അദ്ധ്യായം 12 – വിരസമായ ഒരു ദിനം കടൽത്തീരത്ത്
അലസമായ ഒരു ഓഫീസ് ദിനം. മീരയ്ക്ക് തോന്നി, കുറച്ചു നാളായില്ലേ, ഒന്ന് കടൽത്തീരത്തു പോയിരുന്നിട്ട് വരാം. അത്യാവശ്യം വേണ്ട ഷോപ്പിങ്ങും ആവാമല്ലോ. അതിനാൽ, വൈകുന്നേരം തിരക്കൊഴിഞ്ഞ ബസിനു കാത്തുനിൽക്കാതെ കിട്ടിയ ഒരു പ്രൈവറ്റ് ബസ്സിൽ കേറി നേരത്തെ വീട്ടിലെത്തി.
“ആഹാ! ഇന്ന് നേരത്തെ എത്തിയല്ലോ”, വീട് തുടച്ചു വൃത്തിയാക്കുന്ന പണിയിലേർപ്പെട്ടിരിക്കുകയാണ് അമ്മിണിയമ്മ.
“ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം. അത്യാവശ്യം വേണ്ട സാധനങ്ങൾ എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ ലിസ്റ്റ് എഴുതി വച്ചോളൂ. ചായ ആയോ അമ്മുവേട്ടത്തി?”
“ഉവ്വ്, ഞാൻ എടുത്തുകൊണ്ട് വരട്ടെ?”
“വേണ്ട, ഞാനെടുത്തു കുടിച്ചോളാം. ഏടത്തി, ആവശ്യം വേണ്ടതൊക്കെ എഴുതി തരൂ. ഞാൻ ഇപ്പോൾ എത്താം”.
മീര പോയി ചായ കുടിച്ചു, പിന്നെ പേരിനൊന്നുപോയ് ഒരുങ്ങിയെന്നു വരുത്തി ഇറങ്ങാൻ പുറപ്പെട്ടു. സാധനങ്ങൾ വാങ്ങാൻ ഒരു ബാഗും കരുതി.
“മീരേ, ഇതാ ലിസ്റ്റ്. കുറച്ചേ ഉള്ളൂ.”
“ചിലപ്പോൾ താമസിച്ചെന്നിരിക്കും കേട്ടോ”, ലിസ്റ്റ് വാങ്ങി ബാഗിലിട്ടുകൊണ്ട് മീര പറഞ്ഞു.
“താമസം അരുത്. പെട്ടെന്ന് വരണം. നാളെ ഞാൻ വാങ്ങിയാൽ പോരെ?”
“അത് സാരമില്ല. എനിക്കും ചില അത്യാവശ്യ സാധനങ്ങൾ വാങ്ങണം. വരാൻ താമസിക്കുമെങ്കിൽ വിളക്ക് വയ്ക്കണം കേട്ടോ.”
കുറച്ചധികം നേരം ബീച്ചിലിരിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇറങ്ങിയത് തന്നെ. ഷോപ്പിംഗ്, തിരിച്ചു പോരുമ്പോളാവാം. അവൾ ഒരു ഓട്ടോക്ക് കൈകാണിച്ചു നിർത്തി. “ബീച്ചിൽ പോകണം”.
ബീച്ചിൽ എത്തിയപ്പോൾ അവൾ പതുക്കെ നടന്നു തുടങ്ങി, മണൽപ്പരപ്പിലൂടെ. പെട്ടെന്ന് അവൾ കൃഷ്ണയെ ഓർത്തു. എത്ര നാളായി അവളെ ഒന്ന് കണ്ടിട്ട്, ഒന്ന് സംസാരിച്ചിട്ട്. അവൾ ഒന്ന് വന്നിരുന്നെങ്കിൽ മനസ്സിന്റെ ഭാരമൊന്നു ഇറക്കി വയ്ക്കാമായിരുന്നു. അവരുടെ പൊട്ടിച്ചിരികളും സംവാദങ്ങളും അവിടെയെങ്ങും മുഴങ്ങുന്നത്പോലെ അവൾക്ക് തോന്നി. അവളുടെ കണ്ണുകൾ വൃഥാ കൃഷ്ണയെ തിരഞ്ഞു. ‘എന്നും ഞാൻ ഏകയാണല്ലോ’, മീര നെടുവീർപ്പിട്ടു.
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, പതഞ്ഞൊഴുകുന്ന ഈ തിരമാലകളോടും കലകലം ചിരിക്കുന്ന ഈ മണൽത്തരികളോടും തന്റെ കഥകൾ പറഞ്ഞാലോ? അവർ തന്റെ വിലാപങ്ങൾ ഏറ്റുവാങ്ങുമോ? മണ്ടത്തരം! അല്ലെങ്കിലും സന്തോഷമോ ദുഃഖമോ എങ്ങനെയിരിക്കുമെന്ന് താനറിഞ്ഞിട്ട് വർഷങ്ങൾ ആയില്ലേ, മറന്നിട്ട് യുഗങ്ങളായ ഒരു പ്രതീതി. ഒരുപക്ഷെ അവർ കേട്ടിരിക്കുമായിരിക്കും, പക്ഷെ സാന്ത്വനിപ്പിക്കാൻ കഴിയില്ലല്ലോ! സാന്ത്വനിപ്പിക്കാൻ കഴിയുന്നവരാരും ഇന്ന് കൂടെയുമില്ല.
ഒരുപക്ഷെ, ഉള്ളിലൊതുക്കുന്ന ദുഃഖം മണൽത്തരികളോട് പറയാനാവും തിരമാലകൾ ഓരോ പ്രാവശ്യവും തീരത്തണയുന്നത്. ശ്രമം വിഫലം! അവയ്ക്ക് അധികനേരം അങ്ങനെ തീരത്തു തങ്ങാനാവില്ലല്ലോ. വാക്കുകൾ മുഴുമിപ്പിക്കാതെ, പിന്നീടൊരു ശ്രമം നടത്താം എന്ന് മനസ്സിൽ കരുതി അവ തീരത്തോട് വിട ചൊല്ലി പിരിയുന്നു. യുഗങ്ങളായി ആ ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു. അങ്ങനെ നിരന്തരം തിരകളുടെ വിലാപം ഏറ്റുവാങ്ങിയാണോ കടൽത്തീരത്തെ പാറക്കൂട്ടങ്ങൾ മണൽത്തരികളായ് രൂപം പ്രാപിച്ചത്? പാറയ്ക്കും മനസ്സലിവുണ്ടെന്നു പറയുന്നത് സത്യമാണോ? അത് തന്നെയല്ലേ മണൽത്തരികളുടെ കാര്യവും. ഓരോ തവണയും തിര തീരത്തോടടുക്കുമ്പോൾ അവ നൊമ്പരങ്ങൾ കൈമാറുന്നില്ലേ? അതിന്റെ പ്രതികരണമല്ലേ തിരയുടെ അലർച്ച. തീരത്തലയുന്ന ഓരോ തിരമാലയും എഴുതുന്ന ആ രഹസ്യഭാഷ തീർച്ചയായും മണൽതരികൾ വായിച്ചെടുക്കുന്നുണ്ടാവാം. അവർക്ക് മാത്രമറിയാവുന്ന ഭാഷയിൽ അവർ സംവദിക്കുമ്പോൾ മറ്റാർക്കും അത് മനസ്സിലാവണമെന്നുമില്ല. എത്ര അടുത്താണ് അവർ രണ്ടാളുടെയും സഹവാസം, എങ്കിലും എപ്പോഴും രണ്ടു ദ്രുവങ്ങളിൽ, യുഗാന്തരങ്ങളായി. ആ ദുഃഖവും അവർക്ക് കാണാതിരിക്കില്ല.
താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്, മീര മനസ്സിനോട് ചോദിച്ചു. ഒന്ന് നോക്കിയാൽ നമ്മുടെ മനസ്സ് മറ്റൊരാൾക്ക് വായിക്കാൻ കഴിയാത്തത് എത്ര നന്നായി! ഒരു പേപ്പർ കിട്ടിയിരുന്നെങ്കിൽ ഒരു കവിത എഴുതാമായിരുന്നു, തിരമാലകളെയും മണൽത്തരികളെയുംകുറിച്ച്. അവൾ മണൽപ്പുറത്തിരുന്നു. തിരമാലകൾ എന്താണ് മണൽത്തരികളിൽ എഴുതുന്നതെന്ന് വായിക്കാൻ ശ്രമിച്ചു.
അരുണന്റെ സുവർണകിരണങ്ങൾ അവൾക്ക് മേൽ പതിച്ചു. അസ്തമയത്തിനു ഇനിയും സമയമുണ്ട്. തിരക്കേറി വരുന്നതായി അവൾക്ക് തോന്നി. ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിച്ചുകൊണ്ടിരുന്ന അവളുടെ മനസ്സിലൂടെ കോളേജ് ദിനങ്ങൾ ഒരു കൊള്ളിമീൻ പോലെ കടന്നുപോയി.
‘പറ്റുമെങ്കിൽ എല്ലാരേയും ഒന്ന് ഒത്തുകാണണം. നമ്മൾ അഞ്ചുപേർക്കെങ്കിലും ഒത്തുകൂടാൻ കഴിഞ്ഞെങ്കിൽ! ആ സുവർണദിനങ്ങളുടെ മാധുര്യം ഒന്നുകൂടെ നുണയാൻ കഴിഞ്ഞെങ്കിൽ….’
Recent Comments