മഴ
ആർദ്രയാം സന്ധ്യ തൻ മിഴികൾ പെയ്തൊഴിയും
വർഷമേഘത്തിൻ നനവുള്ള തണുത്ത സായാഹ്നത്തിൽ
മഴയുടെ സംഗീതവും ശ്രവിച്ചു നീ നിൽപ്പൂ
മിന്നൽപിണറുകൾ തീർക്കും ദൃശ്യഗോപുരനടയിൽ
ആ ഗാനാലാപത്തിൻ അനുപല്ലവിയെന്നപോൽ
തനിയാവർത്തനങ്ങൾക്കനുദിനം വ്യർത്ഥമായ്
അന്ത്യം ചോദിക്കും മിഥ്യയാം പ്രതീക്ഷകളുമായി.
വിരസതയിലലിഞ്ഞു ചേർന്നൊരാ മൂകമനമി –
ന്നേറെ വൈകിയറിയുന്നൊരാ സത്യം
മണ്ണിലൂർന്നിറങ്ങും മേഘത്തുള്ളികളിൽ
മാഞ്ഞസ്വപ്നതിന്നർത്ഥങ്ങൾ തിരഞ്ഞതോ
വിഡ്ഢിയാം ഈ ഒരുവൾ മാത്രം!!!
നേർത്ത മഞ്ഞുപോൽ മണ്ണിലലിഞ്ഞിട്ടും
നിറമാർന്നൊരാ അവസാന കണികയേയും
സ്നേഹിച്ചതും ഈ ഒരു മാനസം മാത്രം!!!
ജീവിതത്തിന്നനന്തമാമീ ഇടനാഴിയിൽ കൊഴിഞ്ഞൊരാ
മനസ്സിൻ പദസ്വര മുത്തുകൾ ചോദിക്കുന്നു
കടമായ് തന്നൊരാ സ്വപ്നവർണങ്ങൾക്ക്
എന്തിനായ് മണ്ടീ നിൻ പേര് നല്കീ നീ?
രാവോ പകലിൻ സമാഗമം കൊതിക്കും
നിറമാർന്നൊരാ സന്ധ്യ തൻ അന്ത്യയാമത്തിൽ
ഇനിയും ജീവിതം നാട്യമായ് തീർക്കേണ്ട
രാവിനും പകലിനും സാക്ഷിയായനന്തരം
പ്രതീക്ഷയ്‌ക്കും വിശ്വാസങ്ങൾക്കുമെല്ലാമെല്ലാത്തിനും
എന്നേയ്‌ക്കുമായ് അസ്തമയം നൽകികൊണ്ടശക്തയായ്
നിദ്രയിൽ വഴുതി വീഴുന്നൊരാ മനസ്സേ നീ
തളർന്നുറങ്ങീടുകയൊന്നും അറിഞ്ഞിടാതെ.
ഉണർത്താതിരിക്കട്ടെ ആരും സുഖസുഷുപ്തിയിൽ നിന്നെ
ഉടയാതിരിക്കട്ടെ മനസ്സിൻ പൂജാവിഗ്രഹങ്ങൾ.
കൊളുത്താതിരിക്കട്ടെ ആരും
ആ തിരിനാളത്തിൻ അണഞ്ഞ ദീപങ്ങൾ വീണ്ടും
കാണാതിരിക്കട്ടെ മിഴികൾ നിൻ
സ്വപ്നചാഞ്ചല്യങ്ങൾ വീണ്ടും……
Recent Comments