നീർമാതളപ്പൂക്കൾ
നിനക്കായ് ഞാനൊരു വാനം വരച്ചു
അതിൽ ചന്ദ്രനും നക്ഷത്രങ്ങളും നെയ്തുചേർത്തു
നിനക്കായ് മാത്രമായ് –
ആ നീലകുന്നിൽചെരിവിൽ
ഒരു നീർമാതളത്തോട്ടം നട്ട് നനച്ചു
എൻ സ്നേഹത്തിൻ നൂറു പൊൻവിത്തിട്ടു.
ഇലപൊഴിയുന്ന ശിശിരങ്ങളിലും
പിന്നെ നീ പുഷ്പിക്കുമാ ഗ്രീഷ്മങ്ങളിലും
കാവൽവിളക്കായ് എരിഞ്ഞുനിന്നു,
വർഷകാലങ്ങളിൽ നിനക്ക് കുടയായി.
മാതളപ്പൂവിന്നിതളുകൾ മഞ്ഞയത്രേ
രാത്രി തെളിയുന്ന അമ്പിളി തൻ വർണ്ണം
ഇടയ്ക്കിടെ ചിതറുന്ന ശ്വേതവും നീലയും.
എന്നാൽ എന്റെ മനസ്സിലാകെ തെളിയുന്നത്
നീലവാനത്തിൻ ശോഭ, അവിടെ –
നക്ഷത്രത്തിളക്കംപോൽ നിൻ പാൽപുഞ്ചിരിയും💜💜💜.
നിന്റെ വരവും പ്രതീക്ഷിച്ച് ആ കുന്നിൻചെരുവിൽ
നിനക്കായി വിതറുന്ന ഒരായിരം പൂക്കളുണ്ട്💜💜💜
ഒച്ചവയ്ക്കാതെ നീ പലകുറി വന്നുപോകുമ്പോൾ
ആകാശത്തിൻകീഴെ മറ്റെവിടെയെങ്കിലും
നീ വന്നുവോ എന്നറിയാതെ
നിന്നെ തിരയുന്നുണ്ടാവാം ഞാൻ.
ഒരിക്കലും നിന്റെ കാലൊച്ചകൾ ഞാൻ ശ്രവിച്ചിട്ടില്ല
എങ്കിലും, ഞാനറിയാതെയെങ്കിലും
എന്നെയുണർത്താതെ നീ വന്നുപോവുമെന്ന പ്രതീക്ഷയുണ്ട്.
വരണ്ടുണങ്ങിപോകാറുണ്ട് –
ചിലപ്പോഴെങ്കിലുമെന്റെ തോന്നലുകളിൽ
ഞാൻ നാട്ടുനനച്ച നീർമാതളപ്പൂക്കൾ
നീ വന്നുവോ ഇല്ലയോ എന്നറിയാതെ വിവശയായി.
കരിഞ്ഞുണങ്ങി തുടങ്ങിയ ആ കുന്നിൽചെരുവിനെ
കണ്ണീരാൽ നനച്ചു, നിനക്കായ് പുഷ്പിച്ചു
എത്ര നാളിനി ഏകയായിങ്ങനെ കാത്തുനിൽക്കും?
വസന്തങ്ങൾ പലതും കൊഴിഞ്ഞുപോയ്,
ശരത്കാലവും ഹേമന്തവും
പലകുറി കണ്ടു ഞാൻ.
എന്നാൽ നീ മാത്രം ഒരുകുറി
വന്നണയത്താത്തതെന്തേ ഇതുവരെ?
എന്റെ വേദനകൾ, എൻ നൊമ്പരങ്ങൾ
നാളുകളിലിപ്പുറമിന്നും നിനക്കജ്ഞാതമോ?
വേനലിനൊടുവിൽ വർഷത്തുള്ളികൾക്കൊപ്പം
ഞാൻ വിണ്ണിലമരുമ്പോൾ
നീർമാതളപ്പൂക്കൾ എന്നെ മൂടുമായിരിക്കാം
അപ്പോഴും എന്റെ വാനത്തിനു
നീലവർണമായിരിക്കും!
പാലൊളിച്ചന്തം പോൽ
ഒരായിരം നക്ഷത്രങ്ങൾ കൂട്ടിരിക്കുന്നുണ്ടാവാം….
അപ്പോഴെങ്കിലും എന്നരികിൽ നീയുണ്ടാവുമോ??💫✨🌪️
Recent Comments