എളുപ്പത്തിൽ തയ്യാറാക്കാം വിവിധതരം ഹെയർ ഓയിലുകൾ
മുടി തഴച്ചു വളരാൻ ഹെയർ ഓയിലുകൾക്ക് നിർണായകമായ ഒരു പങ്കുണ്ട്. പലപ്പോഴും വേണ്ട കരുതൽ മുടിക്ക് കിട്ടാതെ പോവാറുണ്ട്. അത് കാരണം മുടി കൊഴിയുകയും പൊട്ടിപ്പോവുകയും അല്ലെങ്കിൽ താരൻ വരികയും ചെയ്യുന്നു. കുറച്ചുസമയം കണ്ടെത്താമെങ്കിൽ ചുരുങ്ങിയ ചിലവിൽ ചില ഹെയർ ഓയിലുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം.
ഫെനുഗ്രീക്ക് ഓയിൽ – മുടി വളരാനും ശിരോചർമ്മത്തിന്റെ ആരോഗ്യത്തിനും ഉലുവ പതിവായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഉലുവവെള്ളം കൊണ്ട് തലകഴുകുന്നതും, കഞ്ഞിവെള്ളത്തിൽ കുതിർത്ത് അരച്ച് തലയിൽ തേക്കുന്നതും എല്ലാം മുടിയുടെ ആരോഗ്യത്തിന് ഫലപ്രദമാണ്. ഉലുവ കൊണ്ട് ഉണ്ടാക്കുന്ന ഹെയർ ഓയിൽ പരീക്ഷിക്കാം. ഫെനുഗ്രീക്ക് ഓയിൽ ഉണ്ടാക്കുന്നതിനായി ആദ്യം അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കുക. അടുപ്പിൽ നിന്നും വാങ്ങിവച്ച ശേഷം ഒരു വലിയ സ്പൂൺ ഉലുവ ചേർക്കുക. ചൂടാറിയ ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. താരൻ മാറ്റാനും ഈ എണ്ണ നല്ലതാണ്.
റോസ്മേരി ഓയിൽ – മുടി ഇടതൂർന്ന് വളരാൻ റോസ്മേരി സഹായിക്കുന്നു. വീട്ടിൽ തന്നെ എളുപ്പത്തിൽ റോസ്മേരി ഓയിൽ തയ്യാറാക്കാം. അത് തയ്യാറാക്കാൻ ആദ്യം ഒരു കപ്പ് വെളിച്ചെണ്ണ മൈക്രോവേവ് സേവ് ഗ്ലാസ് ബൗളിൽ ഒഴിക്കുക. ഇതിലേക്ക് അര കപ്പ് റോസ്മേരി ചേർക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിനുമുകളിൽ ഒരു ഗ്ലാസ് ബോൾ വച്ച് ഡബിൾ ഹീറ്റിംഗ് മെത്തേഡിൽ ചൂടാക്കുക. റോസ്മേരി മൂത്ത് വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി അരിച്ചെടുത്ത് ഉപയോഗിക്കാം.
ഒണിയൻ ഓയിൽ – മുടികൊഴിച്ചിൽ തടയാനും മുടി വളർച്ച കൂട്ടാനും അകാല നര അകറ്റാനും സഹായിക്കും. ഇത് തയ്യാറാക്കാൻ, അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിൽ അരക്കപ്പ് സവാള അരച്ചത് ചേർത്ത്, സവാളയുടെ നിറം ഇളം ബ്രൗൺ ആകുന്നതുവരെ ചൂടാക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിക്കണം. പാകമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു വയ്ക്കുക. നന്നായി തണുത്ത ശേഷം അരിച്ചെടുത്ത് വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.
അലോവേര ഓയിൽ – ശിരോചർമത്തിന്റെ ആരോഗ്യത്തിനും മുടി വളരാനും കറ്റാർവാഴ വളരെ ഫലപ്രദമാണ്. മുടിക്ക് മാത്രമല്ല, സ്കിന്നിന്റെ ആരോഗ്യ പരിപാലനത്തിനും അലോവേര ഉൾപ്പെടുത്താം. ആലോവേര ഓയിൽ ഉണ്ടാക്കാൻ കറ്റാർവാഴ മുറിച്ചെടുത്ത്, മഞ്ഞക്കറ പോകുന്നതിന്, ആദ്യം കഴുകി 15 മിനിറ്റ് തൂക്കിയിടുക. ഇനി മുള്ളു നീക്കി കഷ്ണങ്ങളാക്കി അരച്ചെടുക്കുക. ഒരു കപ്പ് കറ്റാർവാഴ പേസ്റ്റിനൊപ്പം ഒരു കപ്പ് വെളിച്ചെണ്ണയും ചേർത്ത് ചെറുതീയിൽ ചൂടാക്കുക. പാകമാകും വരെ തുടരെയിളക്കണം. കറ്റാർവാഴ ഉരുണ്ടു വരുമ്പോൾ അരിച്ചെടുക്കാം. എണ്ണ തയ്യാർ.
You can read more topics on hair care. Click here.
Recent Comments