അദ്ധ്യായം 3 – കൃഷ്ണയുടെ കഥ
ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്നെ ഡിഗ്രി വരെ എത്തിക്കാൻ അമ്മയ്ക്കായി. ഒടുവിൽ ഡിഗ്രി ജയിച്ചു ഫസ്റ്റ് ക്ലാസ്സോടെ. ഒന്ന് രണ്ടിടത് ജോലിക്കപേക്ഷിച്ചു. ചേച്ചിമാരെ അയക്കേണ്ടേ? അച്ഛന് ഇതിലൊന്നും ഒരു ശ്രദ്ധയുമില്ലായിരുന്നു. അമ്മയുടെ ആധി കൂടി. അച്ഛൻ പലയിടങ്ങളിൽനിന്നും കടങ്ങൾ വാങ്ങിക്കൂട്ടി. ഒടുവിൽ വീട്ടിന്റെ ആധാരവും ആരുടെയോ കൈയ്യിലായി. അമ്മയും പിൻവാങ്ങി തുടങ്ങി, കടങ്ങളൊന്നും വീട്ടാനാവില്ല എന്ന് ബോധ്യമായി തുടങ്ങിയതോടെ.മനസ്സിലെ സംഘർഷങ്ങൾ, ഒപ്പം കഠിനാദ്ധ്വാനവും – എത്ര പെട്ടെന്നാണ് അമ്മ ഒരു രോഗിയായി മാറിയത്. വളരെ പെട്ടെന്നായിരുന്നു ആ സംഭവം.”മീര ആകാംക്ഷയോടെ അവളുടെ മുഖത്തു നോക്കി. കൃഷ്ണ തുടർന്നു,
“ആ സംഭവം നമ്മുടെ കുടുംബത്തെ പാടേ തളർത്തി. ഡോക്ടർ അച്ഛനെ ഒരുപാട് ഉപദേശിക്കുമായിരുന്നു, കുടിക്കരുതെന്ന്. ആര് കേൾക്കാൻ? ഒന്നുനോക്കിയാൽ അച്ഛൻ ഭാഗ്യവാനാണ്, ഒന്നും അറിയാതെ പോയില്ലേ. ശരിക്കുപറഞ്ഞാൽ അപ്പോഴാണ് അച്ഛന്റെ വില ശരിക്കും നമ്മളറിഞ്ഞത്. പെണ്ണുങ്ങൾക്ക് ഭൂമിയിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ, ഒറ്റക്ക് കഴിയാൻ വളരെ ബുദ്ധിമുട്ടാണ്. ചോദിക്കാനും പറയാനും ഞങ്ങൾക്ക് ആരുമില്ലാത്ത അവസ്ഥ. നമ്മുടെ സുരക്ഷ ആരുടെ കയ്യിൽ? എന്തൊക്കെ പറഞ്ഞാലും അച്ഛനെന്നെ ജീവനായിരുന്നു…….”
ഇത്രയും പറഞ്ഞ് അവൾ നിർത്തി. ആരും കാണാതെ അച്ഛൻ തനിക്ക്മാത്രം ഒളിച്ചുതരാറുണ്ടായിരുന്ന മിഠായിപൊതികളിലായിരുന്നു അവളുടെ മനസ്സപ്പോൾ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മീര അവളെ സസൂക്ഷ്മം നിരീക്ഷിച്ചു. ചുമലിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ആദ്യമൊക്കെ അവളോട് അടുക്കാൻ തോന്നിയിരുന്ന ജാള്യത എങ്ങോ പോയ് മറഞ്ഞിരിക്കുന്നു. തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളാണ് അവൾ എന്ന് മീരക്ക് തോന്നിത്തുടങ്ങി. ഓരോ ബന്ധങ്ങൾ പൊട്ടിച്ചുകളയാൻ ആഗ്രഹിക്കുമ്പോഴും താനെന്തേ കൃഷ്ണയോട് അടുക്കുന്നു? അതും ഒരു കടമായോ? അതോ നിയോഗമോ?
കൃഷ്ണ തന്റെ നിറമിഴികൾ തുടച്ചു. പിന്നെ തുടർന്നു,
“തുടർന്നു പഠിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു വർഷം അങ്ങനെ കടന്നുപോയി. ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒരു ദിവസം വീടിന്റെ ജപ്തി നോട്ടീസ് വന്നു. എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ കുഴങ്ങി. വീടുവിട്ടിറങ്ങേണ്ടിവന്നാൽ പ്രായപൂർത്തിയായ മൂന്ന് പെണ്മക്കളെയുംകൊണ്ട് എവിടെ പോകാൻ? അമ്മയുടെ ചിന്ത അതുമാത്രമായിരുന്നു. ഒടുവിൽ…..അമ്മയാണ് ആ തീരുമാനമെടുത്തത്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറഞ്ഞുവച്ച വിഡ്ഢി ആരാണാവോ? അമ്മയുടെ ആ നിർദ്ദേശം ചേച്ചിമാർ അംഗീകരിച്ചപ്പോൾ ഞാനും ഒപ്പം ചേർന്നു. എന്നായാലും മരിക്കേണ്ടവർ തന്നെയല്ലേ എല്ലാവരും. അത് അൽപ്പം നേരെത്തെ ആയാൽ എന്താ? ആയുസ്സ് നീട്ടിക്കിട്ടാൻ വേണ്ടി എന്തിനാ തിരിയുടെ വെട്ടം കുറയ്ക്കുന്നത്? അവിടെയും വിധിയുടെ കളിയാട്ടം നോക്കണേ. ആ കൂട്ട ആത്മഹത്യയിൽ എന്നെ മാത്രം വെറുതെ വിട്ടു മരണം. ഇഷ്ടമായവരെ മാത്രം കൂടെ കൂട്ടി സ്വാർത്ഥിയായ അവൻ. ചിലരെ ശിക്ഷിക്കുമ്പോൾ ഈശ്വരൻ പോലും പക്ഷപാതം കാട്ടാറുണ്ട്. സഹനശക്തി കൂടുതൽ എന്നോർത്തിട്ടാണോ?”
മീര കൃഷ്ണയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു, അവൾക്കാശ്വാസത്തിനായി; അവൾ ഏകയല്ല എന്ന വിശ്വാസം കൃഷ്ണയ്ക്ക് നൽകുവാൻ വേണ്ടി.
കൃഷ്ണ തുടർന്നു, “എനിക്കതൊക്കെ താങ്ങാനുള്ള കഴിവ് എങ്ങനെ കിട്ടി? അതൊക്കെ ഇന്നാലോചിക്കുമ്പോൾ അതിശയം തോന്നുന്നു.”
കാറ്റിൽ കളിക്കുന്ന തന്റെ മുടിയിഴകളെ മാടിയൊതുക്കികൊണ്ട് മീര പറഞ്ഞു, “അത് അങ്ങനെയാ കൃഷ്ണേ. ഓരോ ദുഃഖവും നൽകുന്നത് ഈശ്വരനാണ്, ഒപ്പം അത് താങ്ങാനുള്ള കഴിവും. നമുക്ക് പുറത്തു വീഴാനിരിക്കുന്ന വന്മലയെ ആ അദൃശ്യ കരങ്ങൾ താങ്ങുമ്പോൾ കണ്ണുകളിലേക്ക് വീഴുന്ന മൺതരികളെയാവും നമ്മൾ പഴിക്കുക. പിന്നീടൊരിക്കൽ നാം അറിയും കടപുഴുകി പോയ പല വന്മരങ്ങളെയും ദൈവം നമ്മുടെ കാഴ്ചകളിൽ നിന്നും മറച്ചു എന്ന്.”
കൃഷ്ണ തുടർന്നു, “അന്ന് ഞാൻ കരഞ്ഞുവോ? എനിക്കറിയില്ല. ഓർമയില്ല എന്നതാണ് സത്യം. ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി എന്റെ മുന്നിൽ നിന്നട്ടഹസിക്കുംപോലെ തോന്നി. എങ്ങും അന്ധകാരം പടർന്നു കേറിയതുപോലെ. ദീപം തെളിയിക്കാൻ ആരുമില്ലേ, ഞാനന്നു സ്വയം ചോദിച്ചു. വിളക്ക് തെളിയിക്കാൻ ആരുമില്ലാത്തിടത്താണല്ലോ അന്ധകാരം പടർന്നു പന്തലിക്കുന്നത്.
അന്ന് എന്നെ ആശ്വസിപ്പിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. പക്ഷെ ഒന്നും എനിക്ക് ആശ്വാസം തന്നില്ല. ഒന്നുകൂടെ ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. തീർത്തും അനാഥയാണെന്ന തോന്നൽ, അത് അനുഭവിച്ചുതന്നെ അറിയണം. ഞാനത് അറിഞ്ഞു. അവിടം വിട്ട്, ആരൊരുമറിയാത്ത ഒരു ലോകത്തേക്ക് ഓടിപ്പോകാൻ എന്റെ മനസ് വെമ്പി. എല്ലാ ബന്ധങ്ങളും വിട്ടൊഴിഞ്ഞു കഴിഞ്ഞല്ലോ. ബാക്കി വന്നത് ഓർമ്മകൾ തിങ്ങിനിറഞ്ഞ ആ വീട് മാത്രം. അതും സ്വന്തമല്ല! ഓരോ നിമിഷവും ആ വീടെന്നെ ശ്വാസം മുട്ടിക്കുന്നതുപോലെ തോന്നി. എത്രനാളെന്നു വച്ചാ മറ്റുള്ളവരെ ആശ്രയിക്കുക. വളരെ പെട്ടെന്നാണ് ഒരു വഴി തുറന്നു കിട്ടിയത്”.
“എന്ത് സംഭവിച്ചു?”, ആകാംക്ഷയോടെ മീര ചോദിച്ചു.
കൃഷ്ണ തുടർന്നു, “വളരെ പെട്ടെന്ന് എനിക്കൊരു ഇന്റർവ്യൂ കാർഡ് വന്നു, നഗരത്തിൽ നിന്നാണ്. എവിടെയെങ്കിലും ഒരു ചെറിയ ജോലി, അത് തന്നെ എനിക്ക് ധാരാളമായിരുന്നു. ഞാൻ ഈ നഗരത്തിൽ വന്നു. ഈശ്വരൻ സഹായിച്ചു, എനിയ്ക്കാ ജോലി കിട്ടി. അതും, പ്രതീക്ഷിച്ചതിൽ ഇരട്ടി ശമ്പളം. എവിടെയോ ഒരു പിടിവള്ളി കിട്ടിയ പോലെ. ഞാൻ നാട്ടിൽ പോയി വേണ്ടപെട്ടവരോടെല്ലാം വിട പറഞ്ഞു. ആ വീട് വിട്ടിറങ്ങി. ആരെയും ഉപേക്ഷിച്ചിട്ടല്ല ഇറങ്ങിയത് എന്ന ആശ്വാസം മാത്രമായിരുന്നു എനിക്കപ്പോൾ. അതിനാൽ നിർവികാരമായിരുന്നു എന്റെ മനസ്സ്.
എനിക്ക് ആദ്യ ശമ്പളം കിട്ടുമ്പോൾ അവർക്കെന്തെല്ലാം വാങ്ങികൊടുക്കണമെന്ന് ഒരുപാട് സങ്കൽപ്പങ്ങൾ നെയ്തുകൂട്ടിയിരുന്നു. ഒരിക്കലും നിറവേറ്റാൻ സാധിക്കാത്ത അവരുടെ ആഗ്രഹങ്ങൾ മാത്രം മനസ്സിൽ ഭാരമായ് അന്ന് എന്റെകൂടെ പോന്നു, മറ്റൊന്നുമില്ല. അവ എന്നെ പുറകിൽനിന്നും മാടിവിളിക്കുന്നതുപോലെ തോന്നി ഞാൻ വീട് വിട്ടിറങ്ങിയപ്പോൾ. അത് ഇന്ന് ആലോചിക്കുമ്പോൾ……ഇന്ന് എന്നെകൊണ്ട് വിചാരിച്ചാൽ അതൊക്കെ ക്ഷണനേരംകൊണ്ട് സാധിച്ചു കൊടുക്കാവുന്നതേയുള്ളൂ. അത്ര കുഞ്ഞുമോഹങ്ങളായിരുന്നു അവരുടേത്. “
ഇത്രയും പറഞ്ഞവൾ നിവർന്നിരുന്നു. മീര മനസ്സിൽ പറഞ്ഞു, ‘എന്തുമാത്രം യാതനകളിലൂടെയാണ് കൃഷ്ണയുടെ ജീവിതം കടന്നുപോയത്. എല്ലാവരും കരുത്തും അവരവരുടെ പ്രശ്നങ്ങളാണ് വലുതെന്ന്. എന്നാൽ മറ്റുള്ളവരെ അടുത്തറിയുമ്പോൾ മനസ്സിലാകും നാം എത്ര ഭാഗ്യവാന്മാരെന്ന്. ഒന്നുനോക്കിയാൽ സ്നേഹിക്കുന്ന എല്ലാപേരെയും ഒരുമിച്ച് ചേർത്തുനിർത്താൻ കഴിയുന്ന നിമിഷങ്ങളല്ലേ നമുക്കേറ്റവും പ്രിയപ്പെട്ടത്, വിട്ടുപോയ പല കണ്ണികൾ ഉണ്ടെങ്കിൽ കൂടി?’
കൃഷ്ണ തുടർന്നു, “ഇന്ന് എന്റെ പ്രധാന ഹോബി പുതിയ സൗഹൃദങ്ങൾ നെയ്തുണ്ടാക്കുകയാണ്. ഇന്നെനിക്ക് ഒരുപാട് പരിചയക്കാരുണ്ട്, എല്ലാവരെയും സുഹൃത്തുക്കൾ എന്ന് വിശേഷിപ്പിക്കാമോ എന്നെനിക്കറിയില്ല. അവർക്കെല്ലാം ആത്മാർഥത ഉണ്ടോ എന്നും ഞാൻ ചികഞ്ഞുകണ്ടുപിടിക്കാൻ ശ്രമിക്കാറില്ല. അതിന്റെ ആവശ്യവും തോന്നിയിട്ടില്ല. തീർത്തും അപരിചിതമായ ഈ നഗരത്തിൽ ഞാനാദ്യം ഒറ്റയ്ക്ക് വന്നപ്പോൾ എന്തുമാത്രം ബുദ്ധിമുട്ടിയെന്നോ. തളരാതെ പിടിച്ചുനിന്നു ഞാൻ. മീര പറഞ്ഞത് ശരിയാണെന്നു തോന്നുന്നു, ദുഃഖം തരാൻ ഈശ്വരനറിയാമെങ്കിൽ അത് താങ്ങാനുള്ള കഴിവ് വേറെ ആര് നൽകാനാണ്! അതിനു കഴിഞ്ഞില്ലാ എങ്കിൽ പെട്ടെന്നുള്ള ഹൃദയാത് ഖാതത്തിൽ അയാൾ മരിച്ചുപോകാം, അല്ലെങ്കിൽ മുഴുഭ്രാന്തനാകാം. ഒന്നു നോക്കിയാൽ, അതും ഈശ്വരൻ കാട്ടിത്തരുന്ന വഴികളല്ലേ, മോചനത്തിന്റെ വഴികൾ.”
മീര ആലോചിച്ചു, ‘കൃഷ്ണ പറഞ്ഞത് എത്ര ശരിയാണ്. തിക്താനുഭവങ്ങൾ അവളെ ഒരു ജ്ഞാനിയാക്കി മാറ്റിയിരിക്കുന്നു. കാലത്തിനൊത്ത് മാറാത്ത മനുഷ്യനുണ്ടോ? എന്നാൽ മരിച്ചതാണോ ഭ്രാന്തു വന്നതാണോ എന്നുപോലും തിരിച്ചറിയാൻ കഴിയാതെ ചുറ്റും നടക്കുന്നതെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു അവസ്ഥ മനസ്സിന് വന്നുകൂടാ എന്നുണ്ടോ?’
പിന്നീടൊരിക്കൽ അവൾ പറഞ്ഞു, “ഒന്നു നോക്കിയാൽ ബന്ധങ്ങളൊന്നും ഇല്ലാതിരുന്നതും നല്ലതുതന്നെ. ഒരു വിഷമമോ കടമായോ ഒന്നുമില്ല. പാറിനടക്കുന്ന ബലൂൺ പോലെ സ്വാതന്ത്രയായ് ജീവിക്കാം ഭാരങ്ങളില്ലാതെ.” സ്വയം സമാധാനിക്കാൻ വേണ്ടിയാണോ അവൾ അങ്ങനെ പറഞ്ഞത്? മീരയ്ക്ക് നിശ്ചയമുണ്ടായിരുന്നില്ല.
പിന്നീട് എത്രയെത്ര കൂടിക്കാഴ്ചകൾ! ഒരുപാട് കാര്യങ്ങൾ പരസ്പരം പറഞ്ഞു, ചർച്ച ചെയ്തു, തർക്കിച്ചു. അങ്ങനെ കൊഴിഞ്ഞുപോയ അനേകം സന്ധ്യകളിലെപ്പൊഴോ അവൾ തനിക്കെത്ര പ്രിയപെട്ടവളായി. തന്റെ സ്വകാര്യ ദുഖങ്ങൾപോലുമൊന്നും അവളിൽ നിന്നും മറച്ചുവച്ചിട്ടില്ല എന്നവൾ ഓർത്തു. തനിക്കാരുമില്ല എന്ന അവളുടെ തോന്നലുകളിൽ നിന്നും മോചിപ്പിക്കാനായി എന്തൊക്കെ ചെയ്തു. പലപ്പോഴും ‘ഭദ്രദീപ’ത്തിൽ ഒരതിഥിയായി എത്തിയിട്ടുള്ള കൃഷ്ണ അവിടെ തങ്ങിയിട്ടുള്ള ദിനങ്ങൾ അവൾ ഓർത്തു. ഒരിക്കൽ മീര അവളെ നാട്ടിൽ കൊണ്ടുപോയി. മീര കൃഷ്ണയെ ഏറ്റവും സന്തോഷിച്ച് കണ്ടിട്ടുള്ള ദിനങ്ങൾ. ഒരാഴ്ച കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ എല്ലാവരെയും അവൾ കയ്യിലെടുത്തു കഴിഞ്ഞിരുന്നു. അന്ന് അവൾ സ്വയം പറഞ്ഞു, “ഇതിനും വേണം ഒരു ഭാഗ്യം”.
Recent Comments