സിമ്പിൾ തക്കാളി കറി
എന്റെ അമ്മ യാദൃശ്ചികമായ് കണ്ടുപിടിച്ച ഒരു പാചക കുറിപ്പാണിത്. കുറച്ചു ഐറ്റംസ്, ഉണ്ടാക്കാൻ അതിലേറെ എളുപ്പം, നല്ല സ്വാദ്, ചപ്പാത്തിക്ക് നല്ല കോംബോ. ഞാൻ ആ പാചകക്കുറിപ്പ് ഷെയർ ചെയ്യുകയാണ്.
ആവശ്യമുള്ള ചേരുവകൾ:
1. നല്ല ചുമന്നു തുടുത്ത തക്കാളി – 4
2. സവാള – 3
3. പച്ച മുളക് – 2 അല്ലെങ്കിൽ 3 (ആവശ്യമുള്ള എരിവ്)
4. എണ്ണ (വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ) – 2 ടീ സ്പൂൺ
5. മല്ലിയില – നല്ല ഒരു തണ്ട്
6. ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം:
1. തക്കാളിയും സവാളയും ചെറുതായി കൊത്തിയരിയുക.
2. പച്ച മുളക് കനം കുറച്ച് വട്ടത്തിൽ അരിയുക.
3. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക.
4. എണ്ണ ഒഴിച്ച് നല്ല പോലെ ചൂടാകുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന ചേരുവകൾ അതിൽ ചേർക്കുക.
5. ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കുക.
6. നന്നായി ഇളക്കി ഒരു മൂടി കൊണ്ടടച്ചു വയ്ക്കുക. തീ കുറച്ച് സിമ്മിലിടുക.
7. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം ഇളക്കി കൊടുക്കുക.
8. 10-15 മിനിറ്റ് കഴിയുമ്പോൾ, അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിച്ച് വാങ്ങി വയ്ക്കുക.
9. അധികം ചാറില്ലാത്ത കുഴഞ്ഞ പരുവത്തിലായിരിക്കും തക്കാളി കറി.
ചില കുറിപ്പുകൾ:
1. ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈ ലളിതമായ തക്കാളി കറിക്ക് രുചിഭേദങ്ങൾ ഉണ്ടാക്കാം.
2. ചെറിയ ഒരു കഷ്ണം ഇഞ്ചിയും ഒരു മൂന്ന് അല്ലി വെളുത്തുള്ളിയും തക്കാളിക്കൊപ്പം അരിഞ്ഞു ചേർക്കാം.
3. തിരുവനന്തപുരം ഭാഗത്തു കിട്ടുന്ന തൊണ്ടൻ പച്ചമുളക് (സാമ്പാർ പച്ച മുളക്) ഒരെണ്ണം അരിഞ്ഞു ചേർക്കാം. അല്ലെങ്കിൽ സാധാരണ പച്ചമുളകിനു പകരം ഇത് ഉപയോഗിക്കാം.
4. വേണമെങ്കിൽ പച്ചമുളകിന്റെ എണ്ണം കുറച്ച്, പകരം 1/4 ടീ സ്പൂൺ സാധാരണ മുളക് പൊടി ചേർക്കാം (ആവശ്യമുള്ള എരിവിനനുസരിച്ച്).
5. വേണമെങ്കിൽ അടുപ്പിൽ നിന്നും വാങ്ങി വെക്കുന്നതിനു മുമ്പായി 1 – 2 ടീ സ്പൂൺ ടൊമാറ്റോ സോസ് ചേർത്തുകൊടുക്കാം.
6. കാപ്സിക്കവും ടൊമാറ്റോ സോസും ചേർത്ത് ഉണ്ടാക്കിയാൽ ചൈനീസ് ഫ്ലാവർ ആയി.
Read the same recipe in English
Recent Comments