അന്ത്യനിമിഷം
നിറവേറാനൊരായിരം
സ്വപ്‌നങ്ങൾ ബാക്കിയായ്
നിൻ മടിയിൽ തലചായ്ച്ചെൻ
മിഴികൾ പൂട്ടിയടയ്‌ക്കേണം
കൊതിയോടെ നിൻ മിഴികളിൽ
ആഴ്‌ന്നിറങ്ങും ആ നിമിഷമതൊന്നിൽ
താഴിട്ടുപൂട്ടിയ ഹൃദയതാളുകളിലൊന്നിൽ
നീയൊളിച്ചുപിടിച്ച രഹസ്യമത്
എനിക്കായി തുറക്കേണം
കാലങ്ങളിത്രയായ് എന്നെ നീറ്റിയകറ്റി നീ
നിഗൂഢമായ് ആനന്ദിച്ചതോ
എന്തിനായ് എന്നോതുവാൻ
എന്നെ ഞാൻ മറ്റൊരു കുമ്പിളിൽ സ്വപ്നമായ്
നിൻ നേർക്ക് പലവട്ടം നീട്ടിപിടിച്ചിട്ടും
എൻ കാതരമിഴികൾ നിശബ്ദമായ് പലവട്ടം
നിന്നെ തഴുകി നടന്നകന്നിട്ടും
ഒരുവട്ടം പോലും നീ തഴുകിയുണർത്താത്ത
എൻ ആത്മാവിൻ കഥയെന്ത് ചൊല്ലിടൂ നീ
നിൻ വഴിത്താരയിൽ നിനക്കായിമാത്രം
ഒരായിരം രാവിൽ വിരിഞ്ഞു കൊഴിഞ്ഞിട്ടും
എൻ മിഴിപ്പൂക്കളിൽ ചേമന്തിപ്പൂചായം
പലകുറിയെഴുതി മായ്ചുകളഞ്ഞിട്ടും
പിരിയുവാനാകാതെ അകലുവാനശക്തയായ്
നിൻ വരവിനായ് പല ദിനം കാത്തു തളർന്നിട്ടും
പലകുറി ഉത്തരം തേടിയലഞ്ഞു ഞാൻ
നിന്നരികിൽ വന്നലമുറയിട്ടു കരഞ്ഞിട്ടും
പിടിതരാതൊഴിഞ്ഞു നീ മാറി പലവട്ടം
വാക്കുകൾ പാതി മുറിച്ചു നീ പോയൊളിച്ചു
ഇനിയും കളിപ്പിക്കെല്ലെന്നെ ഞാൻ പോവുന്നു
യാത്ര തിരിച്ചില്ലാ ദിക്കിലേക്കെന്നേയ്ക്കുമായി
അവസാനമായി നിൻ മടിയിൽ തലചായ്ച്ചു
നിദ്രയിലേക്കെത്തിടാൻ
സമയമോ ഇന്നിതാ ആഗതമായി
എന്തിനാ നീ എന്നെ കരയിച്ചു ഇത്രനാൾ
എന്തേ മനസ്സ് നിൻ കരഞ്ഞില്ല എനിക്കായി
ഇതിനൊരുത്തരം പറയാതെ എന്നെ നീ
മറുലോകത്തിൽ യാത്രയയക്കരുതേ
വിടവാങ്ങും മുമ്പേ എൻ ആശകളിലൊന്ന് നീ
നിറവേറ്റി എന്ന് ഞാൻ ആനന്ദിച്ചിടും
Image Source: Pixabay
Recent Comments