മങ്കൊമ്പ് ഗോപാലകൃഷ്ണൻ – നിരവധി മലയാളം ക്ലാസിക് ഗാനങ്ങൾക്ക് പേരുകേട്ട ഗാനരചയിതാവ്

മങ്കൊമ്പ് ഗോപാലകൃഷ്ണൻ (1947/1948 – 2025 മാർച്ച് 17) പ്രമുഖ മലയാള ഗാനരചയിതാവും കവിയുമായിരുന്നു. അഞ്ചു ദശകങ്ങളിലേറെ നീണ്ട ചലച്ചിത്ര കരിയറിൽ അദ്ദേഹം ഏകദേശം 200 ചിത്രങ്ങൾക്ക് 700-ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇതിനു പുറമെ ഏകദേശം 10 മലയാളം സിനിമകളുടെ കഥയും തിരക്കഥയും എഴുതി. നിരവധി സിനിമകളുടെ സംഭാഷണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം ഒരു വിമർശകൻ, വിവർത്തകൻ, പത്രപ്രവർത്തകൻ എന്ന നിലയിലും അറിയപ്പെടുന്നുണ്ടായിരുന്നു.

ക്ലാസിക് കാലഘട്ടത്തിലെ പ്രശസ്ത ഗാനങ്ങൾ കൊണ്ട് അദ്ദേഹം ഏറെ അറിയപ്പെടുന്നു – അയലത്തെ സുന്ദരി എന്ന സിനിമയിലെ ലക്ഷാർച്ചന കണ്ടു, യുദ്ധഭൂമി എന്ന ചിത്രത്തിലെ ആഷാഢമാസം ആത്മാവിൻ മോഹം, ബാബുമോൻ എന്ന സിനിമയിലെ നാടൻ പാട്ടിന്റെ, സുജാത എന്ന സിനിമയിലെ കാളിദാസന്റെ കാവ്യഭവനയേ, താലിപ്പൂ പീലിപ്പൂ, നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലെ ഇളം മഞ്ഞിൻ കുളിരുമൊരു കുയിൽ എന്നിവ ഇതിൽപ്പെടുന്നു. അടുത്തകാലത്ത് RRR, Animal, Bahubali തുടങ്ങിയ ചിത്രങ്ങൾക്ക് മലയാളം വരികൾ രചിച്ചിട്ടുമുണ്ട്.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ മലയാള സിനിമാ ഗാനരചനയിൽ അരങ്ങേറ്റം കുറിച്ചത് 1970ലാണ്

സിനിമയ്ക്ക് പാട്ട് എഴുതാൻ അദ്ദേഹത്തിന് അവസരം കിട്ടുന്നത് 1970 ലാണ്. പ്രശസ്ത ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ ചന്ദ്രൻ മോഹനാണ് ആ അവസരം അദ്ദേഹത്തിന് ഒരുക്കി കൊടുത്തത്. ചെറിയ മാറ്റങ്ങളോടെ അദ്ദേഹത്തിൻറെ ഗാനം യേശുദാസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു. കൂട്ടുകാരി എന്ന ചിത്രത്തിലെ അഷ്ടമി പൂത്തിങ്കളെ  എൻ അനുരാഗ മലർത്തിങ്കളെ – എന്ന ഗാനം. ആ ചിത്രത്തിൻറെ നിർമാതാവും സംവിധായകനുമായ മാത്യൂസിന് ആ ഗാനം ഇഷ്ടമാവുകയും ആ ചിത്രത്തിലെ ബാക്കി ഗാനങ്ങളും ഗോപാലകൃഷ്ണനെ കൊണ്ട് എഴുതുകയും ചെയ്തു.

എന്നാൽ ആ ചിത്രം പുറത്തിറങ്ങുന്നത് മൂന്ന് വർഷങ്ങൾക്കിപ്പുറം 1974 ലാണ്. ചിത്രത്തിൻറെ പേരും മാറി –  അലകൾ. അപ്പോഴേക്കും അദ്ദേഹത്തിൻറെ മൂന്നു നാല് ചിത്രങ്ങളുടെ ഗാനങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം പുറത്തുവന്ന ചിത്രം 1971 റിലീസ് ആയ ‘വിമോചന സമരം’.

ഹരിഹരൻ – മാങ്കൊമ്പ് കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ

അദ്ദേഹത്തിൻറെ അനശ്വരമായ പല ഗാനങ്ങളും ഹരിഹരൻ സംവിധാനം ചെയ്ത സിനിമകൾക്കായിരുന്നു. അയലത്തെ സുന്ദരിയിലെ ലക്ഷാർച്ചനയും ത്രയംബകം വില്ലൊടിഞ്ഞു എന്ന ഗാനങ്ങളും, സുജാതയിലെ താലിപ്പൂ, കാളിദാസൻറെ കാവ്യഭാവനയെ, ആശ്രിതവത്സലനെ, സ്വയംവര ശുഭദിന മംഗളങ്ങൾ എന്ന ഗാനങ്ങളും, ബാബുമോൻ എന്ന ചിത്രത്തിലെ നാടൻ പാട്ടിൻറെ എന്ന അതിപ്രശസ്തമായ ഗാനവും ഈ കൂട്ടുകെട്ടിന്റെ സംഭാവനയാണ്.

ചെന്നൈയിലെ ആർ കെ ലോഡ് ഇരുന്നാണ് അദ്ദേഹം ലക്ഷാർച്ചന എന്ന ഗാനം രചിക്കുന്നത്. വരികൾ വായിച്ചു നോക്കിയപ്പോൾ തന്നെ സംവിധായകനായ ഹരിഹരന് അത് ഏറെ ഇഷ്ടപ്പെട്ടു. സ്വന്തം സിനിമകളിലെ ഗാന ചിത്രീകരണ  രംഗങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അങ്ങനെ  മാങ്കൊമ്പ് ഗോപാലകൃഷ്ണൻ സിനിമ ജീവിതത്തിൽ തന്നെ വഴിത്തിരിവായി മാറിയ ഗാനം പിറന്നു. ‘യാഗാശ്വം’ എന്ന ഹരിഹരൻ ചിത്രത്തിൽ ബാബുരാജ് അവസാനമായി ഈണമിട്ട ഗാനം രചിച്ചതും മങ്കൊമ്പ് തന്നെ.

ആഘോഷങ്ങൾ കാണാതെയുള്ള മടക്കയാത്ര

ഗാനരചനയുടെ അര നൂറ്റാണ്ട് ആഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയാണ് അദ്ദേഹത്തിൻറെ മടക്ക യാത്ര. ചെന്നൈയിലേക്കുള്ള  യാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയാക്കി അതിനു പിന്നാലെയാണ് അദ്ദേഹം ആശുപത്രിയിൽ ആയത്. ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’ എന്ന പുസ്തകത്തിൻറെ പ്രകാശനവും അന്ന് നിശ്ചയിച്ചിരുന്നു. ‘ലക്ഷാർച്ചന’ എന്ന അദ്ദേഹത്തിൻറെ വീടിൻറെ കോണിപ്പടിയിൽ നിന്ന് വീഴുകയായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിൻറെ അന്ത്യം സംഭവിച്ചു

ജീവിതവുമായി ചേർന്നു നിൽക്കുന്ന ഇമേജുകളും  കാവ്യ ബിംബങ്ങളും മാത്രമേ അദ്ദേഹം തൻറെ രചനകളിൽ കൊണ്ടുവരാറുണ്ട്. അതുകൊണ്ടാവാം ദശകങ്ങൾക്കിപ്പുറവും അദ്ദേഹത്തിൻറെ പല ഗാനങ്ങളും മലയാളികൾ ഹൃദയത്തിൽ കരുതുന്നത്.

ഗാനരചനയിൽ അര നൂറ്റാണ്ട്  പിന്നിട്ട മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഹിറ്റ് ഗാനങ്ങൾ

1. ആഷാഡ മാസം ആത്മാവിൻ മോഹം (യുദ്ധഭൂമി – ആർ. കെ. ശേഖർ)

2. ലക്ഷാർച്ചന കണ്ടു, ത്രയംബകം വില്ലൊടിഞ്ഞു, നീലമേഘ കുട നിവർത്തി, ചിത്രവർണ്ണ പുഷ്പജാലം (അയലത്തെ സുന്ദരി – ശങ്കർ ഗണേഷ് )

3. എന്റെ മനസ്സ് ഒരു  ശ്രീകോവിൽ (പ്രാർത്ഥന – ദക്ഷിണാമൂർത്തി)

4. രാജസൂയം കഴിഞ്ഞു (അമ്പിളി അമ്മാവൻ – ദേവരാജൻ)

5. കാളിദാസന്റെ കാവ്യഭാവനയെ, താലിപ്പൂ പീലിപ്പൂ, സ്വയംവര ശുഭദിന, ആശ്രിത വത്സലനെ (സുജാത – രവീന്ദ്ര ജയിൻ)

6. ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ, തൃപ്പയാറപ്പാ (ഓർമ്മകൾ മരിക്കുമോ – എം. എസ്. വിശ്വനാഥ്)

7. ഗംഗയിൽ തീർത്ഥമാടിയ (സ്നേഹത്തിൻറെ മുഖം – എം. എസ്. വിശ്വനാഥ്)

8. ഒരു പുന്നാരം കിന്നാരം, തൊഴുകൈ കൂപ്പി ഉണരും (ബോയിങ് ബോയിങ് – രഘുകുമാർ)

9. കാമിനിമാർക്കുള്ളിൽ (ലവ് മേരേജ് – ആഹ്വാൻ സെബാസ്റ്റ്യൻ)

10. നവനീത ചന്ദ്രികേ (അവൾക്ക് മരണമില്ല – ദേവരാജൻ

11. അഷ്ടമംഗല്യ സുപ്രഭാതത്തിൽ (ചെന്നായ വളർത്തിയ കുട്ടി – അർജുനൻ)

12. ഈ ജീവിതം ഒരു, ദേവാമൃത ഗംഗ ഉണർത്തും (ഇവനെന്റെ പ്രിയപുത്രൻ – കെ കെ ജോയ്)

13. തുലാവർഷമേഘമൊരു, മാണിക്യപൂ മുത്ത് (സ്വർണ്ണ മത്സ്യം – ബാബുരാജ്)

14. ഇളംമഞ്ഞിൻ, നാദങ്ങളായി നീ വരൂ, തുമ്പപ്പൂ കാറ്റിൽ (നിന്നിഷ്ടം എന്നിഷ്ടം – കണ്ണൂർ രാജൻ)

മങ്കൊമ്പ് ഗോപാലകൃഷ്ണൻ – ചില കാണാ കഥകളും എഴുതാപ്പുറങ്ങളും

അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്ത ഗാനമായ ‘ ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’ എന്ന ഗാനത്തിൽ നിന്നും എടുത്ത ‘ലക്ഷാർച്ചന’ എന്ന വാക്കാണ് വീട്ടു പേരായി അദ്ദേഹം തിരഞ്ഞെടുത്തത്. തൈക്കുടം എകെജി റോഡിലെ ‘ലക്ഷാർച്ചന’ എന്ന പേരുള്ള വീട്ടിലാണ് അദ്ദേഹം അവസാന നാളുകൾ ചെലവഴിച്ചത്.

പഠിക്കുന്ന കാലം. അന്ന് അദ്ദേഹത്തിന്  പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം. ബന്ധുകൂടിയായ കുറച്ചു മുതിർന്ന, അല്പം വായനയൊക്കെ ഉള്ള ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിൻറെ കവിതകൾ ഒക്കെ വായിച്ച് അഭിപ്രായം പറയും. ആ അടുപ്പം നിശബ്ദ പ്രണയമായി വളർന്നുവെങ്കിലും സഫലമാകാതെ പോയി. ആ നഷ്ട പ്രണയത്തിന്റെ തീവ്രത ഉൾകൊണ്ട വരികളാൽ അനശ്വരമാക്കിയ ഗാനമാണ് ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’. പാട്ടിലെ അമ്പലവും ലക്ഷാർച്ചനയും ഒക്കെ ആ പ്രണയ സ്മൃതികളുടെ ഭാഗമാണ്.

അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്തമായ ക്ലാസിക് ഗാനങ്ങളിൽ പ്രേം നസീർ സ്ഥിരം പ്രത്യക്ഷപ്പെട്ടിരുന്നു.

(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: