തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ആചാരങ്ങളും ഐതിഹ്യങ്ങളും

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിലുള്ള, 1500 വർഷത്തിലേറെ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, തിരുവനന്തപുരം നഗരപരിധി വിട്ട് ഏകദേശം 15 കിലോമീറ്റർ കിഴക്കോട്ട് മാറി കാട്ടാക്കട റൂട്ടിലാണ്. മലയിൻകീഴ് എന്ന ശാന്തത തുളുമ്പി നിൽക്കുന്ന ഗ്രാമത്തിൽ മാങ്കുന്നുമല, എള്ളുമല എന്ന വിളിപ്പേരുള്ള രണ്ടു കുന്നുകളുടെ താഴ്വരയിലാണ് ഈ കൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

കണ്ണശ്ശന്മാരുമായുള്ള ബന്ധം

കണ്ണശ്ശന്മാരും മലയിൻകീഴുമായുള്ള ബന്ധം വളരെ പ്രശസ്തമാണ്. കണ്ണശ്ശ ഗീതയുടെ സാക്ഷ്യം വഹിച്ച നാടാണിത്. കണ്ണശ്ശ കവികളിൽ മാധവ പണിക്കർ ഭാഷാ ഭഗവത്ഗീത എഴുതിയത് ക്ഷേത്രഗോപുരത്തിൽ ആണെന്ന് ഒരു വിശ്വാസമുണ്ട്. മയിൽപീലി കണ്ണനെ ഉപാസിച്ചാണ് കാവ്യ രചന നടത്തിയിരുന്നത് എന്ന് പറയപ്പെടുന്നു.

കിഴക്കോട്ട് അനുഗ്രഹം ചൊരിയുന്ന ബാലകൃഷ്ണൻ

കിഴക്കോട്ട് ദർശനമായിട്ടാണ് ശ്രീകൃഷ്ണൻ നിൽക്കുന്നത്, ബാലകൃഷ്ണന്റെ രൂപത്തിൽ. വടക്കുവശത്തായി ഒരു കുളവും ഉണ്ട്. തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹം ഇവിടെ കൊണ്ടു വന്നു പ്രതിഷ്ഠിച്ചു എന്നാണ് പറയപ്പെടുന്നത്. ഈ കാരണത്താൽ തിരുവല്ലം വാഴപ്പൻ എന്ന അർത്ഥത്തിൽ തിരുവല്ലാഴപ്പൻ എന്ന വിളിപ്പേരും ഉണ്ട്. മലയിൻകീഴ് ക്ഷേത്രം പണ്ട്  തിരുവല്ലം ക്ഷേത്രത്തിൻറെ  കീഴേടം ആയിരുന്നു എന്നും തിരുവല്ലം 10 ഇല്ലത്തെ പോറ്റിമാരുടെ വകയായിരുന്നു എന്നും ആണ് വിശ്വാസം. ശൈശവകാലത്തെ കൃഷ്ണനായി ഇവിടെ വസിക്കുന്ന കൃഷ്ണന് ഉപദൈവങ്ങളായി ശിവൻ, ഗണപതി, ശാസ്താവ്, നാഗം, ബ്രഹ്മരക്ഷസ് എന്നിവരുമുണ്ട്.

പണ്ട് ഇവിടെ ശാന്തിക്കാരൻ ആയിരുന്ന ഒരാളോട് കഴകക്കാരിൽ ചിലർക്ക് വിരോധം തോന്നിയിരുന്നു. ശത്രുത വളർന്നുവരികയും ശാന്തിക്കാരൻ അവരുടെ കൈകളാൽ കൊല്ലപ്പെട്ടു എന്നും പറയപ്പെടുന്നു. ദുർമരണം സംഭവിച്ച ശാന്തിക്കാരനെ ബ്രഹ്മരക്ഷസായി ഇവിടെ കൂടിയിരുത്തുകയാണ് പിന്നീട് ഉണ്ടായത്. ഉപദേവതകളിൽ ഒരാളായി ഇന്നും ആ ശാന്തിക്കാരൻ ഈ ക്ഷേത്രാങ്കണത്തിൽ ഉണ്ട്.

ഇവിടെ സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല

അതിന് പിന്നിൽ ഒരു കഥയുണ്ട്. സ്വാമിയാർ ദേശത്തിൻറെ അധിപതി ആറുദേശപത്തിസ്വാമികൾ മലയിൻകീഴ് ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നിർവഹിച്ച് വരികയായിരുന്നു. അദ്ദേഹം ഒരു നൈഷ്ടിക ബ്രഹ്മചാരി ആയിരുന്നു. ഈ കാരണത്താൽ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിയില്ല. പക്ഷേ വർഷങ്ങൾക്കു മുമ്പ് ശ്രീകൃഷ്ണ ഭക്തയായ ഒരു സ്ത്രീ, ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ക്ഷേത്രത്തിൻറെ നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചു. അവർ പിന്നീട് മടങ്ങി വന്നില്ല എന്ന് പറയപ്പെടുന്നു. അവർ ഭഗവാനിൽ ലയിച്ചുചേർന്നു എന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടാണ് ഇന്നും നാലമ്പലത്തിനുള്ളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്തത്.

മീനമാസത്തിലെ ക്ഷേത്ര ഉത്സവവും ആറാട്ടും പ്രശസ്തമാണ്

എല്ലാദിവസവും നട തുറക്കും. വ്യാഴാഴ്ച ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടത്താറുണ്ട്. രാവിലെ ഏകദേശം അഞ്ചര – ആറുമണിയോടുകൂടി ക്ഷേത്രം ഭക്തർക്കായി തുറക്കും. ഉച്ചപൂജകൾക്കു ശേഷം, മറ്റ് അമ്പലങ്ങൾ പോലെ ഏകദേശം 12 മണിക്ക് നടയടക്കും. ഏകദേശം നാലരയോട് കൂടി വൈകുന്നേരം വീണ്ടും നടതുറക്കും. പതിവ് പൂജകൾക്കു ശേഷം ഏകദേശം എട്ടരയോടുകൂടി നടയടക്കും. ഉത്സവങ്ങൾ പ്രമാണിച്ച് ഈ സമയക്രമങ്ങളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാവാം.

മീനമാസത്തിൽ ക്ഷേത്ര ഉത്സവം ഉണ്ടായിരിക്കും. എട്ടു ദിവസങ്ങളാണ് ആഘോഷങ്ങൾ നടക്കുന്നത്. തിരുവോണം നാളിലാണ് ആറാട്ട്. രണ്ട് കിലോമീറ്റർ അകലെയുള്ള  കുഴക്കാട്ട് ദേവി ക്ഷേത്രത്തിനു സമീപത്തുള്ള തോട്ടിലാണ് ആറാട്ട്. ആനകളും പഞ്ചവാദ്യങ്ങളും ഒക്കെ ചേർന്നതാണ് ഇവിടത്തെ ആറാട്ട് ഘോഷയാത്ര. ഈ ഘോഷയാത്രയ്ക്കു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ശ്രീകൃഷ്ണൻ വിവാഹത്തിന് ആഗ്രഹിച്ചിട്ടാണ് ഈ ദേവി ക്ഷേത്രത്തിലേക്ക് പോകുന്നത് എന്നതാണ് ഐതിഹ്യം. ആഗ്രഹം സഫലം ആവാതെ കൃഷ്ണൻ മടങ്ങുന്നു എന്നുമാണ് വിശ്വാസം.

(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: