ഒരു കുഞ്ഞുനക്ഷത്രം!
ഒരു പ്രപഞ്ചം കീഴടക്കിയ തോന്നലായിരുന്നു
ഒരുപാട് യുദ്ധങ്ങൾക്കൊടുവിൽ
നീയെൻ മുന്നിൽ പരാജിതനായ നിമിഷം
നീയെന്റെ മനസ്സ് കവർന്ന നിമിഷം.
അന്ന് നമ്മളിരുവരുമൊരുമിച്ചു തീർത്ത
നമ്മുടെ നിഗൂഢപ്രപഞ്ചത്തിൻ യവനികയ്ക്കപ്പുറം
അനേകായിരം കൊള്ളിമീനുകൾ പൊഴിയുന്നുണ്ടായിരുന്നു,
ഇരുമനസ്സുകളുടെ താളത്തിനൊപ്പം.
പിന്നീടെന്നോ ഒരു നാൾ പതിയെ തോന്നി തുടങ്ങി
ആ യുദ്ധങ്ങളെല്ലാം വെറുതെയായിരുന്നുവെന്ന്
നിന്റെ പ്രപഞ്ചത്തിൽ ഞാൻ വെറുമൊരു
കുഞ്ഞുനക്ഷത്രമായിരുന്നുവെന്ന്.
നോക്കുംതോറും അകന്നുകൊണ്ടേയിരിക്കുന്ന
ഒരു കുഞ്ഞുനക്ഷത്രം!
മനസ്സ് പിന്നെയും യുദ്ധങ്ങൾ
തുടർന്നുകൊണ്ടേയിരുന്നു
പകലന്തിയോളം, യുഗയുഗാന്തരം
എന്തിനായിരുന്നു ഈ യുദ്ധങ്ങളെല്ലാം
എന്നോർത്തോർത്ത്.
അപ്പോഴെല്ലാം ആ നക്ഷത്രം
ആ അന്ധകാരത്തിൽ
നിന്നെ തിരഞ്ഞുകൊണ്ടേയിരുന്നു.
ഒടുവിലത് പെയ്തൊഴിയുമ്പോൾ
ഒരുകുറിയെങ്കിലും നീയതിനെ
സ്വന്തമെന്നു വിളിക്കുമോ?
Image source: Pixabay
Recent Comments