ലോകം ചുറ്റിയ സുഗന്ധങ്ങൾ – കേരള സുഗന്ധ ദ്രവ്യങ്ങളുടെ കഥ
കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ ഭൂപടം രൂപപ്പെടുത്തുന്നതിൽ കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും വഹിച്ച പങ്ക് അൽഭുതാവഹമാണ്. കുരുമുളകിന്റെയും, ഏലം, കറുവപ്പട്ട, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെയും അക്കാലത്തെ ഏക ഉത്പാദന കേന്ദ്രം ഈ കൊച്ചു കേരളം ആയിരുന്നു.
വമ്പിച്ച ലാഭസാധ്യതയുള്ള ഈ സുഗന്ധദ്രവ്യ കച്ചവടത്തിന്റെ ആധിപത്യം പിടിച്ചെടുക്കാൻ ലോകരാജ്യങ്ങൾ നടത്തിയ കിടമ മത്സരങ്ങളും കൊള്ളയും കൊലയും ഉപജാപങ്ങളും ലോകചരിത്രത്തിന്റെ ഭാഗമാണ്. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള- ഏഷ്യയിലേക്കുള്ള- കച്ചവടപാതയ്ക്ക് തടസ്സം നേരിട്ടു. അതിനു ബദലായി പുതിയ കടൽ മാർഗ്ഗം തേടി പോർച്ചുഗലിൽ നിന്ന് വന്ന വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം 1498ൽ കോഴിക്കോട് ഇറങ്ങിയതോടെ കേരളക്കരയും കലാപ കലുഷിതമാവാൻ തുടങ്ങി. കേരളത്തിൽ ആധിപത്യം നേടുവാനും ചുരുങ്ങിയ വിലയ്ക്ക് സുഗന്ധദ്രവ്യങ്ങൾ ശേഖരിക്കുവാനുമുള്ള പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും കിടമത്സരങ്ങൾ നാലഞ്ചു നൂറ്റാണ്ടുകാലം കേരളത്തെ മുൾമുനയിൽ നിർത്തി. എ ഡി 1600ല്‍ കച്ചവടത്തിനായി രൂപവൽക്കരിക്കപ്പെട്ട ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി എല്ലാവരെയും തറ പറ്റിച്ച് ഇന്ത്യയെയും കേരളത്തെയും സമ്പൂർണ്ണ ആധിപത്യത്തിൽ ആഴ്ത്തി.
വേദ പുസ്തകത്തിൽ
യഹൂദ നിയമ കർത്താവായ മോസസ് ബിസി 1490 സിനായിയിൽ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ദേവാലയത്തിൽ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധ തൈലവും ധൂപവും കറവപ്പട്ട അടക്കമുള്ള ദ്രവ്യങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയതായിരുന്നു എന്ന് ബൈബിളിൽ പറയുന്നുണ്ട്. ബിസി 1015 മുതൽ ബിസി 966 വരെ ഇസ്രായേലിൽ ചക്രവർത്തിയായിരുന്ന സോളമനെ സന്ദർശിക്കാൻ റാണി ജെറുസലേമിലേക്ക് ചെന്നത് സുഗന്ധദ്രവ്യങ്ങൾ വഹിക്കുന്ന ഒരുപറ്റം ഒട്ടകങ്ങളും ആയിട്ടായിരുന്നു എന്നും അവർ സോളമന് നൽകിയത് പോലുള്ള സുഗന്ധ ദ്രവ്യശേഖരം പിന്നീട് അവിടെ എത്തിയിട്ടില്ല എന്നും പഴയ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
സുന്ദരിമാരുടെ സുഗന്ധം
ഈജിപ്തിലെ അലക്സാണ്ടറിയ നഗരം ഏറെക്കാലം ഇന്ത്യയിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങളുടെ കമ്പോളമായിരുന്നു. ബി സി 1500 ഈജിപ്തിലെ ഹാത് ഷെപ്സുത് എന്ന രാജ്ഞി പൗരസ്ത്യ ദേശങ്ങളിൽ നിന്നും സുഗന്ധദ്രവ്യങ്ങൾ ശേഖരിക്കാൻ ആയി അഞ്ച് കപ്പലുകൾ അടങ്ങിയ ഒരു വാണിജ്യ സംഘത്തെ ചെങ്കടൽ വഴി അയച്ചതായി പറയപ്പെടുന്നു.
അക്കാലത്തെ ഈജിപ്തിലെ സുന്ദരിമാർ തങ്ങളുടെ ശരീരം സുഗന്ധപൂരിതമാക്കാൻ മണിയറകളിൽ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളിൽ കൂടി ചുക്കും കറുകപ്പട്ടയും മറ്റു സുഗന്ധദ്രവ്യങ്ങളും ചേർത്ത് കരി അടുപ്പിലിട്ട് പുകച്ചിരുന്നതായി പറയപ്പെടുന്നു. മെസോപ്പൊട്ടേമിയൻ സംസ്കാരത്തിൻറെ കാലഘട്ടത്തിൽ അസീറിയക്കാരും ബാബിലോണിയക്കാരും കേരളത്തിൽ വന്ന ഏലം, കറുവപ്പട്ട, കുരുമുളക് തുടങ്ങിയവ ശേഖരിച്ചിരുന്നു.
ഇഞ്ചിയും സിഞ്ചിബറും
ബി സി അവസാന ശതകങ്ങളിൽ ഗ്രീസ്, റോം തുടങ്ങിയ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും കുരുമുളക്, മഞ്ഞൾ, ഇഞ്ചി എന്നിവ വൻതോതിൽ കയറ്റി അയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തേക്ക് ഗ്രീക്ക് ഡോക്ടറായിരുന്നു ദിയോസ് കോർഡിസ് (എ ഡി 40-90). അദ്ദേഹത്തിൻറെ ‘മെറ്റീരിയ മെഡിക്ക’ എന്ന വൈദ്യ ശാസ്ത്ര ഗ്രന്ഥത്തിൽ കുരുമുളക്, ഏലം, കറുവപ്പട്ട, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഔഷധമൂല്യം വിവരിക്കുന്നുണ്ട്. സിഞ്ചിബർ എന്ന ഗ്രീക്ക് പദം ഇഞ്ചി എന്ന മലയാള പദത്തിൽ നിന്ന് രൂപപ്പെട്ടതാണെന്ന് ഡോക്ടർ ബർണൽ അഭിപ്രായപ്പെടുന്നു. അക്കാലത്ത് സുഗന്ധദ്രവ്യങ്ങൾക്ക് പകരമായി കേരളത്തിലേക്ക് റോമിൽ നിന്നും ഗ്രീസിൽ നിന്നും പൊന്നും വെള്ളിയും ഒഴുകിക്കൊണ്ടിരുന്നതായി പ്രസിദ്ധ ചിത്രകാരനായ പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്.
മാർക്കോപോളോയുടെ വിവരണങ്ങൾ
ക്രിസ്തുവർഷത്തിന്റെ ആദ്യ ശതകത്തിന് മുൻപ് തന്നെ ചൈന കേരളം ആയി കുരുമുളക് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതായി സൂചനകൾ ഉണ്ട്. കേരളത്തിൽ നിന്ന് കണ്ടു കിട്ടിയ ഒന്നാം ശതകത്തിൽ പ്രചരിച്ചിരുന്ന ചൈനീസ് നാണയം നൽകുന്ന സൂചന ഇതാണ്. ഒമ്പതാം ശതകമായതോടെ ചൈനക്കാരുടെ പ്രധാന വാണിജ്യ കേന്ദ്രം കൊല്ലം ആയിരുന്നു.
പതിമൂന്നാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച മാർക്കോ പോളോ ചൈനയും കേരളവും തമ്മിൽ നടത്തിയിരുന്ന കുരുമുളക് വ്യാപാരത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ചൈനക്കാർ ദിവസവും 43 ചുമട് (4739 കിലോഗ്രാം) കുരുമുളക് കേരളത്തിൽ നിന്ന് ശേഖരിച്ചിരുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു. കുരുമുളക് കയറ്റുമതി വഴി രാജാവിന് ലഭിക്കുന്ന വൻ നികുതി വരുമാനത്തെ കുറിച്ചും ചൈനയിലേക്ക് കുരുമുളക് കയറ്റി പോകുന്ന കപ്പലുകളെ കുറച്ചുമുള്ള രസകരമായ വിവരണങ്ങളും മാർക്കോപോളോ നടത്തുന്നുണ്ട്. കപ്പലുകളുടെ വലിപ്പം അനുസരിച്ച് 150 മുതൽ 300 വരെ കപ്പൽ ജോലിക്കാർ ഓരോ കപ്പലിലും ഉണ്ടായിരുന്നു എന്നും 5000 മുതൽ 6000 വരെ കുട്ടകൾ ഓരോ കപ്പലിലും കയറ്റിയിരുന്നെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
അറബികളും ഫിനീഷ്യന്മാരും
കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യങ്ങൾ ആദ്യമായി മദ്യ പൗരസ്ത്യ ദേശങ്ങളിൽ കച്ചവടം നടത്തിയത് അറബികളും ഫിനീഷ്യരും ആണെന്ന് വിശ്വസിക്കപ്പെടുന്നു. സിന്ധു നദി സംസ്കാര കാലഘട്ടം തൊട്ട് ലക്ഷണം ഉത്തരേന്ത്യയും തമ്മിൽ അടുത്ത വാണിജ്യ ബന്ധം ഉണ്ടായിരുന്നതിന്റെ സൂചനകൾ ഉണ്ട്. അക്കാലത്ത് കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ സിന്ധു നദി തീരങ്ങളിൽ കൂടി മധ്യ പൗരസ്ത്യ ദേശങ്ങളിൽ വിപണനം ചെയ്യപ്പെട്ടിരുന്നതായി എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
കുരുമുളക് വള്ളിയും മങ്ങാട്ടച്ചനും
വാസ്കോഡഗാമ കോഴിക്കോട് കപ്പൽ ഇറങ്ങി. അങ്ങാടിയിൽ നിന്ന് കപ്പൽ നിറയെ കുരുമുളക് വാങ്ങിക്കൂട്ടി. തിരിച്ചു പോകാൻ സമയത്ത് സാമൂതിരിയെ മുഖം കാണിക്കാൻ എത്തി. “കുറച്ചു കുരുമുളക് വള്ളിയും കൂടി കപ്പലിൽ കയറ്റിയാൽ കൊള്ളാം” എന്നൊരു അപേക്ഷ ഉണർത്തിച്ചു. സാമൂതിരി “ആയിക്കൊള്ളൂ” എന്ന് സമ്മതം മൂളിയോടെ തൊട്ടടുത്ത് ഇത് വീക്ഷിച്ചുകൊണ്ട് നിൽക്കുകയായിരുന്നു മന്ത്രി മങ്ങാട്ടച്ചന്റെ മുഖം ചുളിഞ്ഞു. സായിപ്പ് കുരുമുളക് വള്ളി കൊണ്ടുപോയി നാട്ടിൽ കൃഷി തുടങ്ങിയാൽ കോഴിക്കോട്ടെ കുരുമുളകിന് പിന്നെ ഡിമാൻഡ് ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിൻറെ ആശങ്ക.
കാര്യം മനസ്സിലാക്കിയ സാമൂതിരി ” സായിപ്പിന് കുരുമുളക് വള്ളി അല്ലേ കപ്പലിൽ കയറ്റാൻ ആവൂ. തിരുവാതിര ഞാറ്റുവേല കയറ്റി കൊണ്ടുപോകാൻ ആവില്ലല്ലോ” എന്ന് പ്രതിവചിച്ചു. കാര്യം മനസ്സിലാക്കിയ മങ്ങാട്ടച്ചൻ പിന്നെ മൗനം പാലിച്ചു. കുരുമുളക് വേര് പിടിക്കണമെങ്കിലും കായ്ക്കണമെങ്കിലും കേരളത്തിലെ പ്രത്യേക കാലാവസ്ഥയും തിരുവാതിര ഞാറ്റുവേലയും വേണമെന്ന് അത് വിദേശ രാജ്യങ്ങളിൽ ഇല്ലാത്തതിനാൽ അവിടെ കുരുമുളക് വിളയില്ലെന്നുമായിരുന്നു സാമൂതിരി ഉദ്ദേശിച്ചത്.
Recent Comments