മലയാള സാഹിത്യത്തിലെ അതുല്യരായ 10 നിരൂപകരെ പരിചയപ്പെടാം

നിരൂപണ രംഗത്ത് പ്രശസ്തരായ 10 പേരെ കുറിച്ച് അറിയാം. അവർ സാഹിത്യ  ലോകത്തിന് നൽകിയിട്ടുള്ള സംഭാവനകൾ അതുല്യമാണ്. തലമുറകൾ പലതു കഴിഞ്ഞാലും അവരെല്ലാം സാഹിത്യലോകത്തെ മിന്നുന്ന താരങ്ങളായി ഉദിച്ച് തന്നെ നിൽക്കും.

കുട്ടികൃഷ്ണമാരാർ, എസ്. ഗുപ്തൻ നായർ, ജോസഫ് മുണ്ടശ്ശേരി

എ. ബാലകൃഷ്ണപിള്ള – കേസരിയുടെ പ്രതിഭ

യൂറോപ്പ്യൻ സാഹിത്യ പ്രസ്ഥാനങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച എഴുത്തുകാരനാണ് എ. ബാലകൃഷ്ണപിള്ള. കേസരി എന്ന പത്രം നടത്തിയതിലൂടെയാണ് കേസരി ബാലകൃഷ്ണപിള്ള ആയത്. കേസരി അടക്കമുള്ള പത്രങ്ങളിലൂടെ തിരുവിതാംകൂർ സർക്കാറിനെ വിമർശിച്ചതിനെ തുടർന്ന് രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. 1889 ഏപ്രിൽ 13ന് തിരുവനന്തപുരത്തായിരുന്നു ജനനം. ചരിത്രകാരൻ, പത്രാധിപൻ, വിവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.

നവലോകം, നോവൽ പ്രസ്ഥാനങ്ങൾ, രൂപമഞ്ജരി, സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ, രാജരാജീയം, സാഹിത്യ ഗവേഷണ മാല എന്നിവ  അദ്ദേഹത്തിൻറെ കൃതികളിൽപ്പെടുന്നു. മോപ്പസാങ്ങിന്റെ  ചെറുകഥകളും ഇപ്സന്റെ കൃതികളും എല്ലാം മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. ഇടപ്പള്ളിയുടെ മണി മുഴക്കം, ചങ്ങമ്പുഴയുടെ  സ്പന്ദിക്കുന്ന അസ്ഥിമാടം, ജി.യുടെ നിമിഷം എന്നിവയടക്കം കേസരി എഴുതിയ വിഖ്യാതമായ അവതാരികകൾ ഏറെ പഠനാർഹമാണ്. ജ്യോതിഷം, ചിത്രകല, രേഖ ശാസ്ത്രം, മനശാസ്ത്രം എന്നിവയിലും ഇദ്ദേഹത്തിന് അവഗാഹം ഉണ്ടായിരുന്നു. അധ്യാപക ജോലി ഉപേക്ഷിച്ച കേസരി തൻറെ അഭിഭാഷക വൃത്തിയിലും തുടർന്നില്ല. കേസരിയുടെ സംഭാവനകൾ സമാഹരിച്ച് ‘കേസരിയുടെ വിമർശനങ്ങൾ’ എന്ന പേരിൽ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട് 1960ൽ അദ്ദേഹം അന്തരിച്ചു.

കുട്ടികൃഷ്ണമാരാർ – കല ജീവിതമാക്കിയ മാരാർ

മൂർച്ചയേറിയതും ക്രിയാത്മകത  നിറഞ്ഞു തുളുമ്പുന്നതും ആണ് കുട്ടികൃഷ്ണമാരാരുടെ ശൈലി. കാര്യങ്ങളെ ഒതുക്കി, ചിട്ടയോടെ പറയാനുള്ള അദ്ദേഹത്തിൻറെ സിദ്ധി സവിശേഷമാണ്. കലാമണ്ഡലത്തിൽ സാഹിത്യ അധ്യാപകനായും ‘മാതൃഭൂമി’യിൽ പ്രൂഫ് റീഡർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ‘കല ജീവിതം തന്നെ’ എന്ന നിരൂപണ ഗ്രന്ഥത്തിന് കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാരതീയ സാഹിത്യത്തിൻറെ അടിസ്ഥാന മൂല്യങ്ങളിൽ അടിയുറച്ചു നിന്നു കൊണ്ട് മാരാർ തന്നെ നിരൂപണ വൈഭവം പ്രകടമാക്കിയിരുന്നു.

വ്യാസ ഭാരതത്തെ അടിസ്ഥാനമാക്കി എഴുതിയ ഭാരതപര്യടനം, സാഹിത്യ സല്ലാപം, സാഹിത്യ വിദ്യ, മലയാള ശൈലി എന്നിങ്ങനെ നിരവധി സൃഷ്ടികൾ സംഭാവന ചെയ്തിട്ടുണ്ട്, കാളിദാസ വിവർത്തനങ്ങൾ നടത്തി. 1900 ജൂൺ 14ന് മലപ്പുറത്തെ തിരൂരിനടുത്ത് തൃപ്പങ്ങോട്ട് ജനിച്ച മാരാർ 1976 ഏപ്രിൽ ആറിന് അന്തരിച്ചു.

എസ്. ഗുപ്തൻ നായർ – സൗമ്യതയുടെ ഭാഷ

നിരൂപകനും അധ്യാപകനും ആയിരുന്ന എസ്. ഗുപ്തൻ നായർ 1919 ഓഗസ്റ്റ് 22ന് കായംകുളത്ത് ജനിച്ചു. കേരള സാഹിത്യ സമിതി, സാഹിത്യപ്രവർത്തന സഹകരണ സംഘം, കേരള സാഹിത്യ അക്കാദമി എന്നിവയുടെ അധ്യക്ഷൻ ആയിരുന്നു. ‘ആധുനിക  സാഹിത്യം’ ആണ് ആദ്യത്തെ കൃതി. കാവ്യ സ്വരൂപം, ഇസ്സങ്ങൾക്കപ്പുറം, സൃഷ്ടിയും സൃഷ്ടാവും, പുനരാലോചന, കേസരിയുടെ വിമർശനം, നവമാലിക, തിരയും ചുഴിയും, മലയാള നിരൂപണം ഇന്നലെ – അദ്ദേഹത്തിൻറെ പ്രധാന കൃതികളിൽപ്പെടുന്നു.

മനസാ സ്മരാമി – ഗുപ്തൻ നായരുടെ ആത്മകഥയാണ്. സൃഷ്ടികളെ ഒരു ആസ്വാദക മനസ്സോടെ സമീപിച്ച് വിലയിരുത്തിയ നിരൂപകനാണ് അദ്ദേഹം. ശക്തമായി അഭിപ്രായങ്ങൾ അവതരിപ്പിക്കുമ്പോഴും ലളിതവും മൃദുലവും ആയി അവ രേഖപ്പെടുത്തി. ‘ഓടക്കുഴലി’ന് അവതാരിക എഴുതിയത് അദ്ദേഹമാണ്. ‘സൗമ്യനായ നിരൂപകൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. അദ്ദേഹം നടനും പാട്ടുകാരനും കൂടെയായിരുന്നു. 2006 അന്തരിച്ചു.

ജോസഫ് മുണ്ടശ്ശേരി – രാഷ്ട്രീയ ചിന്തകൻ

കേരളത്തിലെ പ്രധാന വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരി മലയാളം പ്രൊഫസർ ആയിരുന്നു. തൃശ്ശൂരിലെ കണ്ടശാങ്കടവിൽ 1903 ജൂലൈ 17ന് ജനിച്ചു. പത്രപ്രവർത്തകൻ, പ്രാസംഗികൻ, വിദ്യാഭ്യാസ- രാഷ്ട്രീയ ചിന്തകൻ, എഴുത്തുകാരൻ എന്നീ മേഖലകളിൽ പ്രതിഭ തെളിയിച്ചു. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആയിരുന്നു. നവജീവൻ, കേരളം, മംഗളോദയം എന്നിവയുടെ പത്രാധിപനായും പ്രവർത്തിച്ചു.

സ്വന്തം കാഴ്ചപ്പാടുകൾ മുഖം നോക്കാതെ തന്റേടത്തോടെ തൻറെ നിരൂപണ പ്രക്രിയയിൽ അദ്ദേഹം കൊണ്ടുവന്നു. ചിന്താ മാധുരി എന്ന ആദ്യ  കാവ്യ സമാഹാരത്തിന് വള്ളത്തോളാണ് അവതാരിക എഴുതിയത്.  കാവ്യപീഠിക, പ്രയാണം, പ്രബന്ധ ദീപിക, അന്തരീക്ഷം, കാലത്തിന്റെ കണ്ണാടി,  രാജരാജന്റെ മാറ്റൊലി തുടങ്ങിയ 50 ഓളം കൃതികൾ രചിച്ചു. കൊഴിഞ്ഞ ഇലകളാണ് മുണ്ടശ്ശേരിയുടെ ആത്മകഥ. വള്ളത്തോൾ, ആശാൻ, ഉള്ളൂർ എന്നിവരുടെ കൃതികളെ നിരൂപണം ചെയ്തു. ജീവിതഗന്ധിയായ സാഹിത്യ  സംഭാവനകളോടായിരുന്നു അദ്ദേഹത്തിൻറെ ആഭിമുഖ്യം. ജനകീയമായ കാഴ്ചപ്പാടുകളും ഇതിലൂടെ മുണ്ടശ്ശേരി മുന്നോട്ടുവച്ചു. 1977 ഒക്ടോബർ 25ന് അദ്ദേഹം വിട പറഞ്ഞു.

സുകുമാർ അഴിക്കോട് – സാഗര ഗർജനം

അധ്യാപകൻ, വാഗ്മി, പണ്ഡിതൻ എന്നീ നിലകളിൽ ജനകീയത നേടിയ വ്യക്തിയാണ് സുകുമാർ അഴിക്കോട്. സാംസ്കാരിക രംഗത്ത് അദ്ദേഹം നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്, പലപ്പോഴും വാർത്തകളിൽ തിളങ്ങി നിന്നിട്ടുണ്ട്. 1926 മെയ് 12ന് കണ്ണൂരിനടുത്ത് അഴീക്കോടിലാണ് ജനനം. സർവകലാശാല പ്രൊ. വൈസ് ചാൻസിലർ, നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ എന്നീ പദവികൾ വഹിച്ചു. പത്രപ്രവർത്തകനുമായി.

ഉപനിഷത്തുകളെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച കൃതിയാണ് ‘തത്വമസി’. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയിൽ ജി.യുടെ പല സംഭാവനകളും അനുകരണങ്ങൾ ആണെന്ന് അഴീക്കോട്  വാദിച്ചു. ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. മലയാള സാഹിത്യ വിമർശനം ഭാഷയിലെ സാഹിത്യ വിമർശന ചരിത്രമായി കണക്കാക്കപ്പെടുന്നു. ഗാന്ധിയൻ ജീവിതരീതിയോട് അദ്ദേഹം എപ്പോഴും ആഭിമുഖ്യം പുലർത്തി. രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാർഗ്ഗം, കളിക്കളത്തിൽ നിന്ന്, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ പഠനങ്ങൾ, വിശ്വ സാഹിത്യ പഠനങ്ങൾ എന്നിവ അദ്ദേഹത്തിൻറെ പ്രധാന കൃതികളിൽ പെടുന്നു. അഴിക്കോടിന്റെ പ്രസംഗ സമാഹാരങ്ങളും ഉണ്ട്. ഭാരതീയ പൈതൃകത്തെ കുറിച്ച് എഴുതിയ ‘ഭാരതീയത’ എന്ന പഠനവും അവതാരികകളും ശ്രദ്ധേയങ്ങളാണ്. 2012 ജനുവരി 24ന് നിര്യാതനായി.

എം. പി. പോൾ – സൗന്ദര്യ നിരീക്ഷകൻ

1904 മെയ് ഒന്നിന് കൊച്ചിയിലെ വരാപ്പുഴയിൽ ജനിച്ച എംപി പോൾ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യത്തെ പ്രസിഡൻറ് ആയിരുന്നു അദ്ദേഹം. പുരോഗമന സാഹിത്യ സംഘടനയുടെ സ്ഥാപകംഗവും സ്ഥിരാധ്യക്ഷനുമായി. വൈക്കം മുഹമ്മദ് ബഷീറിൻറെ ബാല്യകാലസഖി അലങ്കാരമാകുന്ന തരത്തിൽ അവതാരിക നൽകിയത് അദ്ദേഹമാണ്. നോവൽ, സാഹിത്യം,  ചെറുകഥാപ്രസ്ഥാനം പിന്നെ ഈ ആഴത്തിലുള്ള പഠന ഗ്രന്ഥങ്ങൾ എഴുതിയ പോൾ, ഈ വിഭാഗത്തിൽപ്പെട്ട സാഹിത്യ സംഭാവനകളെയാണ് തൻറെ നിരൂപണങ്ങൾക്ക് വിധേയമാക്കിയത്.

സാഹിത്യത്തിനു വേണ്ടി സാമൂഹിക കാഴ്ചപ്പാട് അദ്ദേഹം ഉയർത്തിപ്പിടിച്ചു. പാശ്ചാത്യ സാഹിത്യ പ്രസ്ഥാനങ്ങളോട് അടുപ്പം കാണിക്കുകയും അവയിലെ മാതൃകകളെ അവതരിപ്പിക്കുകയും ചെയ്തു. രചനകളിലെ സൗന്ദര്യസങ്കല്പം അദ്ദേഹത്തിൻറെ പ്രധാനമായിരുന്നു. തൻറെ ‘സൗന്ദര്യ നിരീക്ഷണം’ എന്ന ഗ്രന്ഥത്തിൽ ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്. 1952 ജൂലൈ 12ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

എം. ലീലാവതി – പ്രശസ്തയായ നിരൂപക

1929 സെപ്റ്റംബർ 16ന് ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിലാണ് പ്രശസ്ത നിരൂപക എം. ലീലാവതിയുടെ ജനനം. കോളേജ് അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  നിരൂപണ രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ്. എബ്രഹാം ലിങ്കൻ, മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരുടെ ജീവിതവും രചിച്ചിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.  വർണ്ണരാജി, കവിതയും ശാസ്ത്രവും, ജിയുടെ കാവ്യജീവിതം, കണ്ണീരും മഴവില്ലും – പ്രധാന കൃതികൾ.

വസ്തുതകളെ വിശദമായി  വിലയിരുത്തുന്ന രീതിയാണ് ലീലാവതിയുടേത്. മനശാസ്ത്രപരവും തത്വചിന്താപരവുമായ നിരൂപണ രീതി അവരുടെ പ്രത്യേകതയാണ്. ഒട്ടുമിക്ക മലയാള കവികളെയും കുറിച്ചുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. കവിതകളോടുള്ള ആഭിമുഖ്യം പുലർത്തുമ്പോഴും മറ്റ് വിഭാഗങ്ങളോട് അവർ അകൽച്ച പാലിച്ചില്ല. ആദ്യകാല നിരൂപണങ്ങളിൽ അവർ കാല്പനികതയോട് അടുപ്പം കാട്ടിയിരുന്നു. ആധുനികതയെ   സ്വീകരിച്ചിട്ടുമുണ്ട്. മലയാള കവിത സാഹിത്യ ചരിത്രം ലീലാവതിയുടെ പ്രധാനപ്പെട്ട രചനയാണ്.

എം. പി. ശങ്കുണ്ണി നായർ – ഏകാകിയായ നിരൂപകൻ

എന്നും ഏകാകിയായ ഒരു  നിരൂപകനായിരുന്നു എം. പി. ശങ്കുണ്ണി നായർ. 1917 മാർച്ച് നാലിന് തൃത്താലയ്ക്ക് അടുത്ത് മേഴത്തൂരിലാണ് ജനനം. മദ്രാസിലെ പച്ചയപ്പാസ് കോളേജിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാളിദാസ സംഭാവനകളെ കുറിച്ചുള്ള അദ്ദേഹത്തിൻറെ ‘ഛത്രവും ചാമരവും’ എന്ന കൃതി ഈ രംഗത്ത് മലയാളത്തിൽ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും  ആഴത്തിലുള്ളതായി വിലയിരുത്തപ്പെടുന്നു. കേരള – കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടി. ശങ്കുണ്ണി നായരുടെ ഭാഷാ ഭദ്രതയും കാഠിന്യവും രചനകളെ ഗംഭീരമുള്ളവയാകുന്നു. പാണ്ഡിത്യവും വൈരുദ്ധ്യവും കൃതികളെ അപഗ്രഥിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തി. നാട് മണ്ഡലം, കത്തുന്ന ചക്രം, നാടകീയാനുഭവം എന്ന രസം, കാളിദാസ നാടക വിമർശനം എന്നിവ അദ്ദേഹത്തിൻറെ ഇതര സൃഷ്ടികളാണ്. ഇടശ്ശേരിയുടെ പുതപ്പാട്ട്, പി. യുടെ കളിയച്ഛൻ എന്നിവ ഉൾപ്പെട്ട പ്രശസ്ത കവിതകളെ കുറിച്ച് എഴുതിയ പഠനഗ്രന്ഥമാണ് കാവ്യവ്യുൽപ്പത്തി. സംസ്കൃത ഭാഷാ പണ്ഡിതനും ഭാരതീയ സംസ്കാര അവബോധവും കൃതികളുടെ ആഴത്തിലുള്ള പഠനവും തനതായ  കാഴ്ചപ്പാടോടെയുള്ള സമീപനവും ശങ്കുണ്ണി നായരെ മറ്റു നിരൂപകരത്തിൽ നിന്നും വ്യത്യസ്തനാക്കി. 2006 അദ്ദേഹം അന്തരിച്ചു.

എം. കൃഷ്ണൻ നായർ – സാഹിത്യ വാരഫലത്തിന്റെ സൃഷ്ടാവ്

1923 മാർച്ച് മൂന്നിന് തിരുവനന്തപുരത്ത്  ജനിച്ച എം. കൃഷ്ണൻ നായർ ‘സാഹിത്യവാരഫലം’ എന്ന തൻറെ  പംക്തിയിലൂടെ ഏറെ പ്രശസ്തനായി. കോളേജ് അധ്യാപകനായിരുന്നു. വലിയൊരു വായനക്കാരൻ എന്ന നിലയിൽ നിരവധി രചനകളെ അദ്ദേഹം സ്വന്തം  പംക്തിയിലൂടെ നിരൂപണം ചെയ്തു. മലയാളത്തിൽ ഇത്രയധികം നിരൂപണ ലേഖനങ്ങൾ മറ്റാരും തന്നെ എഴുതിയിട്ടുണ്ടാവില്ല. തദ്ദേശീയ ഭാഷയേക്കാൾ പാശ്ചാത്യ  രചനകളെയാണ് കൃഷ്ണൻ നായർ വിലയിരുത്തിയിരുന്നത്. ഇത് ഏറെ കാലികപ്രശസ്തവുമായിരുന്നു. ഇത്തരം രചനകളെ അതിൻറെ നൂതനമായ പ്രവണതകൾ വിലയിരുത്തി മലയാളത്തിൽ, അദ്ദേഹം അവതരിപ്പിച്ചു. ഇത്തരം സാഹിത്യ സൃഷ്ടികളോട് മലയാളത്തേക്കാൾ അദ്ദേഹം ആഭിമുഖ്യം പുലർത്തി.

‘സാഹിത്യവാരഫലം’ എന്ന തൻറെ പ്രതിവാരപംക്തി മുപ്പത് വർഷത്തോളം വിവിധ ആഴ്ചപ്പതിപ്പുകളിൽ കൈകാര്യം ചെയ്തു. ആധുനിക മലയാള കവിത, കലാസങ്കല്പങ്ങൾ, എം. കൃഷ്ണൻ നായരുടെ പ്രബന്ധങ്ങൾ, സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ, മുത്തുകൾ തുടങ്ങി 25 ഓളം കൃതികളുടെ രചയിതാവാണ് അദ്ദേഹം. സാഹിത്യ വാരഫലവും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പ്രഭാഷകൻ കൂടിയായിരുന്ന കൃഷ്ണൻ നായർ 2006 ഫെബ്രുവരി 23ന് അന്തരിച്ചു.

കെ. പി. അപ്പൻ – ആധുനികതയുടെ വക്താവ്

ആധുനിക മലയാളം നിരൂപകരിൽ പ്രധാനിയായ കെ. പി. അപ്പൻ ജനിച്ചത് 1936 ഓഗസ്റ്റ് 25ന് ആലപ്പുഴയിലാണ്. കാർത്തികയിൽ പത്മനാഭൻ അപ്പൻ എന്നാണ് മുഴുവൻ പേര്.  ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ എന്ന കൃതിയോടെയാണ് കോളേജ് അധ്യാപകനായ അപ്പൻ നിരൂപണ രംഗത്തേക്ക് കടന്നുവരുന്നത്. തിരസ്കാരം, മാറുന്ന മലയാളം നോവൽ, വിവാദം വിലയിരുത്തൽ, പേനയുടെ സമര മുഖങ്ങൾ എന്നിവയാണ് അദ്ദേഹത്തിൻറെ പ്രധാന സൃഷ്ടികൾ. കഥ-നോവൽ വിഭാഗങ്ങളെയാണ് പ്രധാനമായും തൻറെ വിലയിരുത്തലുകൾക്ക് വിധേയമാക്കിയത്. മലയാളസാഹിത്യ രംഗത്തെ ആധുനികതയുടെ പ്രഭാവമാണ് അപ്പൻ ഏറെ കാലം വിശകലനം ചെയ്തത്. ഇത്തരത്തിലുള്ള ആധുനിക സാഹിത്യരചയിതാക്കളെ പഠിക്കുന്ന രചനയാണ് അദ്ദേഹത്തിൻറെ ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ .

മലയാളത്തിലെ നിരൂപകപ്രധാനികളായ മുണ്ടശ്ശേരി, മാരാർ എന്നിങ്ങനെയുള്ളവരെയും അപ്പൻ തൻറെ കാഴ്ചപ്പാടിൽ ‘കലഹവും വിശ്വാസവും’ എന്ന കൃതിയിലൂടെ വിലയിരുത്തിയിട്ടുണ്ട്. നിരൂപണത്തെ സർഗാത്മകതയും സൗന്ദര്യപ്രദവുമായ ഒരു പ്രക്രിയയായാണ് അദ്ദേഹം കണ്ടത്. മറ്റുള്ളവർ എന്ത് പറയുന്നു എന്നതിൻറെ അടിസ്ഥാനത്തിൽ അല്ല, ഏകാകി ആയാലും ആ ശബ്ദത്തിനും സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപനങ്ങൾ ആയിരുന്നു അദ്ദേഹത്തിൻറെ വിലയിരുത്തലുകൾ. 2008-ൽ അന്തരിച്ചു.

(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: