അദ്ധ്യായം – 11 സന്ധ്യാ വന്ദനം
അവൾ ചിന്തിച്ചു, ഉഷസ്സൊരിക്കലും സന്ധ്യയെ നേരിൽ കണ്ടിട്ടില്ല, കേട്ടുകേൾവി മാത്രം. പിന്നെങ്ങനെ രാവിൻ മാറിൽ ചായുന്ന സന്ധ്യയെ അവനു കുറ്റപ്പെടുത്താനാവും? ഒരിക്കലും കൊടുക്കാത്ത പ്രതീക്ഷകളുടെ പേരിൽ അവളെ എങ്ങനെ കളങ്കിത, വഞ്ചകി എന്നൊക്കെ വിളിക്കാനാകും? സന്ധ്യ ഒരിക്കലും ഉഷസ്സിന് പ്രതീക്ഷകൾ നല്കിയിട്ടില്ലല്ലോ. പുതുകിരണമായ് പകൽ എത്തിയാലും സായാഹ്നമാവുമ്പോൾ അവൻ മുങ്ങും പല കള്ളകാമുകന്മാരെ പോലെയും. അതുകൊണ്ടല്ലേ സന്ധ്യ വെളുത്തപകലിനെ വിട്ടിട്ട് കറുത്തരാവിൽ പ്രതീക്ഷ അർപ്പിക്കുന്നത്? അവൾ പുറംപൂച്ചിന്റെ മായികലോകത്തിൽ കുടുങ്ങിയിട്ടില്ല ഇതുവരെ. ഒരുപക്ഷെ സന്ധ്യ ആയിരിക്കുമോ ഉഷസ്സായി പുനർജനിക്കുന്നത്? കാലചക്രത്തിന്റെ നിയമങ്ങളിൽ കുരുങ്ങി ഒരുപക്ഷെ പോയ ജന്മം മറന്നുപോയതെങ്കിലോ? ഒന്നും മിണ്ടാതെയല്ലേ സന്ധ്യ മറയുന്നത്? പുലരി ഒരിക്കലും അവളെ കാണുന്നില്ലല്ലോ. പിന്നെങ്ങനെ പുലരിക്ക് അവളുടെ പ്രതീക്ഷയിൽ ഉണരാനാകും? അവളുടെ മനസ് ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു.
ഇപ്പോൾ സന്ധ്യ പൂർണമായും അസ്തമിച്ചു കഴിഞ്ഞു. നക്ഷത്രങ്ങളും ചന്ദ്രനും ഇപ്പോൾ ആകാശത്തെ പൂർണമായി കീഴടക്കിയ സന്തോഷത്തിലാണ്. അമ്പലമണികൾ ഇടയ്ക്കിടെ കേൾക്കാം. നട അടയ്ക്കാൻ ഇനിയും സമയമുണ്ട്. പെട്ടെന്ന്, പൊഴിഞ്ഞ ഒരു നക്ഷത്രം അവളുടെ കണ്ണിൽ പെട്ടു, അത് പാഞ്ഞുപോവുകയാണ് അലക്ഷ്യമായി. പൊഴിയുന്ന നക്ഷത്രങ്ങളെ കണ്ടാൽ കഷ്ടകാലമെന്നാണ് പഴമക്കാർ പറയാറ്. എന്നാൽ, ചോദിക്കുന്നതെന്തും അത് നൽകുമെന്നൊരു വിശ്വാസം ഉത്തരേന്ത്യയിലും. താനൊരിക്കൽ അത് പരീക്ഷിച്ചു നോക്കിയത് അവൾക്കോർമ വന്നു. എല്ലാം മനുഷ്യന്റെ വിശ്വാസം, അത്ര തന്നെ.
പഠിക്കുന്ന സമയത്തും മറ്റുള്ളവർക്ക് വേണ്ടുന്ന ഉപദേശം നൽകാൻ താൻ മിടുക്കി ആയിരുന്നു എന്നവൾ ഓർത്തു. പെട്ടെന്നവൾക്ക് മനുവിനെ ഓർമ വന്നു, സഹപാഠി ആയിരുന്നു. പ്രായക്കൂടുതൽ ഉള്ളതുകൊണ്ടോ ബഹുമാനം കൊണ്ടോ, അവൻ തന്നെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. താൻ പറയുന്ന വാക്കുകളൊന്നും അവൻ തള്ളിക്കളയാറുമില്ലായിരുന്നു എന്നവൾ ഓർത്തു. നല്ലൊരു സൗഹൃദം കാലത്തിന്റെ ചുടുനിശ്വാസത്തിൽ അണഞ്ഞുപോയീ എങ്കിലും ഓർമ്മകൾ മരിക്കുന്നില്ലല്ലോ. അവൻ ഇപ്പോൾ ഗുൾഫിലാണെന്ന് ആരോ പറഞ്ഞ് കുറച്ച് നാളുകൾക്ക് മുമ്പ് കേട്ടു. എത്രയോ തവണ താനവനെ ശാസിച്ചിട്ടുണ്ട്. കേട്ടുനിന്നിട്ടുള്ളതല്ലാതെ തിരിച്ചവൻ ഒരു മൊഴിപോലും പറയാത്തവൾ ഓർത്തു. മറ്റുള്ളവരെ ഒന്ന് ചിരിപ്പിക്കാനായി, അറിഞ്ഞുകൊണ്ടുതന്നെ എന്ത് വിഡ്ഢിവേഷവും കെട്ടാൻ തയ്യാറുള്ള വ്യക്തി. മറ്റുള്ളവർ രസിക്കുമ്പോൾ ഒരുപാട് സന്തോഷം പ്രകടിപ്പിക്കാറുള്ള മനുവിന്റെ ആ സ്വഭാവമാണ് അവൾക്ക് ഏറെ ഇഷ്ടമായത്. ചിലപ്പോൾ തോന്നാറുണ്ട്, സ്വന്തം സഹോദരങ്ങൾപോലും അവന് തുല്യം സ്നേഹിച്ചിട്ടില്ലായെന്ന്. രണ്ടാം വർഷം പകുതിക്ക് ശേഷമുള്ള ഒരു ദിവസം അവൾക്കോർമ്മ വന്നു.
മനു പറഞ്ഞു, “ചേച്ചീ, ചേച്ചീ കരുതുന്നുണ്ടാവും ഞാൻ സന്തോഷത്തോടെയാണ് ചിരിക്കുന്നതെന്ന്. പക്ഷെ ചേച്ചിക്കറിയില്ല, ഞാൻ ഉള്ളുകൊണ്ട് എത്രമാത്രം കരയുകയാണെന്ന്”.
“ഞാനും ശ്രദ്ധിക്കുന്നു കുറച്ചു ദിവസമായ് നിന്നെ. എന്തുപറ്റിയെടാ നിനക്ക്?”
ഓരോന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഒടുവിൽ അവന് വാക്കു കൊടുക്കേണ്ടി വന്നു, “ഒരു ദിവസം ഞാൻ എല്ലാം പറയാം. ഇന്ന് വേണ്ട”.
മീര സമ്മതം മൂളി.
ഒരു ദിവസം മീര അവനെ പിടികൂടി, ഒരു ഫ്രീ അവറിൽ.
“ചേച്ചീ, ഞാൻ പറയുന്നതൊന്നും ആരോടും പറയരുത്. തീർത്തും രഹസ്യമായിരിക്കണം”.
“എന്താ നിനക്കെന്നെ വിശ്വാസം പോരെ?”
“ഉണ്ട്, ഇല്ലാഞ്ഞിട്ടല്ല”
“പിന്നെ? അതൊക്കെ പോട്ടെ, നീ പറയൂ”, മീര മനുവിനെ പ്രോത്സാഹിപ്പിച്ചു.
“എവിടെ നിന്ന് തുടങ്ങണം?”, മനു ആലോചനയിൽ മുഴുകി.
“എന്താ വൃത്തമാണോ?”
“ചേച്ചിക്ക് തമാശ പറയാനും അറിയാം.”
“അല്ലാതെ പിന്നെ! മനുഷ്യന്റെ ക്ഷമയ്‌ക്കൊരതിരുണ്ട്. ഇനി ക്ലാസ് തുടങ്ങാൻ അര മണിക്കൂറില്ല. എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാതെ.”
“ശരി ചേച്ചീ, എന്നാൽ ഞാൻ പറഞ്ഞു തുടങ്ങാം”.
മീര കാതുകൾ കൂർപ്പിച്ച് കുറച്ചു കൂടി അടുത്ത് നീങ്ങിയിരുന്നു.
“ചേച്ചീ, ഇവിടെയുള്ള ആർക്കും ഒരു ആത്മാർത്ഥതയുമില്ല. എല്ലാവരും പാരകളാണ്, പുറകിൽ നിന്നും കുത്തുന്നവർ!”
“പോടാ, അത് നിന്റെ തോന്നലാ. ഇതിനെക്കാളും നല്ല കൂട്ടുകാരെ സ്വർഗ്ഗത്തുപോലും കിട്ടില്ല. എന്ത് രസമാ, ഓരോ ദിവസവും ഇവിടെ. എനിക്ക് കൊതി തീരുന്നില്ല.”
ക്ലാസിനു പുറത്തുനിന്ന് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഒരു സംഘത്തിലായിരുന്നു അവളുടെ ശ്രദ്ധ ഇപ്പോൾ. ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. അവർ പരസ്പരം അടിവെയ്ക്കുന്നു, ചിരിക്കുന്നു.
“എല്ലാം ചേച്ചിയുടെ തോന്നലാ. പൊള്ളയായ സ്നേഹപ്രകടങ്ങളാണെല്ലാം.”
“തോന്നലോ, ഇല്ല ഇല്ല. നിന്റെ മനസ്സ് ശരിയല്ലാത്തതുകൊണ്ട് നിനക്കിങ്ങനെ തോന്നുന്നതാ”.
മനു (വിഷമത്തോടെ): എനിക്കറിയാമായിരുന്നു ചേച്ചീ ഇങ്ങനെ പറയുമെന്ന്. എന്നെ ചേച്ചിക്ക് മനസിലാവില്ല. അതാണ് ഞാൻ ഇത്രയും നാൾ ഒന്നും പറയാത്തത്.
മീരയ്ക്ക് അത് മനസ്സിൽ കൊണ്ട്. അവൾ ക്ഷമാപണത്തോടെ പറഞ്ഞു, “എന്നോട് ക്ഷമിക്കേടാ കുട്ടാ. പറഞ്ഞത് ഞാൻ തിരിച്ചെടുക്കുകയാണ്.”
മനു പിണക്കത്തോടെ പറഞ്ഞു, “ഞാൻ പോട്ടേ?”
“എവിടെ പോണൂ? അവിടെ ഇരിക്കാനാ പറഞ്ഞത്”, മീര ആജ്ഞാപിച്ചു. അവന് അനുസരിക്കാതെ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു.
“ശരി, ബാക്കി പറ. എനിക്കെല്ലാം വിശദമായി കേൾക്കണം”.
ആരെക്കുറിച്ചും മോശമായി കേൾക്കാൻ ആഗ്രഹിക്കാത്ത വ്യക്തി ആയിരുന്നു മീര. മറ്റുള്ളവരുടെ നല്ല വശങ്ങൾ മാത്രം കഴിവതും മനസ്സിൽ പ്രതിഷ്ഠിക്കാൻ ശ്രമിച്ചിരുന്നു. അടുപ്പമില്ലാത്തവരുടെ കാര്യങ്ങളിൽ ഇടപെടുന്നതും ചതുർഥി തന്നെ.
മനു ആമുഖത്തോടെ തുടങ്ങി, “മറ്റുള്ളവരെക്കുറിച്ച് മോശമായി പറയുന്നതിനോട് എനിക്കും ഇഷ്ടമില്ല തന്നെ. പക്ഷെ എനിക്ക് സഹിക്കാവുന്നതിന് ഒരു പരിധിയൊക്കെ ഇല്ലേ? ചേച്ചി എന്താവും എന്നെ കുറിച്ച് ചിന്തിക്കുക എന്ന പേടി എനിക്കുണ്ട്. എല്ലാവരെക്കുറിച്ചും നല്ലത് മാത്രമേ കേട്ടിരിക്കാൻ വഴിയുള്ളൂ. അല്ലെങ്കിലും ചേച്ചി അറിയാത്ത എന്തുമാത്രം കാര്യങ്ങളാണ് ഈ ക്ലാസ്സിൽ നടക്കുന്നത്!”
“എന്താടാ അത്?”
“അതൊക്കെ പോട്ടെ. ചേച്ചി എങ്ങനെയാ എന്നെ പിടി കൂടിയത്?”
“ഡാ എങ്ങോട്ട് നോക്ക്. എനിക്കിവിടെ സ്വന്തമെന്നു പറയാൻ വളരെ കുറച്ചുപേരെ ഉള്ളൂ. അവരെ ഞാൻ വളരെ സൂക്ഷ്മമായി നിരീക്ഷക്കും, ആകാരത്തെ അല്ല, പെരുമാറ്റത്തെ, സ്വഭാവത്തെ. പെരുമാറ്റത്തിൽ ചെറിയ ഒരു മാറ്റമുണ്ടായാലും ഞാൻ വളരെ പെട്ടെന്ന് തിരിച്ചറിയും.”
മനു അതിശയത്തോടെ മീരയുടെ മുഖത്ത് നോക്കി, അവൾ തുടർന്നു, “ഒരാളെക്കുറിച്ച് നടത്തുന്ന അനുമാനങ്ങൾ അപൂർവമായേ തെറ്റാറുള്ളൂ. നീ കേട്ടിട്ടില്ലേ, എല്ലാത്തിനെ കുറിച്ചും കുറച്ചെങ്കിലും അറിയുക. ആ കുറച്ച് അറിയുന്നതിനെ നല്ലപോലെ അറിയാൻ ശ്രമിക്കുക.”
“സമ്മതിച്ചിരിക്കുന്നു”
“എന്റെ ചിന്താലോകത്ത് വളരെ കുറച്ചുപേരെ ഉള്ളൂ. എന്നാൽ അവരുടെ മനസ്സ് കണ്ണാടിപോലെ എന്റെ മുന്നിൽ തെളിയും. സൗഹൃദത്തിന്റെ അടിത്തറയും ഇതുതന്നെയല്ലേ. പരസ്പരം അറിയുക, വിശ്വസിക്കുക. അതൊക്കെ പോട്ടെ. എനിക്ക് കേൾക്കാനുള്ളത് നിന്റെ കാര്യമാണ്.”
“ചേച്ചിക്കറിയാമല്ലോ, ശ്രീകുമാർ, ഗോപു, പ്രവീൺ, പിന്നെ ശ്യാം – നമ്മളാണല്ലോ ഒരു ഗ്യാങ്. പുറത്തുനിന്നു നോക്കുമ്പോൾ എല്ലാർക്കും തോന്നും നമ്മൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലാ എന്ന്.”
“ഉം. അത് ശരി തന്നെ. പോരാത്തതിന് എല്ലാ കാര്യത്തിനും നിങ്ങളുടെ സഖ്യമല്ലേ മുന്നിൽ നിൽക്കുന്നത്.”
“ചേച്ചീ, അവർ കാണിക്കുന്ന സൗഹൃദമെല്ലാം വെറും പ്രകടനമാണ്.”
“ഇല്ല, ഞാനിത് വിശ്വസിക്കില്ല. ഇത്ര നല്ല രീതിയിൽ സംസാരിക്കാനും ഇടപഴകാനും കഴിയുന്നവർ തമ്മിലുള്ള പ്രശ്നങ്ങൾ സോൾവ് ചെയ്യാനാണോ പ്രയാസം? പരസ്പരം നല്ലതുപോലെ അറിയുന്നവരല്ലേ നിങ്ങൾ?”
“ഇതാണ് ഞാൻ പറഞ്ഞത് ചേച്ചിക്കൊന്നും അറിയില്ല എന്ന്. എല്ലാം സത്യമാണെന്ന് വിശ്വസിക്കും. ഇന്നാളൊരു ദിവസം ക്ലാസ്സിൽ പ്രശ്‌നമുണ്ടായത് ഓർക്കുന്നുണ്ടോ? അന്ന് എല്ലാവരുംകൂടി അത് എന്റെ തലയിൽ വച്ച് കെട്ടി.”
“ആ, ഓർമയുണ്ട്. നീയല്ലേടാ അന്ന് പ്രശ്നമുണ്ടാക്കിയത്? നീയല്ലേ ആ സീനിയറെ തല്ലാൻ പോയത്?”
“ചേച്ചി ഒരു വശം മാത്രമേ അറിഞ്ഞുള്ളൂ. അന്ന്, ആ പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കിയത് ശ്രീകുമാറാണ്. ഇല്ലാത്ത കാര്യങ്ങൾ, അതും എന്നെകുറിച്ച് അനാവശ്യങ്ങൾ, അവനാണ് ചെന്ന് ഫൈനൽ ഇയർകാരോട് പറഞ്ഞുകൊടുത്തത്. അപ്പോൾ എനിക്ക് നോക്കിനിൽക്കാൻ പറ്റുമോ? അപ്പോഴാണ് ഞാൻ അവരുടെ ക്ലാസ്സിൽ പോയത്. നല്ല ദേഷ്യം വന്നു എനിക്കന്ന്. ഞാൻ ദേഷ്യത്തോടെ സംസാരിച്ചതേ ഉള്ളൂ. അവരാണ് ആദ്യം എന്റെ ദേഹത്ത് കൈവച്ചത്. ഞാൻ ഒറ്റയ്ക്കല്ലേ, പോയത് അവരുടെ ക്ലാസ്സിലും. അപ്പോൾ എല്ലാം എന്റെ തലയിൽ വച്ച് ചാരി. ഇവർ, എന്റെ കൂട്ടുകാർ, ഇതെല്ലാം അറിഞ്ഞിട്ടും എന്നെ സമാധാനിപ്പിക്കാൻ ഒരു വാക്ക് പറഞ്ഞില്ല ചേച്ചീ. എന്നെ കുറ്റപ്പെടുത്തുകയും ചെയ്തു, അതും മനഃപൂർവം. ജൂനിയേഴ്സിന്റെ മുന്നിലും ഞാൻ നാണം കെട്ടു. ഇനി ഒരു വർഷംകൂടിയല്ലേ ഉള്ളൂ. ഒരു ദുഷ്‌പേര് വന്നുചേരണമെന്ന് ആഗ്രഹമില്ല. അതാ എല്ലാം സഹിക്കുന്നത്. ആ സംഭവത്തിനുശേഷം ഞാൻ അവരിൽനിന്നും മനഃപൂർവം അകലാൻ ശ്രമിക്കുന്നു. പക്ഷെ അവർ എന്നെ അതിന് സമ്മതിക്കുന്നില്ല. അത് എന്തുകൊണ്ടെന്നാണ് എനിക്ക് മനസിലാവാത്തത്. ഒരുപക്ഷെ ഞാൻ കൂടെയുള്ളതുകൊണ്ട് അവർക്ക് പല പ്രയോജനങ്ങളും കാണുമായിരിക്കും.”
മീരയ്ക്ക് അത്ഭുതമാണ് തോന്നിയത്. മറ്റുള്ളവർ അവനെ അന്ന് കുറ്റപെടുത്തിയപ്പോൾ താനും അത് വിശ്വസിച്ചുപോയല്ലോ എന്നോർത്തപ്പോൾ ഒരു അപരാധബോധം തോന്നി. മനു തന്നോട് എന്തായാലും കള്ളം പറയില്ല, മീരയ്ക്ക് ആ കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു.
മനു തുടർന്നു, “സത്യങ്ങൾ ഒളിച്ചു വയ്ക്കുന്നതും കള്ളത്തിന് സമമല്ലേ? പലപ്പോഴും സത്യം അറിയാതെ പോവുന്നതുകൊണ്ടും ശിക്ഷിക്കപ്പെടുന്ന നിരപരാധികൾ. അവർ എനിക്കിട്ട് പണിയുന്നത് എത്രകാലം കണ്ടില്ല, കേട്ടില്ല എന്ന് നടിക്കാനാവും? “
“എല്ലാം സഹിക്കാനും പൊറുക്കാനുമല്ലേ എനിക്ക് പറയാനാവൂ.”
“ചേച്ചിക്ക് ഇത്രയൊക്കെയേ കഴിയൂ എന്നെനിക്കറിയാം.”
“ഞാൻ നിനക്കൊരിക്കലും പാര പണിയില്ല. വിശ്വസിക്കാമെങ്കിൽ വിശ്വസിക്കാം.”
“അതെനിക്കറിയില്ലേ? എനിക്ക് ആരെക്കാളും വിശ്വാസമാണ് ചേച്ചിയെ. ചേച്ചിക്കറിയാമോ, എനിക്ക് ഒരു കുട്ടിയെ ഇഷ്ടമായിരുന്നു. ഇവർ പിന്നിലിരുന്നു പണിതതിന്റെ പരിണിത ഫലമായാണ് അവൾ എന്നിൽ നിന്നും അകന്നത്. അസൂയ! അത് തന്നെ കാരണം”.
ഇത് കേട്ട് മീരയൊന്നു ഞെട്ടി. പ്രണയത്തോട് തെറ്റായ കാഴ്ചപ്പാടായിരുന്നു മീരയ്ക്കുണ്ടായിരുന്നത്. ജീവിച്ച സാഹചര്യങ്ങൾ, മാതാപിതാക്കൾ പറഞ്ഞു പഠിപ്പിച്ചത് – ഇതെല്ലാമാണ് കാരണങ്ങൾ. ആത്മാർത്ഥതയെ അംഗീകരിച്ചിരുന്നുവെങ്കിലും ഇതിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല എന്ന് കരുതിയിരുന്ന മീര, പ്രണയവിവാഹത്തെ വെറുത്തിരുന്നു എന്നതാണ് സത്യം.
മനുവിന്റെ വാക്കുകൾ അവൾ വീണ്ടും ശ്രദ്ധിച്ചു തുടങ്ങി.
“അവൾക്കും ഇഷ്ടമൊക്കെ ഉണ്ടായിരുന്നു. അവൾ കൂട്ടുകാർ മുഖേനെ ശ്രീകുമാറിനോട് തിരക്കി എന്റെ സ്വഭാവത്തെക്കുറിച്ച്. അവർ എന്ത് ചെയ്തെന്നോ, എന്നെപ്പറ്റി മോശമായ കാര്യങ്ങൾ അവരോട് പറഞ്ഞു. അങ്ങനെ ആ ബന്ധം തുടങ്ങുന്നതിനുമുമ്പേ അസ്തമിച്ചു. ഞാൻ പക്ഷെ അവരോടൊന്നും ചോദിച്ചില്ല. എല്ലാം മനസിലൊതുക്കി.”
മീരയുടെ മനസ്സിലൂടെ പല വിചാരങ്ങൾ കടന്നുപോയി. മനുവിനെക്കുറിച്ച് മനസ്സിൽ നല്ലൊരു വിശ്വാസമുണ്ടായിരുന്നു. അവന്റെ സ്വഭാവം നല്ലതല്ലേ. അപ്പോൾ പ്രണയത്തെകുറിച്ചുള്ള തന്റെ വിശ്വാസം തെറ്റാണോ? അങ്ങനെയല്ലല്ലോ ഞാൻ കേട്ട് പഠിച്ചത്. തെറ്റെന്നു ഇതുവരെ കരുതിയിരുന്ന കാര്യത്തിൽ ശരിയും ഉണ്ടോ? അല്ലെങ്കിൽ പിന്നെ, ഒരാളെ ഇഷ്ടപ്പെടുന്നതിൽ എന്താ ഇത്ര വലിയ തെറ്റ്? അങ്ങനെ കരുതുന്ന താനല്ലേ മണ്ടി? പക്ഷെ സമൂഹമത് അംഗീകരിക്കുന്നുണ്ടോ? എന്തായാലും, തന്റെ ജീവിതത്തിൽ അങ്ങനെയൊന്നും സംഭവിക്കില്ല. മനസ്സിൽ ശക്തമായ ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തുവേണം?
മനുവിന്റെ വാക്കുകൾ അവളെ വീണ്ടും ചിന്തകളിൽ നിന്നുണർത്തി.
“അവർ കാരണം എനിക്കത് നഷ്ടമായില്ലേ. എല്ലാത്തിനോടും വെറുപ്പ് തോന്നുന്നു, എന്നോട് പോലും. ചിലപ്പോൾ തോന്നും എവിടെയെങ്കിലും ഇറങ്ങി ഓടണമെന്ന്. ഇതൊക്കെ ഓർത്ത് ആകെ വിഷമത്തിലാണ് ഞാനിപ്പോൾ”.
“അയ്യേ മനൂ, ഇങ്ങനെയാണോ പറയേണ്ടത്? ഇതൊന്നും കണ്ട് പതറാതെ മനസ്സിനെ ഏകാഗ്രമാക്കി വയ്‌ക്കുകയല്ലേ വേണ്ടത്. ഏതോ ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനാണ് നമ്മൾ ഓരോരുത്തരും ഭൂമിയിൽ എത്തുന്നത്, ഒപ്പം നമ്മളിലെ കുറവുകൾ നികത്താനും. മാർഗ്ഗതടസ്സങ്ങൾ എല്ലാം ഓരോ പരീക്ഷണങ്ങൾ എന്ന് കണ്ടാൽ പകുതി പ്രശ്നം സോൾവ്ഡ്. പരീക്ഷണങ്ങളിൽ ഒന്നും തളരാതെ ആ അന്തിമലക്ഷ്യം കണ്ടെത്തി അവിടെ എത്തിച്ചേരുമ്പോൾ നമ്മൾ വിജയിച്ചു. മനസിലായോ? പലരും ഒരു ജന്മം മുഴുവൻ ആ ലക്ഷ്യത്തെ തേടിയുള്ള പാച്ചിലായിരിക്കും.”
“അതെല്ലാം ഓരോ മനുഷ്യന്റെ കഴിവുകൾക്കനുസരിച്ച് വ്യത്യാസമായിരിക്കില്ലേ?”
“ഒരു വിളക്കാണ് നമ്മുടെ ലക്ഷ്യമെന്ന് കരുതുക. അത് അനന്തതയിൽ കത്തിയെരിഞ്ഞു നിൽക്കുന്നു. എന്നാൽ അതിലേക്ക് എത്തിച്ചേരാൻ ഒരുപാട് പാതകളില്ലേ? നാം തിരഞ്ഞെടുക്കുന്ന വഴി അനുസരിച്ചിരിക്കും അതിന്റെ വിജയസാധ്യത. ചില വഴികൾ കല്ലും മുള്ളും നിറഞ്ഞതു തന്നെ. പക്ഷെ, നല്ലതു ചെയ്യുന്നവർക്കും വിശ്വാസമർപ്പിക്കുന്നവർക്കും മുന്നിൽ ഈശ്വരൻ ആദ്യം തുറക്കുക ഈ വഴികൾ ആയിരിക്കും. ശുഭാബ്ദി വിശ്വാസത്തോടെ തിരഞ്ഞെടുത്ത വഴിയിലൂടെ പതറാതെ മുന്നോട്ട് നീങ്ങുക. കാലതാമസമുണ്ടായാലും എത്തിച്ചേരേണ്ട ഇടത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും. തീർച്ച”.
“ചേച്ചീ, മനസ്സിന്റെ ഭാരം എനിക്കല്പം കുറഞ്ഞതുപോലെ”.
“സന്തോഷമായി. മാത്രമല്ല, എന്നെ നീ നിന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ കൂട്ടാതിരുന്നാൽ മതി. നിന്നെ ആർക്കും മനസിലാവുന്നില്ല എന്നും സ്വന്തമെന്ന് പറയാൻ ആരുമില്ല എന്നും ഇനി പറഞ്ഞേക്കരുത്. സമ്മതിച്ചോ?”
മനു (നിഷ്കളങ്കമായി ചിരിച്ചുകൊണ്ട്), “സമ്മതിച്ചു, സമ്മതിച്ചു”.
അവന്റെ നിറഞ്ഞ മനസോടെയുള്ള ചിരി ഇപ്പോഴും മനസ്സിലുണ്ട്. അവൻ മുന്നിൽ നിന്ന് ചിരിക്കുകയാണോ?
“മീരേ… അത്താഴമെടുത്തു വയ്ക്കട്ടെ?”, അമ്മുവേട്ടത്തിയാണ്.
മുന്നിൽ കണ്ട മനുവിന്റെ മുഖം മാഞ്ഞു. പകരം നിശ തന്റെ വെളിച്ചം തെളിയിച്ചകലുന്നു. എപ്പോൾ അവനിനി നാട്ടിലെത്തും, കുറച്ചു നാളായി കണ്ടിട്ട്.
“കുറച്ചു കൂടെ കഴിയട്ടെ, നല്ല കാറ്റ്, ഇവിടെ തന്നെ നിൽക്കാൻ തോന്നുന്നു”.
“ഇപ്പോഴത്തെ കാറ്റ് കൊള്ളില്ല കുട്ടീ. വിഷപ്പനിയാണ് എല്ലായിടത്തും. ജനാലയടച്ച് താഴെ വന്നോളൂ, ഞാൻ അത്താഴം വിളമ്പി വയ്ക്കാം”.
അവർ ഇറങ്ങിപ്പോയി. അവൾ താഴെ എത്തിയപ്പോഴേക്കും അത്താഴം ഊണുമേശയുടെ പുറത്ത് വിളമ്പി കഴിഞ്ഞിരുന്നു.
Recent Comments