ഗാന്ധിജിയുടെ ആദ്യ തൃശ്ശൂർ സന്ദർശനത്തിന് ഇന്ന് 100 വർഷം തികയുകയാണ്
തൃശൂർ തേക്കിൻകാട് മെതാനിയിലെ മണികണ്‌ഠനാൽ ഇന്നും വിളിച്ചോതുകയാണ് നൂറ്റാണ്ട് മുമ്പത്തെ സ്വാതന്ത്ര്യസമര ജ്വാലകളും ഗാന്ധിജിയുടെ സ്‌മരണകളും. നൂറു വർഷങ്ങൾക്കപ്പുറം, കൃത്യമായി പറഞ്ഞാൽ 1925 മാർച്ച് 18നാണ് ഗാന്ധിജി ആദ്യമായി തൃശൂരിൽ എത്തിയത്. അന്ന് അദ്ദേഹത്തെ സ്വീകരിച്ചത് മണികണ്ഠനാലിനടുത്താണ്. ഗാന്ധിജിയുടെ സ്മരണകൾ പേറുമ്പോഴും, വളരെ വേദനയോടെ ഓർക്കുന്നത്, മണികണ്ഠനാലിൽ ഗാന്ധിജിയുടെ സമരത്തിന്റെയോ ഓർമ്മകൾ ഉണർത്തുന്ന ഒരു ശില പോലുമില്ല. ഏറ്റവും ദൗർഭാഗ്യം എന്ന് പറയട്ടെ, അവിടെ ഇന്നും നിലനിൽക്കുന്നത് ഒരു ബ്രിട്ടീഷ് അനുകൂല സ്തൂപം മാത്രമാണ്.
തൃശ്ശൂരിൽ 1925 മാർച്ച് 18
1925ൽ തൃശൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാൻ, പല പ്രമുഖർ ഉൾപ്പെട്ട ഒരു വൻ ജനക്കൂട്ടം ഉണ്ടായിരുന്നു.തൃശൂർ നഗരസഭയും യോഗക്ഷേമസഭ വിദ്യാർഥികളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. അന്ന് അവിടെ കൂടിയിരുന്ന പ്രമുഖരിൽ കുറൂർ നീലകണ്‌ഠൻ നമ്പൂതിതരിപ്പാട്, എസ് നീലകണ്‌ഠ അയ്യർ, സി കുട്ടൻ നായർ, ടി സി കൊച്ചുക്കുട്ടിഅമ്മ, മൂത്തേടത്ത് നാരായണമേനോൻ, ഇക്കണ്ട വാര്യർ എന്നിവരും ഉണ്ടായിരുന്നു. പൊതുയോഗത്തിനുശേഷം ഗാന്ധിജി അന്നത്തെ കൊച്ചി രാജാവ് രാജർഷി രാമവർമ്മയെ സന്ദർശിക്കുകയും, അതിനുശേഷം പാലക്കാട് പോകുന്ന വഴി തൃശൂർ നഗരാതിർത്തിയിൽ ദളിതർ നൽകിയ സ്വീകരണം ഏറ്റുവാങ്ങുകയും ഉണ്ടായി.
ഗാന്ധിജിയുടെ തൃശ്ശൂരിലേക്കുള്ള മടക്കയാത്ര
1925 നു ശേഷം 1927, 1934 എന്നീ വർഷങ്ങളിൽ, വൈക്കം സത്യാഗ്രഹം, അയിത്തോച്ചാടനം, ഖാദി പ്രചാരണം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിജി തൃശൂരിലെത്തിയിരുന്നു. 1927 ഒക്ടോബർ 14ന് ഗാന്ധിജി വീണ്ടും തൃശ്ശൂർ എത്തിയപ്പോൾ ബഥേൽ ആശ്രമം വക നെയ്ത്ത് സ്കൂൾ, സെന്റ് തോമസ് കോളേജ്, വിവേകോദയം സ്കൂൾ ഉൾപ്പെടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനത്തിലും പങ്കെടുത്തു.
1934ലായിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ സന്ദർശനം. ജനുവരി 11ന് ഗുരുവായൂർ, കുന്നംകുളം എന്നിവിടങ്ങളിൽ പ്രസംഗിച്ച ശേഷം ഒളരി, പുല്ലഴി, അരണാട്ടുകര, ലാലൂർ എന്നീ സ്ഥലങ്ങളിലെ ഹരിജനങ്ങളെ കാണുകയുണ്ടായി. ജനുവരി 16ന് പുറനാട്ടുകരയിലുള്ള ശ്രീരാമകൃഷ്ണ ഗുരുകുലത്തിലെത്തി അവിടെ ഒരു നാൾ തങ്ങി. തുടർന്ന് തൃശൂർ മണികണ്ഠനാൽ പരിസരം, കൂർക്കഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലും ജനങ്ങളെ അഭിസംബോധന ചെയ്‌തു.
എന്നു വരും മണികണ്ഠനാലിൽ ഒരു മെമ്മോറിയൽ?
100 വർഷം തികഞ്ഞിരിക്കുന്നു മഹാത്മാഗാന്ധി ആദ്യമായി തൃശ്ശൂരിൽ കാലുകുത്തിയിട്ട്. കാലമേറെ കടന്നു പോയിരിക്കുന്നു. എങ്കിലും ആ ഓർമകളെ കോറിവയ്ക്കാൻ ഒരു ശില പോലുമില്ല. ആ മണ്ണിൽ ഇപ്പോഴും ഉള്ളത് ഒരു ബ്രിട്ടീഷ് അനുകൂല സ്തൂപം മാത്രമാണ്. ബ്രിട്ടീഷുകാർ വിളിച്ചുചേർത്ത നാട്ടുരാജാക്കന്മാരുടെ ദർബാറിൽ കൊച്ചി രാജാവ് പങ്കെടുത്തതിന്റെ സ്തൂപമാണത്.
വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമാണ് മണികണ്ഠനാൽ. ഇവിടെ വച്ചായിരുന്നു 1942 ഓഗസ്റ്റ് 11ന് ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്. പോലീസ് മർദ്ദനത്തെ മറികടന്നാണ് അന്ന് യുവാക്കൾ ഇവിടെ ത്രിവർണ്ണ പതാക നാട്ടിയത്. സരോജിനി നായിഡു പോലെ ഉള്ള പല പ്രമുഖരും ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. ഇവിടെ ഗാന്ധി സ്മൃതി ഉണർത്തുന്ന എന്തെങ്കിലും പണിയണമെന്ന് ആവശ്യം വളരെ കാലമായി ഉണ്ട്.
Recent Comments