സൈബർ വിഡോ
പുറത്ത് കോരിച്ചൊരിയുന്ന രാത്രിമഴ. പതിവ്പോലെ സൈബർ ജാലകം മെല്ലെ തുറന്നിട്ട് അവൾ കാഴ്ചകൾ കണ്ടു തുടങ്ങി. എന്തെല്ലാം മായ കാഴ്ചകൾ ഓരോ ജാലകത്തിലൂടെ നോക്കുമ്പോഴും! കണ്ണഞ്ചിപ്പിക്കുന്നവ, മാടി വിളിക്കുന്നവ…..
അലസമായ് അവൾ ഓരോ താളുകൾ മറിച്ചുപോയി. മാറിവന്ന കാഴ്ചകളിൽ പതിയെ അവൾ മയങ്ങിത്തുടങ്ങി. ഹോ! ഇതെന്താ സൈബർ പ്രണയമോ? ഇവിടെന്താ, ആരെയോ നന്നായി വ്യക്തിഹത്യ ചെയ്യുന്നുണ്ടല്ലോ. നല്ല രസമുണ്ട് കണ്ടിരിക്കാൻ. അവിടെന്താ, ആ പെൺകുട്ടിയുടെ… മറ്റൊരു കോണിൽ മഴ നനഞ്ഞു നിൽക്കുന്ന ഒരു കുഞ്ഞിന്റെ നിശ്ശബ്ദ തേങ്ങൽ. അവനെയും വെറുതെ വിട്ടില്ലല്ലോ ഭ്രാന്തന്മാർ.
പെട്ടെന്ന് കണ്ട കാഴ്ചകളിലൊന്നിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു. രസകാഴ്ചകളിൽ വ്യക്തത കിട്ടാൻ അവൾ മൗസൊന്ന് മെല്ലെ ഞെക്കി. ഒരു യുവതി മെല്ലെ നടന്നു നീങ്ങുന്നു, അവളുടെ കണ്ണുകൾ എന്തിനെയോ അഗാതമായ് തേടുന്നു. അലക്ഷ്യമായ് അവളുടെ മുടി പാറികളിക്കുന്നു. ജീർണിച്ച അന്തരീക്ഷം. കൊഴിഞ്ഞ ഇലകൾ താഴെ കരിഞ്ഞുണങ്ങി കിടക്കുന്നു, വരണ്ടുണങ്ങിയ മനസ്സ് പോലെ.
“ഇനി എത്രകാലം കൂടി ഈ തിരച്ചിൽ? മടുത്തു തുടങ്ങിയല്ലോ”. വർഷങ്ങളായി മടുത്തുജീവിച്ച ഒരില അലസമായ് അവളുടെ മുടിയിൽ വീണു, അവൾ പറഞ്ഞത് ശരിവച്ചുകൊണ്ട്. “ഏയ്, ഒന്നവിടെ നിന്നെ….”, ആമി അവളെ നീട്ടി വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. “നീയാരാ, നിന്റെ പേരെന്താ?“, കൗതുകത്തോടെ ആമി അന്വേഷിച്ചു.
“ഞാൻ അനോണി”, അവൾ മൊഴിഞ്ഞു.
അവളെ കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം ആമിയുടെ കണ്ണുകളിൽ തങ്ങി. അത് വായിച്ചെടുത്തപോലെ അനോണി തുടർന്നു, “എല്ലാം എന്റെ തെറ്റ്, ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എത്ര സന്തോഷമുള്ള കുടുംബജീവിതമായിരുന്നു എന്റേത്. ഇണക്കവും പിണക്കവും എല്ലാം ചേർന്ന ഒരു സന്തുഷ്ടകുടുംബം. വേണ്ടെന്ന് പല തവണ നിർബന്ധിച്ചിട്ടും ഈ ഞാനാണ് ഈ സൈബർലോകത്തിന്റെ മായയിൽ അദ്ദേഹത്തെ കൂട്ടികൊണ്ട് വന്നത്. എന്റെ ഭർത്താവിന്ന് ഒരു അനോണിയായി ഈ ലോകത്ത് എവിടെയോ ആമോദിച്ച് ജീവിക്കുന്നു, ഞാനൊരു സൈബർ വിധവയായും. ഞാനും ഇപ്പോൾ ഈ ലോകത്തേക്ക് ഇറങ്ങിച്ചെന്നു, അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമത്തിൽ മറ്റൊരു അനോണിയായി. ഞാൻ പോട്ടെ, അദ്ദേഹം വളരെ വൈകി ഓഫീസിൽ നിന്നെത്തി ഇന്നും ഇവിടെ എത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ ക്വാളിറ്റി ടൈം അപരിചിതരായ കുറച്ച് അനോണികൾക്ക് മാത്രം സ്വന്തം. അനോണി ആയതുകൊണ്ടാ കണ്ടെത്താൻ ഒരു ബുദ്ധിമുട്ട്. തിരിച്ചുകൊണ്ടു വരണം നമ്മളുടെ ആ പഴയ നാളുകളിലേക്ക്.”
“എന്നാൽ ശരി നമുക്ക് പിന്നെ കാണാം”, ആമി അവൾക്ക് യാത്രാമൊഴി നൽകി.
“വേണ്ടാ, കാണരുത്, ഒരിക്കലും കാണരുത്”, അത്രമേൽ ശക്തമായിരുന്നു അവളുടെ വാക്കുകൾ. അവൾ പറഞ്ഞതിന്റെ അർത്ഥം ആമി ഊഹിച്ചെടുത്തപ്പോഴേക്കും അവൾ പോയ്മറഞ്ഞിരുന്നു.
പുറത്ത് മഴ താണ്ഡവ നൃത്തമാടുന്നു, ഇടിവെട്ടിന്റെയും മിന്നല്പിണറുകളുടെയും താളമേളങ്ങളോടെ. പൊട്ടിച്ചിതറിയ മഴത്തുള്ളികളിലൊന്ന് അവളുടെ കൈത്തലത്തിൽ പതിച്ചു. അവൾ ചിന്തകളിൽ നിന്നുണർന്നു. അവളുടെ കൈ വീണ്ടും കമ്പ്യൂട്ടർ മൗസിലമർന്നു. പല പേജുകളിലൂടെ അവളുടെ കണ്ണുകളും മനസ്സും ചലിച്ചുകൊണ്ടിരുന്നു, ആരെയോ തിരയുന്നപോലെ. നിരാശയിൽ മുങ്ങി അവളുടെ മിഴികളും നിറഞ്ഞൊഴുകി, പതിവ് പോലെ. ആർത്തലച്ചുപെയ്ത ആ രാത്രിമഴ മാത്രം അതിന് സാക്ഷിയായി.
Image Source: Pixabay
(Visited 121 times, 1 visits today)
Recent Comments