കാലം

കാലമെത്ര ചെന്നാലും ചില കാത്തിരിപ്പുകൾക്കില്ല ഒരു വിരാമം
കാലം മാറാം, മുഖം മാറാം, ഋതുക്കളും…..
കാലചക്രമിങ്ങനെ ആവർത്തനവിരസതയോടെ
തിരിഞ്ഞുകൊണ്ടേയിരിക്കും.
എങ്കിലും ചില ഏകാന്തതകൾ, നെടുവീർപ്പുകൾ
അവയൊരിക്കലും കാലത്തിനൊപ്പം അലിഞ്ഞുചേരുന്നില്ല
പ്രതീക്ഷകൾ മുകുളമിട്ട് ആവർത്തിച്ചു കൊഴിഞ്ഞുപോവുമ്പോഴും
പാതിമുറിഞ്ഞ ഏതെങ്കിലുമൊരു ചില്ലയിൽ
മനസ്സിങ്ങനെ തങ്ങിനിൽക്കും
മടങ്ങിവരില്ല എന്ന് ഉറപ്പുള്ള എന്തിനെയോ കാത്ത്‌;
എണ്ണവറ്റി കരുംതിരി എരിയുന്ന വിളക്കിൽ
വീണ്ടും ആരോ എള്ളെണ്ണ പകരുമെന്ന പ്രതീക്ഷയോടെ.
എന്നാൽ കാലമങ്ങനെ നരച്ചുകൊണ്ടേയിരിക്കും
കാലങ്ങളിൽ നിന്നും കാലങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കും
കാലം നിലയ്ക്കുന്നില്ല
ചില അർദ്ധവിരാമങ്ങൾ മാത്രം
ചില നെടുവീർപ്പുകൾ മാത്രം!!

(Visited 23 times, 1 visits today)