പൗര്‍ണമികാവ് ഭഗവതി ക്ഷേത്രം – ആചാരങ്ങളും ആകര്‍ഷണങ്ങളും
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗ്രാമത്തിലെ ചാവടിനടയിൽ പൗർണമി കാവ് വർഷങ്ങളോളം ജനശ്രദ്ധ ആകർഷിക്കാതെ ഉറങ്ങിക്കിടക്കുകയായിരുന്നു. ഈ ഭഗവതി അമ്പലം ആദ്യമായി ശ്രദ്ധ നേടുന്നത്, ചരിത്രപ്രധാനമായ ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ശേഷം ഐഎസ്ആർഒ ചീഫ് സോമനാഥൻ തന്റെ ഗ്രാമത്തിലെത്തി ഈ അമ്പലത്തിൽ പൂജകൾ അർപ്പിക്കുമ്പോഴാണ്. വെങ്ങാനൂർ ഗ്രാമത്തിന് ചരിത്ര പ്രാധാന്യമായ മറ്റൊരു സവിശേഷത കൂടിയുണ്ട് – അയ്യങ്കാളി ജനിച്ചുവളർന്ന ഗ്രാമം. വിഴിഞ്ഞം തുറമുഖത്തിന്റെ സമീപപ്രദേശം കൂടിയാണ് വെങ്ങാനൂർ.
2022 ഈ അമ്പലത്തിൽ നടന്ന പ്രപഞ്ച മഹാ യാഗത്തിന് വളരെയധികം ജനശ്രദ്ധ നേടി, വാർത്ത പേജുകളിൽ ഇടം നേടുകയും ചെയ്തു. അപൂർവമായ മഹാകാളികാ യാഗം നടന്ന തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമി കാവിലേക്ക് ഒരു ഭക്തസാന്ദ്രമായ യാത്ര പോയി വരാം.
അമ്പലം ഒന്ന് – വിശേഷണങ്ങൾ അനവധി
ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖ ഗണപതി, ഒറ്റക്കല്ലിൽ തീർത്ത നാഗ പ്രതിഷ്ഠ, ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹം തുടങ്ങിയ വിഗ്രഹങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ക്ഷേത്രം. ലോകത്തിലെ ഏറ്റവും പൊക്കമുള്ള ശനീശ്വര വിഗ്രഹവും ശനിയുടെ വാഹനമായ കാക്കയുടെ വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം എന്ന പ്രത്യേകതയും ഈയിടത്തിലുണ്ട്. കൃഷ്ണശിലയിൽ തീർത്ത ശനീശ്വരന്റെ വിഗ്രഹത്തിന് 18 അടി പൊക്കമുണ്ട്. കാക്കയുടെ വിഗ്രഹത്തിന് 13 അടി നീളവും. 45 അടി ഉയരമുള്ള ശ്രീകോവിൽ മറ്റൊരു പ്രത്യേകതയാണ്. ഒറ്റക്കൽ മാർബിളിൽ തീർത്ത 23 അടി ഉയരമുള്ള ആദ്യ പരാശക്തിയുടെ വിഗ്രഹ പ്രതിഷ്ഠയും ഇവിടെ കാണാൻ സാധിക്കും.
ബാല ത്രിപുരസുന്ദരി ദേവി ക്ഷേത്രം എന്നും അക്ഷര ദേവത ക്ഷേത്രം എന്നും അറിയപ്പെടുന്നു. പൗർണമി നാളിലും ഉത്സവകാലത്തും നവാഹം, വിദ്യാരംഭം തുടങ്ങിയ വിശിഷ്ട നാളുകളിലും മാത്രമേ നടതുറക്കാറുള്ളൂ. അതുകൂടാതെ പൗർണമി കഴിഞ്ഞ് വരുന്ന രണ്ടാമത്തെ വെള്ളിയാഴ്ചയും നട തുറക്കും. പൗർണമി നാളുകളിൽ രാവിലെ നാലര മുതൽ രാത്രി ഒമ്പതര വരെ നട തുറന്നിരിക്കും. ഈ സമയത്ത് ക്ഷേത്രദർശനം നടത്താവുന്നതാണ്.
ക്ഷേത്രത്തിനു മുന്നിലായി ഒരു ഇരട്ട മണിഗോപുരം കാണാൻ പറ്റും. ഒരു റോബോട്ടിക് ആന ഈ അമ്പലത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഉത്സവകാലങ്ങളിൽ ഈ ആനയെയാണ് ഉപയോഗിക്കാറ്, വിശേഷ ദിവസങ്ങളിലും.
പല ദേവി ഭാവങ്ങളിൽ അനുഗ്രഹമോതുന്ന അമ്മ
കേരളത്തിലെ ആദ്യ രാജ വംശക്കാരായ ആയ് രാജവംശത്തിന്റെ കുലദേവതയായ പഴയ പടകാളി അമ്മൻ ദേവിയാണ് പൗർണമി കാവിലമ്മ എന്ന് അറിയപ്പെടുന്നത്. ഏകദേശം എ ഡി 800 കാലഘട്ടത്ത് വിഴിഞ്ഞം ആസ്ഥാനമാക്കി രാജഭരണം നടത്തിയിരുന്നത് ആയ് രാജവംശമായിരുന്നു.
ബാലഭദ്ര പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എങ്കിലും ദുർഗ, കാളി, കരിങ്കാളി, മഹാലക്ഷ്മി, സരസ്വതി തുടങ്ങിയ പല ദേവി ഭാവങ്ങളെയും പ്രതിഷ്ഠയിലേക്ക് ആവാഹിച്ചിട്ടുണ്ട്. ബാലഭദ്ര, സൗമ്യഭദ്ര, ശൂരഭദ്ര, ക്രോധഭദ്ര, സംഹാര ഭദ്ര എന്നിങ്ങനെ പല കാളി സങ്കൽപ്പങ്ങളും. ഒരേ സമയം സംഹാരരുദ്രയും വിദ്യാദേവതയും ആയിരുന്നു പടകാളി അമ്മൻ ദേവി. അതുകൊണ്ടാണ് അക്ഷര പൂജയും രുദ്രപൂജയും ഒരേസമയം ഈ അമ്പലത്തിൽ നടത്തുന്നത്. ‘അ’ മുതൽ ‘റ’ വരെയുള്ള 51 അക്ഷരങ്ങളുടെ ദേവതകളെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തിൽ തന്നെ അക്ഷരപ്രതിഷ്ഠയുള്ള അമ്പലങ്ങൾ അപൂർവമാണ്.
നാടിൻറെ ഐശ്വര്യത്തിനും സർവ്വദുഃഖനിവാരണത്തിനും മഹാകാളികായാഗം
അഘോരി സന്യാസിമാരുടെ കാർമികത്വത്തിൽ ഇവിടെ നടന്ന മഹാകാളികാ യാഗത്തെ തുടർന്നാണ് പൗർണമി കാവിലേക്ക് ഭക്തജനപ്രവാഹം വർദ്ധിച്ചുവന്നത്. മഹാകാളി രാഗം സർവ്വ ദുരിത നിവാരണത്തിനും നാടിൻറെ ഐശ്വര്യത്തിനും വേണ്ടി ആണ് ഇവിടെ നടത്തിയത്. ദൈവചൈതന്യത്തിന് ശക്തി കൂടും എന്ന വിശ്വാസവും ഉണ്ട്.
സമസ്ത ലോകത്തിനും ശാന്തിയും സമാധാനവും സന്തോഷവും ലഭിക്കാനും, മഹാരോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നതിനും, പ്രകൃതി ശക്തികളെ പ്രീതിപ്പെടുത്താൻ എന്ന ഉദ്ദേശത്തോടുകൂടിയും, അങ്ങനെ പലവിധ പ്രാർത്ഥനകളും സമന്വയിപ്പിച്ചാണ് പൂർവികർ യാഗങ്ങൾ നടത്തിയിരുന്നത്. യാഗങ്ങളെ താന്ത്രികമെന്നും ദൈവികമെന്നും രണ്ടായി വേർതിരിച്ചിരിക്കുന്നു. പ്രകൃതിയെ തന്നെ ശക്തിയായി ഉൾക്കൊണ്ടാണ് വൈദിക യാഗം നടത്തുന്നത്. ദേവതകളെയും ദേവന്മാരെയും മുൻനിർത്തിയാണ് താന്ത്രിക യാഗം നടക്കുന്നത്. താന്ത്രികചാര്യന്റെ നേതൃത്വത്തിൽ യാഗകുണ്ഡങ്ങളും യാഗശാലകളും തയ്യാറാക്കി വൻ സന്നാഹത്തോടെയാണ് താന്ത്രിക യാഗം നടത്തുന്നത്.
മഹാകാളിക യാഗത്തിന്റെ പുണ്യം നുകർന്ന വെങ്ങാനൂർ
താന്ത്രിക യാഗത്തിൽ ഏറ്റവും പ്രധാന അർഹിക്കുന്ന ഒന്നാണ് മഹാകാളികാ യാഗം. ഇതിൽ സമസ്ത ലോകത്തിന്റെയും അമ്മയായ പരാശക്തിയെ സർവ്വദുഃഖഭയാപഹാരിണിയായും രോഗവിനാശകാരിണിയായും സങ്കൽപ്പിച്ച് നടത്തുന്ന യാഗമാണിത്. ഈ ദേവി സർവ്വകാലത്തെയും ജയിക്കാൻ കഴിവുള്ളവൾ എന്ന അർത്ഥത്തിൽ മഹാകാളിക എന്ന പേരിലും അറിയപ്പെടുന്നു. അതിനാലാണ് ഈ യാഗത്തെ മഹാകാളികായാഗം എന്നറിയപ്പെടുന്നത്. ഇത്തരം യാഗങ്ങളുടെ ഭാഗമാകുന്നതും യാഗഭൂമിയായ ക്ഷേത്ര സന്നിധികളിൽ ദർശനം നടത്തുന്നതും പുണ്യം പകരുന്നതാണ്.
പണ്ട് രാജഭരണ കാലത്ത് മഹാകാളികാ യാഗങ്ങൾ നടത്തപ്പെട്ടതായി രേഖകൾ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തിൻറെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ഇത്തരം യാഗങ്ങൾ അന്ന് നടത്തിയിരുന്നത്. ഹിമാലയ സാനുക്കളിലെ അഘോരി സന്യാസിമാരും കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരതത്തിലെ 51 ശക്തി പീഠങ്ങളിലെ പ്രധാന പൂജാരിമാരും ചേർന്നായിരുന്നു പൗർണമി കാവിലെ മഹാകാളികായാം നടത്തിയത്.
ഭാരതത്തിലെ അഘോരി സന്യാസിമാരിൽ പ്രമുഖനായ 87കാരൻ കൈലാസപുരി സ്വാമിജി ആയിരുന്നു പൗർണമി കാവിൽ 2022ൽ നടന്ന യാഗത്തിലെ പ്രധാനി. ഉജ്ജയിനി മഹാകാൽ ശിവക്ഷേത്രത്തിലെയും കാശി വിശ്വനാഥ ക്ഷേത്രത്തിലെയും അഘോരിമാർക്കിടയിൽ ‘മഹാകാൽ ബാബ’ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം മാത്രമാണ് ഇവർ കഴിക്കുന്നത്. യോഗയും ധ്യാനവും ഉപാസനയുമായി അവരുടെ ജീവിതശൈലികൾ ചുറ്റുപിണഞ്ഞു കിടക്കുന്നു. സന്യാസിമാരുടെ യതിപൂജയും പൗർണമി കാവിലെ യാഗസ്ഥാനത്ത് ഉണ്ടായിരുന്നു.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ഡോക്ടർ രാമചന്ദ്ര അഡിഗ യാഗത്തിൽ മുഖ്യ കാർമികനായി. 7500 കൊണ്ട് നിർമ്മിച്ച മൂന്ന് യാഗകുണ്ഡങ്ങൾ ഉണ്ടായിരുന്നു. യാഗശാലയിൽ എത്തുന്ന ഭക്തർക്കും ദ്രവ്യ സമർപ്പണം നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. യാഗത്തോടൊപ്പം ഇവിടെ നടന്ന കാലഭൈരവ വഹവനവും ശ്രദ്ധിക്കപ്പെട്ടു. 16 തലമുറകൾക്ക് പിതൃമോക്ഷം കിട്ടുന്നതാണ് കാലഭൈരവ വഹവനം എന്നതാണ് വിശ്വാസം. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ അശാന്തിക്ക് പിതൃക്കളുടെ ആത്മാക്കളുടെ ഗതി മുഖ്യ ഘടകമായി കരുതപ്പെടുന്നു.
പൗർണമി നാളുകളിൽ മാത്രം നട തുറക്കുന്ന ക്ഷേത്രം
എല്ലാ മാസവും പൗർണമി ദിവസം മാത്രമാണ് ഇവിടെ ക്ഷേത്രത്തിൻറെ നട തുറക്കുന്നത്. എങ്കിലും മറ്റു ദിനങ്ങളിലും ഭക്തജനങ്ങൾ ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്. മഹാ കാളികാ യാഗം നടത്തിയ ശേഷം ഈ അമ്പലത്തിന്റെ പ്രശസ്തി വാനോളം ഉയർന്നു, ജനപ്രവാഹവും വർദ്ധിച്ചു. കേട്ടറിഞ്ഞു വരുന്നവരാണ് കൂടുതൽ. തെന്നിന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഭക്തരും ഇപ്പോൾ ഇവിടെ എത്തുന്നുണ്ട്. ചിലർ യാഗം നടത്തിയ സ്ഥലത്ത് പ്രാർത്ഥിക്കുകയും നാമജപം നടത്തുകയും ചെയ്യുന്നു. മറ്റു ചിലർ ഹോമകുണ്ഡത്തിലെ ചാരം നെറ്റിയിൽ തൊട്ട് ഭഗവതിയുടെ അനുഗ്രഹം തേടുന്നു.
ദ്രാവിഡ ആചാരപ്രകാരമുള്ള പ്രാർത്ഥനാ രീതികളും പൂജാവിധികളും ആണ് പൗർണമി കാവ് അമ്പലത്തിൽ പിന്തുടരുന്നത്. ശൈവമാണ് സമ്പ്രദായം. മാടൻ, മറുത, യക്ഷിയമ്മ, അറോല, മന്ത്രമൂർത്തി, ആൽമരം, സർപ്പക്കാവ് തുടങ്ങിയ പൂജ മൂർത്തികളാണ്. 108 മാടൻ തമ്പുരാൻമാരെയാണ് കാവൽ ദൈവങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവർക്ക് പ്രത്യേക ആയുധ പൂജകളും നടത്തിവരുന്നു.
36 യക്ഷിയമ്മ മാരുടെ സാന്നിധ്യവും യക്ഷിയമ്മയുടെ ആറടിയോളം ഉയരമുള്ള പ്രതിഷ്ഠയും ഇവിടെയുണ്ട്. നാഗ പ്രതിഷ്ഠയുടെ കാര്യത്തിലും ഉണ്ട് ഈ പ്രത്യേകത. കേരളത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിഷ്ഠകളിൽ ഒന്നാണ് ഇവിടെയുള്ളത്. ആറടിയോളം ഉയരമുണ്ട്. നൂറോളം ചെറുനാഗ വിഗ്രഹങ്ങളും ഉണ്ട്. ധനഭൈരവ പ്രതിഷ്ഠയും കുബേര പ്രതിഷ്ഠയും ലക്ഷ്മി ദേവിയുടെ സാന്നിധ്യവും ഇവിടെയുണ്ട്.
അക്ഷരപ്രതിഷ്ഠയുടെ ക്ഷേത്രം
കേരളത്തിൽ അക്ഷരപ്രതിഷ്ഠയുടെ അധികമാരും അറിയാത്ത ഒരു ചരിത്രമുണ്ട്. നൂറുവർഷം മുമ്പ് ശ്രീനാരായണഗുരുദേവൻ ആണ് നടത്തിയത്. തിരുവനന്തപുര ജില്ലയിലെ തന്നെ മുരുക്കും പുഴയ്ക്ക് അടുത്തുള്ള കാളകണ്ടേശ്വരം ക്ഷേത്രത്തിലാണ് ഗുരുദേവൻ ‘അ’കാര പ്രതിഷ്ഠ നടത്തിയത്. 51 അക്ഷരങ്ങളെയും 51 ദേവതമാരായി സങ്കൽപ്പിച്ചാണ് പൗർണമി കാവിൽ അക്ഷരപ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ഓരോ പേരുകാർക്കും അവരവരുടെ പേരിൻറെ ആദ്യാക്ഷരത്തെ സ്വയം ഉപാസിക്കാനും പൂജിക്കാനും കഴിയും.
തമിഴ് നാട്ടിലെ പ്രശസ്തമായ തഞ്ചാവൂരിന് അടുത്തുള്ള മൈലാടി എന്ന ഗ്രാമത്തിലാണ് അക്ഷരങ്ങളുടെ ശില്പങ്ങൾ നിർമ്മിച്ചത്. വിഗ്രഹങ്ങൾക്ക് താഴെ അക്ഷരങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. വിദ്യാരംഭം ഇവിടെ വളരെ വിശേഷപ്പെട്ട ഒരു ആഘോഷമാണ്. കല്ലിൽ കൊത്തിയ അക്ഷരവിഗ്രഹങ്ങൾ ശ്രീ കോവിലിന്റെ ചുറ്റമ്പലത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവസംഹിതയിലും ഹരിനാമകീർത്തനത്തിലും പറയുന്ന അക്ഷര ദേവതകളാണ് ഈ ആരാധനാ രീതിയുടെ ആധാരം. ശിവൻറെ ആരാധനാമൂർത്തി അക്ഷരങ്ങൾ ആണെന്നും ‘അ’ മുതൽ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങളുടെ ഭജനം ദേവി ദേവന്മാർ പോലും നടത്തിയിരുന്നു എന്നും ശിവസംഹിതയിൽ പറയുന്നുണ്ട്.
ഹാലാസ്യശിവൻറെ പരിപൂർണ്ണ രൂപത്തിലുള്ള അഞ്ചര അടിയോളം വലിപ്പമുള്ള വിഗ്രഹമാണ് പൗർണമി കാവിലെ മറ്റൊരു പ്രതിഷ്ഠ.ഹാലാസ്യ ശിവന് പ്രിയം ഭസ്മാഭിഷേകം ആണ്. ഇവിടെ ഗണപതിയുടെ പഞ്ചമുഖ പ്രതിഷ്ഠയും ഉണ്ട്.
രോഗശമനം, സന്താന സൗഭാഗ്യം, സാമ്പത്തിക അഭിവൃദ്ധി, ശാപം മുക്തി, കുടുംബപരിപാലനം, തുടങ്ങി വിവിധ പ്രശ്നങ്ങളുമായി വരുന്നവരുണ്ട്. പ്രതീക്ഷകളും പ്രാർത്ഥനകളും ആയി ഭക്തസഹസ്രങ്ങൾ അമ്മൻ ദേവിയുടെ തിരുസന്നിധിയിൽ എത്തുമ്പോൾ പ്രശ്നപരിഹാരങ്ങൾ നിർദ്ദേശിക്കുന്നത് പൂജാരിമാരും നിർദ്ദേശിക്കപ്പെട്ട വ്യക്തികളുമാണ്. കാലദോഷങ്ങളിൽപ്പെട്ട് ജീവിത ദുരിതങ്ങൾ അനുഭവിക്കുന്ന ഭക്തരും ദേവിയുടെ സന്നിധിയിൽ എത്തുന്നു. അവർക്ക് മുന്നിൽ അഭയ വരദായിനിയായി പൗർണമി കാവിൽ അമ്മ.
Recent Comments