മിഴികൾ
മിഴികൾക്കുണ്ട് പറയാൻ ഒരായിരം കണ്ണുനീർകാവ്യങ്ങൾ
മിഴികൾക്കുണ്ട് കരുതാൻ ഒരായിരം സ്വപ്നവ്യാമോഹങ്ങളും
മനസ്സിൻ പൊരുൾ പറയും മിഴികളോ
അവ ചൊല്ലാൻ മടിക്കും മൊഴികളോ
അർത്ഥങ്ങൾ തിരയുമാ മിഴികളിൽ തിളങ്ങുമീ
കാലത്തിൻ കല്മഷങ്ങൾ നോക്കി നിൽക്കവേ
മൂകസാക്ഷിയായ് കൂമ്പും കൺപീലിയിലൊളിച്ചൊരാ
കണ്ണുനീർമുത്തുകൾ കാണുവതാര്?
കാണുവതോ ആ നീലസാഗരത്തിൻ അലകൾ മാത്രം.
അഗാധതയിലൊളിച്ചൊരാ കണ്ണുനീർമുത്തുകൾക്കുണ്ട് പറയുവാൻ
അവ നൽകിയ വില തൻ കണക്കുകൾ
അവ തൻ കദനകാവ്യങ്ങളും
അവ തൻ സ്വപ്നവ്യാമോഹങ്ങളും.
എന്നാൽ നീ രചിക്കുമാ കവിതകൾ തൻ-
അർഥങ്ങൾ തിരയുവതാര്?
മിഴിയിണകളിൽ നിറയുമാ കണ്ണുനീർപാടങ്ങൾ തൻ
ആഴങ്ങൾ കാണുവതാര്?
അവ തൻ വിലയോതുവതാര്?
മിഴികൾ മീട്ടും ഈണങ്ങൾക്ക് താളം പകരാൻ
മൊഴികൾ നൽകും അധരങ്ങളും.
എന്നാൽ ഒന്നും കാണാതെ നടിച്ചകലുന്ന വാക്കുകൾ തൻ
അരികിലോടിയെത്താൻ വിതുമ്പും /കൊതിക്കും
മിഴികൾ തൻ നിസ്സഹായതയും.
പറയാൻ തുളുമ്പും വാക്കുകളും
അരുതെന്നോതും മൗനഭാവങ്ങളും.
ശൂന്യമാം അശ്രുബിന്ദുക്കളും
നിശ്ചലമാം ആർദ്രനയനങ്ങളും.
ഇനിയെന്തുണ്ട് ബാക്കിചിത്രമായ്?
പ്രതീക്ഷ തൻ ആഴിയിൽ മുങ്ങിതാണ ചെറുതോണിയോ?
അതോ അഴലിൽ സ്പന്ദിക്കും ശ്രുതിതാളങ്ങളോ?
Image source: Pixabay
Recent Comments