ്പോൾ
ഹൃദയഭാരം ഇറക്കി വയ്ക്കാനാവില്ല അവരുടെ മുന്നിൽ”
 
“കാഴ്ചക്കപ്പുറം നിൽക്കുന്ന നിന്റെ കണ്ണുകൾ
കാതങ്ങൾക്കപ്പുറം നിൽക്കുന്ന നിന്റെ കാതുകൾ”
 
“എല്ലാം പാതിയിൽ നിൽക്കുന്ന പ്രതീതി
പൂജ്യമല്ല
നിറഞ്ഞിട്ടുമില്ല
മറ്റു അംശങ്ങളുമില്ല
മനസ്സിനെ രണ്ട് ഭാഗങ്ങൾക്കിടയിൽ –
തുല്യമായി വിഭജിച്ചിച്ച പോലെ
എവിടെ പോകണമെന്ന് നിശ്ചയമില്ല
ഒരു പാതി ഒരിടത്തു നിലയുറപ്പിച്ചിട്ടുണ്ട്
മറ്റേ പാതി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു”
 
“നിന്റെ വർണങ്ങളൊക്കെ കളവായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഏതോ ഒരു നിമിഷം”
 
“ആകാശത്ത് ഇന്ന് കാണുന്ന നക്ഷത്രങ്ങൾ പലതും പൊലിഞ്ഞുപോയിട്ട് കാലം കുറെ ആയില്ലേ? പക്ഷെ പാവം കണ്ണുകൾ അത് മനസ്സിലാക്കുന്നില്ലല്ലോ”
 
“ആരോടും പറയാത്തൊരു കഥയുണ്ട് എല്ലാർക്കാം
ഒരാളോട് മാത്രം ചൊല്ലാനൊരു കഥയും”
 
“എല്ലാ കണ്ണീർതുള്ളികളും സങ്കടത്തിന്റേതല്ല
എല്ലാ പുഞ്ചിരിയും സന്തോഷം നിറഞ്ഞതുമല്ല”
 
“ആരുടെ കയ്യിൽ നിന്നും പിടിച്ചുവാങ്ങാൻ കഴിയാത്ത പലതുമുണ്ട് ഈ ലോകത്തിൽ. ചോദിച്ചുനോക്കാം…. അത്ര തന്നെ”
 
“കാരണങ്ങൾ കണ്ടെത്തി അടുക്കാൻ ശ്രമിക്കുന്നവരും
കാരണങ്ങൾ കണ്ടെത്തി അകലാൻ ശ്രമിക്കുന്നവരും”
 
“ഒന്നുനോക്കിയാൽ നീയെന്റെ ഹൃദയത്തെ
ആയിരം കഷ്ണങ്ങളായ് നുറുക്കിയത് നന്നായി
നിന്നെ ആയിരം രീതിയിൽ സ്നേഹിക്കാൻ കഴിയുന്നുണ്ടല്ലോ
പക്ഷെ, ഇതിൽ ഏതാണ് നിനക്ക് പ്രിയം എന്ന് മാത്രം നിശ്ചയമില്ല”
 
“മനസ്സിലാക്കപ്പെടുക ഒരു ഭാഗ്യം തന്നെയാണ്
ആ ഭാഗ്യം എല്ലാർക്കും കിട്ടണമെന്നില്ല”
 
“വിട്ടുപോകുന്ന പലരും
മറ്റു പല രൂപങ്ങളിൽ നമ്മളോടൊപ്പം തങ്ങാറുണ്ട്.
തിരിച്ചറിയപ്പെടാറുണ്ട്…..
തിരിച്ചറിയണമെന്നുമില്ല”
 
“കൊഴിഞ്ഞ ഓരോ ഇലയ്ക്കും പറയാനുണ്ടാവും
നീ കാതോർക്കാൻ ശ്രമിക്കാത്ത
എന്റെ കഥയുടെ ഓരോ അധ്യായങ്ങൾ 💫🌪️💔”
 
“നമ്മുടെ കഥകൾ നാടോടിക്കഥകളായി മാറും
നീ അവയ്ക്ക് ജീവൻ തിരികെ നൽകിയില്ലെങ്കിൽ”
 
“മടുത്തിട്ടുണ്ടാവാം,
കൂടെ നിർത്തേണ്ടാ എന്ന് തോന്നിയിട്ടുണ്ടാവാം
ഞാനില്ലാത്തൊരു ലോകം പടുത്തുയർത്തിയിട്ടുണ്ടാവാം
അതല്ലേ ഒരു വിശദീകരണം പോലും തരാതെ
എവിടെയോ നീ അലിഞ്ഞുപോയത്
എങ്കിലും പറയാതെ വയ്യ
പോകുന്നു എന്നൊരു വാക്ക് ഞാൻ അർഹിച്ചിരുന്നു”
 
“നിന്റെ മനസ്സിൽ ഞാൻ മരണപെട്ടുവെങ്കിലും
എന്റെ മനസ്സിൽ നീയൊരു വാടാമലരായ് ഇന്നുമുണ്ട്”
 
“എത്ര തിരക്കിനിടയിലും
എനിക്ക് നിന്നെ കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ
എന്തുകൊണ്ട് എന്റെ ഏകാന്തലോകത്തിൽ
നിനക്കെന്നെ കണ്ടെത്താൻ കഴിയുന്നില്ല?”
 
“ചില ശൂന്യതകൾ ചിലർക്ക് മാത്രം എന്നും സ്വന്തം”
 
Image courtesy: Pixabay
 
(Visited 2,593 times, 1 visits today)