ബഷീർ – എളിയ മനുഷ്യന്റെ മഹത്തായ എഴുത്തുകൾ
നമ്മുടെ നവോത്ഥാന കാഥികരിൽ പ്രമുഖനാണ് ബഷീർ. നർമ്മരസം കലർന്ന ലളിതമായ ഭാഷ കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നമ്മളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ. മറ്റുള്ള എഴുത്തുകാരെ അപേക്ഷിച്ച് വേറിട്ട രചനാരീതി കൊണ്ട് ബഷീർ എന്നും വ്യത്യസ്തമായി നിലകൊണ്ടു. അദ്ദേഹത്തിൻറെ നർമ്മരസം പുരണ്ട കഥകൾ രസിക്കാത്തവരായി ഒരു മലയാളിയും ഉണ്ടാവില്ല. മലയാള സാഹിത്യത്തിന്റെ അഭിഭാജ്യഘടകം തന്നെയാണ് ബഷീറും ബഷീറിൻറെ സാഹിത്യവും.
സാധാരണ മനുഷ്യൻറെ സംഭാഷണ ഭാഷയായിരുന്നു ബഷീർ രചനക്ക് എപ്പോഴും ഉപയോഗിച്ചത്. അത് ബഷീർ കഥകളുടെ ഒരു തനത് ശൈലിയായി തന്നെ രൂപാന്തരപ്പെട്ടു. നമ്മളെ ചിരിപ്പിക്കാനും ചിന്തിക്കാനും നർമ്മത്തിൽ കൂടി ഈ മഹാനായ എഴുത്തുകാരന് കഴിഞ്ഞു എന്ന് വേണം പറയാൻ. ‘എൻറെ മുതുമുത്തച്ഛന് ഒരു ഗജവീരൻ ഉണ്ടായിരുന്നു’ എന്ന് വേണേൽ പറയാമായിരുന്ന മലയാള വാക്യം ബഷീർ ഭാഷയിൽ എഴുതപ്പെട്ടപ്പോൾ അത് ന്റുപ്പൂപ്പാക്കൊരാനേയുണ്ടായിരുന്നു’ എന്നായി. അങ്ങനെ വളരെ സരളമായ മലയാള വാക്യങ്ങൾ പോലും ബഷീറിൻറെ ഭാഷയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ ഒരു പുതിയ രചനാരീതി തന്നെ നിലവിൽ വന്നു. അത് മലയാളികൾ ഒന്നടങ്കം രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ബഷീർ എന്നും മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ തന്നെയായിരിക്കും എന്ന് നിസംശയം പറയാം.
ജീവിതം ഇങ്ങനെ; അദ്ദേഹത്തിൻറെ പ്രധാന കൃതികളും
1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ പെടുന്ന തലയോലപ്പറമ്പിൽ ജനിച്ചു. സാമാന്യ വിദ്യാഭ്യാസം നേടിയ ശേഷം നാടുവിട്ട് കോഴിക്കോട് എത്തി. അവിടെവച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ടു. പലതവണ ജയിൽവാസവും അനുഭവിച്ചു. പ്രേമലേഖനം, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേയുണ്ടായിരുന്നു, ശബ്ദങ്ങൾ, മാന്ത്രിക പൂച്ച, ആനവാരിയും പൊൻകുരിശും, താരാ സ്പെഷ്യൽ, മതിലുകൾ, ജീവിത നിഴൽ പാടുകൾ, അനുരാഗത്തിന്റെ ദിനങ്ങൾ തുടങ്ങി മലയാളികൾക്ക് പ്രിയങ്കരമായ ഒട്ടനവധി നോവലുകൾ സംഭാവന ചെയ്തിട്ടുണ്ട്. വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ശിങ്കിടി മുങ്കൻ തുടങ്ങി നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. ‘കഥാ ബീജം’ അദ്ദേഹത്തിൻറെ നാടകമാണ്. ‘ഓർമ്മയുടെ അറകൾ’ ആണ് അദ്ദേഹത്തിൻറെ ആത്മകഥ. തീഷ്ണമായ ജീവിതം അനുഭവങ്ങളാണ് ബഷീറിനെ ശക്തനായ കഥാകാരനാക്കി മാറ്റിയത്. 1994 ജൂലൈ അഞ്ചാം തീയതി മഹാനായ ആ കാഥികൻ കഥാവശേഷനായി.
പാത്തുമ്മയുടെ ആട്
നാട്ടിലെ ഇടത്തരം കുടുംബങ്ങളിൽ നടക്കുന്ന ചില കാര്യങ്ങൾ, നർമ്മത്തിൽ പൊതിഞ്ഞ് തന്റെ കുടുംബ പശ്ചാത്തലം ആക്കി ‘ പാത്തുമ്മയുടെ ആട്’ എന്ന കൃതിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു. കഥാപാത്രങ്ങളെല്ലാം ബഷീറിൻറെ കുടുംബക്കാരാണ്. ഉമ്മയും സഹോദരങ്ങളും നോവലിൽ കഥാപാത്രങ്ങളായി കടന്നുവരുന്നു.
പാത്തുമ്മയുടെ ആട് രാവിലെ മുതൽ അതിൻറെ വികൃതികൾക്ക് തുടക്കമിട്ടു. ഹനീഫയുടെ മകൻ അബിയുടെ ഹാഫ് ട്രൗസറിന്റെ മുൻവശം മുഴുവൻ ആട് തിന്നു തീർത്തു. ആട് ഒരിക്കലും കുറ്റക്കാരി ആയിരുന്നില്ല. അബിയുടെ ട്രൗസറിന്റെ കീശയിൽ വെള്ളേപ്പം ഉണ്ടായിരുന്നു. അതും നീട്ടിപ്പിടിച്ച് അബി ആടിൻറെ മുന്നിൽ ചെന്നു നിന്നു. വെള്ളയപ്പവും ട്രൗസറിന്റെ മുൻഭാഗവും കീശയിൽ ഉണ്ടായിരുന്ന അരയണയും ആട് അകത്താക്കി.
ആടിൻറെ വിക്രിയ അവസാനിച്ചപ്പോൾ ബഷീർ കുട്ടികളുമായി കുളിക്കാൻ ഇറങ്ങി. കൂട്ടുകാരിൽ ചിലർ അതുവഴി വള്ളത്തിൽ പോയപ്പോൾ അബിക്കും പാത്തുമ്മക്കും നാണം മറക്കാൻ ആവശ്യം വേണ്ടിവന്നു. ‘പാത്തുമ്മയുടെ ആടി’ൽ കുട്ടികളുടെ രസകരമായ വിനോദങ്ങൾ ഫലിത രസികതയോടെ അവതരിപ്പിക്കുന്ന ഒരു ഭാഗമാണിത്. നാട്ടിൽ പുറത്തെ നന്മകൾ ഈ ഭാഗത്ത് നമുക്ക് വായിച്ചെടുക്കാം.
ഭൂമിയുടെ അവകാശികൾ
ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം ഭാഗത്തിന്റെ ആജീവനാന്ത അവകാശിയായി ബഷീർ മാറി. അത് നാട് ഭരിക്കുന്ന ഗവൺമെൻറ് ഉറപ്പായും എഴുതി കൊടുത്തിട്ടുണ്ട്. വീടും പരിസരവും എല്ലാം വൃത്തിയായി മോടി പിടിപ്പിച്ച്, മുള്ളുവേലി കെട്ടി 2 1/2 ഏക്കർ പറമ്പ് സംരക്ഷിച്ചു കഴിയുമ്പോഴാണ് ആരെയും മാനിക്കാത്ത ഒരു കൂട്ടർ അവിടെ പ്രത്യക്ഷപ്പെടുന്നത്. അവരിൽ പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു. ഭൂമി മുഴുവൻ മനുഷ്യൻ തുണ്ട് തുണ്ടാക്കി വാങ്ങി അവകാശം സ്ഥാപിച്ചിരിക്കുകയാണ്. അതിനാൽ ജീവജാലങ്ങൾക്ക് പോകാൻ മറ്റിടങ്ങൾ ഇല്ലാതായി. ദൈവം ഭൂമിയുടെ അവകാശികളായി ഒട്ടനവധി ജീവജാലങ്ങളെ കൂടി മനുഷ്യർക്കൊപ്പം സൃഷ്ടിച്ചിട്ടുണ്ട്. ജന്തുക്കളും പക്ഷികളും മൃഗങ്ങളും ക്രമീകീടങ്ങളും എല്ലാം ഭൂമിയിലെ ഉൽപ്പന്നങ്ങളുടെ അവകാശികളാണ്. അവരെ കൊല്ലാതെ സഹവർത്തിത്വത്തോട് കൂടി കഴിയണമെന്നാണ് ബഷീർ നമ്മളെ ഓർമിപ്പിക്കുന്നത്.
ഭൂമിയിലെ എല്ലാ ജീവികളെയും മനുഷ്യനൊപ്പം കാണുകയും അവയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് സന്ദേശം ഫലിത രസികതയോടെ എന്നാൽ കൃത്യതയോടെ വിളിച്ചു പറയുന്ന കഥയാണ് ‘ ഭൂമിയുടെ അവകാശികൾ’. സർവ്വ ചരാചരങ്ങളോടുമുള്ള അടങ്ങാത്ത സ്നേഹവും ആദരവും വാൽസല്യവും കഥയുടെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞു നിൽക്കുന്നുണ്ട്.
അമ്മ
പിറന്ന മണ്ണിൻറെ സ്വാതന്ത്ര്യം അതിയായി ആഗ്രഹിച്ച വൈക്കം മുഹമ്മദ് ബഷീർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അനുഭവങ്ങൾ വിഷയമാക്കി എഴുതിയ കഥയാണ് ‘അമ്മ’. ദൂരദേശത്ത് ഒരു പട്ടണത്തിൽ കഴിഞ്ഞുകൂടുന്ന പ്രിയപ്പെട്ട മകന് അമ്മ എഴുതുന്ന കത്തോടുകൂടിയാണ് കഥ ആരംഭിക്കുന്നത്.
അമ്മയുടെ കത്ത് കണ്ട ഉടനെ, പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്ന തൻറെ അമ്മയെ പോയി കാണണം എന്ന് നിശ്ചയിച്ചു. വൈക്കം സത്യാഗ്രഹത്തോടെ അനുബന്ധിച്ച് അവിടെയെത്തിയ ഗാന്ധിജിയെ കാണുന്നതോടെയാണ് ബഷീറിൽ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്നം ഉണർന്നത്. ഗാന്ധിജിയോടുള്ള ആരാധന വർദ്ധിച്ച് അദ്ദേഹത്തെ ഒന്ന് തൊടുക പോലും ചെയ്തു. ഒരു ദിവസം ആരോടും പറയാതെ വീടുവിട്ടിറങ്ങി അദ്ദേഹം കാൽനടയായി എറണാകുളത്തെത്തി. അവിടെനിന്ന് ഷൊർണൂരിലേക്കും തുടർന്ന് കോഴിക്കോട്ടേക്കു പോയി. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി. ഉപ്പുസത്യാഗ്രഹത്തിൽ പങ്കാളിയായി. മൂന്നുമാസത്തോളം തടവു ശിക്ഷ അനുഭവിച്ചു.
തടവിൽ നിന്നും മോചിതനായ ബഷീർ തൻറെ മാതാവിനെ കാണാനായി വൈക്കത്തേക്ക് യാത്ര തിരിച്ചു. രാത്രി വളരെ വൈകി അവിടെ എത്തി അദ്ദേഹത്തെ കാത്തു ഉമ്മ ഉറക്കമിളച്ച് ഇരിക്കുകയായിരുന്നു. ലോകം മുഴുവൻ കൂർക്കം വലിച്ച് ഉറങ്ങുമ്പോൾ തൻറെ മാതാവ് മാത്രം മകനെ പ്രതീക്ഷിച്ചു ഉറക്കമിളച്ച് കാത്തിരുന്നു. അദ്ദേഹം വീടുവിട്ട് പോയ ദിവസം മുതൽ എന്നും ചോറും കറിയും തയ്യാറാക്കി അമ്മ കാത്തിരുന്നു.
ബഷീർ എന്ന എഴുത്തുകാരനെക്കാൾ ബഷീർ എന്ന ദേശസ്നേഹിയും മാതൃസ്നേഹിയും കഥയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നു. അദ്ദേഹത്തിൻറെ മാതൃസ്നേഹവും ദേശാഭിമാനവും കഥയുടെ അന്തർധാരയായി വർത്തിക്കുന്നു. കഥയിൽ പറയുന്ന അമ്മ സ്വന്തം മാതാവ് മാത്രമല്ല, ലക്ഷക്കണക്കിന് മക്കളുടെ മാതാവായി വിളങ്ങുന്ന ഭാരത മാതാവ് കൂടിയാണ്.
ഒരു മനുഷ്യൻ
സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ബഷീർ പറഞ്ഞ കഥയാണ് ‘ ഒരു മനുഷ്യൻ’. വളരെ അകലെയുള്ള ഒരു വലിയ നഗരത്തിലാണ് ഈ കഥ നടക്കുന്നത്. കൊലപാതകവും കൂട്ട കവർച്ചയും പോക്കറ്റടിയും നിത്യവും നടക്കുന്ന സ്ഥലം. അവിടെ താമസിച്ചുകൊണ്ട് വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് ബഷീറിൻറെ ജോലി. കഥ നടക്കുന്ന ദിവസം വൈകിട്ട് നാലുമണിക്ക് ബഷീർ ഭക്ഷണത്തിനായി ഇറങ്ങി. ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. മുക്കാൽ രൂപയുടെ ബില്ല് വന്നു. അത് അടയ്ക്കാനായി പോക്കറ്റിൽ കയ്യിട്ടപ്പോൾ പേഴ്സ് കാണാനില്ല. ‘ എൻറെ പേഴ്സ് ആരോ പോക്കറ്റ് അടിച്ചു’ എന്ന് ബഷീർ വിളിച്ചുപറഞ്ഞു.
ഹോട്ടൽ ഉടമ ബഷീറിനെ ഭീഷണിപ്പെടുത്തി. കണ്ണ് ചൂഴ്ന്ന് എടുക്കുമെന്ന് അയാൾ പറഞ്ഞു. ഒടുവിൽ വസ്ത്രങ്ങളെല്ലാം അഴിച്ചു വയ്ക്കാൻ ഹോട്ടൽ ഉടമ ബഷീറിനോട് ആവശ്യപ്പെട്ടു. ആ സമയത്ത് അവിടെയെത്തിയ ഒരാൾ ബഷീറിൻറെ പൈസ നൽകി. അദ്ദേഹവുമായി നടന്നു നീങ്ങി അപരിചിതൻ അല്പം അകലെ എത്തിയപ്പോൾ ഏതാനും പേഴ്സുകൾ പോക്കറ്റിൽ നിന്ന് എടുത്തു. അതിൽ നിന്ന് ബഷീറിൻറെ പേഴ്സ് എടുത്തുകൊള്ളാൻ അയാൾ പറഞ്ഞു. പേഴ്സ് കാണിച്ചു കൊടുത്തപ്പോൾ അയാൾ അത് എടുത്ത് ബഷീറിൻറെ പോക്കറ്റിൽ ഇട്ടു കൊടുത്തിട്ട് ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്ന് പറഞ്ഞു. ‘ദൈവം നിങ്ങളെയും എന്നെയും എല്ലാവരെയും രക്ഷിക്കട്ടെ. മംഗളം’ എന്ന് ബഷീർ മറുപടി പറഞ്ഞു. അതോടെ ആ കഥ അവസാനിക്കുന്നു.
നമുക്ക് ചുറ്റും നല്ല ആളുകളും ചീത്ത ആളുകളും ഉണ്ട്. കള്ളന്മാരും ക്രൂരന്മാരും എല്ലാ വൃത്തികേടുകളും ചെയ്യുന്നവരും ഉണ്ട്. അവരെ കരുതി വേണം ജീവിക്കാൻ എന്ന് ബഷീർ ഈ കഥയിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ബഷീറിൻറെ കഥകളിൽ കാണുന്ന കഥാപാത്രങ്ങൾ അധികവും സാധാരണക്കാരാണ്. അക്കൂട്ടത്തിൽ കള്ളനും പോക്കറ്റടിക്കാരനും വേശ്യയും ഒക്കെ ഉണ്ടാവും. പക്ഷേ അവരെ കഥയിൽ അവതരിപ്പിച്ചാലും അവരിൽ സ്നേഹവും മനുഷ്യത്വവും നിക്ഷേപിക്കാൻ മനുഷ്യസ്നേഹിയായ ആ കഥാകാരൻ മടിക്കുന്നില്ല. ‘ഒരു മനുഷ്യൻ’ എന്ന കഥയിലെ പോക്കറ്റടിക്കാരൻ അത്തരത്തിൽ ഒരാളാണ്.
ബഷീർ എന്ന ബല്യ ഒന്ന്
കവി വിഷ്ണു നാരായണൻ നമ്പൂതിരി ബഷീറിനെ കുറിച്ച് എഴുതിയ കവിതയാണ് ‘ബഷീർ എന്ന ബല്യ ഒന്ന്’. രോഗശയ്യയിൽ ആയിരുന്ന കക്കാടിന്റെ സമീപം ബഷീർ ഇരിക്കുമ്പോൾ അവിടെ എത്തിയ കവി ബഷീറിനോട് പേരക്കുട്ടിയെ അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. കുഴിയാനയിലും ആടിലും സർവ്വചരാചരങ്ങളിലും സ്നേഹ പൊരുൾ തേടുന്ന അദ്ദേഹം കവിയുടെ പേരക്കിടാവിനെ എടുത്തു മടിയിലിരുത്തി വികൃതികൾ പലതും പറഞ്ഞും കളി ചിരിയുതിർത്തും രണ്ടാം ബാല്യം നുണച്ചിരിക്കുമ്പോൾ പൈതൽ മുണ്ടിന്മേൽ അഴുക്കാക്കുമെന്ന് കവി അറിയിച്ചു.
‘മിടുക്കത്തിയായ ഇവൾ എൻറെ മെയ്യിൽ തീർത്തും തളിച്ചുകൊള്ളട്ടെ’ എന്നായിരുന്നു ബഷീറിൻറെ മറുപടി. സത്യം സത്യത്തോട് ചേരുമ്പോൾ വലിയ സത്യമായി മാറുന്നു എന്ന് അദ്വൈതത്തിലാണ് ബഷീർ വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിൻറെ ദൃഷ്ടിയിൽ ഞാനും അന്യനും ദൈവവും എല്ലാം ഒത്തുചേർന്ന പരമ സത്യത്തിനായിരുന്നു പ്രാധാന്യം. പുഴയും പുഴയും ചേർന്നാൽ വലിയ പുഴയായി മാറുന്നു. വലിയ കടലായി മാറുന്നു. അത് ആനന്ദത്തിന്റെ കടലാണ്. അങ്ങനെ ഹൃദയ വിശാലതയോടെ എല്ലാം തന്നിൽതന്നെ ഒതുക്കുന്ന കടലായി, ആനന്ദത്തിന്റെ കടലായി മാറുന്ന കലയാണ് ബഷീറിൻറെ കല. ആ കലയാകട്ടെ അദ്ദേഹത്തിൻറെ കണ്ണിൽ നർമ്മമായി തെളിഞ്ഞു വിളങ്ങുന്നു.
ഇവിടെ കവി ബഷീർ എന്ന വലിയ മനുഷ്യനെയും എഴുത്തുകാരനെയും അവതരിപ്പിക്കുന്നു. ‘ഉപ്പുപ്പാന്റെ കുയ്യാനയിലും’ ‘ പാത്തുമ്മയുടെ ആടിലും’ ‘ ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും സമത്വം ദർശിച്ച, എല്ലാത്തിലും സ്നേഹത്തിൻറെ മഹത്വം കണ്ടെത്തിയ കഥാകാരനാണ് ബഷീർ. കുടുംബസ്നേഹം, സഹജീവികളോടുള്ള കാരുണ്യം, ഭൂമിയിലെ സർവ്വജീവികളോടുമുള്ള സ്നേഹവും വാത്സല്യവും, പ്രകൃതിയോടുള്ള ആദരവും സ്നേഹവും ഇതെല്ലാം തന്നെ നിറച്ചു വെച്ചിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ബഷീർ എന്ന ഇമ്മിണി ‘ബല്യ’ മനുഷ്യൻ.
Recent Comments